Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റണ്‍ കണ്‍വന്‍ഷന് മെഗാഷോ സമര്‍പ്പിക്കുന്നത് ജിബി പാറയ്ക്കല്‍   - സണ്ണി ടോം

Picture

ടെക്‌സസ്: ഹൂസ്റ്റണില്‍ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കാളിയാകാന്‍ അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയായ ജിബി പാറയ്ക്കലും. ഓസ്റ്റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിബിയുടെ നേതൃത്വത്തിലുള്ള പിഎസ്ജി ഗ്രൂപ്പ് ആണ് കണ്‍വന്‍ഷന്‍റെ തൈക്കുടം ബ്രിഡ്ജ് എന്ന മെഗാഷോയുടെ സ്‌പോണ്‍സര്‍. ബിസിനസിനു പുറമേ അമേരിക്കയിലെ സാമൂഹ്യ, ജീവകാരുണ്യ, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയവ്യക്തിത്വത്തിനുടമയായ ജിബി പാറയ്ക്കലിന്‍റെ സാന്നിധ്യം കണ്‍വന്‍ഷന് പുത്തന്‍ ഉണര്‍വേകും.

 

സ്വപ്നങ്ങളെ പിന്തുടര്‍ന്ന് അമേരിക്കയിലെത്തി സ്വന്തം ബിസിനസ് സാമ്രാജ്യം വെട്ടിപ്പിടിച്ച പ്രവാസി മലയാളികള്‍ക്കൊപ്പമാണ് ജിബി പാറയ്ക്കലിന്‍റെയും സ്ഥാനം. തൊടുപുഴയ്ക്കു സമീപമുള്ള പൈങ്ങോട്ടൂര്‍ ഗ്രാമത്തില്‍ ജനിച്ച ജിബിയുടെ മാതാപിതാക്കള്‍ രണ്ടുപേരും അധ്യാപകരായിരുന്നു. ചെറുപ്പം മുതല്‍ തന്നെ കഠിനാധ്വാനവും അര്‍പ്പണ മനോഭാവവും കൈമുതലായിരുന്ന അദ്ദേഹം ഇടവക കാര്യങ്ങളിലും മിഷന്‍ ലീഗ് പോലെയുള്ള സംഘടനകളിലും സജീവമായിരുന്നു. ട്രിച്ചി ജെജെസിഇടി കോളജില്‍ നിന്ന് എംസിഎ സമ്പാദിച്ച ജിബി ഇന്‍ഫോപാര്‍ക്കില്‍ ജോലി നേടി. വിവാഹശേഷം 2005ല്‍ അമേരിക്കയിലെത്തി പല ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ ജോലി ചെയ്യുമ്പോഴും അദ്ദേഹത്തിന്‍റെ മനസില്‍ സ്വന്തം ബിസിനസ് എന്ന സ്വപ്നമായിരുന്നു ഉണ്ടായിരുന്നത്. ഒരുവര്‍ഷത്തിനു ശേഷം ആ ലക്ഷ്യം നേടിയെടുത്തു.

 

2006ലാണ് ഓസ്റ്റിനില്‍ ജിബിയുടെ നേതൃത്വത്തില്‍ പിഎസ്ജി ഗ്രൂപ്പ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആദ്യം ഐടി സേവനങ്ങള്‍ക്കായി പിഎസ്ജി ഇന്‍ഫോ ബിസ് എന്ന ഐടി കമ്പനി അദ്ദേഹം ആരംഭിച്ചു. പിന്നീട് കഠിനാധ്വാനവും അര്‍പ്പണമനോഭാവവും എല്ലാറ്റിനുമുപരിയായി ദൈവാനുഗ്രഹവും ഒത്തുചേര്‍ന്നപ്പോള്‍ ബിസിനസ് പച്ചപിടിക്കാന്‍ ആരംഭിച്ചു. പിന്നീട് റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി മാനേജ്‌മെന്‍റ്, പ്രോപ്പര്‍ട്ടി ഡവലപ്‌മെന്‍റ്, കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് കോണ്‍ട്രാക്ടിംഗ്, ഹോസ്പിറ്റാലിറ്റി, എന്‍റര്‍ടെയ്ന്‍മെന്‍റ് തുടങ്ങിയ മേഖലകളിലേക്ക് വ്യാപിച്ചു. ഓസ്റ്റിനിലും സമീപ പ്രദേശങ്ങളിലും അറിയപ്പെടുന്ന ഒരു റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്‍റ് കമ്പനിയാണ് ഇന്ന് പിഎസ്ജി ഗ്രൂപ്പ്. ഇപ്പോള്‍ ചിത്രീകരണത്തിലിരിക്കുന്ന വാര്‍ത്തകള്‍ ഇതുവരെ എന്ന സിനിമയുടെ നിര്‍മാതാവ് കൂടിയാണ് ഈ തൊടുപുഴക്കാരന്‍.

