Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പരീക്ഷകളിലേക്ക് (സ്വര്‍ഗ്ഗസ്ഥനായ പിതാവേ ! (5- കവിത: ജയന്‍ വര്‍ഗീസ്)

Picture

ഞങ്ങളെ പ്രവേശിപ്പിക്കരുതേ !
പരീക്ഷകള്‍ പ്രലോഭനങ്ങളാകുന്നു,
പതഞ്ഞുയരുന്ന അഭിനിവേശമാകുന്നു,
പാപത്തിനുള്ള ആവേശമാകുന്നു,
പരാജയത്തിന്റെ പടിവാതിലാകുന്നു.

 

ഇരയായും, ഇണയായും അത് വരുന്നു,
തേടാനും, ചേരാനായി നാം ഓടുന്നു,
എതിരാളികളെ വീഴ്ത്തുന്നു, പ്രതിബന്ധങ്ങള്‍ തകര്‍ക്കുന്നു.
ഇര തേടലിന്റെ രസം, ഇണ ചേരലിന്റെ സുഖം,
അതെനിക്ക് സ്വന്തം, അതെനിക്ക് മാത്രം,
അതിനെതിര് നില്‍ക്കുന്നവനെ അരിഞ്ഞു വീഴ്ത്തും,
അയല്‍ക്കാരനാവാം, സഹോദരനാവാം,
അതൊന്നും പരിഗണിക്കാത്ത ഗറില്ലാ വീര്യം.

 

ശരീരത്തെ പ്രലോഭിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍,
മനസ്സിനെ മോഹിപ്പിക്കുന്ന ഭോഗ വസ്തുക്കള്‍,
പാത്തും, പതുങ്ങിയും നാമെത്തുന്നു,
രാത്രിയുടെ ഇരുട്ടില്‍ കരളുന്നു,
സമൂഹ സന്പത്തിന്റെ ഏറ്റവും വലിയ തുണ്ട്,
സ്വന്തം മാളത്തിലേക്ക് കടിച്ചു വലിക്കുന്നു.
പുറത്തേക്കുള്ള വാതിലുകള്‍ അടയ്ക്കുന്‌പോള്‍,
അകത്തെ സുഖത്തില്‍ രമിക്കുന്‌പോള്‍,
എലികള്‍ നാം വെറും പെരുച്ചാഴികള്‍?

 

സ്വന്തം മാളത്തിലെ സന്പത്തിന്റെ തുണ്ടുകള്‍
കടലാസ് നാണയത്തിന്റെ എണ്ണം കൊണ്ട് പെരുക്കുന്നു,
പെരുപ്പത്തിന്റെ വലിപ്പം കണ്ടു പുളയ്ക്കുന്നു ?
നാമറിയുന്നില്ലാ,
ഇന്ന് നാം നമ്മുടേതെന്നു പറയുന്നത്
ഇന്നലെ മറ്റൊരാളുടേതായിരുന്നു ?
അതിനും മുന്‍പ് മറ്റാരുടെയോ ?
നൂറും, ആയിരവും സംവത്സരങ്ങള്‍ക്കു മുന്‍പും,
അതിനൊരാള്‍ അവകാശം പറഞ്ഞിരുന്നു ?
കാറ്റത്തെ കരിയില പോലെ അവര്‍ പോയി ?
കാല പ്രവാഹിനിയുടെ കലക്കത്തില്‍ അലിഞ്ഞില്ലാതെയായി.

 

അവരുടെ അവകാശ വാദങ്ങള്‍ അനുസ്മരിച്ചു കൊണ്ടും,
അവരുടെ വിഡ്ഢിത്വമോര്‍ത്തു ചിരിച്ചു കൊണ്ടും,
പ്രകൃതി വസ്തുക്കളായ ദൈവിക സന്പത്തുകള്‍
ആരുടേയും സ്വന്തമല്ലാതെ, എല്ലാവരുടെയും എല്ലാമായി,
എന്നെന്നും മനുഷ്യ രാശിക്കായി അവശേഷിക്കുന്നു !
നമുക്കെടുക്കാം, നമുക്കവകാശപ്പെട്ടത്,
നമുക്കാവശ്യമുള്ളത്, നമുക്കനുവദിക്കപ്പെട്ടത്.
ഒരു വശത്തു കുന്നു കൂട്ടുന്‌പോള്‍,
മറു വശത്ത് ഇല്ലായ്മയും, വറുതിയും വരുന്നു.
ആവശ്യക്കാരന്‍ ആവശ്യത്തിനെടുക്കുന്‌പോള്‍,
എല്ലാവര്‍ക്കും എല്ലാം കിട്ടുന്നു, സമൃദ്ധിയും, സുഭിക്ഷിതയും വരുന്നു !

