Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ അജ്ഞാത കാമുകി കാമുകന്മാര്‍ (കാരൂര്‍ സോമന്‍)

Picture

ഒരു എഴുത്തുകാരന്റെ കൃതി വായിച്ചു വിലയിരുത്തുന്നതുപോലെയാണ് ഓരോ ഭരണങ്ങളെ ജനങ്ങള്‍ വിലയിരുത്തുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നും ഒരു ചില്ലി കാശു പോലും ചിലവാക്കാതെ നമ്മുടെ നികുതി പണം കൊണ്ട് എം.എല്‍. എ, എം.പി.ഫണ്ട് വാങ്ങി അവരുടെ പേരെഴുതി ചുവരുകളില്‍ പ്രദര്‍ശിപ്പിച്ച് അധികാരികളാകുന്ന, മറ്റുള്ളവര്‍ക്ക് വഴി മാറികൊടുക്കാതെ മരണംവരെ തെരഞ്ഞടുപ്പില്‍ മത്സരിച്ച് അധികാരഭ്രാന്തില്‍ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ മതരാഷ്ട്രീയത്തിന്റ പരിക്കുകളേറ്റു കാലത്തിന്റ ഒഴുക്കിനൊപ്പം സഞ്ചരിക്കുന്ന ഒരു ജനതയുടെ മുന്നില്‍ രണ്ട് കാര്യങ്ങള്‍ 2019 ലോക സഭാ തെരഞ്ഞടുപ്പില്‍ പുറത്തു വന്നു. ഒന്ന് മുതിര്‍ന്ന നേതാക്കന്മാര്‍ മത്സരത്തില്‍ നിന്നും മാറി നില്‍ക്കുന്നു. ഈ മാതൃക നേതാക്കന്മാരുടെ കണ്ണു തുറന്നതില്‍ വരും തലമുറയ്ക്ക് സന്തോഷിക്കാം. രണ്ടാമത് മതത്തിന്റെ, ദൈവത്തിന്റ പേരില്‍ വോട്ടു പിടിക്കരുതെന്ന തെരെഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ മുന്നറിയിപ്പ്. ഇതിന് മുന്‍പുള്ള തെരഞ്ഞെടുപ്പുകളില്‍ ഓഫീസര്‍ അത് കണ്ടിരിക്കുന്നു. ഇത് രണ്ടും മനുഷ്യന്റെ മനസ്സ് തറക്കുന്ന കുളിരളം വാക്കുകള്‍. ഇത് വടക്കേ ഇന്ത്യയില്‍ ഒന്നു നടപ്പാക്കി തരുമോ? തെരഞ്ഞടുപ്പില്‍ കടന്നു വരുന്ന കള്ളപ്പണത്തിന്റ സ്രോതസ്സിനെപറ്റി എന്താണ് ഒന്നും പറയാത്തത്?

 

കേരള നിയമസഭ 1957 മാര്‍ച്ച് 16 ന് നിലവില്‍ വരികയും ഏഷ്യയില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി സഭ 1957 ഏപ്രില്‍ 5 ന് ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തുകയും ചെയ്തു. ആ മന്ത്രി സഭയിലെ അംഗങ്ങള്‍ സി.അച്യുതമേനോന്‍, ജോസഫ് മുണ്ടശ്ശേരി, ടി.വി.തോമസ്, വി.ആര്‍.കൃഷ്ണയ്യര്‍, കെ.പി.ഗോപാലന്‍, കെ.സി.ജോര്‍ജ്, ടി.എ.മജീദ്, കെ.ആര്‍.ഗൗരി, പി.കെ.ചാത്തന്‍, ഡോ.എ.ആര്‍. മേനോന്‍. എന്തിനു ഇതെഴുതി എന്ന് ചോദിച്ചാല്‍ ഇവര്‍ ആരും തന്നെ അധികാരത്തില്‍ വന്നത് മതആള്‍ ദൈവങ്ങളുടെ പേരിലല്ലായിരുന്നു. ഇതുപോലുള്ള വ്യക്തിത്വങ്ങളും, ആദര്‍ശാലികളും ഇതിന് ശേഷമുള്ള മന്ത്രിസഭകളില്‍ എന്തുകൊണ്ട് വന്നില്ല അല്ലെങ്കില്‍ എത്രപേരുണ്ട് എന്നത് കാലം അടയാളപ്പെടുത്തേണ്ടതാണ്. അധികാരത്തില്‍ അഭയം തേടുന്ന തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ 72 വര്ഷങ്ങളായി സ്വാതന്ത്ര്യം കിട്ടിയിട്ടും പാവങ്ങള്‍ വിലാപങ്ങളോടയാണ് ജീവിക്കുന്നത്. ഇതിന് ഒരു മാറ്റം ഈ തിരെഞ്ഞടുപ്പില്‍ സംഭവിക്കുമോ?

