Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. ജോസഫ് തൊണ്ടിപ്പറമ്പില്‍ നിര്യാതനായി

Picture

കൊച്ചി: കേരള സഭയിലെ പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനായിരിന്ന ഫാ. ജോസഫ് തൊണ്ടിപ്പറമ്പില്‍ (69) അന്തരിച്ചു. വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടന മദ്ധ്യേ ഈജിപ്തിലെ കെയ്‌റോയില്‍വെച്ചു ഹൃദയാഘാതത്തെ തുടര്‍ന്നായിരിന്നു മരണം. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകനായി സേവനം ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മൃതസംസ്ക്കാര തീയതി പിന്നീട് തീരുമാനിക്കും.

 

എറണാകുളം അതിരൂപതയിലെ കിഴക്കമ്പലത്ത് തൊണ്ടിപ്പറമ്പില്‍ ദേവസ്യഏലിയാമ്മ ദമ്പതികളുടെയ ഏഴുമക്കളില്‍ അഞ്ചാമനായി 1950 ജനുവരി 18ാം തിയതി ജോസഫസച്ചന്‍ ജനിച്ചു. സെന്‍റ് തോമസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തലശ്ശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം പൂന പേപ്പല്‍ സെമിനാരിയില്‍ നിന്ന് തിയോളജിയും പൂര്‍ത്തിയാക്കി. മാര്‍ ജേക്കബ് തൂങ്കുഴി പിതാവില്‍ നിന്നും 1975 ഡിസംബര്‍ 31ാം തിയതി വൈദികപട്ടം സ്വീകരിച്ചു. 1976 മുതല്‍ 1980 വരെ പിതാവിന്‍റെ സെക്രട്ടറിയും ചാന്‍സലറുമായിരുന്നു. ഈ കാലയവളവില്‍ത്തന്നെ തൃശ്ശിലേരി ഇടവകയുടെ വികാരിയായും അദ്ദേഹം സേവനം ചെയ്തു.

 

1980ല്‍ ഉപരിപഠനത്തിനായി റോമിലേക്ക് പോയ അദ്ദേഹം 1984ല്‍ റോമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സേക്രഡ് സ്ക്രിപ്ച്വറില്‍ ലൈസന്‍ഷ്യേറ്റും 1989ല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. 1989 മുതല്‍ 1993 വരെ ഒണ്ടയങ്ങാടി മാര്‍ട്ടിന്‍ ഡി പോറസ് പള്ളിവികാരിയായിരുന്നു. 1993 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രൊഫസറും തദവസരത്തില്‍ത്തന്നെ ആലുവ സെമിനാരി വൈസ്‌റെക്ടറായും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വൈസ് പ്രസിഡന്‍റായും ശുശ്രൂഷ ചെയ്തു.

 

സ്വതസിദ്ധമായ ശൈലിയിലൂടെയുള്ള അദ്ദേഹത്തിന്റെ വചനപ്രഘോഷണത്തിലൂടെയും ദൃശ്യസ്രാവ്യമാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണപരമ്പരകളിലൂടെയും പലതരത്തിലുള്ള എഴുത്തുകളിലൂടെയും ലോകത്തുടനീളം അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 2014ല്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും വിരമിച്ച അച്ചന്‍ വിവിധ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറായും പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകനായും സേവനം ചെയ്തു വരികയായിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code