 

കാറല്‍ മാര്‍ക്‌സിന്റെ കണ്ണുകള്‍ വസ്തുതകള്‍ തിരിച്ചറിഞ്ഞപ്പോള്‍,
നഷ്ടപ്പെടുന്ന വിലങ്ങുകള്‍ പുത്തന്‍ ജീവിത താളമായി,
വിശക്കുന്നവന്റെ വിലാപം വിപ്ലവമായി മാറി.
ദരിദ്ര സമൂഹങ്ങളിലെ ഭരണ പങ്കാളികള്‍ സമൃദ്ധമായി ഭക്ഷിക്കുന്നു,
ഒറ്റ വസ്ത്രവുമായി ജീവിച്ച ക്രിസ്തുവിന്റെ അനുയായികള്‍ മേശ കഴിക്കുന്നു ?
ആട്ടിടയന്മാര്‍ ആടുകളെ ഭക്ഷിച്ചു കൊഴുത്തു തടിക്കുന്നു,
തീറ്റുന്നില്ലാ, പോറ്റുന്നില്ലാ,
കാണാതെ പോയതിനെ അന്വേഷിക്കുന്നില്ലാ, കണ്ടെത്തുന്നില്ലാ,
കൈക്കൊള്ളുന്നില്ലാ, തോളിലേറ്റി ആശ്വസിപ്പിക്കുന്നില്ല.

 

ദവ്ര്‍ബല്യങ്ങള്‍ നമ്മുടെ ശക്തി ചോര്‍ത്തുന്നു,
മനുഷ്യന്‍ എന്ന മാന്യത നഷ്ടമാകുന്നു,
ജന്തു വര്‍ഗ്ഗത്തിലെ കേവലമൊന്നു മാത്രമായിത്തീര്‍ന്ന്
മനുഷ്യന്‍ എന്ന ജന്തുവായി തരം താഴുന്നു?
വട്ടമേശ സമ്മേളനത്തിന് ലണ്ടനില്‍ പോകുന്‌പോള്‍,
പാല് കുടിക്കാനായി ആടുകളെ കൂടെ കൊണ്ടുപോയി ഗാന്ധി.


ആട്ടിന്‍ പാല്‍ അദ്ദേഹത്തിന് പഥ്യം, ( പരീക്ഷ, )
ലോക ജനത മാനിക്കുന്ന മഹാനായ ഗാന്ധി,
ഭക്ഷണകാര്യത്തില്‍ കൂപ്പു കുത്തി തറയില്‍ വരുന്നു?
ഭൗതിക മോഹങ്ങള്‍ പരീക്ഷകളാകുന്നു,
മരണക്കെണികളിലെ തേങ്ങാപ്പൂളുകള്‍.
ആര്‍ത്തിയോടെ സമീപിക്കുന്നു, അപകടമറിയാതെ തലയിടുന്നു,
കെണിയുടെ വാള്‍പ്പല്ലുകളില്‍ അകപ്പെട്ട്,
അതി ദാരുണമായി മരിക്കുന്നു ?

