Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഞങ്ങളുടെ കടക്കാരോട് സ്വര്‍ഗ്ഗസ്ഥനായ പിതാവേ! (കവിത: 4- ജയന്‍ വര്‍ഗീസ്)

Picture

ഞങ്ങള്‍ ക്ഷമിച്ചതുപോലെ,
ഞങ്ങളുടെ കടങ്ങളും, പാപങ്ങളും
ഞങ്ങളോടും ക്ഷമിക്കേണമേ !
കടക്കാരോട് നമ്മള്‍ ക്ഷമിക്കുന്നുണ്ടോ ?
കാലിടറുന്നവര്‍ക്ക് കൈ കൊടുക്കുന്നുണ്ടോ ?
വിലപിക്കുന്നവരെ ആശ്വസിപ്പിക്കുന്നുണ്ടോ ?
കൊള്ളാനാഗ്രഹിക്കുന്നത് കൊടുക്കുന്നുണ്ടോ ?

ചരിത്രത്തില്‍ ചാല് വച്ചൊഴുകിയ ചോരപ്പാടുകള്‍ !
യുദ്ധങ്ങളായും, യുദ്ധ ഭീഷണികളായും
അക്ഷമയുടെ അശ്വ മേധങ്ങള്‍ !
അവയുടെ കാലടികള്‍ക്കിടയില്‍ പിടഞ്ഞു മരിച്ച സ്വപ്നങ്ങള്‍ ?
കലിംഗയില്‍ കരഞ്ഞ അശോകനെ മഹാനാക്കുന്ന കാലം,
അശോകന്‍ അരിഞ്ഞു വീഴ്ത്തിയ ആയിരങ്ങളെ മറക്കുന്നു?
യുദ്ധങ്ങളില്‍ ജയിക്കുന്നവരെ പട്ടും,വളയും നല്‍കി ആദരിക്കുന്‌പോള്‍,
ചുടലക്കളങ്ങളിലെ ചാരം നക്കികള്‍ പുരസ്ക്കരിക്കപ്പെടുന്നു?

ഭൂഖണ്ഡങ്ങളില്‍ ഇടി മുഴക്കിയ മഹാ യുദ്ധങ്ങള്‍,
അതിന്റെ ക്രൂരതയില്‍ വീണടിഞ്ഞ മനുഷ്യ വംശം.
കൂടുതല്‍ കൊന്നവനെ കൂടുതല്‍ മഹാനാക്കുന്ന സംസ്ക്കാരം ?
ചരിത്രം അവനു തിലകം ചാര്‍ത്തുന്നു ?

ഐന്‍സ്‌റ്റെയിന്‍ മില്ലേനിയത്തിന്റെ പോരാളി,
അണുബോംബ് ആധുനിക യുദ്ധ വീരന്‍.
ഹിരോഷിമായുടെ കണ്ണുനീര്‍ കാണുന്നില്ലാ,
നാഗസാക്കിയുടെ വിങ്ങല്‍ കേള്‍ക്കുന്നില്ലാ.
ദരിദ്ര രാജ്യങ്ങള്‍ പോലും അണുബോംബുണ്ടാക്കുന്നു,
ദാരിദ്ര്യത്തിനെതിരേ മുണ്ടു മുറുക്കുന്നു.

ആയുധം അക്ഷമയുടെ ആറ്റം ബോംബുകള്‍,
അസിഹിഷ്ണുത മിസൈലുകള്‍,
കണ്ണിനു കണ്ണ്, പല്ലിനു പല്ല്,
ഇടത്തേതില്‍ അടിക്കും മുന്‍പ്, വലത്തേതില്‍ അടിച്ചിരിക്കും?
മാപ്പു കൊടുക്കുന്നവന് മാന്യതയില്ല,
കീഴടങ്ങുന്നവന് കിരീടവുമില്ലാ.
മനുഷ്യന്റെ നീതിശാസ്ത്രം ദൈവത്തിന്റേതിനോട് മത്സരിക്കുന്നു?
അഹങ്കാരത്തിന്റെ ബാബേലുകളില്‍,
അതിര്‍ മതിലുകള്‍ ഉയരുന്‌പോള്‍,
കലങ്ങലും, ചിതറലും അനിവാര്യമായി,
മനുഷ്യ വര്‍ഗ്ഗം തകരുന്നു?

