Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാഹിത്യലോകത്തെ ഋഷിവര്യന്‍ : ഡോ. ഡി. ബാബു പോള്‍ (ഡയസ് ഇടിക്കുള)

Picture

തിരുവനന്തപുരം ഐ.എം.ജി സ്റ്റഡി സെന്ററില്‍ ലൈബ്രറി ശാസ്ത്രത്തില്‍ മാസ്റ്റര്‍ പഠനം നടത്തുന്ന വേളയിലാണ് ഡോ. ഡി. ബാബു പോള്‍ സാറുമായി പരിചയപ്പെടുവാന്‍ അവസരം ലഭിച്ചത്. കുറവന്‍കോണം മമ്മീസ് കോളനിയിലെ അദ്ദേഹത്തിന്‍റെ വീട്ടില്‍ ഒരു സായാഹ്നം ചെലവഴിക്കുവാന്‍ കഴിഞ്ഞ നിമിഷങ്ങള്‍ ഇത്തരുണത്തില്‍ സ്മരിക്കുന്നു.

 

ഗൗരവമുള്ള ആ മുഖത്തെ കട്ടിമീശയും, വേഷ വിധാനവും, കുലീനമായ പെരുമാറ്റവും, പ്രൗഢമായ ചിന്തകള്‍ നര്‍മരസത്തില്‍ അവതരിപ്പിക്കുന്ന ശൈലിയും ഒക്കെ ചേരുന്ന ബാബു പോള്‍ സാറിന്റെ ജീവിതശൈലിയില്‍ ഒരു ഋഷിവര്യനെ നമുക്ക് ദര്‍ശിയ്ക്കാം..!!!

ആര്‍ഷ ഭാരതീയ സംസ്കൃതിയുടെ ഉദാത്തമായ ദര്‍ശനങ്ങള്‍ നല്‍കിയ ഋഷിശ്രേഷ്ഠന്മാരെയുീ, ലോകനന്മയ്ക്ക് അവര്‍ സമര്‍പ്പിച്ച വേദോപനിഷത്തുകളെ കുറിച്ചും ആഴമായ പഠനങ്ങള്‍ നടത്തിയ ഡോ. ഡി. ബാബു പോള്‍ തന്റെ ചിന്തകളിലും പ്രഭാഷണങ്ങളിലും എഴുത്തിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.

 

ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്ററും വൈദികനുമായിരുന്ന തന്റെ പിതാവില്‍ നിന്നും ലഭിച്ച ശിക്ഷണമാണ് ബാബു പോള്‍ സാറിന്റെ വ്യക്തിത്വത്തെ വാര്‍ത്തെടുത്തത്. വേദശാസ്ത്ര വിഷയങ്ങളില്‍ അതീവ തല്പരനായിരുന്ന ബാബു പോള്‍ സാറിന് വിവിധ മത ശാസ്ത്ര സാഹിത്യ ഗ്രന്ഥങ്ങളുടെ ഒരു പുസ്തക ശേഖരമുണ്ട്.

കേരളത്തിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം സാഹിത്യ സാംസ്കാരിക ആദ്ധൃാത്മിക മേഖലകളില്‍ ഋഷിവര്യനെപോലെ പ്രശോഭിച്ചു.സമസ്ത സദസ്സുകളിലും ആദരവുകള്‍ ആര്‍ജ്ജിച്ചു.

 

ലോകനന്മയ്ക്കു സമര്‍പ്പിച്ചതാണ് ഋഷി ജീവിതം..!!! ഔന്നത്യമുളള ചിന്തകളാണ് ഋഷി മനസ്സുകളില്‍ ജനിക്കുന്നത് ..!!!

ബാബു പോള്‍ സാറിന്റെ എഴുത്തിലും പ്രഭാഷണത്തിലും ഒരു ഋഷി മനസിന്റെ സാന്നിദ്ധ്യം ദര്‍ശിയ്ക്കാന്‍ കഴിയും.

