Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതക്ക് മൂന്നു പുതിയ വികാരി ജനറാള്‍മാര്‍

Picture


പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഭരണപരമായ ശുശ്രൂഷകളില്‍ രൂപതാധ്യക്ഷനെ സഹായിക്കുന്നതിനായി മൂന്നു പുതിയ വികാരി ജനറാള്‍മാരെ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. മുഖ്യവികാരി ജനറാളായി (പ്രോട്ടോ സിഞ്ചെല്ലൂസ്) റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ടും വികാരി ജനറാള്‍മാരായി ഫാ. ജോര്‍ജ് തോമസ് ചേലയ്ക്കലും ഫാ. ജിനോ അരിക്കാട്ടുമാണ് ഇന്ന് നിയമിതരായത്. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍ വികാരി ജനറാളായി തുടരും. വികാരി ജനറാള്‍മാരായിരുന്നു റവ. ഡോ. തോമസ് പറയടിയില്‍ എംഎസ്ടി, റവ. ഡോ. മാത്യു ചൂരപൊയ്കയില്‍ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനങ്ങള്‍.

പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ വികാരിയായി ഫാ. ബാബു പുത്തന്‍പുരയ്ക്കല്‍ നിയമിതനായി. രൂപത ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, രൂപത ഫിനാന്‍സ് ഓഫീസറുടെ താല്‍ക്കാലിക ചുമതല വഹിക്കും. രൂപതയുടെ അനുദിന സാമ്പത്തിക കാര്യങ്ങള്‍ക്കായി ഫിനാന്‍സ് സെക്രട്ടറി ജോസ് മാത്യുവിനെയാണ് സമീപിക്കേണ്ടത്.

നാല് വികാരി ജനറാള്‍മാരും അവരവരുടെ ഇപ്പോഴത്തെ താമസ സ്ഥലങ്ങളില്‍ നിന്നുകൊണ്ടുതന്നെ പുതിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കും. (റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മിഡില്‍സ്ബറോ, ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍ മാഞ്ചസ്റ്റര്‍, ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍ ലെസ്റ്റര്‍, ഫാ. ജിനോ അരിക്കാട്ട് ലിവര്‍പൂള്‍).

മൂന്നു രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വിശാലമായ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വിശ്വാസികള്‍ക്ക് പൊതുവായ കാര്യങ്ങളില്‍ രൂപത നേതൃത്വത്തെ സമീപിക്കാന്‍ ഈ ക്രമീകരണം കൂടുതല്‍ സഹായകരമാകുമെന്ന് രൂപതാധ്യക്ഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു. 2023 ഓടുകൂടി പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകാന്‍ പദ്ധതിയിടുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഇനിയുള്ള വര്‍ഷങ്ങളിലെ 'പഞ്ചവത്സര അജപാലന' പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കും. കേരളത്തിലെ സീറോ മലബാര്‍ സഭയുടെ നാല് വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് നാല് വികാരി ജനറാള്‍മാര്‍ എന്നതും ഈ നിയമനങ്ങളില്‍ ശ്രദ്ധേയമാണ്.

റോമിലെ വിഖ്യാതമായ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും 'കുടുംബവിജ്ഞാനീയ'ത്തില്‍, ഡോക്ടറേറ്റ് ബിരുദം നേടിയിട്ടുള്ള റവ. ഡോ. ആന്റണി, ചുണ്ടെലിക്കാട്ട് ചാക്കോ ബ്രിജിറ്റ് ദമ്പതികളുടെ പുത്രനും തമിഴ്‌നാട്ടിലെ തക്കല രൂപതയിലെ അംഗവുമാണ്. റോമിലെ ജോണ്‍ പോള്‍ സെക്കന്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കുടുംബവിജ്ഞാനീയ പഠനങ്ങളുടെ ഏഷ്യന്‍ വിഭാഗം തലവനായിരുന്ന അദ്ദേഹത്തിന് മലയാളത്തിനുപുറമെ ഇംഗ്ലീഷ്, തമിഴ്, ഇറ്റാലിയന്‍, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ചങ്ങനാശേരിയിലെ കുറിച്ചിയിലും ആലുവ മംഗലപ്പുഴ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം റോമില്‍ ഉപരിപഠനം നടത്തി. ഇന്ത്യ!യ്ക്കകത്തും പുറത്തുമായി നിരവധി യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രഫസറുമാണ് അദ്ദേഹം. നിലവില്‍ മിഡില്‍സ്ബറോ രൂപതയിലെ ഇടവക വികാരിയും മിഡില്‍സ്‌ബോറോ സീറോ മലബാര്‍ മിഷന്‍ കോ ഓര്‍ഡിനേറ്ററുമായി സേവനം ചെയ്തുവരുന്നു.

2015 ല്‍ സിബിഎസ് സി യുടെ മികച്ച അധ്യാപകനുള്ള നാഷണല്‍ അവാര്‍ഡ് നേടിയ ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍, താമരശേരി രൂപതയിലെ പുതുപ്പാടി വെള്ളിയാട് ഇടവകാംഗമാണ്. ചേലക്കല്‍ തോമസ് ഏലിക്കുട്ടി ദമ്പതികളുടെ പുത്രനായ ഫാ. ജോര്‍ജ്, തലശേരി മൈനര്‍ സെമിനാരി, വടവാതൂര്‍ മേജര്‍ സെമിനാരി എന്നിവടങ്ങളിലായി വൈദികപഠനം പൂര്‍ത്തിയാക്കി. താമരശേരി രൂപതയുടെ വിവിധ ഇടവകകളില്‍ വികാരിയായി സേവനം ചെയ്ത അദ്ദേഹം വിവിധ സ്‌കൂളുകളില്‍ അധ്യാപകന്‍, പ്രധാന അധ്യാപകന്‍ എന്നീ നിലകളിലും ശുശ്രുഷ ചെയ്തു. സോഷ്യോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും ബിഎഡ് ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോള്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി വികാരിയായി സേവനം ചെയ്യുന്നു.

ദിവ്യകാരുണ്യ മിഷനറി സഭാഅംഗവും എംസിബിഎസ് ഇരിഞ്ഞാലക്കുട സെന്റ് മേരീസ് കരൂര്‍ ഇടവകാംഗവുമായ ഫാ. ജിനോ അരീക്കാട്ട് , ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിന് ശേഷം ലഭിച്ച ആദ്യ ഇടവക ദേവാലയമായ 'ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ്, ലിതെര്‍ലാന്‍ഡ്, ലിവര്‍പൂള്‍ ദേവാലയത്തിന്റെ വികാരിയാണ്. അരീക്കാട്ട് വര്‍ഗീസ് പൗളി ദമ്പതികളുടെ പുത്രനായി ജനിച്ച അദ്ദേഹം അതിരമ്പുഴ ലിസ്യൂ സെമിനാരി, ബാംഗ് ളൂര്‍ ജീവാലയ, താമരശേരി സനാതന മേജര്‍ സെമിനാരി എന്നിവിടങ്ങളിലായി വൈദികപഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യം, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

പുതിയ നിയമനങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരുമെന്നും രൂപതയുടെ പ്രത്യേകമായ അജപാലന ശുശ്രുഷകള്‍ക്കായി ദൈവം നല്‍കിയിരിക്കുന്ന ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ വിശ്വാസികളും പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code