തെറ്റിനാവശ്യം ശിക്ഷയാണെന്നു പഠിപ്പിക്കുന്നു,
തിരുത്തലാണെന്നത് മറക്കുന്നു.
ശിക്ഷിക്കുവാന്‍ വേണ്ടി നിയമങ്ങളുണ്ടാക്കുന്നു,
തിരുത്തുവാനുള്ള സംവിധാനങ്ങളില്ല.
പാപത്തിന്റെ ശിക്ഷ മരണമാണെന്നത് പഴയ കാലം,
പാപത്തില്‍ നിന്നുള്ള മോചനമാണെന്നതു പുതിയ കാലം.
ശിക്ഷ എന്നത് തിന്മയുടെ വിളയാട്ടവും,
ചെകുത്താന്റെ നിയമവുമാകുന്നു.
തിരുത്തല്‍ നന്മയാകുന്നു, നന്മ സ്‌നേഹത്തില്‍ നിന്ന് വരുന്നു,
സ്‌നേഹം ദൈവമാകുന്നു !

രക്ഷയുടെ കിളിവാതിലുകള്‍ അടഞ്ഞു കിടക്കുന്‌പോള്‍,
ശിക്ഷിക്കുന്നതിനായി പോലീസും, പട്ടാളവും, കോടതികളും.
കോടതികളില്‍ വെറും മനുഷ്യന്‍ ഗോഡാവുന്നു, ഓ ലോര്‍ഡാവുന്നു?
കൊട്ടുവടിയോങ്ങി ലോകത്തെ ഭയപ്പെടുത്തുന്നു?
വിയര്‍പ്പൊഴുക്കാതെ റെസ്‌പെക്ട് പിടിച്ചു പറ്റുന്നു?
ഈ ലോര്‍ഡുകള്‍ പച്ച മനുഷ്യര്‍ !
ആഹരിക്കുന്നു, നീഹരിക്കുന്നു,
ഇണചേരുന്നു, കുട്ടികളെ പ്രസവിച്ചു വളര്‍ത്തുന്നു.
രക്തവും, മാംസവുമുള്ള ശരീരം, തീട്ടവും, മൂത്രവുമുള്ള ഉദരം,
കാമവും, മോഹവുമുള്ള മനസ്സ്,
ലോര്‍ഡാണത്രെ, ഗോഡാണത്രെ?
മനുഷ്യനെ ശിക്ഷിക്കാന്‍ മനുഷ്യന് എന്തധികാരം?
അവന്റെ സ്വകാര്യ സ്വത്താണോ ഇവന്‍ ?
ക്ഷമിക്കുവാനും, തിരുത്തുവാനും, നടത്തുവാനും കടപ്പെട്ടവന്‍ ?
കരുതുവാനും, കാക്കുവാനും കടപ്പെട്ടവന്‍ ?
കറുത്ത കോട്ടണിയുന്‌പോള്‍ കടിച്ചീന്പുന്ന നരിച്ചീറുകള്‍ ?
മനുഷ്യന്റെ കോടതികള്‍ പീഡിപ്പിച്ചു ശിക്ഷിക്കുന്നു,
ദൈവത്തിന്റെ ന്യായാസനം ക്ഷമിച്ചു മാപ്പു കൊടുക്കുന്നു,
കോപത്തിന്റെ കോടതികളില്‍ മനുഷ്യ നിര്‍മ്മിത നിയമങ്ങള്‍,
ക്ഷമയുടെ സ്‌നേഹത്തില്‍ കരുതലും, തിരുത്തലും.

മനുഷ്യനെ മനുഷ്യന്‍ ശിക്ഷിക്കുന്നത് കാടത്തം,
മനുഷ്യന്‍ മനുഷ്യനോട് ക്ഷമിക്കുന്നതു മനുഷ്യത്വം.
ക്ഷമിച്ചു കിട്ടുന്നവര്‍ പേടിച്ചു വിറയ്ക്കുന്നു,
ഭയന്ന് നിലവിളിക്കുന്നു, പ്രതിബദ്ധതയോടെ തിരുത്തുന്നു.
കുറ്റത്തിന്റെ മുന മടങ്ങുന്നു, വിധേയത്വമുണ്ടാവുന്നു, സ്‌നേഹമുണ്ടാവുന്നു.
ശിക്ഷയേല്‍ക്കുന്നവനില്‍ പക വളരുന്നു, പ്രതികാരം വളരുന്നു,
ശക്തി പ്രാപിച്ചു തിരിച്ചു വരുന്നു.കൂടുതല്‍ കുറ്റം ചെയ്യുന്നു.
ഇവിടെ ശിക്ഷ കുറ്റത്തിന് പ്രേരകമാവുന്നു,
കോടതികള്‍ കുറ്റവാളികളെ സൃഷ്ടിക്കുന്നു ?

