Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജപ്തി ഭീഷണി: ആത്മഹത്യ ചെയ്ത മകള്‍ മരിച്ചു, അമ്മ ഗുരുതര നിലയില്‍

Picture

തിരുവനന്തപുരം: ജപ്തി നടപടി ഭയന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകള്‍ മരിച്ചു. അമ്മയെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര മാരായിമുട്ടത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

 

മാരായിമുട്ടം മലയില്‍ക്കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വൈഷ്ണവിയാണ് മരിച്ചത്. ബിരുദ വിദ്യാര്‍ഥിനിയാണ് വൈഷ്ണവി. അമ്മ ലേഖ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് 90 ശതമാനം പൊള്ളലേറ്റതായാണ് വിവരം.

 

ഭവനനിര്‍മാണത്തിനായി 15 വര്‍ഷം മുന്‍പാണ് ഇവര്‍ കനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. മുതലും പലിശയും ചേര്‍ത്ത് ആറ് ലക്ഷത്തലധികം തുക തിരിച്ചടച്ചിരുന്നതായും ബാക്കി നാല് ലക്ഷത്തോളം ഇനിയും അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇത്രയും വലിയ തുക തിരിച്ചടയ്ക്കാന്‍ തക്ക സാമ്പത്തിക സ്ഥിതി ഇവര്‍ക്കുണ്ടായിരുന്നില്ല. ബാങ്ക് അധികൃതര്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോയ സാഹചര്യത്തില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതര്‍ വെള്ളിയാഴ്ച വീട്ടില്‍ വന്നിരുന്നു. ചൊവ്വാഴ്ച വീണ്ടും ഫോണില്‍ ബന്ധപ്പെടുകയും ജപ്തി നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ജപ്തി നടത്തുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ച സാഹചര്യത്തിലാണ് ഇവര്‍ ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് സൂചന.

 

മരപ്പണിക്കാരനാണ് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് ഇവരുടേത്. വീടിന്റെ ജപ്തി നീട്ടിവെക്കാന്‍ നാട്ടുകാരും ജനപ്രതിനിധികളും അടക്കം ശ്രമം നടത്തിയിരുന്നെങ്കിലും ബാങ്കിന്റെ ഭാഗത്തുനിന്ന് സാവകാശം നല്‍കാനുള്ള സമീപനം ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ബാങ്കിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code