തിരുവനന്തപുരം: ഭരണകര്‍ത്താവും എഴുത്തുകാരനും പ്രഭാഷകനുമെന്ന നിലയില്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഡോ.ഡി.ബാബു പോള്‍(78) ഇനി ഓര്മ. ഭൗതികശരീരം പെരുമ്പാവൂര്‍ കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രല്‍ സെമിത്തേരിയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ശനിയാഴ്ച പുലര്‍ച്ചെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച ബാബു പോളിന്റെ മൃതദേഹം രാവിലെ പുന്നന്റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലില്‍ എത്തിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ ശുശ്രൂഷ നടത്തി. തുടര്‍ന്നു കവടിയാര്‍ മമ്മീസ് കോളനിയിലെ ചീരോത്തോട്ടം വീട്ടിലേക്കു കൊണ്ടുപോയി.
ഞായറാഴ്ച രാവിലെ 5നു മൃതദേഹം പെരുമ്പാവൂരിലേക്കു കൊണ്ടുപോയി. 12 മണിയോടെ കുറുപ്പംപടിയില്‍ ബാബു പോളിന്റെ പിതാവ് പി.എ.പൗലോസ് കോര്‍ എപ്പിസ്കോപ്പയുടെ മാതൃഭവനത്തില്‍ പൊതുദര്‍ശനത്തിനു വച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന് തോമസ് ഐസക്, കെ.രാജു, ബിജെപി സംസ്ഥാന പ്രസി!ഡന്റ് പി.എസ്.ശ്രീധരന് പിള്ള തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
Comments