Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കായിന്റെ കാര്യം പറയുമ്പം അറിയാം മോനെ സ്‌നേഹം (പി. സി. മാത്യു)

Picture

ഡാളസ്: താഴത്തെ അപ്പച്ചന്‍ കച്ചവടം കഴിഞ്ഞെത്തുമ്പോള്‍ സന്ധ്യയോടടുക്കും. മിക്ക ദിവസങ്ങളും അപ്പച്ചന്‍ തെങ്ങും കള്ളാണെങ്കിലും ഒന്ന് വീശിയിട്ടേ വരാറുള്ളൂ. എന്റെ വീടും കഴിഞ്ഞു ഒന്ന് രണ്ട് ഫര്‍ലോങ് റോഡില്‍ നിന്നും താഴേക്കുള്ള വഴിയിലൂടെ യാത്ര ചെയ്താല്‍ മാത്രമേ അപ്പച്ചന് തന്റെ വീട്ടില്‍ എത്തിപ്പെടുകയുള്ളു. കുടിച്ചിട്ടുണ്ടെങ്കിലും ചില ദിവസങ്ങളൊഴിച്ചു അപ്പച്ചന്‍ വീലാകാറില്ല. വീലാകുന്ന ദിവസം ഒരു ടോര്‍ച്ചും എടുത്തു ബാലനായിരുന്ന ഞാന്‍ വെട്ടം അടിച്ചു കൊടുത്തു താഴെ വീട്ടില്‍ കൊണ്ടാക്കാറുണ്ട്. എന്റെ ഇളയ സഹോദരിക്കും എനിക്കും മറ്റും പരിപ്പുവട, പഴം, ബോണ്ട, ഏത്തക്ക പൊരിച്ചത്, മിഠായി മറ്റും വാങ്ങി കൊണ്ട് തരുകയും പതിവായിരുന്നു. ദൂരെ റോഡില്‍ എത്തുമ്പോള്‍ തന്നെ ഒരു കൂവല്‍ ശബ്ദം ഉണ്ടാക്കി ഒരു ആഘോഷത്തോടെയാണ് അപ്പച്ചന്‍ വരാറുള്ളത്. അപ്പച്ചന്റെ കൂകല്‍ ശബ്ദം കേള്‍ക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന സഹോദരിയുടെ കുഞ്ഞു മൂന്നു വയസുള്ളവനും പ്രതികരിച്ചു കൂകുമായിരുന്നു. അപ്പച്ചന്‍ ഇടത്താവളമായി എന്റെ വീട്ടില്‍ കയറുമ്പോള്‍ ആകാംഷയോട് കാത്തിരുന്ന കുഞ്ഞു തന്നെ അപ്പച്ചന്റെ മടി അഴിക്കും. പലഹാരങ്ങള്‍ ഞങ്ങള്‍ പങ്കു വയ്ക്കും. പിന്നെ അല്‍പനേരം കുഞ്ഞിനെ കളിപ്പിച്ചിട്ടു ഞാന്‍ അപ്പച്ചനെ അനുഗമിക്കും. വര്‍ഷങ്ങള്‍ പിന്നിലേക്ക് ഒരു പ്രകാശ രസ്മിയുടെ വേഗത്തില്‍ ഓര്‍മ്മകള്‍ പാഞ്ഞു പോയപ്പോള്‍ ഇന്നലത്തെ പോലെ അപ്പച്ചന്‍ എന്റെ ഹൃദയത്തില്‍ മരിക്കാത്ത നിഴല്‍ ബിംബമായി. മധുരിക്കുന്ന ബാല്യ കാല ഓര്‍മകളുടെ ഒളി മിന്നല്‍ പരത്തിയ വികാരം മിഴികളില്‍ നനവുകളായി. എഴുതുവാന്‍ കഴിയാതെ ഒരു നിമിഷം പേനകൊണ്ട് ഇടതു കൈവെള്ളയില്‍ ഒരു ചിത്രം വരച്ചു പോയി.