ചെറുപ്പകാലം മുതല്‍ ശീലിച്ച വായനയുടെയും, മലങ്കര സഭയിലെ പിതാക്കന്മാരില്‍ നിന്നും സ്വരൂപിച്ച അറിവുകളും, പ്രാര്‍ത്ഥനാ ജീവിതത്തിലൂടെ സ്വാംശീകരിച്ച ആത്മീയ ചൈതന്യവും സമന്വയിക്കുന്ന 'വേദശബ് ദ രത്‌നാകരം' എന്ന പുസ്തകം വേദശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വിജ്ഞാന കോശമാണ്.

 

നാലായിരം ശീര്‍ഷകങ്ങളും ആറുലക്ഷം വാക്കുകളും ഉള്‍ക്കൊള്ളുന്ന 'വേദശബ് ദ രത്‌നാകരം' രചിയ്ക്കുവാന്‍ കഴിഞ്ഞത് ഈശ്വര നിയോഗമായി ബാബു പോള്‍ സാര്‍ കരുതുന്നു. നന്നേ ചെറു പ്രായത്തില്‍ ആത്മീയ ജീവിതത്തില്‍ വളരുവാന്‍ പരിശീലിപ്പിച്ച തന്റെ മാതാപിതാക്കള്‍ക്ക് നല്‍കുന്ന ഗുരു ദക്ഷിണയാണ് 'വേദശബ് ദ രത്‌നാകരം'.

കൃസ്തീയ സഭകളിലെ പിതാക്കന്മാരുമായും, വിവിധ മതങ്ങളിലെ പുരോഹിതന്മാരുമായും നല്ല സൗഹൃദം പുലര്‍ത്തിയിരുന്ന ബാബു പോള്‍ സാറിന് തന്റെ ആശയങ്ങള്‍ സമസ്ത സമൂഹ സമക്ഷം അവതരിപ്പിക്കുവാന്‍ ഈശ്വരന്‍ അവസരം നല്‍കി.

വിവിധ മതങ്ങളുടെ ആലയങ്ങള്‍ അദ്ദേഹത്തിന് സ്വാഗതമോതി..!!

 

ഋഷിവര്യനെ പോലെ അദ്ദേഹം അവരോട് സദ് ചിന്തകള്‍ സംവദിച്ചു..!!!

കൃസ്തീയ ദേവാലയങ്ങളില്‍ നടത്തുന്ന പ്രഭാഷണങ്ങളില്‍ സുവിശേഷത്തിന്റെ ആഴമായ മര്‍മ്മങ്ങള്‍ സദസ്സിന് മനസ്സിലാകും വിധം പങ്കുവെച്ചു.

കൃസ്തുവിനെ ജീവിതത്തില്‍ പകര്‍ത്തുവാന്‍ കഴിയുന്ന സന്ദേശമായിരിയ്ക്കും പ്രഭാഷണത്തിന്റെ കാതല്‍.

ക്ഷേത്രസദസുകളില്‍ വേദങ്ങളും ഉപനിഷത്തുകളും ഉദ്ധരിച്ചു സംസാരിക്കും. സാഹിത്യ സദസുകളില്‍ നര്‍മ്മ രസത്തോടെ വിഷയങ്ങള്‍ അവതരിപ്പിക്കും.

 

ബൈബിളും ഖുറാനും മഹാഭാരതവും ഭഗവത് ഗീതയും രാമായണവും ഉപനിഷത്തുകളും സാഹിത്യ കൃതികളും എല്ലാം അവസരോചിതം ഉദ്ധരിച്ച് ബാബു പോള്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ വിഭവങ്ങളാല്‍ സമ്പന്നമായ ഒരു വിജ്ഞാന സദ്യയാണ്...!!!

നര്‍മ്മ വീഥിയില്‍ ബാബു പോള്‍ സാര്‍ !!!

