Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റോ? (ജോസഫ് പടന്നമാക്കല്‍)

Picture

പാര്‍ലമെന്റിലേക്കുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന 2019, എന്തുകൊണ്ടും ഇന്ത്യയെ സംബന്ധിച്ച് വിധിനിര്‍ണ്ണായകമായ ഒരു വര്‍ഷമായിരിക്കും. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഗുരുക്കന്മാരുടെ കണക്കുകൂട്ടല്‍ എങ്ങോട്ടെന്നും പറയാന്‍ സാധിക്കില്ല. ആരുജയിച്ചാലും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഒരു സങ്കരമന്ത്രിസഭയെയാണ് പ്രവചന വക്താക്കളുടെ സങ്കല്‍പ്പത്തിലുള്ളത്. ഇനി ഒരു പ്രാവശ്യം കൂടി ബിജെപി ഇന്ത്യയുടെ ഭരണതലത്തില്‍ വന്നാല്‍ രാജ്യം ഏകാധിപത്യം ആകുമെന്നും ഭരണഘടനയില്‍ മാറ്റം വരുത്തി ഇന്ത്യയെ ഇറാന്‍ പോലെ മത രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നുമുള്ള രാഷ്ട്രീയ ജല്‍പ്പനങ്ങളുമുണ്ട്. ഫാസിസത്തില്‍ അമര്‍ന്ന ഇന്ത്യയെ അംബാനിമാര്‍ക്ക് വില്ക്കുമെന്നുള്ള ആശങ്കകളും പ്രതിപക്ഷ ഫ്ളാറ്റ് ഫോറങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി 2019-ല്‍ തന്റെ വൈവിധ്യങ്ങളാര്‍ന്ന അഞ്ചു വര്‍ഷ ഭരണം പൂര്‍ത്തിയാക്കുന്നു. മൂന്നു വര്‍ഷം മുമ്പുവരെ ഭാഗ്യം എന്നും ബിജെപി യ്ക്കൊപ്പമായിരുന്നു. യുപിയിലും മറ്റു മൂന്നു സ്റ്റേറ്റുകളിലും ബിജെപി സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ പ്രതിപക്ഷങ്ങളുടെ 2019-ല്‍ ഭരണം പിടിക്കാമെന്നുള്ള പ്രതീക്ഷകള്‍ തകര്‍ന്നിരുന്നു. മോദിക്കും ബിജെപിയ്ക്കും എന്നും കാറ്റ് അനുകൂലമായിരുന്നു. പ്രതിപക്ഷങ്ങള്‍ ഇനി 2024-ല്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചാല്‍ മതിയെന്നും ഭാഗ്യത്തിന് ഇനിയും നീണ്ട കാലങ്ങള്‍ കാത്തിരിക്കണമെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു. എന്നാല്‍ സമീപ കാലത്ത് ബിജെപി യുടെ ശക്തിക്കോട്ടകള്‍ പലതും തകരുന്ന മാതിരിയാണ്! കാണുന്നത്. ഭൂരിപക്ഷം എന്നുള്ളത് ഒരു പാര്‍ട്ടിക്കും കിട്ടില്ലായെന്നുള്ള നിലപാടുകള്‍ വരെ എത്തിയിട്ടുണ്ട്.

 

ആരാണ് ഇത്തവണ ഭരണമുന്നണിയുടെ തലസ്ഥാനമായ ഡല്‍ഹി സെക്രട്ടറിയേറ്റ് കീഴടക്കാന്‍ പോവുന്നത്? തിരഞ്ഞെടുപ്പില്‍ ബിജെപി യ്ക്ക് രാഷ്ട്രീയ വിജയം ലഭിച്ചാല്‍ അഥവാ പരാജയം ലഭിച്ചാല്‍ എന്തെല്ലാം സംഭവിക്കുമെന്നും വിശകലനം ചെയ്യേണ്ടതായുണ്ട്. ഒരു പക്ഷെ, ആര്‍ക്കും ഭൂരിപക്ഷമില്ലാതെ, അങ്ങേയറ്റം ഉറപ്പില്ലാത്ത ഒരു സര്‍ക്കാരായിരിക്കാം ചുമതലയെടുക്കാന്‍ പോവുന്നത്. എങ്കില്‍ സ്വാതന്ത്ര്യം ലഭിച്ചശേഷമുള്ള ഭാരതത്തില്‍ ഇന്നുവരെ കണ്ടിരുന്ന ശക്തമായ നേതൃത്വം ഇന്ത്യയ്ക്ക് നഷ്ടപ്പെടാം.