ക്ഷമിക്കാനുള്ള വാസന നമുക്ക് പണ്ടേയില്ല,
ചരിത്രത്തിന്റെ താളുകളില്‍ അക്ഷമയോടെ ചോരപ്പാടുകള്‍,
നഖവും, ശിഖവും കൊണ്ട് നമ്മള്‍ ക്ഷമയെ പിച്ചിച്ചീന്തി,
കല്ലും, കവിണയും, അന്പും വില്ലും, വാളും പരിചയും നോക്കി,
ലാത്തിയും തോക്കും പോരാ, ടാങ്കും ബോംബും പോരാ?
അവസാനം ആവേശത്തോടെ നാം കണ്ടെത്തുകയായിരുന്നു,
നമ്മുടെ രക്ഷകന്മാരെ?
മിസൈലുകള്‍ ! ആണവത്തലപ്പുകളുടെ അലങ്കാരങ്ങളോടെ!
ഭൂഗര്‍ഭ അറകളില്‍ നാമവരെ പ്രതിഷ്ഠിച്ചാരാധിച്ചു.
കടലിന്നടിയിലും, ആകാശത്തിന്റെ അനന്തതയിലും, മാത്രമല്ലാ,
ശൂന്യാകാശ നിഗൂഢതകളിലെ സ്‌പേസ് സ്‌റ്റേഷനുകള്‍ പോലും
നാം നമ്മുടെ യജമാനന്മാരെക്കൊണ്ടു നിറച്ചു.
അവര്‍ നമ്മുടെ ഓ! ലോര്‍ഡുകള്‍,
അവരുടെ അതിശയ നാമങ്ങള്‍ നീണാള്‍ വാഴട്ടെ !
അവരുടെ സമുജ്ജ്വലമായ ശക്തി സത്തയില്‍
വിശ്വാസമര്‍പ്പിച്ചു നമ്മള്‍ ഉറങ്ങുന്നു !
ശാന്തരായി, സംതൃപ്തരായി, നിശബ്ദരായി !
അവരുടെ തണലില്‍ നാം പരസ്പരം ക്ഷമിക്കുന്നു!
സമാധാനത്തിന്റെ വെള്ളപ്പിറാവുകളെ പറത്തുന്നു !
വിശ്വ സാഹോദര്യത്തിന്റെ വിപ്ലവപ്പാട്ടുകള്‍ പാടുന്നു !

കാല്‍വരിയിലെ ഓടത്തിലകളില്‍ കാറ്റിരന്പുന്നു :
" ഇവരോട് ക്ഷമിക്കേണമേ !"
ദക്ഷിണാഫ്രിക്കന്‍ റെയില്‍വേ സ്‌റ്റേഷനില്‍
അത് പുനര്‍ജ്ജനിക്കുന്നു :
( കനത്ത ഷൂസിനുള്ളില്‍ ) " കാല്‍പ്പാദങ്ങള്‍ വേദനിച്ചുവോ? "
കടക്കാരോട് ക്ഷമിക്കുന്നു, പാപികള്‍ക്ക് മാപ്പേകുന്നു,
അടിയ്ക്കുന്നവനെ ചുംബിക്കുന്നു, അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു !

ഇവിടെ പാറകള്‍ പിളരുന്നു, സൂര്യന്‍ ഇരുളുന്നു,
തിരശ്ശീലകള്‍ ചീന്തുന്നു, വ്യാഘ്രങ്ങള്‍ കിടുങ്ങുന്നു,
അണപ്പല്ലുകള്‍ കൊഴിയുന്നു, അവസാനം കീഴടങ്ങുന്നു,
അധികാരം പങ്കു വയ്ക്കുന്നു, അപരനെ കരുതുന്നു !
അര്‍ഹതയില്ലെങ്കിലും നമുക്ക് പ്രാര്‍ത്ഥിക്കാം,
സ്വയം നമ്മെ വഞ്ചിച്ചു കൊണ്ട് തന്നെ,
ഇപ്രകാരം :
" ഞങ്ങളുടെ കടക്കാരോട്,
ഞങ്ങള്‍ ക്ഷമിക്കാതിരിക്കുന്നതു പോലെ,
ഞങ്ങളുടെ കടങ്ങളും, പാപങ്ങളും,
ഞങ്ങളോട് ക്ഷമിക്കാതിരിക്കരുതേ "
എന്ന്.

അടുത്തതില്‍ : പരീക്ഷകളിലേക്ക്Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code