ബാബു പോള്‍ സാറിന്റെ നര്‍മ്മ സാഹിത്യ ശൈലി വായനക്കാരുമായി പങ്കിടുന്നു.

 

No. 1 ഒരു പെണ്ണുകാണല്‍ ചടങ്ങ് :

പെണ്ണുകാണല്‍ ചടങ്ങില്‍ ആണിനും പെണ്ണിനും ചില തയ്യാറെടുപ്പുകള്‍ നല്ലതാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ എ.ഡി. 1963 ല്‍ നടന്ന സംഭവം ഇതിന് അടിവരയിടുന്നു.

സുന്ദര കളേബരന്‍ ഐ.എ. എസ്സുകാരനായി. ജീവിത സഖിയായ നിര്‍മ്മലയെ 'പെണ്ണുകാണാന്‍" പോയി.

നിര്‍മ്മല ഒന്നും മിണ്ടുന്നില്ല. ഒടുവില്‍ സുന്ദര കളേബരന്‍ ബാബു പോള്‍ പറഞ്ഞു :I think we need an icebreaker here" .   നിര്‍മ്മലയുടെ മറുപടി ഉടന്‍ വന്നു. "ഇതേ വാചകം കഴിഞ്ഞ റീഡേഴ്‌സ് ഡൈജസ്റ്റില്‍ വായിച്ചതാണല്ലോ".

 

സംഗതി സത്യമാണ് എന്ന് സമ്മതിയ്‌ക്കേണ്ടി വന്നു.

No. 2 : വീഴ്ചയില്‍ നിന്നും രക്ഷപെടാന്‍ ബൈബിള്‍ വാക്യങ്ങള്‍ ഉപയോഗിയ്ക്കാം.

ഒരു വൈദികന് ഇടവകയിലെ ഒരംഗത്തോട് പ്രേമം. അംഗം ഒറ്റയ്ക്ക് ഒരു ഫ്‌ലാറ്റില്‍ താമസിക്കുന്നു. യുവതി, സുന്ദരി, ഡോക്ടര്‍, ഭക്ത, വേദപുസ്തക പ്രവീണ.

 

അച്ചന്‍ കൂടെക്കൂടെ ഡോക്ടറുടെ വീട്ടില്‍ സന്ദര്‍ശനം നടത്തും. ഒരിയ്ക്കല്‍ അച്ചനെ ഡോക്ടര്‍ ഉണ്ണാന്‍ വിളിച്ചു.അച്ചന്‍ നിശ്ചിത സമയത്തിന് മുന്‍പേ എത്തി. വിഷയം പ്രേമമാണല്ലോ (പ്രേമം വിഷയമാകണമെന്നില്ലെങ്കിലും).

ഡോക്ടറാകട്ടേ, ജോലി കഴിഞ്ഞ് അല്പം വൈകിയതിനാല്‍ അത്താഴമൊക്കെ ഒരുക്കി വെച്ചു കുളിക്കാന്‍ കയറിയതേ ഉണ്ടായിരുന്നുള്ളൂ.

അച്ചന്‍ കുറേ നേരം കാത്തു നിന്നു. പല പ്രാവിശ്യം ഡോര്‍ ബെല്ലടിച്ചു. ഒടുവില്‍ "വെളിപ്പാട് പുസ്തകം 3 : 20" എന്നൊരു കുറിപ്പെഴുതി വെച്ചിട്ട് സ്ഥലം വിട്ടു.

 

ഡോക്ടര്‍ ബൈബിള്‍ എടുത്തു വായിച്ചു: "ഞാന്‍ വാതില്‍ക്കല്‍ നിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നാല്‍ ഞാന്‍ അവന്റെ അടുക്കല്‍ ചെന്ന് അവനോടും അവന്‍ എന്നോടും കൂടെ അത്താഴം കഴിയ്ക്കും."

