Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്രൂര മര്‍ദ്ദനത്തിനിരയായ കുഞ്ഞ് മരിച്ചു; അമ്മയ്‌ക്കെതിരേ കൊലക്കുറ്റം

Picture

ആലുവ: എറണാകുളം ഏലൂരില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന്‍ മരിച്ചു. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണകാരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. വധശ്രമം, ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളാണു ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു മാസത്തിനിടെ വീട്ടില്‍ മര്‍ദ്ദനത്തിനിരയായി കുട്ടി മരിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സംഭവമാണിത്.

 

പരുക്കേറ്റ കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്ന കാര്യം വലിയ വെല്ലുവിളിയാണെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ മൂന്നംഗ വിദഗ്ധ വൈദ്യ സംഘം ഇന്നലെ വിലയിരുത്തിയിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്നു വയസുള്ള മകനെ ബുധനാഴ്ച ഉച്ചയ്ക്ക് 1.45 നാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്‍റെ ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്‍റെ അമ്മയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പിച്ചതെന്ന് കണ്ടെത്തിയത്.

 

ഏണിപ്പടിയില്‍ നിന്നു വീണു പരുക്കേറ്റുവെന്നാണ് ആശുപത്രിയില്‍ ആദ്യം രക്ഷിതാക്കള്‍ പറഞ്ഞിരുന്നത്. പൊലീസ് ചോദ്യം ചെയ്തപ്പോള്‍, അനുസരണക്കേടു കാട്ടിയതിനു തല്ലിയെന്നാണ് അമ്മ പറഞ്ഞത്. ശരീരത്തിന്റെ പല ഭാഗത്തും മര്‍ദനമേറ്റ പാടുകളുണ്ട്. തലയ്ക്കകത്തു രക്തസ്രാവമുണ്ടായി. പിന്‍ഭാഗത്ത് ചട്ടുകമോ മറ്റോ വച്ച് പൊള്ളിച്ചിട്ടുണ്ട്. കുട്ടിയും അമ്മയും ജാര്‍ഖണ്ഡില്‍നിന്നു കേരളത്തില്‍ എത്തിയതു രണ്ടാഴ്ച മുന്‍പു മാത്രമാണ്. ഒപ്പം താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി സ്വകാര്യ കമ്പനിയില്‍ ക്രെയിന്‍ ഓപ്പറേറ്ററായി ഒരു വര്‍ഷമായി ഇവിടെയുണ്ട്.

 

കുഞ്ഞിന്‍റെ അമ്മയെ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാളുടെ പശ്ചാത്തലം പരിശോധിക്കാനായി ഏലൂര്‍ പൊലീസ് ബംഗാള്‍ പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. കുഞ്ഞിന് മര്‍ദനമേറ്റസമയത്ത് ഉറക്കമായിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code