 

ചിലരുടെ പ്രതീക്ഷകളെ തട്ടിമാറ്റിക്കൊണ്ട് 2024-ല്‍ തിരഞ്ഞെടുപ്പ് ഇനി കാണുമോയെന്നുള്ള ആശങ്കകളും പ്രചരിക്കുന്നുണ്ട്. 2019ലെ തിരഞ്ഞെടുപ്പ് ആര്‍.എസ്.എസ്. ന്റെയും ബിജെപിയുടെയും ചിരകാല അഭിലാഷമായ 'ഹിന്ദു രാഷ്ട്രം' എന്ന സ്വപ്നം സാഷാത്ക്കരിക്കുമോ? പൂര്‍ണ്ണ അധികാരമുള്ള ഒരു ഏകപാര്‍ട്ടി ഭരണം വരുന്നുവെങ്കില്‍ ഇന്ന് നിലവിലുള്ള ഭരണഘടനയെ സമൂലമായി മാറ്റുവാന്‍ വരാന്‍ പോകുന്ന വര്‍ഗീയാധിഷ്ഠിതമായ ഭരണകൂടം ശ്രമിക്കുമെന്നുള്ളതിലും സന്ദേഹങ്ങളുണ്ട്. 2019ലെ തിരഞ്ഞെടുപ്പ് പ്രതിപക്ഷങ്ങള്‍ക്ക് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഹിന്ദു രാഷ്ട്രമെന്ന സ്വപ്നം തടയുവാനുള്ള അവസാനത്തെ അവസരമായി കാണുന്നവരുമുണ്ട്.

 

ഹിന്ദുത്വയുടെ വളര്‍ച്ച ഏകാധിപത്യത്തിന്റെ വളര്‍ച്ചയായിട്ടാണ് സാധാരണ മതേതര വാദികള്‍ കാണുന്നത്. രാജ്യം അപകടത്തിലാകുന്ന അത്തരം ഒരു സ്ഥിതിവിശേഷം ഇല്ലാതാക്കാനുള്ള തയ്യാറെടുപ്പുകളാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടികളുടെ നയ പരിപാടികളിലുള്ളത്. വേണ്ടവിധം തയ്യാറെടുപ്പുകള്‍ അവലംബിച്ചില്ലെങ്കില്‍ രാജ്യം വര്‍ഗീയ ഫാസിസ ശക്തികള്‍ക്ക് അടിമപ്പെടുമെന്നും ഭയപ്പെടുന്നു. ഗാന്ധിയും നെഹ്രുവും വിഭാവന ചെയ്ത ആശയ സംഹിതകളും മതസഹിഷ്ണതയും ഇല്ലാതാകുമെന്നും ശങ്കിക്കുന്നു.

ബിജെപി പരാജയപ്പെട്ടാല്‍ ഭാരതത്തിലെ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ മതേതര രാഷ്ട്രത്തില്‍ വിവേചനങ്ങളും ബുദ്ധിമുട്ടുകളും നേരിടുമെന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണങ്ങള്‍ നടത്തുന്നു. അത്തരമുള്ള അബദ്ധജടിലമായ പ്രസ്താവനകള്‍ വഴി ഹിന്ദുക്കളില്‍ ഭയജ്വാല നിറച്ചിട്ടുണ്ട്. ഒപ്പം ന്യുന പക്ഷാവകാശങ്ങള്‍ സംരക്ഷിക്കുമെന്ന പൊള്ളയായ വാഗ്ദങ്ങളും പ്ലാറ്റ്‌ഫോറങ്ങളില്‍ മുഴങ്ങുന്നുണ്ട്. ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും ഭരണം പോവുമെന്ന എതിര്‍ഭാഗത്തുള്ള പ്രചരണങ്ങളും ശക്തമാണ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്ന പക്ഷം ബീഫ് ഉപരോധം നാടാകെ നടപ്പാക്കുമെന്നും അഹിന്ദുക്കള്‍ ഭയപ്പെടുന്നു. മതേതര വാദികളില്‍ മതം കുത്തിവെക്കാനുള്ള വര്‍ഗീയ വാദികളുടെ പ്രഭാഷണങ്ങള്‍ രാജ്യം മുഴുവനും അസ്വസ്ഥത നിറച്ചിരിക്കുന്നു. എന്നത്തേക്കാളും വര്‍ഗീയ വാദികളുടെ വളര്‍ച്ചയുടെ ചുഴിയില്‍ ഹിന്ദു ഭീകരത വര്‍ദ്ധിക്കാനും സാധ്യത കൂടിക്കൊണ്ടിരിക്കുന്നു. 'ഘര്‍ വാപസി' ശക്തമാക്കികൊണ്ടുള്ള പ്രചരണങ്ങള്‍ നാടാകെ മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും അസ്വസ്ഥരാക്കുന്നുണ്ട്. ജാതി വ്യവസ്ഥയിലുള്ള രാഷ്ട്രീയം മുതലെടുക്കാനാണ് ബിജെപി ഇത്തവണത്തെ തിരഞ്ഞെടുപ്പു വേളകളില്‍ ശ്രമിക്കുന്നത്.

 