 

പിറ്റേ ഞായറാഴ്ച ഡോക്ടര്‍ അച്ചന് ഒരു കുറിപ്പ് കൊടുത്തു. 'ഉല്‍പത്തി 3: 10' എന്നാണ് എഴുതിയിരുന്നത് . എന്താണെന്നോ ആ വാക്യം. 'തോട്ടത്തില്‍ നിന്റെ ഒച്ച കേട്ടിട്ട് ഞാന്‍ നഗ്‌നനാകകൊണ്ട് ഭയപ്പെട്ടു ഒളിച്ചു".

 

ബൈബിള്‍ വാക്യങ്ങളിലൂടെ അച്ചനും ഡോക്ടറും ആശയ വിനിമയം നടത്തിയത് ബാബു പോള്‍ സാര്‍ അവസ രോചിതം പ്രഭാഷണത്തില്‍ ഉപയോഗിക്കും.

No. 3 : സെക്രട്ടറിയേറ്റിലെ നര്‍മ്മ സംഭാഷണങ്ങള്‍ ...!!!

 

കരുണാകരന്‍ മന്ത്രി സഭയില്‍ എന്‍. സുന്ദരന്‍ നാടാര്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി. നാടാരുടെ ശാരീരികമായ പ്രത്യേകതകള്‍, വേഷവിധാനം, നടപ്പ്, ഭക്ഷണ ക്രമം തുടങ്ങിയവ സെക്രട്ടറിയേറ്റിനകത്തും പുറത്തും ചര്‍ച്ചാ വിഷയമായിരുന്നു.

 

സുന്ദരന്‍ നാടാര്‍ ആജാന ബാഹുവാണ്. നീണ്ടു നിവര്‍ന്ന് കിടക്കണമെങ്കില്‍ ഒരു ലൈലാന്‍ഡ് ബസ്സ് തന്നേ വേണം. കൃഷ്ണ കൃപാ സാഗരമാണ്. മഴയെത്തും വെയിലത്തും മാറ്റമില്ലാത്ത നിറം. അതുകൊണ്ട് ആള്‍ സുന്ദരനല്ലാതാവുന്നില്ല.

 

നമ്മുടെ ഒരു തെറ്റായ ചിന്തയാണ് സൗന്ദര്യം വെളുത്ത തൊലിയിലാണ് കാണുക എന്നത് . സുന്ദരന്‍ നാടാരുടെ നിറം കറുപ്പാണെങ്കിലെന്താ, കറുപ്പിനഴക്. ആണായാല്‍ ഇങ്ങനെ ഇരിയ്ക്കണം എന്നായിരുന്നു സെക്രട്ടറിയേറ്റിലെ സുന്ദരിമാര്‍ അടക്കം പറഞ്ഞത്.

അവരിലൊരാളോട് ബാബു പോള്‍ ആരാഞ്ഞു എന്താണ് സുന്ദരന്‍ നാടാരോടുള്ള നിങ്ങളുടെ ആകര്‍ഷണം.

സാറെ നല്ല പൊക്കോം ഒത്ത വണ്ണോമുള്ളവരേ പെണ്ണുങ്ങള്‍ക്കിഷ്ടമാണ്.

"അപ്പോ മോഹന്‍കുമാറിനെയാണോ സി.പി നായരെയാണോ ഇഷ്ട്ടം...?

മോഹനന് വണ്ണം .... സി.പി യ്ക്കു പൊക്കം.

'സാറ് തമാശക്കാരന്‍ തന്നെ. ഇതെന്ത് കരീലയും മണ്ണാങ്കട്ടയും പോലെയോ ???


കരീലയേത് മണ്ണാങ്കട്ടയേത് എന്ന് ചോദിക്കുന്നില്ല. ഏതായാലും ഹജൂരിലെ ദൊരശാണിമാര്‍ക്ക് സുന്ദരന്‍ നാടാര്‍ മിനിസ്ട്രറെ ഇഷ്ട്മാണെല്ലേ... !!!

