Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏഴാമത് കണ്‍വന്‍ഷന്‍, വളര്‍ച്ചയുടെ പടവുകളില്‍ നന്ദിപൂര്‍വ്വം ഷിക്കാഗോ രൂപതാ (ഷോളി കുമ്പിളുവേലി)

Picture

ഹൂസ്റ്റണ്‍: അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസ സമൂഹം വളരെ പ്രതീക്ഷയോടും ആകാംക്ഷയോടും കൂടി കാത്തിരിക്കുന്ന ഏഴാം കണ്‍വന്‍ഷന്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ ഹൂസ്റ്റണിലുള്ള ഹില്‍ട്ടന്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുകയാണല്ലോ. പരസ്പരം പരിചയപ്പെടുന്നതിനും പുതിയ സുഹൃദ്ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും പരിചയങ്ങള്‍ പുതുക്കുന്നതിനുമെല്ലാം ഉപരി, അമേരിക്കയില്‍ വളരുന്ന നമ്മുടെ മക്കളേയും മഹത്തായ ഈ വിശ്വാസ സമൂഹത്തിന്റെ ഭാഗമായി നിലനിര്‍ത്തുന്നതിനും ഹൂസ്റ്റന്‍ കണ്‍വന്‍ഷന്‍ സഹായകരമാകും.


കൂടാതെ സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും കര്‍ദ്ദിനാളുമായ മാര്‍ ജോര്‍ജ് ആലംഞ്ചേരി പിതാവ് മുതല്‍ സഭയിലെ വിവിധ പിതാക്കന്മാര്‍ക്കും വൈദീകര്‍ക്കും സന്യസ്തര്‍ക്കും ആത്മായര്‍ക്കുമൊപ്പം ഒരേ കൂടാരത്തിന്‍ കീഴില്‍ ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുകയും അപ്പം മുറിക്കുകയും വചനം ശ്രവിക്കുകയും അന്തിയുറങ്ങുകയും ആശയ വിനിമയം നടത്തുകയും ചെയ്യുന്ന നാലു ദിവസങ്ങള്‍ അതെത്ര സന്തോഷപ്രദമായിരിക്കും.


മെച്ചമായ ഒരു ജീവിത സാഹചര്യം തേടി നാടുവിട്ട നമ്മള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറി. അറുപതുകളിലും എഴുപതുകളിലുമായി ധാരാളം മലയാളികള്‍ അമേരിക്കയില്‍ എത്തി. അവരില്‍ നല്ല ഭാഗവും സിറോ മലബാര്‍ വിശ്വാസികളായിരുന്നു. ആദ്യ കാലത്തു വന്നവരില്‍ ഭൂരിഭാഗവും ഡോക്ടേഴ്‌സ്, എഞ്ചിനീയേഴ്‌സ്, ശാസ്ത്രജ്ഞര്‍, നഴ്‌സുമാര്‍, കോളേജ് അധ്യാപകര്‍ തുടങ്ങിയ പ്രഫഷനുകളില്‍പെട്ടവരായിരുന്നു. അവരിവിടെ വന്നു കാലുറച്ചതിനുശേഷം മാതാപിതാക്കളേയും സഹോദരങ്ങളേയും ഇവിടേക്ക് കൊണ്ടുവന്നു. കൂടുതല്‍ കുടുംബങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ സ്വഭാവികമായും കൂട്ടായ്മകളും രൂപപ്പെട്ടു തുടങ്ങി.
 

തങ്ങളുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും പൈതൃകത്തിലും ഭാഷയിലും ദിവ്യബലി അര്‍പ്പിക്കുന്നതിനും മറ്റ് മതാനുഷ്ഠാനങ്ങള്‍ നടത്തുന്നതിനുമുള്ള മാര്‍ഗങ്ങളെപ്പറ്റി ഈ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ആലോചിച്ചു തുടങ്ങി.
 

അങ്ങനെ ഇവിടുത്തെ ദേവാലയങ്ങളില്‍ ശുശ്രൂഷ ചെയ്തിരുന്ന മലയാളി വൈദികരേയും കോളജുകളില്‍ പഠിക്കാന്‍ വന്ന വൈദികരേയും ഒക്കെ കണ്ടുപിടിച്ച്, ക്രിസ്മസിനും ഈസ്റ്ററിനും മറ്റ് വിശേഷ ദിവസങ്ങളിലും മലയാളത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും അതില്‍ പങ്കുചേര്‍ന്ന് ചാരിതാര്‍ത്ഥ്യരാകുകയും ചെയ്തു പോന്നു. ക്രമേണ മാസത്തിലൊരിക്കല്‍ മലയാളത്തില്‍ വി. കുര്‍ബാന അമേരിക്കയിലെ വിവിധയിടങ്ങളില്‍ ആയിത്തുടങ്ങി. എന്‍പതുകളില്‍ നമ്മുടെ കുടിയേറ്റം കൂടുതല്‍ ശക്തമായി. അതോടൊപ്പം സ്വന്തമായി ദേവാലയവും വൈദികരേയും വേണമെന്ന ആവശ്യവും ബലപ്പെട്ടു.
 