പരസ്പര വിരോധാഭാസമുള്ള വോട്ടര്‍മാര്‍ 2014-ല്‍ മോദി സര്‍ക്കാരിന് വിജയം നേടി കൊടുത്തു. ഇന്ന് വേണ്ടത് പ്രതിപക്ഷങ്ങള്‍ ഒന്നായ ആശയ സംഹിതകള്‍ സൃഷ്ടിക്കുകയെന്നതാണ്. ഭൂരിഭാഗം ഇന്ത്യക്കാരും ബിജെപിക്ക് വോട്ട് ചെയ്യുന്നില്ല. ചിന്നിച്ചിതറി കിടക്കുന്ന പരസ്പ്പര വിരുദ്ധങ്ങളായ പാര്‍ട്ടികള്‍ മൂലം ബിജെപി അധികാരം പിടിച്ചെടുത്തു. നാനാത്വത്തില്‍ ഏകത്വം എന്ന നിലപാടില്‍ കോണ്‍ഗ്രസു ഉറച്ചു നില്‍ക്കുന്നു. സംഘ പരിവാറിനെ സംബന്ധിച്ചിടത്തോളം ഒരേ മതവികാരങ്ങളടങ്ങിയ ഐക്യമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മേക്ക് ഇന്ത്യ പദ്ധതികള്‍, മാംസാദികള്‍ കഴിക്കുന്നതിനെതിരെയുള്ള പ്രചരണങ്ങള്‍, പ്രധാന മന്ത്രിയുടെ വിജയകരമായ വിദേശ സഞ്ചാരങ്ങള്‍, ക്യാഷ് ഇല്ലാതെയുള്ള ക്രയവിക്രയങ്ങള്‍, ലോക സഭ തിരഞ്ഞെടുപ്പുകള്‍, സ്വച്ഛ് ഭാരത മിഷ്യന്‍, പാരീസ് ഉടമ്പടി എന്നിങ്ങനെ മോദിയുടെ ഭരണകാലത്തെ വിശേഷങ്ങളും വാര്‍ത്തകളും തിരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ ശക്തമായി പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കുന്നു.

പ്രധാനമായും ഹിന്ദുത്വ വാദികള്‍ പറയുന്ന രണ്ടു കാര്യങ്ങളാണ് ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടത്. ആദ്യത്തേത്, ഹിന്ദുത്വ തത്ത്വചിന്തകള്‍ ഭാരതത്തില്‍ എന്നുമുണ്ടായിരുന്നു. അങ്ങനെയുള്ള ആശയങ്ങള്‍ക്ക് ഇന്ത്യ മുഴുവന്‍ പിന്തുണയുമുണ്ടായിരുന്നു. രണ്ടാമത്തേത് ഹിന്ദുത്വയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ മുഴുവനായും ആഗോളതലത്തിലുള്ള ഇന്ത്യന്‍ ജനങ്ങളുടെയും കാഴ്ചപ്പാടുകളെ മുഖവിലയ്ക്കെടുക്കാറില്ലായിരുന്നു എന്നതാണ്. എന്നിരുന്നാലും ഇന്ന് പൊതുവെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നു ഹിന്ദുത്വയില്‍ അടിയുറച്ചു ചിന്തിക്കുന്നവര്‍ വിശ്വസിക്കുന്നു. ഇന്ത്യ സ്വാഭാവികമായി ഒരു ഹിന്ദു രാജ്യമെന്നാണ് ആര്‍ എസ് എസ് വിശ്വസിക്കുന്നത്. ഈ ലക്ഷ്യ പ്രാപ്തിക്കായി പതിറ്റാണ്ടുകളോളം അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ അടിസ്ഥാന വിശ്വാസത്തിന് ശക്തമായ ഒരു ജനപിന്തുണയുമുണ്ടായിരുന്നു.

 

ഗാന്ധിജിയുടെയും നെഹ്രുവിന്റെയും കാഴ്ചപ്പാടുകളെ ഹിന്ദുത്വ ശക്തികള്‍ക്ക് തുടക്കം മുതലേ സഹിക്കാന്‍ സാധിച്ചിരുന്നില്ല. അധികാരത്തിനുവേണ്ടി അവര്‍ ശ്രമിച്ചിരുന്നെങ്കിലും മതേതരശക്തികള്‍ അതിന് തടസമായിരുന്നു. മുസ്ലിമുകള്‍ക്കുവേണ്ടി ഒരു രാജ്യം സൃഷ്ടിച്ചുകഴിഞ്ഞപ്പോള്‍ ഹിന്ദുക്കള്‍ക്ക് അവരുടേതായ ഒരു രാജ്യസൃഷ്ടിക്കായി നിഷേധങ്ങളുമുണ്ടായി. കോണ്‍ഗ്രസിന് ദേശീയ നിലവാരത്തില്‍ ആദ്യമായി പരാജയം സംഭവിച്ചത് 1998-ല്‍ മാത്രമായിരുന്നു. 2004-ലും 2009-ലും ഹിന്ദുത്വ ശക്തികള്‍ അധികാരം ഉറപ്പിച്ചുവെങ്കിലും അവരുടെ ഹിന്ദുത്വാശയങ്ങള്‍ കാര്യമായി നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2014-ല്‍ രാഷ്ട്രീയ പ്രവചനങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഹിന്ദുത്വ ശക്തികള്‍ വന്‍ഭൂരിക്ഷത്തോടെ ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തി. മോദി എന്ന അധികാരച്ചുവ പടര്‍ന്ന നേതാവില്‍ക്കൂടി രാജ്യം മുഴുവന്‍ മതതീവ്രത പ്രചരിപ്പിക്കാനും ആരംഭിച്ചു.