 

തനിക്കു ലഭിക്കുന്ന ലാഭത്തിന്‍റെ ഒരുഭാഗം മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ജീവകാരുണ്യ മേഖലയിലും സാന്നിധ്യമറിയിച്ച ജിബിയുടെ പാറയ്ക്കല്‍ ചാരിറ്റി ഇന്‍റര്‍നാഷണല്‍ ഇതുവരെ വിവിധ മേഖലകളിലായി നിരവധി പദ്ധതികള്‍ നടപ്പാക്കിക്കഴിഞ്ഞു. നിര്‍ധനര്‍ക്ക് സഹായം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ സഹായങ്ങള്‍ക്ക് എന്നും ജിബി ഒരുപടി മുന്നിലാണ്. തൊടുപുഴയിലെ ദിവ്യരക്ഷാലയം, അമ്മയും കുഞ്ഞും, മീല്‍സ് ഓണ്‍ വീല്‍സ്, ഗുഡ്‌ന്യൂസ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിങ്ങനെ നിരവധി സന്നദ്ധസ്ഥാപനങ്ങള്‍ക്ക് മുടങ്ങാതെ സഹായം നല്കിവരുന്നു. സാമുഹിക, സംഘടനാപ്രവര്‍ത്തനങ്ങളിലും സജീവമായ ജിബി ഫോമ ചാരിറ്റി വിംഗ് വൈസ് പ്രസിഡന്‍റാണ്. കൂടാതെ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, സെന്‍റ് അല്‍ഫോന്‍സാ ഇടവക പാരിഷ് കൗണ്‍സില്‍ അംഗം, ഹോം ഓണേഴ്‌സ് അസോസിയേഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍ സേവനമനുഷ്ഠിച്ച ജിബി ഇന്ന് ഓസ്റ്റിന്‍ മലയാളി അസോസിയേഷനില്‍ നിറസാന്നിധ്യമാണ്. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ജിബിക്ക് പിന്തുണയായി ഭാര്യ ഷാനിയും മക്കളായ ജിയോഫ്, ജിയോണ, ജോര്‍ദാന്‍ എന്നിവരും ഒപ്പമുണ്ട്.

 

മലയാളികള്‍ക്കു പ്രിയപ്പെട്ട തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡിന്‍റെ മൂന്നു മണിക്കൂര്‍ നീണ്ടുനില്ക്കുന്ന വിനോദ ആസ്വാദ്യമായി കണ്‍വന്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നൊസ്റ്റാള്‍ജിക് ഈണങ്ങള്‍ക്കൊപ്പം പുതുസംഗീതവും കൂട്ടിച്ചേര്‍ത്ത നിരവധി ഗാനങ്ങളിലൂടെ മലയാളിയുടെ മനസില്‍ ഇടംപിടിച്ച തൈക്കുടം ബ്രിഡ്ജ് ഇന്ന് സംഗീതരംഗത്ത് തരംഗമായി മാറിക്കഴിഞ്ഞു. ഇന്ത്യയ്ക്കകത്തും പുറത്തുമായി നൂറുകണക്കിന് സംഗീതപരിപാടികളാണ് ഈ ബാന്‍ഡ് നടത്തിവരുന്നത്. ഓഗസ്റ്റ് മൂന്നിന് സായംസന്ധ്യയില്‍ അരങ്ങേറുന്ന ഈ പരിപാടി കണ്‍വന്‍ഷനു മാറ്റുകൂട്ടാന്‍ ഉതകുകയും സംബന്ധിക്കുന്ന കുട്ടികളും യുവാക്കളും ഉള്‍പ്പെടെ ആബാലവൃദ്ധം വിശ്വാസികള്‍ക്കും രസിക്കാന്‍ കഴിയുമെന്ന് ജിബി പ്രത്യാശ പ്രകടിപ്പിച്ചു.

 

അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ഉണര്‍വും, കൂട്ടായ്മയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന കണ്‍വന്‍ഷന് ആതിഥ്യമരുളുന്നത് ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാര്‍ ഇടവകകളില്‍ നിന്നും നാല്പത്തിയഞ്ചോളം മിഷനുകളില്‍ നിന്നുമാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ ഹൂസ്റ്റണില്‍ എത്തിച്ചേരുക. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോഴും അവസരമുണ്ട്. smnchouston.org

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code