 

ഭൗതികതയും, ആത്മീകതയും എന്നിങ്ങനെ
മനുഷ്യനില്‍ രണ്ടു സജീവ ഭാവങ്ങള്‍.
ഈ ഘടകങ്ങളെ ഒരുമിച്ചു പോഷിപ്പിക്കാനാവില്ല,
ഒന്ന് വളരുന്‌പോള്‍ മറ്റേത് തളരുന്നു.
ജഡ ഭൗതികത സുഖത്തിന്നായി കേഴുന്നു,
അതിന്റെ അനുഭൂതിക്കായി പരതുന്നു,
വിശപ്പും, ദാഹവും, കാമവും, മോഹവും വരുന്നു,
ശരാശരി മനുഷ്യന്റെ തേങ്ങാപ്പൂളുകള്‍,
ആസ്വദിക്കാന്‍ തലയിടുന്‌പോള്‍,
അകത്തെ ആത്മീയത അകപ്പെടുന്നു,
ശവക്കുഴി വരെ മരിച്ച മനസുമായി ജീവിക്കുന്നു !

 

മനസ്സ് എന്ന മാസ്മരിക പ്രതിഭാസം,
അനിര്‍വചനീയമായ അതിന്റെ ശാക്തിക പ്രഭാവം,
കണ്ടെടുക്കാനും, കാത്തു സൂക്ഷിക്കാനും കഴിയാതെ,
ജഡികതയുടെ ബലിയാടുകളായി നശിക്കുന്നു ?
ശരീരം പദാര്‍ത്ഥങ്ങളുടെ ഘടനാവസ്ഥയാകുന്നു,
പഞ്ച ഭൂതങ്ങളുടെ സംയോജനമാകുന്നു,
ലബോറട്ടറി വിശകലനത്തിന് വിധേയമാക്കാം.
മനസ്സ് ശക്തി ചൈതന്യങ്ങളുടെ പ്രതിഭാസമാകുന്നു,
ലബോറട്ടറി വിശകലനങ്ങള്‍ക്ക് വിധേയമല്ല.
മനസെന്ന ശക്തി സത്തയെ പൊതിഞ്ഞു സൂക്ഷിക്കുന്ന
പുറം തോട് മാത്രമാകുന്നു ശരീരം എന്നത് കൊണ്ട് തന്നെ
മനസ് ശരീരത്തിന്റെ ഉടമയായിരിക്കുന്നു !
മഹാ പ്രപഞ്ചത്തിന്റെ സ്ഥൂലാവസ്ഥയില്‍,
അതിന്റെ ശക്തിയും, ചൈതന്യവുമായി നില കൊണ്ട് കൊണ്ട്,
അതിനെ നിര്‍മ്മിക്കുകയും, നില നിര്‍ത്തുകയും, ചെയ്യുന്ന
സജീവമായ ഊര്‍ജ്ജ സ്രോതസ്!
എന്നിലും നിന്നിലും, പുല്ലിലും, പുഴുവിലും,
നാം തൊട്ടറിയുന്ന അത് തന്നെയല്ലേ സാക്ഷാല്‍ ദൈവം !?
എന്റെ ശരീരത്തില്‍ സ്ഥിതി ചെയ്തു കൊണ്ട്, എന്നെ നിയന്ത്രിക്കുന്ന,
എന്റെ മനസിനെ ഞാന്‍ കാണാതിരുന്നത് പോലെ,
സര്‍വ പ്രപഞ്ചത്തിലും സ്ഥിതി ചെയ്തു കൊണ്ട്, അതിനെ നിയന്ത്രിക്കുന്ന
പ്രപഞ്ച മനസ്സിനെയും ആരും കാണുന്നില്ലന്നല്ലേയുള്ളു ?.
ശരീരം ഒരു നില വിളക്കെങ്കില്‍,
അതില്‍ കത്തി നില്‍ക്കുന്ന നാളമാകുന്നു മനസ്സ്.
നാളം പ്രസരിപ്പിക്കുന്ന പ്രകാശമില്ലെങ്കില്‍,
വിളക്ക് ഒരു നിര്‍ജ്ജീവ പിണ്ഡം മാത്രം ?
നില വിളക്കിന്റെ സജീവ ആത്മാവായ പ്രകാശ നാളം പോലെ,
സര്‍വ പ്രപഞ്ചത്തിലും നിറഞ്ഞ സജീവ നാളമാകുന്നു ദൈവം !