 

മതം കരുവാക്കിക്കൊണ്ട് മതത്തെ രാഷ്ട്രീയവല്‍ക്കരിച്ച് നേട്ടങ്ങള്‍ കൊയ്യാനാണ് ബിജെപി എന്നും ശ്രമിക്കുന്നത്. ഉദാഹരണമായി ശബരിമല വിഷയങ്ങള്‍ മാത്രം എടുത്താല്‍ മതിയാകും. പോലീസിനെ കല്ലെറിയാനും റോഡില്‍ ആളെ ഇറക്കുന്നതിനും ബിജെപി ശ്രമിച്ചതല്ലാതെ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ശബരിമല വിഷയത്തില്‍ അവര്‍ ചെയ്തിട്ടില്ല. മത വികാരങ്ങള്‍ ഇളക്കി ജനങ്ങളെ വിഘടിപ്പിച്ച് അധികാരം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളാണ് ബിജെപി തങ്ങളുടെ പണിപ്പുരകളില്‍ എക്കാലവും നടത്തിക്കൊണ്ടിരുന്നത്. ശബരിമലയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം പത്രമാദ്ധ്യമങ്ങളില്‍ ബിജെപിയും നേതാക്കന്മാരും നിറഞ്ഞു നില്‍ക്കാനും അതുവഴി ബിജെപിയുടെ വേരുകള്‍ കേരളത്തിലുറപ്പിക്കാനും അവര്‍ ആഗ്രഹിച്ചു. ഹൈന്ദവ മാമൂലുകള്‍ മുറുകെപ്പിടിക്കുന്ന ബിജെപി ഭരണകൂടത്തിന് ശബരിമല വിഷയങ്ങളില്‍ ഒരു ശ്വാശ്വത പരിഹാരത്തിനായി പ്രതിപക്ഷങ്ങളുടെ സഹായത്തോടെ ഭരണഘടന മാറ്റാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നു. സുപ്രീം കോടതിയില്‍ പകരം റിവ്യൂ ഹര്‍ജി കൊടുക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പകരം പോലീസിനോട് യുദ്ധം ചെയ്യാനാണ് അവര്‍ ഒരുമ്പെട്ടത്. കേരളത്തില്‍ അയ്യപ്പന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കുകയെന്ന ലക്ഷ്യവും ഉണ്ടായിരുന്നു.

 

പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ നൂറ്റിമുപ്പത്തിയാറാം (136) സ്ഥാനത്ത് നില്‍ക്കുന്നു. 2017-ല്‍ തന്നെ പന്ത്രണ്ടു പ്രസ്സ് റിപ്പോര്‍ട്ടര്‍മാരുടെ മരണത്തില്‍ ദുരൂഹതകളുണ്ട്. ലോകത്തിലേക്കും ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് പത്രപ്രവര്‍ത്തനം ഇന്ന് ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളിലൊന്നായിരിക്കുന്നു. മെക്‌സിക്കോയിലും സിറിയയിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും സൊമാലിയായിലും പത്രസ്വാതന്ത്ര്യ നിഷേധങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യ ഈ രാജ്യങ്ങളുടെയും പുറകിലാണെന്നാണ് വെളിപ്പെടുത്തലുകള്‍. സ്വതന്ത്രമായ ചില പത്രമാദ്ധ്യമങ്ങള്‍ ഭയരഹിതമായി തന്നെ വാര്‍ത്തകള്‍ പുറത്തു കൊണ്ടുവരുന്നുമുണ്ട്.

 

നിലവിലുള്ള സാമൂഹിക ക്ഷേമ ഫണ്ടുകള്‍ നിറുത്തല്‍ ചെയ്തതും ശ്രദ്ധേയമാണ്. ആധാര്‍ കാര്‍ഡുകള്‍ സുതാര്യമായി കൈകാര്യം ചെയ്യാഞ്ഞതും ഭരണത്തിന്റെ പോരായ്മയായിരുന്നു. ബാങ്കിങ്ങിലും മൊബൈല്‍ ഫോണ്‍ ലഭിക്കുന്നതിനും ആധാര്‍ കാര്‍ഡ് ആവശ്യമായിരുന്നു. അതുപോലെ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ക്ഷേമനിധി ഫണ്ടുകള്‍ക്കും ആധാര്‍ ആവശ്യമായി തീര്‍ന്നിരുന്നു. ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യേണ്ടതുമൂലം നിരവധി പേരുടെ ഭക്ഷണത്തിനുള്ള റേഷനും നിഷേധിച്ചിരുന്നു. ദുഷ്‌കരമായ ജീവിതംമൂലം മുപ്പതോളം മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡിന്റെ അഭാവത്തില്‍ നിരവധി പൗരജനങ്ങള്‍ക്ക് തൊഴില്‍ വേതനം നിഷേധിച്ചു. കൃഷിക്കാരുടെ കടം ഇളവ് ലഭിക്കുന്നതിനുള്ള പേപ്പര്‍ വര്‍ക്കുകളും ആധാര്‍ കാര്‍ഡിന്റെ അഭാവത്തില്‍ തള്ളിക്കളഞ്ഞിരുന്നു. സ്‌കൂള്‍ അഡ്മിഷന്‍, പെന്‍ഷന്‍ ഫണ്ട്, ആരോഗ്യ പരിപാലനം, എയ്ഡ്‌സ് ശുശ്രുഷകള്‍ എന്നിങ്ങനെ ആധാര്‍ കാര്‍ഡ് ആവശ്യമായതിനാല്‍ ജനജീവിതം പ്രശ്‌നസങ്കീര്‍ണ്ണങ്ങളായി മാറിയിരുന്നു. നിരവധി ആധാര്‍കാര്‍ഡ് കേസുകളില്‍ ഇന്നുവരെ സുപ്രീം കോടതി വിധി നടപ്പാക്കിയിട്ടില്ല. ഇന്നും കേസുകള്‍ തീര്‍പ്പിനായി നിരവധിപേര്‍ കാത്തിരിക്കുന്നു.