 

ഒരുദിവസം അപ്പച്ചന്‍ അല്പം വീശിയത് കൂടിപ്പോയതിനാല്‍ ഞാന്‍ താഴെ വീട്ടില്‍ കൊണ്ടാക്കി. ഞാന്‍ കൂടെ ഉള്ളതുകൊണ്ട് 'അമ്മ ഒന്നും പറഞ്ഞില്ല. ഇല്ലെങ്കില്‍ വൈകി എത്തുന്ന അപ്പച്ചനെ 'അമ്മ സ്‌നേഹത്തോടെ ശകാരിക്കുന്നത് പതിവായി കേള്‍ക്കാറുണ്ടായിരുന്നു. എന്നെ പിടിച്ചിരുത്തി കുറെ വര്‍ത്തമാനം പറഞ്ഞു. അപ്പച്ചന്റെ മൂത്ത മകന്‍ ബോംബയില്‍ വച്ച് മരിച്ച രാത്രി അപ്പച്ചന് സ്വപ്നത്തില്‍ മകന്‍ മരിച്ചതായി കണ്ടതും അപ്പച്ചന്‍ ഉറക്കെ കരഞ്ഞു ബഹളം വച്ചതും അയല്‍ക്കാര്‍ ഓടിക്കൂടി ഇന്ന് കള്ളല്പം കൂടിപ്പോയി മാപ്പിളക്കു എന്ന് പറഞ്ഞു കളിയാക്കിയതും ഒടുവില്‍ രാവിലെ മകന്‍ മരിച്ച വിവരം ടെലിഗ്രാമില്‍ കൂടി അറിഞ്ഞതും ഒക്കെ. മകന്‍ മരിച്ചത് ഷേവിങ്ങ് കട്ട് സെപ്റ്റിക് ആയിട്ടാണ് എന്ന് അപ്പച്ചന്‍ എന്നോട് പറഞ്ഞു. ഒത്തിരി വര്‍ത്തമാനം പറയുമ്പോള്‍ അപ്പച്ചന്റെ ശബ്ദം മാറി ഒരു മാതിരി സ്ത്രീകളുടെ ശബ്ദം പോലാകാറുണ്ട്. പ്രത്യകിച്ചും പതുക്കെ പറയുമ്പോള്‍. അങ്ങനെ ആ പതുങ്ങിയ ശബ്ദത്തില്‍ അപ്പച്ചന്‍ എന്തോ ഓര്‍ത്തിരുന്നിട്ടു പറഞ്ഞു. "മോനെ കയീന്റെ കാര്യം പറയുമ്പം അറിയാം സ്‌നേഹം. എല്ലാരും പറയും എനിക്ക് ഭയങ്കര സ്‌നേഹമാണ് എന്നൊക്കെ പക്ഷെ കാശു പോന്ന കാര്യം വരുമ്പോള്‍ അറിയാം മോനെ യഥാര്‍ത്ഥ സ്‌നേഹം." അപ്പച്ചന്‍ എനിക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ പറഞ്ഞു മനസ്സിലാക്കി. അന്ന് അത് മനസാകുന്ന വൃക്ഷ ശിഖരത്തില്‍ എവിടെയോ ഉടക്കി നിന്ന റിബണ്‍ പോലെ അവിടെ കിടന്നു. ചെറിയ കാറ്റിനോ കൊടുങ്കാറ്റിനോ പറപ്പിച്ചു കളയാന്‍ കഴിയാത്ത വിധം അതവിടത്തെന്നെ ഉടക്കിനിന്നു.

 

ജീവിതമാകുന്ന യാത്രയില്‍ ഞാന്‍ എന്ന യാത്രാ വിമാനം വേഗത്തില്‍ പറന്നു മുന്നോട്ടു പോയപ്പോള്‍ മനസ്സിലായി അപ്പച്ചന്‍ അന്ന് പറഞ്ഞത് സത്യമാണെന്നു. ജീവിതത്തില്‍ ആര്ക്കും കടക്കാരനല്ല എങ്കിലും മോര്‍ട്ടഗേജ് കമ്പനിയോടും ക്രെഡിറ്റ് കാര്‍ഡ് കമ്പനിയോടും കടമില്ലാത്തവര്‍ ചുരുക്കം പേര് മാത്രമേ അമേരിക്കയില്‍ കാണുകയുള്ളു. കാരണം നല്ല ക്രെഡിറ്റ് സ്വരൂപിക്കാനും ടാക്‌സില്‍ സേവിങ് നേടാനും ഇവിടെ ഇതൊക്കെ ആവശ്യമായി വരുന്നു എന്നുള്ളതാണ് സത്യം. അങ്ങനെ ഇവിടെ എത്തുന്ന മലയാളികളില്‍ ഭൂരിഭാഗവും തിരികെ പോകാന്‍ ആഗ്രഹിക്കുമെങ്കിലും കുടുങ്ങി ഇവിടെ കിടക്കും. ഒടുവില്‍ പോകാം എന്നൊരു സാഹചര്യം ഉണ്ടാകുമ്പോഴേക്കും കുട്ടികള്‍ ഇവിടെ ആഴത്തില്‍ വേരൂന്നിയ ആഞ്ഞിലി മരം പോലെ പിഴുവാന്‍ ഒരു ബുള്‍ഡോസറിനു പോലും കഴിയാത്ത വിധം ഉറക്കും. കുറെ നാള്‍ നാട്ടിലേക്കു ഷട്ടില്‍ അടിച്ചു ഒടുവില്‍ നാട്ടില്‍ ആരും നോക്കാനും സഹായിക്കാനുമില്ലാതെ ഇവിടെത്തന്നെ അടിഞ്ഞ് കൂടും. പണ്ടാരോ പറഞ്ഞതോര്‍ക്കുന്നു. ആദ്യം അമേരിക്കയിലെത്തിയപ്പോള്‍ പറഞ്ഞു "രക്ഷപെട്ടു". പിന്നെ മനസിലായി "പെട്ടു" എന്ന്.

