Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്കു ലീല മാരേട്ട് വീണ്ടും മല്‍സരിക്കുന്നു

Picture

ന്യുയോര്‍ക്ക്: ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്കു വീണ്ടും മല്‍സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ലീല മാരേട്ട് അറിയിച്ചു.

കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെട്ടുവെങ്കിലും ഇത്തവണ കൂടുതല്‍ പേര്‍ പിന്തുണയുമായി എത്തിയതായി ലീല മാരേട്ട് അറിയിച്ചു. ഫൊക്കാനയെ പുതിയ പാതയിലൂടെ ഉയരങ്ങളില്‍ എത്തിക്കുകയെന്നതാണു തന്റെഎക്കാലത്തെയും ദൗത്യം. ഒരു തവണ പരാജയപ്പെട്ടതു കൊണ്ട് അതില്‍ നിന്നു പിന്നോക്കം പോകണമെന്നു കരുതുന്നില്ല.

 

സുതാര്യവും ജനപങ്കാളിത്തവുമുള്ള പ്രവര്‍ത്തനം, പുതിയ കര്‍മ്മ പദ്ധതികള്‍, സംഘടനാ രംഗത്ത് കൂടുതല്‍ പേരെ ഉള്‍പെടുത്തിയുള്ള മുന്നേറല്‍ തുടങ്ങിയവയൊക്കെ അവര്‍ ലക്ഷ്യമിടുന്നു.

 

വര്‍ഷങ്ങളായി ഫൊക്കാനയുടെ വിവിധതലങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരുന്നലീല മാരേട്ട്, ഫൊക്കാനയുടെ കമ്മിറ്റി മെമ്പര്‍, റീജണല്‍ പ്രസിഡന്റ്, ട്രഷറര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, ഇലക്ഷന്‍ കമ്മിറ്റി മെമ്പര്‍, വിമന്‍സ് ഫോറം ദേശീയ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തിട്ടുള്ള വ്യക്തിയാണെന്നത് ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല.

 

'ഏതു പദവിയില്‍ ഇരുന്നാലും അതിനോടു നീതി പുലര്‍ത്തിയിട്ടുണ്ട്. 12വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസിഡന്റ് സ്ഥാനം തേടിയെത്തിയതാണ്. അന്നു ഞാന്‍ സ്ഥാനത്തിനുവേണ്ടി മത്സരിക്കുവാന്‍ തയാറല്ലായിരുന്നു. ഇപ്പോള്‍വിവിധ സ്ഥാനങ്ങള്‍ വഹിച്ച് ലഭിച്ച അനുഭവജ്ഞാനം, സംഘടനയെ നയിക്കാനുള്ള നേതൃപാടവം എന്നിവ ഉള്‍ക്കൊണ്ടുകൊണ്ട് വീണ്ടും രംഗത്തു വന്നിരിക്കുകയാണ്.'

 

1981 ല്‍ അമേരിക്കയിലെത്തിയ ലീല മാരേട്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ്. അമേരിക്കന്‍ മലയാളികളുടെ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ്മയായ ഫൊക്കാന നിലവില്‍ വന്ന സമയം തൊട്ട് സംഘടനയുടെ പദവികള്‍ ഏറ്റെടുത്തും പ്രവര്‍ത്തനത്തിലൂടെ ആ പദവിയില്‍ നീതി പുലര്‍ത്തിയും അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയാവാന്‍ ലീല മാരേട്ട് ശ്രമിച്ചിരുന്നു.

 

2004ല്‍ വാശിയേറിയ ഇലക്ഷനില്‍ കൂടിയാണ് ഫൊക്കാന നാഷനല്‍ കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. അന്നും കണ്‍വന്‍ഷന് സാമ്പത്തിക സഹായം എത്തിക്കുന്നതില്‍ നല്ല പങ്കുവഹിച്ചു.2006ല്‍ തമ്പി ചാക്കോ പാനലില്‍ ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്റായി.ശക്തമായ ഇലക്ഷനില്‍ എല്ലാവരും പരാജയപ്പെട്ടിട്ടും ഒറ്റയ്ക്ക് വിജയിക്കുകയുണ്ടായി.

 

വളരെ നല്ല പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷം കാഴ്ചവെച്ചു. നിര്‍ധനരായവര്‍ക്ക് നാട്ടില്‍ പത്തു വീടുകള്‍ നിര്‍മ്മിച്ചു. ഇന്‍ഡിപെന്‍ഡന്റ്‌സ് ഡേ പരേഡില്‍ ഫൊക്കാനയുടെ പ്രൗഢി നിലനിര്‍ത്തുവാന്‍ രണ്ടു പ്രാവശ്യം ഫ്‌ളോട്ടുകള്‍ ഇറക്കി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 50 വര്‍ഷത്തെ കേരളപ്പിറവി ആഘോഷിച്ചു. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുവാന്‍ യൂത്ത് ഫെസ്റ്റിവല്‍ നടത്തി. വനിതകള്‍ക്കുവേണ്ടി സൗന്ദര്യമത്സരം അരങ്ങേറി.

2008ല്‍ ഫിലാഡല്‍ഫിയയില്‍ വച്ചു നടത്തപ്പെട്ട ഫൊക്കാന കണ്‍വന്‍ഷന്‍ സുവനീര്‍ കോര്‍ഡിനേറ്ററായിരുന്നു. പരസ്യങ്ങള്‍ പിടിച്ചെടുത്ത സാമ്പത്തികം കൊണ്ട് കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ നടന്നു.