 

കൃഷി വിഭവങ്ങളുടെ വളര്‍ച്ച 2014-നു ശേഷം നിന്നുപോവുകയും കൃഷിയുല്‍പ്പനങ്ങളുടെ വില 2.4% കുറയുകയുമുണ്ടായി. പതിനേഴു സ്റ്റേറ്റുകളില്‍ ഒരു കര്‍ഷകന്റെ ശരാശരി വരുമാനം വര്‍ഷം 20000 രൂപയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദന ചെലവ് കഴിഞ്ഞ് 50 ശതമാനം ലാഭം നല്‍കുമെന്ന് മോദിയുടെ 2014-ലെ തിരഞ്ഞെടുപ്പു പ്രചരണ സമയങ്ങളില്‍ വാഗ്ദാനങ്ങളുണ്ടായിരുന്നു. അത് ഒരിക്കലും യാഥാര്‍ഥ്യമായില്ല. പകരം 2014 മുതല്‍ 2016 വരെ 37000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കൃഷിക്കാരുടെ കടങ്ങള്‍ വീട്ടുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല.

 

കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ മോദി സര്‍ക്കാര്‍ രണ്ടു ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകള്‍ നിര്‍ത്തല്‍ ചെയ്തു. സ്‌കൂളുകള്‍ ഇങ്ങനെ നിര്‍ത്തല്‍ ചെയ്യുന്നമൂലം യോഗ്യരായ അദ്ധ്യാപകര്‍ തൊഴില്‍ രഹിതരാവുന്നു. അതുപോലെ സ്‌കൂള്‍കുട്ടികളും പ്രത്യേകിച്ച് മല വര്‍ഗ്ഗത്തില്‍പ്പെട്ട പെണ്‍കുട്ടികളും പഠനം ഉപേക്ഷിക്കേണ്ടി വരുന്നു. ഒറിസ്സായിലും ജാര്‍ഖണ്ഡിലും രാജസ്ഥാനിലും മലവര്‍ഗക്കാരെ അത്തരം തീരുമാനങ്ങള്‍ വിദ്യാഹീനരുമാക്കുന്നു. ബിജെപിയുടെ സമ്മര്‍ദ്ദമൂലം വിദ്യാഭ്യാസവകുപ്പ് സ്‌കൂള്‍ ടെസ്റ്റ് ബുക്കുകളില്‍ ചരിത്രം തിരുത്തിയെഴുതാനും ആരംഭിച്ചു. മുഗള്‍ ചരിത്രങ്ങള്‍ ചരിത്ര താളുകളില്‍നിന്നും നീക്കം ചെയ്തു കൊണ്ടിരിക്കുന്നു. ഭാവിയില്‍ കുട്ടികള്‍ താജ്മഹാളിനെയും കുത്തബ് മീനാറിനെയും സംബന്ധിച്ച കഥകളില്‍ അജ്ഞരായി വളരും. 'നോട്ടുനിരോധനം' വമ്പിച്ച വിജയമായുള്ള ടെക്സ്റ്റ് ബുക്കുകള്‍ കുട്ടികള്‍ പഠിച്ചു തുടങ്ങിയിരിക്കുന്നു. സ്വതന്ത്ര ചിന്തകള്‍ പുലര്‍ത്തുന്ന ജവഹര്‍ലാല്‍ യൂണിവേസിറ്റി, ബനാറസ് യൂണിവേസിറ്റി, ഹൈദ്രബാദ് യൂണിവേഴ്‌സിറ്റി, അലിഗഡ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ കൂടെ കൂടെ ആക്രമണങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷങ്ങളായി അഴിച്ചുവിടുക എന്നത് പതിവായിരിക്കുന്നു. ലോകപ്രസിദ്ധമായ ഈ യൂണിവേഴ്‌സിറ്റികള്‍ ഹിന്ദുത്വ ചിന്താഗതികളില്‍ പ്രാധാന്യം നല്‍കാത്തതുകൊണ്ട് വര്‍ഗീയ രാഷ്ട്രീയക്കാര്‍ അവിടങ്ങളില്‍ അസ്വസ്ഥതയുമുണ്ടാക്കുന്നു.

 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നടന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ബലാല്‍ സംഗങ്ങളും ഇന്ത്യ എന്ന രാജ്യം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യമായി തീര്‍ന്നിരിക്കുന്നു. 2014-നു ശേഷം സ്ത്രീ പീഡനങ്ങള്‍ പന്ത്രണ്ടര ശതമാനം വര്‍ദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 34,651 കേസുകളില്‍ നിന്ന് 2016-ല്‍ തന്നെ 39000 സ്ത്രീ പീഡനങ്ങളായി വര്‍ദ്ധിച്ചിരുന്നു. ഏറ്റവും കൂടുതല്‍ വ്യപിചാര കുറ്റത്തിന് ആരോപിതരായ എംഎല്‍എ മാരും എംപി മാരുമുള്ളത് ബിജെപിയിലാണ്. പതിനാലു ബിജെപിക്കാരും ഏഴു ശിവസേനക്കാരും ആറു ത്രിമൂല്‍ കോണ്‍ഗ്രസുകാരും സ്ത്രീപീഢന കേസ്സില്‍പ്പെട്ടവരാണ്. ഇന്ത്യയില്‍ 66 ശതമാനം സ്ത്രീകള്‍ കൂലിയില്ലാതെ ജോലി ചെയ്യുന്നവരായി കണക്കുകള്‍ പറയുന്നു.

