Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡി.ബാബുപോള്‍ ഐ.എ.എസ് അന്തരിച്ചു

Picture

തിരുവനന്തപുരം : എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഡി.ബാബു പോള്‍ (77) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രാവിലെ ഒന്‍പതു മണിക്ക് മൃതദേഹം പുന്നന്‍ റോഡിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 12 മണിക്ക് കുറവന്‍കോണം മമ്മീസ് കോളനിയിലെ വസതിയില്‍ എത്തിക്കും. നാളെ നാലുമണിക്ക് പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി യാക്കോബായ പള്ളിയില്‍ സംസ്കാരം. അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായും സേവനമനുഷ്ഠിച്ചു.

 

ഭാര്യ: പരേതയായ അന്ന ബാബു പോള്‍ (നിര്‍മല). മക്കള്‍: മറിയം ജോസഫ് (നീബ), ചെറിയാന്‍ സി.പോള്‍ (നിബു). മരുമക്കള്‍: മുന്‍ ഡിജിപി എം.കെ.ജോസഫിന്റെ മകന്‍ സതീഷ് ജോസഫ്, മുന്‍ ഡിജിപി സി.എ.ചാലിയുടെ മകള്‍ ദീപ. മുന്‍ വ്യോമയാന സെക്രട്ടറിയും യുപിഎസ്‌സി അംഗവും ആയിരുന്ന കെ.റോയ് പോള്‍ സഹോദരനാണ്.

 

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ല്‍ ജനനം. ഹൈസ്കൂളില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെയും സര്‍വകലാശാലയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സ്‌കോളര്‍ഷിപ്പ്, ഇഎസ്എല്‍സിക്കു മൂന്നാം റാങ്കും എംഎയ്ക്ക് ഒന്നാം റാങ്കും ഐഎഎസ്സിന് ഏഴാം റാങ്കും നേടി. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ഉപരിപഠനം.

 

ഇടുക്കി കലക്ടര്‍ പദവിയിലിരുന്ന് ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ജല വൈദ്യുത പദ്ധതി പൂര്‍ത്തിയാക്കിയതാണ് ഏറ്റവും വലിയ ഭരണനേട്ടങ്ങളിലൊന്ന്. മലയാളത്തില്‍ പ്രാവീണ്യമുണ്ടായിരുന്ന ബാബുപോള്‍ മലയാളത്തില്‍ തന്നെ ഫയല്‍ എഴുതണമെന്ന നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു. ജൂനിയര്‍ എന്‍ജിനീയര്‍ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷമാണ് ബാബുപോള്‍ സിവില്‍ സര്‍വീസ് നേടുന്നത്.

 

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്ന നിലയിലും ധനം, പൊതുവിദ്യാഭ്യാസം, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സെക്രട്ടറിയായും ബാബുപോള്‍ നല്‍കിയ സംഭാവനകള്‍ മികച്ചതാണ്. സാംസ്കാരിക സെക്രട്ടറി ആയിരിക്കുമ്പോഴാണ് എഴുത്തച്ഛന്‍ പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കെഎസ്ആര്‍ടിസി എംഡി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

 

21–ാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59–ാം വയസ്സില്‍ ഐഎഎസില്‍നിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറില്‍ ഉദ്യോഗത്തോടു വിടപറഞ്ഞു. സിവില്‍ സര്‍വീസ് മേഖലയില്‍ മിടുക്കരെ വളര്‍ത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ ‘മെന്റര്‍ എമിരറ്റസ്’ ആയിരുന്നു.

 

4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉള്‍ക്കൊള്ളുന്ന ‘വേദശബ്ദ രത്‌നാകര’മെന്ന ബൈബിള്‍ നിഘണ്ടു ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. മാനേജ്‌മെന്റ് സ്റ്റഡീസിലാണു പിഎച്ച്ഡി. ‘വിലാസിനിയുടെ സ്ത്രീ സങ്കല്‍പം’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തി. ഇടുക്കി അണക്കെട്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കിയതിന് അച്യുതമേനോന്‍ മന്ത്രിസഭ പ്രത്യേക പുരസ്കാരം നല്‍കി.

 

2000–ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1946ല്‍ ആദ്യത്തെ പ്രസംഗം നടത്തിയ ബാബു പോള്‍ 1949ല്‍ ആദ്യത്തെ ലേഖനം പ്രസിദ്ധീകരിച്ചു. 1961ല്‍ ആണ് ആദ്യ പുസ്തകം പ്രകാശിതമായത്.
‘കഥ ഇതുവരെ’ ആത്മകഥയാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code