നമ്മുടെ നിരന്തരമായ അപേക്ഷകള്‍ പരിഗണിച്ചുകൊണ്ട് 1984-ല്‍ സിറോ മലബാര്‍ പ്രവാസി മിഷന്റെ ചുമതല ഉണ്ടായിരുന്ന ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, സ്വന്തം രൂപതയില്‍ നിന്നും ഫാ. ജേക്കബ് അങ്ങാടിയത്തിനെ (നമ്മുടെ ഇപ്പോഴത്തെ പിതാവ്) അമേരിക്കയിലെ പ്രവാസികളായ സിറോ മലബാര്‍ വിശ്വാസികളുടെ മതപരമായ ശുശ്രൂഷകള്‍ നടത്തുന്നതിനായി വിട്ടു തന്നു. ഫാ. അങ്ങാടിയത്ത് ഡാലസില്‍ എത്തിച്ചേരുകയും അവിടെ സെന്റ് പീയൂസ് 10-ാം കാതോലിക്കാ ദേവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായി നിന്നു കൊണ്ട് സീറോ മലബാര്‍ വിശ്വാസികളെ ഏകോപിപ്പിക്കുകയും തുടര്‍ന്ന് സിറോ മലബാര്‍ മിഷന്‍ ആരംഭിക്കുകയും ചെയ്തു. അച്ചന്റെ കഠിനാദ്ധ്വാനം കൊണ്ട് 1992-ല്‍ സെന്റ് തോമസ് അപ്പസ്‌തോലിക് ഇന്ത്യന്‍ കാത്തലിക് ചര്‍ച്ച് ഗാര്‍ലാന്റില്‍ സ്ഥാപിച്ചു.


1995-ല്‍ സിറോ മലബാര്‍ ബിഷപ്പ് സിനഡ് ഫാ. ജോസ് കണ്ടത്തിക്കുടിയെ അമേരിക്കയിലേക്ക് അയച്ചു ജോസച്ചന്‍ ഷിക്കാഗോയിലെ വിശ്വാസികളെ സംഘടിപ്പിക്കുകയും മിഷന്‍ ആരംഭിക്കുകയും ചെയ്തു. ഇതും സഭയുടെ അമേരിക്കയിലെ വളര്‍ച്ചക്കു വേഗത കൂട്ടി.


1996-ല്‍ പരിശുദ്ധ പിതാവ് (സ്വര്‍ഗ്ഗീയനായ) ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കുടിയേറ്റക്കാരായ നമ്മുടെ ആവശ്യങ്ങള്‍ പഠിക്കുന്നതിനായി ബിഷപ്പ് മാര്‍ ഗ്രിഗ്രറി കരേട്ടെമ്പ്രാലിനെ ഇവിടേക്കയച്ചു. ഗ്രിഗ്രറി പിതാവ് മാര്‍പാപ്പക്കു സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു. നമ്മുക്ക് സ്വന്തമായി ഒരു രൂപത അമേരിക്കയില്‍ വേണമെന്നത്. മാര്‍പാപ്പാ അത് അംഗീകരിക്കുകയും , 2001 മാര്‍ച്ച് 13നു ഷിക്കാഗോ കേന്ദ്രമായി സിറോ മലബാര്‍ സഭയിലെ ആദ്യത്തെ പ്രവാസി രൂപതാ നിലവില്‍ വരികയും മാര്‍ ജേക്കബ് അങ്ങാടിയത്തിനെ പ്രഥമ ബിഷപ്പായി നിയമിക്കുകയും ചെയ്തു.
 

ഗ്രിഗറി പിതാവിനോട് അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസികള്‍ക്ക് വലിയ കടപ്പാട് ആണുള്ളത്. അതുപോലെ ആദ്യകാലത്ത് നമ്മുടെ കൂട്ടായ്മകളെ ശക്തിപ്പെടുത്തുകയും മാതൃഭാഷയില്‍ ശുശ്രൂഷകള്‍ ചെയ്തു തരികയും ചെയ്ത നിരവധിയായ വൈദികരേയും ഒക്കെ നന്ദിയോടെ ഈ അവസരത്തില്‍ സ്മരിക്കാം.

2001-ല്‍ ഷിക്കാഗോ രൂപതാ സ്ഥാപിതമായതിനുശേഷമുള്ള നമ്മുടെ വളര്‍ച്ച വളരെ ചിട്ടയോടുകൂടിയതും ദ്രുതഗതിയിലുമായിരുന്നു. ഏഴുവര്‍ഷം മുമ്പ്, 2012-ല്‍ 6-ാംമത് സീറോ മലബാര്‍ കണ്‍വന്‍ഷന്‍ അറ്റ്‌ലാന്റയില്‍ നടന്നപ്പോള്‍ 29 ഇടവകകളും, 36 മിഷനുകളുമാണ് ഷിക്കാഗോ രൂപതയുടെ കീഴില്‍ ഉണ്ടായിരുന്നെങ്കില്‍, ഇന്നത് 46 ഇടവകകളും , 45 മിഷനുകളുമായി നമ്മള്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു.