 

കൊലപാതക രാഷ്ട്രീയമെന്ന തീക്കളിയാണ് ബിജെപി യിലെ അനുയായികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നപോലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗുണ്ടകളെയും അമര്‍ച്ച ചെയ്യേണ്ടതായുണ്ട്. ബിജെപിയും ആര്‍ എസ് എസ്സും എക്കാലവും അക്രമത്തിന്റെ രാഷ്ട്രീയമായിരുന്നു തിരഞ്ഞെടുത്തിരുന്നത്. അതിന് വസ്തുതകളും തെളിവുകളും എണ്ണിയെണ്ണി പറയാന്‍ സാധിക്കും. ജനാധിപത്യ സ്ഥാപനങ്ങള്‍ തകര്‍ക്കലും സുപ്രീം കോടതി വിധിവരെ തള്ളിക്കളയലും സംഭവിച്ചിരുന്നത് എല്ലാംതന്നെ മോദി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ തന്നെയാണ്. ന്യുനപക്ഷങ്ങളെ സംബന്ധിച്ചടത്തോളം ഇന്ത്യ ഇന്ന് ലോകത്തിലെ തന്നെ അപകടം പിടിച്ച മേഖലകളായി മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പശു ഇറച്ചി കൈവശം വെച്ചുവെന്ന് സംശയിച്ചുകൊണ്ട് 2015-ല്‍ ദാദ്രിയില്‍ വസിക്കുന്ന 'മുഹമ്മദ് അകലഖ്' എന്നയാളെ മൃഗീയമായി പിച്ചിക്കീറി കൊന്നു. 'ലവ് ജിഹാദ്' എന്ന് സംശയിച്ച് നിരവധി മുസ്ലിമുകളുടെ കഴുത്തുകള്‍ ഞെരിച്ചുകൊന്ന കഥകളും കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ പറയാനുണ്ട്. 2014 മുതല്‍ 45000 ദളിത് പീഡനങ്ങളും ക്രൂരതകളും നടന്നിട്ടുണ്ട്. അത് ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 2014-നു ശേഷം പശു സംബന്ധിച്ചുള്ള വഴക്കുകളില്‍ നൂറുകണക്കിന് ദളിതര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മോദിയുടെ ഭരണതുടക്കത്തിനു ശേഷം നടന്ന ആക്രമണങ്ങളില്‍ മരിച്ചവരില്‍ 84 ശതമാനവും മുസ്ലിമുകളായിരുന്നു.

 

45 വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം ഇന്നഭിമുഖീകരിക്കുന്നത്. മോദിയും അംബാനിയും പൊതു ഖജനാവ് മുഴുവനായി കവര്‍ന്നെടുത്തു കഴിഞ്ഞു. ഒരു വര്‍ഷം ഒരു കോടി ജോലികള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിലാണ് നരേന്ദ്ര മോദി അധികാരത്തില്‍ കയറുന്നത്. എന്നാല്‍ ഓരോ വര്‍ഷവും അദ്ദേഹത്തിന് കഷ്ടിച്ച് രണ്ടേകാല്‍ ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കാന്‍ സാധിച്ചു. 2014-ല്‍ തൊഴിലില്ലായ്മ 3.41%എന്നുള്ളത് 2018-ല്‍ തൊഴിലില്ലായ്മ 6.23% ആയി ഉയര്‍ന്നുവെന്നതാണ് വസ്തുത. നാലുകോടി ജോലിക്ക് പകരം എട്ടേകാല്‍ ലക്ഷം ജോലികളാണ് കഴിഞ്ഞ നാലുവര്‍ഷങ്ങളായി നരേന്ദ്ര മോദിക്ക് സൃഷ്ടിക്കാന്‍ സാധിച്ചത്. 2025 വരെ ഇന്ത്യയുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കുറഞ്ഞ പക്ഷം എണ്‍പതു ലക്ഷം ജോലികളെങ്കിലും ഓരോ വര്‍ഷവും പുതിയതായി സൃഷ്ടിക്കേണ്ടതായുണ്ട്.

 

2018-ല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില സര്‍വ്വകാല റിക്കോര്‍ഡുകളും ഭേദിച്ചുവെന്നുള്ളതാണ് വാസ്തവം. ലോകം മുഴുവന്‍ ക്രൂഡോയിലിന് വിലകുറഞ്ഞിരുന്ന കാലത്ത് ബിജെപി സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആ വില വര്‍ദ്ധനവ് സാധാരണ ജനങ്ങളുടെ പ്രയോജനത്തിനായി ഉപയോഗപ്പെടുത്തിയിട്ടുമില്ല. വര്‍ദ്ധിപ്പിച്ച ഓയില്‍ വിലയുടെ എക്‌സൈസ് നികുതി വരുമാനം എവിടെ പോയിയെന്ന് ആര്‍ക്കും അറിവുമില്ല.