 

ഓ... ഞാന്‍ പറയാന്‍ വന്ന കാര്യം മറന്നു വികാരം ഒരു ഒഴുക്കായി കുത്തൊഴുക്കായി മനസ്സെന്ന കയത്തില്‍ ചുഴികളായി കറങ്ങി പുറത്തേക്കൊഴുകവേ ഒരു സ്‌നേഹ നിധിയായ ഒരു പ്രായമുള്ള എന്റെ കൂട്ടുകാരന്റെ സുഹൃത്. അദ്ദേഹം ഒരു അഭിമാനിയും ആരെയും സഹായിക്കുന്ന രീതിയില്‍ ഒരു ആത്മീയാനുമാണ്. മിക്കവാറും വിളിക്കുകയൂം എന്റെ കൂട്ടുകാരനുമായി സ്‌നേഹം പങ്കു വയ്കാറുമുണ്ട്. തന്നെയല്ല അവന്റെയും എന്റെയും ആശയങ്ങളുമായി പലപ്പോഴും യോജിക്കുന്ന ആളുമാണ്. അനീതിക്കെതിരെ പ്രതികരിക്കുന്ന അച്ചായന്‍. ഒരു അനിയനെ പോലെ എന്നെയും എന്റെ കൂട്ടുകാരനെയും കരുതുന്ന ആള്‍. ഒരിക്കല്‍ എന്റെ കൂട്ടുകാരന്‍ പറഞ്ഞു "എടാ ഇ അച്ചായന്‍ എത്ര നല്ല അച്ചായന്‍". ഞാന്‍ അദ്ദേഹത്തെ എന്റെ മൂത്ത ജേഷ്ഠനെ പോലെ സ്‌നേഹിക്കുന്നു. പലപ്പോഴും എനിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ചോദിയ്ക്കാന്‍ മടിക്കരുതെന്ന് പറയാറുണ്ട്. എന്റെ അച്ചന്‍ മരിച്ചപ്പോള്‍ മോനെ എന്തെങ്കിലും സാമ്പത്തികമായി പോലും ആവശ്യമുണ്ടെങ്കില്‍ പറയണം എന്ന് പറഞ്ഞു എന്നെ ആശ്വസിപ്പിച്ചു. അപ്പോഴൊക്കെ എനിക്കൊരു ആവശ്യവും വന്നില്ല. പിന്നെ എന്താന്ന് നീ പറഞ്ഞു വരുന്നത് ഞാന്‍ ജിജ്ഞാസയോടെ അവനോട് ചോദിച്ചു. എന്റെ കൂട്ടുകാരന്റെ മിഴികള്‍ നിറയുന്നുവോ എന്നൊരു സംശയം. നീ എന്താന്നുവെച്ചാല്‍ പറയെടാ കാര്യം. അവന്‍ പറഞ്ഞു "എടാ എനിക്ക് ഒരു അത്യാവശ്യം വന്നപ്പോള്‍ ഞാന്‍ ഈ അച്ചായനോട് ഒരല്പം പണം കടം ചോദിച്ചു. അപ്പോള്‍ അച്ചായന്‍ പറഞ്ഞു "മോനെ ഞാന്‍ ഭയങ്കരമായ ടൈറ്റില്‍ നില്‍ക്കുവാ ഇപ്പോള്‍ സോറി മോനെ...." കൂടാതെ അച്ചായന്‍ കടം കൊടുത്തിട്ടുള്ള വലിയ തുകയുടെ കഥകള്‍ ഒക്കെ എന്നോട് പറഞ്ഞു. സാരമില്ല എന്നോട് ഒത്തിരി അടുപ്പം കിട്ടിയതുകൊണ്ട് ആദ്യമായാണ് ഒരാളിനോടെ കടം ചോദിക്കുന്നത്. കിട്ടാതെ വന്നപ്പോള്‍ ഒരുന ചെറിയ പ്രയാസം... അത്ര മാത്രം." ഇത് കേട്ട ഞാന്‍ ഓര്‍ത്തു പോയി പണ്ട് അപ്പച്ചന്‍ പറഞ്ഞ കാര്യം "കായിന്റെ കാര്യം പറയുമ്പോള്‍ അറിയാം മോനെ സ്‌നേഹം". ഞാന്‍ ചോദിച്ചു. എടാ ആ അങ്കിള്‍ ഒരു വല്യ വിശ്വസിയല്ലേ? ഹൃദയാലുവായി വായ്പ കൊടുക്കുന്നവന്‍ ശുഭമായിരിക്കുമെന്നല്ലേ വിശുദ്ധ വേദപുസ്തകത്തില്‍ പറയുന്നത്? പലപ്പോഴും നീ ചോദിക്കാതെ നിനക്ക് ഓഫര്‍ ചെയ്തിട്ടില്ലേ? അപ്പോഴൊന്നും നീ വാങ്ങിയിട്ടില്ലല്ലോ. തന്നെയല്ല ഈ ചെറിയ തുക തിരിച്ചു നല്കാന്‍ നിനക്ക് ആസ്ഥിയും ഉണ്ട്. പിന്നെ എന്തെ ഇങ്ങനെ? അവന്‍ ഒന്നും പറയാന്‍ കഴിയാതെ നിന്നു. എവിടയോ വായിച്ച ഒരു നല്ല ആപ്ത വാക്യം ഓര്മ വന്നു. "എ ഫ്രണ്ട് ഇന്‍ നീഡ് ഈസ് എ ഫ്രണ്ട് ഇന്‍ ഡീഡ്". ആവശ്യത്തില്‍ ഉപകരിക്കുന്ന സുഹൃത്താണ് യഥാര്‍ത്ഥ സുഹൃത് എന്ന്. വിശുദ്ധ വേദപുസ്തകത്തില്‍ സാദൃശ്യ വാക്യങ്ങള്‍ പതിനേഴാം അദ്ധ്യായം പതിനേഴാം വാക്യം എടുത്തു വായിച്ചു നോക്കി. "സ്‌നേഹിതന്‍ എല്ലാ കാലത്തും സ്‌നേഹിക്കുന്നു; അനര്‍ത്ഥ കാലത്തു അവന്‍ സഹോദരനായി തീരുന്നു." എത്ര മനോഹരമായ ദൈവ വചനം.