അജപാലന ശുശ്രൂഷകളില്‍ മാര്‍ അങ്ങാടിയ ത്തിനെ സഹായിക്കുന്നതിനായി, 2014 ജൂലൈ മാസം മാര്‍ ജോയ് ആലപ്പാട്ടിനെ സഹായ മെത്രാനായി പരിശുദ്ധ സിംഹാസനം നമുക്ക് നല്‍കിയത് നമ്മുടെ രൂപതയുടെ വളര്‍ച്ചക്ക് കിട്ടിയ അംഗീകാരം കൂടിയാണ്. രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വളരെ ഊര്‍ജ്ജ സ്വലയോടുകൂടി പ്രവര്‍ത്തിക്കുന്ന ഒരു കുരിയായും ഇന്നുണ്ട്. ഇതിന്റെ ഒക്കെ ഫലമായി വളരെ നിഷ്ഠയോടു കൂടിയ മതപഠനവും പൂര്‍വ്വികര്‍ മാതൃക കാട്ടിത്തന്ന പൈതൃകത്തിലും വിശ്വാസത്തിലും നമ്മുടെ മക്കള്‍ ഇന്നിവിടെ വളര്‍ന്നു വരുന്നു. നമ്മുടെ രൂപതയില്‍ നിന്ന് ധാരാളം ദൈവ വിളികള്‍ ഇപ്പോള്‍ ഉണ്ടാകുന്നു. അവരില്‍ നിന്നും ഫാ. കെവിന്‍ മുണ്ടക്കലും, ഫാ. രാജീവ് വലിയ വീട്ടിലും വൈദിക പട്ടം കഴിഞ്ഞ വര്‍ഷം സ്വീകരിച്ചു. നമ്മുടെ രൂപതയ്ക്കു അഭിമാന നിമിഷങ്ങളായിരുന്നു. പത്തിലധികം കുട്ടികള്‍ നമ്മുക്കായി വിവിധ സെമിനാരികളില്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ഇതൊക്കെ കാണിക്കു ന്നത് നമ്മുടെ രൂപതയുടെ ആത്മീകമായ വളര്‍ച്ചയാണ്.


പഴയ കാലത്ത് മാതാപിതാക്കളെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചിരുന്ന ഒരു കാര്യം മക്കളുടെ വിവാഹം ആയിരുന്നു. ഇപ്പോള്‍ നമ്മുടെ യൂത്ത് അപ്പസ്തലേറ്റിന്റേയും ഫാമിലി അപ്പസ്തലേറ്റിന്റേയും പ്രവര്‍ത്തന ഫലമായി രൂപതയുടെ കീഴിലുള്ള വിവിധ ഇടവകകളില്‍ നിന്ന് യൂവതീ- യൂവാക്കള്‍ മതപരമായി വിവാഹം കഴിക്കുകയും, മാതൃകാപരമായി ജീവിക്കുകയും ചെയ്യുന്നു. മാത്രമല്ല, അവരിന്ന്, നമ്മുടെ ഇടവകകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും ഭരണത്തിലും സജീവം മാണെന്നുള്ളത് നമ്മുടെ രൂപതയുടെ ഭാവി ശോഭനമാണെന്നതിനുള്ള തെളിവുകൂടിയാണ്.


ഈ പശ്ചാത്തലത്തില്‍ നോക്കിക്കാണുമ്പോള്‍ ഹൂസ്റ്റന്‍ കണ്‍വന്‍ഷന് വലിയ അര്‍ഥവും മാനവും കൈവരുന്നു. ക്രിസ്തീയ സഭകള്‍ പൊതുവിലും സീറോ മലബാര്‍ സഭ പ്രത്യേകിച്ചു വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

നാടിനെ അപേക്ഷിച്ച് കൂടുതല്‍ ഒരുമയോടെ ഇവിടെ നില്‍ക്കേണ്ടത് അത്യാവശ്യമാണ്. നമ്മുക്ക് ഒരിക്കലും സന്ധി ചെയ്യുവാന്‍ സാധിക്കാത്ത തിന്മകളും പ്രലോഭനങ്ങളും ഈ നാട്ടിലുണ്ട്. ആ തിന്മകള്‍ക്കെതിരെ പ്രതികരിക്കുന്നതിനും നമ്മുടെ മക്കളെ ബോധവല്‍ക്കരിക്കുന്നതിനുമുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. അതിന് ഇത്തരത്തിലുള്ള കണ്‍വന്‍ഷനുകള്‍ വേദിയാകും എന്നതിന് രണ്ടഭിപ്രായം ഇല്ല.


ആദ്യം പ്രതിപാദിച്ചതുപോലെ സഭാ പിതാക്കന്മാര്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും ആത്മായര്‍ക്കുമൊപ്പമുള്ള നാലു ദിവസത്തെ ഈ ഒത്തുചേരല്‍, ഒത്തിരി സന്തോഷം പങ്കുവയ്ക്കുന്നതോടൊപ്പം സഭയുടെ വളര്‍ച്ചയുടെ പുതിയ പടവുകളിലേക്ക് വെളിച്ചം വീശുന്നതുമായിരിക്കും എന്നതില്‍ സംശയമില്ല.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code