 

2004-ല്‍ ബാങ്കില്‍ നിന്നും കടം എടുത്തശേഷം കടംവീട്ടാതിരുന്ന തുക 2.4 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ ആ തുക 2018 ആയപ്പോള്‍ 9.5 ലക്ഷം കോടിയായി വര്‍ദ്ധിച്ചു. ബാങ്കിന്റെ കടങ്ങള്‍ വീട്ടാത്ത കോര്‍പ്പറേഷനുകള്‍ വരെ ഇതിലുള്‍പ്പെടുന്നു. 2014 മുതല്‍ കോടികള്‍ ബാങ്കുകളെ പറ്റിച്ച വ്യജവെട്ടിപ്പുകാരുണ്ട്. 17,789 കോടിയോളം രൂപ അവര്‍ ബാങ്കുകളെ പറ്റിച്ച് മുങ്ങി നടക്കുന്നു. ഫോര്‍ബ്‌സ് മാഗസിന്റെ അഭിപ്രായത്തില്‍ ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ അഴിമതിരാജ്യമായി കരുതുന്നു. ഡൈമണ്ടു വ്യവസായി 'നിരവ് മോദി' പഞ്ചാബ് നാഷണല്‍ ബാങ്കിനെ പതിമൂവായിരം കോടി രൂപ പറ്റിച്ച ശേഷം രാജ്യം വിട്ടു. അതുപോലെ ബഹുകോടികളുടെ ആസ്തിയുണ്ടായിരുന്ന 'ലളിത് മോദിയും' 'വിജയ് മല്ലയ്യയും' കൊള്ളകള്‍ നടത്തിയ ശേഷം വിദേശങ്ങളില്‍ താമസിക്കുന്നു.

 

സിറിയയിലും ഇറാനിലും പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഇന്ത്യയുടെ അഭിപ്രായങ്ങള്‍ ആരും ഗൗരവമായി ഗൗനിച്ചില്ല. 2015-ല്‍ ഇന്ത്യ നേപ്പാളിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത് നേപ്പാളിനെ ചൈനയുമായി ബന്ധിപ്പിക്കാന്‍ സഹായിച്ചു. ഇറാനും ഇന്ത്യയോട് അകന്ന് പല പദ്ധതികള്‍ക്കായും ചൈനയെ ആശ്രയിക്കുന്നു. മോദിയുടെ ഏറ്റവും വലിയ പരാജയം പാക്കിസ്ഥാന്‍ നയമാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക്, കാശ്മീരിലെ നയപരിപാടികളുടെ പരാജയം എന്നിവകള്‍ മോദിയുടെ പരാജയമായി കാണിക്കുന്നു. കൂടെ കൂടെയുള്ള അതിര്‍ത്തിയിലെ വെടിവെപ്പുകള്‍ നമ്മുടെ ചെറുപ്പക്കാരായ നിരവധി പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ മരിക്കുന്നതിനു കാരണമാകുന്നു.

 

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥകള്‍ ഏറ്റവുമധികം കുത്തഴിഞ്ഞത് മോദിയുടെ കാലത്താണ്. ചരിത്രത്തില്‍ ആദ്യമായി നാലു സുപ്രീം കോടതി ജഡ്ജിമാര്‍ കോടതിയുടെ നടത്തിപ്പിനെപ്പറ്റിയും ക്രമക്കേടുകളെപ്പറ്റിയും വിവരിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിരുന്നു. അമിത് ഷായെപ്പറ്റി അന്വേഷണം നടത്തിക്കൊണ്ടിരുന്ന 'ജഡ്ജ് ലോയയുടെ' മരണത്തിലും ദുരൂഹതകളുണ്ട്. ജഡ്ജിയുടെ മരണത്തിനെ സംബന്ധിച്ചുള്ള കോടതി തീരുമാനങ്ങളില്‍ അതൃപ്തരായ പ്രതിപക്ഷങ്ങള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ 'ഇമ്പിച്ച്' ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

 

ആരോഗ്യ സുരക്ഷാ സംവിധാനങ്ങളില്‍ ഇന്ത്യ ലോകരാഷ്ട്രങ്ങളുടെയിടയില്‍ വളരെയധികം താഴ്ന്ന നിലവാരം പുലര്‍ത്തുന്നു. 195 രാജ്യങ്ങളുടെ സ്ഥിതിവിവരകണക്കുകളനുസരിച്ച് ഇന്ത്യയുടെ സ്ഥാനം ആരോഗ്യ രക്ഷയില്‍ നൂറ്റിനാല്പത്തിയഞ്ചാം (145) സ്ഥാനത്താണ്. ആരോഗ്യ പരിപാലനത്തില്‍ ഇന്ത്യ നമ്മുടെ അയല്‍ രാജ്യങ്ങളായ ചൈന, ബംഗ്‌ളാദേശ്, ശ്രീ ലങ്ക, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ പിന്നിലാണെന്നുള്ളതും വസ്തുതയാണ്. മെഡിക്കല്‍ സൗകര്യങ്ങളും തക്കതായ സമയത്ത് സേവനവും ലഭിക്കാഞ്ഞതുകൊണ്ടും കൃത്രിമ ഓക്‌സിജന്‍ നല്‍കാഞ്ഞതുകൊണ്ടും 'ബാബ രാഘവ് ദാസ്' ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ 60 കുഞ്ഞുങ്ങള്‍ മരിച്ചു. ശരിയായ മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവമാണ് കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായത്.