 

അവന്‍ പറഞ്ഞു "ഇപ്പോഴത്തെ മിക്ക വിശ്വസികളും വില കൂടിയ കാറുകള്‍ വാങ്ങുകയും, വലിപ്പമേറിയ വീടുകള്‍ വാങ്ങുകയും, വിലയേറിയ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യന്നു. ആഭരണങ്ങള്‍ പോലും ഉപേക്ഷിച്ച പെന്തികൊസ്തുകാര്‍ പോലും ഇന്ന് ആഡംബര ജീവിതത്തില്‍ ആറാടി നില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അവരുടെ വിശ്വസം നഷ്ടപ്പെട്ടു. ഒന്നിരുന്നോര്‍ത്തുപോയി ഒരു നിമിഷം, ലളിത ജീവിതത്തിന്റെ പ്രതീകമായി ഉടലെടുത്ത പെന്തിക്കോസ്തു സഭ ഇന്ന് അതെല്ലാം തന്നെ മറന്നു പോയി. പ്രത്യകിച്ചും പെന്തിക്കോസില്‍ ജനിച്ചു വളര്ന്ന പലര്‍ക്കും മാനസാന്തരത്തിന്റെ അനുഭവം പോലുമില്ല എന്നതാണ് സത്യം. കാരണം മനസാന്തരത്തിനായിട്ടുള്ള യാതൊന്നും അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നില്ല എന്നുള്ളതാണ് സത്യം.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code