 

എന്തര് സംശയം സാറേ ? ആ മുഖത്തെ പൗരുഷവും ആ മീശയും ആ നടപ്പും കുറച്ചു കൂടെ ചെറുപ്പമായിരുന്നങ്കില്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ......

അവര്‍ അര്‍ദ്ധോക്തിയില്‍ വിരമിച്ചു.


****************************

കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക ചരിത്രത്തില്‍ നിറസാന്നിദ്ധൃമായ ബാബു പോളിന്റെ ജീവിത യാത്ര സംഭവ ബഹുലമാണ് .

 

കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941 ല്‍ ജനനം. ഹൈസ്കൂളില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെയും, സര്‍വകലാശാലയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സ്‌കോളര്‍ഷിപ്പ്.

 

ഇ.എസ്എല്‍സിക്കു മൂന്നാം റാങ്കും, എം.എ.യ്ക്ക് ഒന്നാം റാങ്കും, ഐ.എ. എസ്സിന് ഏഴാം റാങ്കും കരസ്ഥമാക്കി.

സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ഉപരിപഠനം.

 

ജൂനിയര്‍ എന്‍ജിനീയര്‍ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷമാണ് ബാബുപോള്‍ സിവില്‍ സര്‍വീസ് പദവിയില്‍ എത്തുന്നത്. മന്തിമാര്‍ക്ക് വിശ്വസ്തമായ ഉപദേശം സ്വീകരിയ്ക്കാന്‍ കഴിയുന്ന നിലയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചു. വിമര്‍ശനങ്ങള്‍ നര്‍മ്മരൂപത്തില്‍ അവതരിപ്പിയ്ക്കും.

 

ബാബു പോള്‍ ഇടുക്കി കലക്ടര്‍ പദവിയിലിരുന്ന സന്ദര്‍ഭത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ജല വൈദ്യുത പദ്ധതി പൂര്‍ത്തിയാക്കിയത്. ഇടുക്കി അണക്കെട്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കിയതിന് അച്യുതമേനോന്‍ മന്ത്രിസഭ പ്രത്യേക പുരസ്കാരം നല്‍കി ആദരിച്ചു.


കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, ധനം, പൊതു വിദ്യാഭ്യാസം, ടൂറിസം, സാംസ്കാരിക വകുപ്പ് സെക്രട്ടറി, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കെ.എസ്. ആര്‍. ടി. സി എം. ഡി, ഓംബുഡ്‌സ്മാന്‍ തുടങ്ങിയ പദവികളില്‍ ബാബുപോള്‍ നല്‍കിയ സംഭാവനകള്‍ ശ്ലാഖനീയമാണ്.

 

ബാബു പോള്‍ സാംസ്കാരിക സെക്രട്ടറി ആയിരിക്കുമ്പോഴാണ് എഴുത്തച്ഛന്‍ പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. 2000 ത്തില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

 

സിവില്‍ സര്‍വീസില്‍ താല്‍പര്യമുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ സ്ഥാപിച്ച കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ ‘മെന്റര്‍ എമിരറ്റസ്’ ആയിരുന്നു ബാബു പോള്‍ .

 

1962 മുതല്‍ 2001 വരെയുള്ള മൂന്ന് പതിറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള ഔദ്യോഗിക ജീവിതം ആത്മകഥാ രൂപത്തില്‍ തയ്യാറാക്കിയ ‘കഥ ഇതുവരെ’ എന്ന പുസ്തകം കേരള ചരിത്ര പഠിതാക്കള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്.

 

കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക സാഹിത്യ ചരിത്രത്തില്‍ ഋഷിവര്യനായി പ്രശോഭിച്ച പ്രീയപ്പെട്ട ബാബു പോള്‍ സാറിന് പ്രണാമം...!!!

by Daies Idiculla (Librarian, Gulf Medical Universtiy)Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code