 

രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ കൂടി കടന്നുപോവുമ്പോള്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചിരിക്കുമ്പോള്‍, കൃഷി വിഭവങ്ങള്‍ക്ക് വിലയില്ലാതെ കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പറഞ്ഞു പട്ടേലിന്റെ പ്രതിമയ്ക്ക് 3000 കോടി രൂപ മുടക്കി. മുംബയില്‍ ശിവാജിയുടെ പ്രതിമയ്ക്ക് 2500 കോടി രൂപയും, അയോധ്യയിലെ രാമന്‍ സ്റ്റാച്ച്യു വിനു 330 കോടി രൂപയും ചിലവാക്കി. കൂടാതെ പരസ്യത്തിന് തന്നെ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 4343 കോടി രൂപ സര്‍ക്കാര്‍ ചിലവാക്കി.

 

പ്രകൃതിയോട് യാതൊരു സ്‌നേഹവും ഇല്ലാത്ത ഒരു സര്‍ക്കാരാണ് മോദിയുടേത്. പരിസ്ഥിതി പരിപാലിക്കുന്ന 180 രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയുടെ സ്ഥാനം നൂറ്റി എഴുപത്തിയേഴാമതായി(177) നിലകൊള്ളുന്നു. കേസുകളൊന്നും വരില്ലന്നുള്ള ധൈര്യത്തില്‍ പ്രകൃതി വിഭവങ്ങള്‍ മുഴുവന്‍ ചൂഷണം ചെയ്യുന്നു. വന്യവിഭവങ്ങള്‍ കൊള്ളയടിക്കാനും പാറകള്‍ പൊട്ടിക്കാനും നദിതീരങ്ങളില്‍നിന്ന് മണല്‍ വാരാനും ജലാശയങ്ങള്‍ മലിനമാക്കാനും ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശകളുമുണ്ട്. ഫാക്റ്ററി പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയെ നശിപ്പിക്കുകയും ജനങ്ങളുടെ ജീവിതനിലവാരം വളരെ ബുദ്ധിമുട്ടുള്ളതാക്കുകയും ചെയ്യുന്നു. യമുനയിലും ഗംഗയിലും മാലിന്യങ്ങളുടെ കൂമ്പാരം നിറഞ്ഞിരിക്കുന്നു.

 

കഴിഞ്ഞ നാലുവര്‍ഷങ്ങളായി മോദി സര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങളെ തീവ്ര ദേശീയതയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. മതേതരത്വം ബിജെപിയുടെ ആശയ സംഹിതകളില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇന്ത്യയുടെ ആത്മാവില്‍ മുളച്ചുയര്‍ന്ന സഹിഷ്ണതയ്ക്ക് കളങ്കം വരുത്തിക്കൊണ്ട് പുതിയൊരു ജനം ഹിന്ദുത്വ ചിന്താഗതികളെ സ്വാഗതം ചെയ്തു. പുതിയ തലമുറകളും ആ ഒഴുക്കില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇവിടെനിന്ന് നാം എങ്ങോട്ടു പോവുന്നുവെന്നുള്ളതും വലിയൊരു ചോദ്യ ചിഹ്നമാണ്. കഴിഞ്ഞ നാലുവര്‍ഷങ്ങളായി മോദിഭരണം നീങ്ങുന്നത് ആര്‍ എസ് എസ് കാഴ്ച്ചപ്പാടിലൂടെയായിരുന്നു. അവര്‍ വാസ്തവത്തില്‍ ജനകീയ രാഷ്ട്രീയത്തില്‍ വിശ്വസിച്ചിരുന്നില്ല. സാമ്പത്തിക പദ്ധതികളിലും ഫാസിസത്തിന്റെ അടിസ്ഥാനങ്ങളിലുമായിരുന്നു വിശ്വസിച്ചിരുന്നത്. 'ഹിന്ദു രാഷ്ട്ര' എന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. അത് ജനാധിപത്യ മൂല്യങ്ങള്‍ക്കും എതിരായി നിലകൊള്ളുന്നു.

 

ഇന്ത്യന്‍ ജനാധിപത്യം 'ഹിന്ദുത്വ' രാഷ്ട്രീയ ചിന്താധാരയില്‍ തകിടം മറിഞ്ഞ കുത്തനെയുള്ള ഒരു മല പോലെയാണ്. 'ഹിന്ദു രാഷ്ട്രം' എന്ന രാഷ്ട്രീയ സിദ്ധാന്തം രാജ്യത്തെ നൂറ്റാണ്ടുകള്‍ പിന്തിരിപ്പിക്കുമെന്നുള്ളതാണ് സത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി 2019-ലെ തിരഞ്ഞെടുപ്പുവഴി അധികാരത്തില്‍ വന്നാല്‍ 'റാഫേല്‍' പോലുള്ള അഴിമതികള്‍ വെറും കെട്ടുകഥകളായി മാറും. ഇന്ത്യയുടെ സമ്പദ്ഘടന തന്നെ ഇന്ന് അമ്പാനിമാരുടെ കൈകളിലാണ്. രണ്ടോ മൂന്നോ വ്യക്തികള്‍ തീരുമാനിച്ചാല്‍ ഇന്ത്യ സര്‍ക്കാരിനെ തന്നെ മുള്‍മുനയില്‍ നിര്‍ത്താമെന്നുള്ള സ്ഥിതിവിശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കടന്നു കൂടിയിട്ടുണ്ട്.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code