 

കെട്ടുപോയ വിളക്കില്‍ കത്തിനിന്ന നാളമെവിടെ ?
ഒന്നും അവശേഷിപ്പിക്കാതെ അത് മറഞ്ഞിരിക്കുന്നു ?
സത്യമായും അത് മറഞ്ഞിട്ടുണ്ടോ? നിത്യമായും നശിച്ചിട്ടുണ്ടോ ?
കടയുന്ന അരണിയിലും, ഉരയുന്ന തീപ്പെട്ടിയിലും നിന്ന്
അത് പുനര്‍ജ്ജനിക്കുന്നുണ്ട് എന്നത് കൊണ്ട്,
അനുകൂലാവസ്ഥയില്‍ സജീവമാകാനായി,
മറ്റേതോ രൂപത്തില്‍ മറഞ്ഞിരിക്കുകയായിരുന്നു എന്നല്ലേ അര്‍ഥം ?
മരിക്കുന്ന മനുഷ്യനിലെ മനസ്സിന്,
അല്ലെങ്കില്‍ മതങ്ങള്‍ വിരല്‍ ചൂണ്ടുന്ന ആത്മാവിന്
ഈ മാറ്റമല്ലേ സംഭവിക്കുന്നത് ?

 

മനസ്സിന്റെ വ്യാപാരങ്ങള്‍ക്കു പരിധിയുണ്ടോ ?
അതിന്റെ ശക്തി സൗന്ദര്യങ്ങള്‍ക്ക് അതിരുകളുണ്ടോ ?
സ്വാമി ചിന്മയാനന്ദന്റെ വാക്കുകളില്‍ നിന്ന് പറയുന്‌പോള്‍ :
" ഓരോ വ്യക്തിയുടെയും ചിന്തകളില്‍ നിന്ന് രൂപം കൊണ്ടതാണ് അവന്റെ ജീവിതമെങ്കില്‍,
അനേക കോടി വ്യക്തി ചിന്തകള്‍ രൂപപ്പെടുത്തിയതല്ലേ മനുഷ്യ ലോകം ?"
മനസ്സ് ശക്തിയാകുന്നു, സൗന്ദര്യമാകുന്നു,
കലയും, ശാസ്ത്രനും, സയന്‍സും, ടെക്‌നോളജിയുമാകുന്നു !

കല്ലിനും,മണ്ണിനും, പുല്ലിനും, പുഴുവിനും മനസുണ്ടോ ?
നമുക്കറിയില്ല എന്നത് കൊണ്ട് ഇല്ലെന്ന് പറയാനാകുമോ

?
ഉണ്ടാവും, ഉണ്ടാവണം, ഉണ്ടായേ തീരൂ എന്നതല്ലേ ശരി ?
നമുക്കറിഞ്ഞു കൂടാത്ത അനേക സത്യങ്ങള്‍,
ഇനിയും പ്രപഞ്ചത്തിലുണ്ട് എന്നത് കൊണ്ട് തന്നെ,
നമ്മുടെ സിദ്ധാന്തങ്ങളുടെ വാള്‍പ്പല്ലുകള്‍ പ്രതിരോധിച്ചു കൊണ്ട്,
നമ്മുടെ ചിന്തകളുടെ കൊച്ചു കൊച്ചു ഫ്രെയിമുകള്‍ തകര്‍ത്തു കൊണ്ട്,
സത്യ സ്വരൂപമായ മഹാ പ്രപഞ്ചം,
നമ്മുടെ നൂറു വര്‍ഷങ്ങളില്‍ നമുക്ക് അനുഭവേദ്യമാകുന്നു എന്നതല്ലേ ശരി ?

 

ജഡ ഇശ്ചകളുടെ കരിന്പാറകളില്‍,
മനസ്സിന്റെ സ്പടിക ഗോളങ്ങള്‍ വീണുടയുന്‌പോള്‍,
അസ്സാധാരണത്വത്തിന്റെ ആത്മിക പരിവേഷങ്ങള്‍ ഉരിയപ്പെട്ട്,
ലോഭ ഭോഗ തടവറയിലെ കാല്‍ച്ചങ്ങലകളില്‍ കുടുങ്ങി,
വെറും സാധാരണ മനുഷ്യനായി ഒടുങ്ങുന്നു നമ്മള്‍.

