Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മറക്കില്ല ബാബുപോള്‍ സാറിനെ...

Picture

ഡി. ബാബു പോള്‍ സാറിനെ മറക്കാനാവില്ല. ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോമിലേക്ക് സ്ഥിരമായി ലേഖനങ്ങളും മറ്റും എഴുതി ലോക മലയാളികള്‍ക്ക് മുന്നിലെത്തിക്കുന്ന സാറിനെ എങ്ങനെ മറക്കും.

 

ബാബു സാറിനു ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം അണിയറ പ്രവര്‍ത്തകരുടെ ആദരാഞ്ജലികള്‍.

 


കാരുണ്യത്തിന്റേയും അറിവിന്റേയും മഹാസമുദ്രം....

 

സൂര്യനു കീഴിലെ എന്തിനെപ്പറിയും സ്വന്തം ബോധ്യങ്ങള്‍. പണ്ഡിതരോടും പാമരരോടും ഭേദമില്ലാതെ സംവദിക്കാനുള്ള ശേഷി. നിലപാടുകളും അഭിപ്രായങ്ങളും മുഖത്തുനോക്കി പറയാനുള്ള ധൈര്യം. വ്യത്യസ്ത മേഖലകളില്‍ തന്റെ വ്യക്തിത്വവും കര്‍മകുശലതയും അടയാളപ്പെടുത്തിയിട്ടുണ്ട് ബാബുപോള്‍.

 

മികച്ച ഗ്രന്ഥകാരനായിരുന്നു അദ്ദേഹം. ‘വേദശബ്ദരത്‌നാകരം’ എന്ന കൃതി കേരള സാഹിത്യ അക്കാദമി അവാര്‍ഡും മികച്ച ദ്രാവിഡ ഭാഷാ നിഘണ്ടുവിനുള്ള ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ ദ്രവീഡിയന്‍ ലിംഗ്വസ്റ്റിക്‌സിന്റെ ഗുണ്ടര്‍ട്ട് പുരസ്കാരവുമുള്‍പ്പെടെ നിരവധി ബഹുമതികള്‍ കരസ്ഥമാക്കി. മലയാളത്തിലെ ഏറ്റവും മികച്ച സര്‍വീസ് സ്‌റ്റോറി– കഥ ഇതുവരെ– മറ്റുള്ളവര്‍ക്കു മാതൃകയായി. നര്‍മവും ശ്ലോകങ്ങളും കലര്‍ന്ന ലേഖനങ്ങളും സഞ്ചാരസാഹിത്യവും ബാലസാഹിത്യവും പഠനങ്ങളും പ്രസിദ്ധീകരിച്ചു. ‘അച്ചന്‍, അച്ഛന്‍, ആചാര്യന്‍’ എന്ന ജീവചരിത്ര ഗ്രന്ഥം ഡോ. സി.എ.അബ്രഹാം, പി.ഗോവിന്ദപ്പിള്ള എന്നിവരുമായി ചേര്‍ന്നാണു രചിച്ചത്.

 

ഒരു പകലും രാത്രിയും കൊണ്ട് ഇടുക്കി ജില്ല പിറന്നപ്പോള്‍ നാഥനായത് ബാബു പോള്‍ ആയിരുന്നു. ഞാന്‍ വളര്‍ത്തിയെടുത്ത ജില്ലയാണ് ഇടുക്കിയെന്ന് എപ്പോഴും പറയും. ഏലത്തിന്റെ മണമുള്ള ആ ഓര്‍മകളിലേക്ക്: ‘1971 ഓഗസ്റ്റിലായിരുന്നു ആദ്യമായി ഇടുക്കിയിലെത്തിയത്. കുണ്ടും കുഴിയും നിറഞ്ഞ റോഡാണ്. മീനച്ചിലാറിന്റെ തീരത്തു കൂടെ, റബര്‍ തോട്ടങ്ങള്‍ക്കിടയിലൂടെ, നെല്ലാപ്പാറയിലെ കട്ടിവനങ്ങള്‍. അധ്വാനശീലനായ മലയോര കര്‍ഷകന്റെ വിയര്‍പ്പുകണങ്ങള്‍ ധന്യമാക്കിയ മലഞ്ചെരിവുകള്‍. ഇടുക്കി ജില്ലയെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയത് പെട്ടെന്നാണ്. മൂവാറ്റുപുഴ ജില്ല വേണമെന്നും ഹൈറേഞ്ച് പ്രദേശങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ജില്ല മതിയെന്നും ഒക്കെ ശബ്ദങ്ങള്‍ ഉയര്‍ന്നു.

 

തലസ്ഥാനം എവിടെ വേണം എന്ന കാര്യത്തിലും തര്‍ക്കമുണ്ടായി. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, മൂന്നാര്‍ തുടങ്ങിയ ഹൈറേഞ്ചിലെ എല്ലാ പഞ്ചായത്തുകളും ജില്ലയുടെ ആസ്ഥാനം കൊതിച്ചു. ഈ സമയത്താണു സര്‍ക്കാരിന് ഇക്കാര്യത്തില്‍ പെട്ടെന്നു താല്‍പര്യം ജനിച്ചത്. റവന്യു സെക്രട്ടറിയായിരുന്ന എ.കെ.കെ. നമ്പ്യാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചാണു ജില്ലയെ സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനമുണ്ടായത്. 1972 ജനുവരി 25ന് ആണ് ഉത്തരവു പുറത്തുവന്നത്. ഇടുക്കി പദ്ധതിയുടെ കോഓര്‍ഡിനേറ്ററും പദ്ധതി പ്രദേശത്തിന്റെ സ്‌പെഷല്‍ കലക്ടറും ആയിരുന്ന ഞാന്‍, പ്രോജക്ടിന്റെ ചുമതലകള്‍ക്കു പുറമേ ജില്ലാ കലക്ടറായും പ്രവര്‍ത്തിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.

 

മൂലമറ്റത്തുനിന്ന് എന്നെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച് ഉത്തരവു നല്‍കി യാത്രയാക്കി. 24 മണിക്കൂറിനകം പുതിയ ജില്ല ആരംഭിക്കണമെന്നും നിര്‍ദേശിച്ചു. സന്ധ്യ കഴിഞ്ഞപ്പോള്‍ കോട്ടയത്ത് എത്തി. രഘുനാഥനായിരുന്നു അന്നു കോട്ടയം കലക്ടര്‍. രാത്രിയില്‍ തന്നെ ഞങ്ങള്‍ ചില കെട്ടിടങ്ങളൊക്കെ പോയി കണ്ടു. ഒടുവില്‍ യൂണിയന്‍ ക്ലബിനടുത്തുള്ള ഒരു കെട്ടിടം തിരഞ്ഞെടുത്തു. വീട്ടുടമയുടെ സമ്മതം കിട്ടിയത് 26ന് ഉച്ചയ്ക്കായിരുന്നു. വൈകിട്ടു നാലുമണിക്കു ഞാന്‍ ആ കെട്ടിടത്തിന്റെ മുകളില്‍ ദേശീയ പതാക ഉയര്‍ത്തി. ജില്ലാ കലക്ടറായി ചാര്‍ജെടുക്കുന്ന രേഖകളില്‍ ഒപ്പുവച്ചു. ഇടുക്കി ജില്ല നിലവില്‍വന്നു.’, അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നു.

 

Picture2

Picture3Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code