 

അടുത്ത ആല്‍ബനി കണ്‍വന്‍ഷനില്‍ ട്രഷററായിരുന്നു. ആ വര്‍ഷവും കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ കലാശിച്ചു.

വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ എല്ലാ സംസ്ഥാനങ്ങളിലും വിമന്‍സ് ഫോറം സംഘടിപ്പിച്ചു. സെമിനാറുകള്‍, വിവിധ കലകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മത്സരങ്ങള്‍, അവയവദാന രജിസ്ട്രി എന്നിവ സംഘടിപ്പിച്ചു. കാനഡയിലും ഫിലഡല്ഫിയയിലും നടന്ന കഴിഞ്ഞ രണ്ടു കണ്‍വന്‍ഷനിലും വളരെയധികം രജിസ്‌ട്രേഷനുകളും, പരസ്യവും ശേഖരിച്ച് അങ്ങേയറ്റം സഹായിക്കുകയുണ്ടായി.

 

ലാഭനഷ്ടങ്ങള്‍ക്ക് ജീവിതത്തില്‍ സ്ഥാനം കൊടുക്കാതെ നിസ്സഹായന് കൈത്താങ്ങാവുന്ന ഈ പ്രവത്തകയുടെ നാമം അമേരിക്കന്‍ മലയാളികളുടെ നാവിന്‍ തുമ്പില്‍ എന്നുമുണ്ടാവുമെന്നതില്‍ സംശയമില്ല. 1988ല്‍ ആരംഭിച്ച പൊതുപ്രവര്‍ത്തനം കൊണ്ട് ലീല മാരേട്ട് നേടിയ അനുഭവസമ്പത്ത് അളന്നു തിട്ടപ്പെടുത്താന്‍ ഒരു മനുഷ്യായുസ്സ് മതിയായെന്ന് വരില്ല. ഫൊക്കാനയുടെ അംഗമായത് മുതല്‍ക്കുള്ള ലീല മാരേട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുപ്പത്തിന്റെ ആവേശവും ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നു. ഇന്നും ആ ചെറുപ്പത്തില്‍ ജീവിക്കാന്‍ ശ്രമിക്കുകയാണ് ലീല മാരേട്ട്.

 

രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്നും വന്നതിനാല്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ലീല മാരേട്ട് താല്‍പ്പര്യം കാണിച്ചിരുന്നു. അമേരിക്കന്‍ മലയാളികളില്‍ രാഷ്ട്രീയബോധം കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചിരുന്നു.

 

ലീലയുടെ ഔദ്യോഗിക ജീവിതത്തിന്റേയും പൊതുകാര്യ ജീവിതത്തിന്റേയും മണ്ഡലങ്ങള്‍ വളരെ വിസ്തൃതമാണ്. രസതന്ത്രത്തില്‍ എം.എസ്.സി. ബിരുദമുള്ള ഇവര്‍ ആലപ്പുഴ സെന്റ്. ജോസഫസ് കോളേജിലും ബ്രോങ്ക്‌സ് കമ്മ്യൂണിറ്റി കോളേജിലും അധ്യാപികയായി ജോലി നോക്കി. ന്യൂയോര്‍ക്ക് നഗരത്തിലെ പരിതസ്ഥിതി സംരക്ഷണ വിഭാഗത്തില്‍ നിന്നുംഈയിടെ റിട്ടയര്‍ ചെയ്തു.

 

പൊതുജന സേവനത്തിന്റെ പട്ടികയും വളരെ നീണ്ടതു തന്നെ. കേരള സമാജം പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ എന്നീ നിലകളില്‍ ആദ്യകാലത്തു. പ്രവര്‍ത്തിച്ചുകൂടാതെ, ഇന്ത്യ കാത്തലിക് അസ്സോസിയേഷന്‍ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സിറ്റി യൂണിയന്റെ ലോക്കല്‍ 375 ന്റെ റെക്കോര്‍ഡിംഗ് സെക്രട്ടറി, വുമണ്‍സ് ഓര്‍ഗനൈസേഷന്‍ കമ്മിറ്റി കോചെയര്‍, ഡെലിഗേറ്റ്, ട്രഷറര്‍, കോ ചെയര്‍ ഓഫ് ഡിസി 37 ഏഷ്യന്‍ ഹെറിറ്റേജ്, ഏഷ്യന്‍ പസഫിക് ലേബര്‍ അലൈന്‍സ് എക്‌സിക്യൂട്ടീവ് മെമ്പര്‍, സൗത്ത് ഏഷ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രോഗ്രസ്, ന്യൂ അമേരിക്കന്‍ ഡെമോക്രാറ്റിക് ക്ലബിന്റെ ബോര്‍ഡ് മെമ്പര്‍ ഇത്യാദി സ്തുത്യര്‍ഹപദവികള്‍ വഹിച്ചിട്ടുണ്ട്

.

ഫൊക്കാന പിളര്‍ന്നപ്പോള്‍ രണ്ടു പക്ഷത്തിന്റേയും പിന്തുണ ഉണ്ടായ ഒരാള്‍ കൂടിയാണ് ലീല എന്നുള്ളത് സ്മരണീയമാണ്. സിറ്റി ഹാളില്‍ നടത്തപ്പെട്ട ദീപാവലി ആഘോഷം എടുത്തു പറയേണ്ട ഒന്നാണ്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code