 

ഇതായിരുന്നില്ല മനുഷ്യനെ കുറിച്ചുള്ള ദൈവീക സ്വപ്നം,
മനുഷ്യന്റെ സ്വര്‍ഗ്ഗം മണ്ണില്‍ ഒരു പണി തീരാത്ത വീട്.
ജഡത്തെ കീഴടക്കി ജഗത്തെ കീഴടക്കുന്ന മനുഷ്യന്‍
അസാധാരണത്വത്തിന്റെ, അമാനുഷികത്വത്തിന്റെ,
ഋഷീശ്വരത്വത്തിന്റെ പടവുകളില്‍ പുനര്‍ജ്ജനിച്ചു കൊണ്ട്,
ആകാശത്തോളം വളര്‍ന്ന്, പ്രപഞ്ചത്തോളം ഉയര്‍ന്ന്,
അതിരുകളും, ലേബലുകളും പറിച്ചെറിഞ്ഞ്,
പ്രപഞ്ചവും, മനുഷ്യനും രണ്ടല്ലാതെ ഒന്നായി,
അദ്വൈതമാവുമായിരുന്നു നമ്മള്‍ !

 

ഇവിടെ,
പ്രപഞ്ച നിഗൂഢതകളുടെ അതി ശക്ത സ്രോതസ്സ്!,
ആകര്‍ഷണ വികര്‍ഷണങ്ങളുടെ നിയന്ത്രിത താളം,
ഘടനാ വിഘടനങ്ങളുടെ സസൂക്ഷ്മ സരസ്സ്,
പ്രപഞ്ചത്തിന്റെ ഉടമയായ പ്രപഞ്ച മനസ്സ്,
പ്രപഞ്ചത്തിന്റെ ആത്മാവ്, സര്‍വ ശക്തനായ ദൈവം,
മനുഷ്യനുമായി കൈ കോര്‍ക്കുമായിരുന്നു,
രണ്ടല്ലാതെ ഒന്നായി,
അദ്വൈത സത്തയായി,
പിതാവും, പുത്രനുമായി,
ഞാന്‍ അവനിലും, അവന്‍ എന്നിലുമായി,
വസിക്കുമായിരുന്നു !

 

ഈ പദവി നമ്മുടേതാണ്, നമുക്കവകാശപ്പെട്ടതാണ്,
മനുഷ്യന്‍ എന്ന മഹത്തായ മാന്യതക്ക് വേണ്ടി അനുവദിക്കപ്പെട്ടതാണ്.
പ്രപഞ്ചാത്മാവിന്റെ വര ദാനമായി, സൃഷ്ടാവിന്റെ സമ്മാനമായി.
നാം മുഖം തിരിക്കുന്നു ; നമുക്ക് വേണ്ട.
നമുക്ക് ചുറ്റും പരീക്ഷകളുണ്ട്, മണ്ണുണ്ട്, പെണ്ണുണ്ട്, പൊന്നുണ്ട്.
ആസക്തിയുടെ തേങ്ങാപ്പൂളുകള്‍, അപകടകരമായ വാള്‍പ്പല്ലുകള്‍.
അവഗണിച്ചു നാം തലയിടുന്നു, അകപ്പെടുന്നു,
അപകടകരമായി മരിക്കുന്നു ?

 

അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട്,
അടിമത്വത്തിന്റെ ചങ്ങലകളില്‍ കുടുങ്ങി,
വെളിച്ചത്തില്‍ നിന്ന് മുഖം തിരിച്ചും,
ഇരുട്ടിന്റെ ഗുഹാന്തരങ്ങളില്‍ ഒളിച്ചും,
പദവികളില്‍ നിന്ന് തിരസ്ക്കരിക്കപ്പെട്ടും,
പതിതരും, പാപികളുമായി നമ്മെ പണിതു വയ്ക്കുന്ന
പരീക്ഷകളിലേക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതേ,
എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം !

 

അടുത്തതില്‍ :
"ദുഷ്ടനില്‍ നിന്ന്'



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code