 

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇരകളുടെ, വോട്ടു ചെയുന്നവന്റെ സ്ഥാനം എന്നും മുകളിലല്ല താഴെയാണ്. അതിനാല്‍ അവര്‍ എന്നും ഇരകളായി മാറുന്നു. പുഴുവിനെപോലെ ഇഴഞ്ഞു നടക്കുന്നു. കാട്ടിലെ വേട്ടക്കാര്‍ പള്ള നിറക്കാനായി ഇര തേടുമ്പോള്‍ നാട്ടിലെ വേട്ടക്കാര്‍ അല്ലെങ്കില്‍ അധികാരിവര്‍ഗ്ഗം പാവപ്പെട്ട ഇരകളുടെ നൊമ്പരം, ദയനീയാവസ്ഥ, വിശപ്പ് മാറ്റാനായി കള്ളപ്പണവും, മതം പുരണ്ട മധുരകിഴങ്ങുമായി പാവങ്ങളെ തേടിയെത്തുന്നു. എല്ലാ അഞ്ചുവര്‍ഷം കുടുമ്പോഴും ഇരകളെ തേടിയവര്‍ മാവേലിയെപ്പോലെ വരുന്നു, യാചകരെപോലെ വോട്ട് ചോദിക്കുന്നു. മാവേലി മന്നന്മാര്‍ വോട്ട് പെട്ടിയിലാക്കിയിട്ടും പാവങ്ങളുടെ ദുഃഖദുരിതത്തിന് യാതൊരു മാറ്റവുമില്ല. അവര്‍ ജീവിക്കുന്നത് ആഴത്തില്‍ മുറിവേറ്റ മനസ്സുമായിട്ടാണ്. വിശപ്പില്‍ നിന്നും വിശപ്പിലേക്കുള്ള ദുരം കുടുകയല്ലാതെ കുറയുന്നില്ല. കാരണം ഇന്ത്യന്‍ ഭരണയന്ത്രം നീങ്ങുന്നത് കാളയില്ലാത്ത കലപ്പപോലെയാണ്. ആ കലപ്പയുടെ നുകത്തില്‍ കെട്ടി വലിക്കുന്നത് പാവങ്ങളെയാണ്. കാള, കലപ്പ അങ്ങനെ പല ചിഹ്നത്തില്‍ മത്സരിക്കുന്നവര്‍ ഇതിനൊരു മാറ്റം വരുത്തുമോ?

 

മതമെന്ന വൈകാരിക ഭാവം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കടന്നു വരികയും ജനാധിപത്യത്തിന്റ മറവില്‍ വിനാശം വിതക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മതമെന്ന മയക്കുമരുന്ന് ഒരു കാരണവശാലും തെരഞ്ഞെടുപ്പുകളില്‍ വരാന്‍ പാടില്ലാത്തതാണ്. അതിന് മരണത്തിന്റ മണമാണ്. ആ മരണം ചിറകുകളിലേന്തി പറക്കുന്ന കഴുകന്മാര്‍ നമ്മുടെ വീടുകളിലെ മരങ്ങളിരുന്ന് നമ്മെ ഉറ്റു നോക്കുന്നു. മൃഗങ്ങള്‍ ഇരകളെ തേടിയിറങ്ങുന്നതുപോലെ മതഭ്രാന്തന്‍മാര്‍, മതമൗലികവാദികള്‍, കസേരകൊതിയന്മാര്‍ മതമെന്ന അപ്പക്കഷ്ണവുമായി സമൂഹത്തില്‍ ഇരകളെ തേടിയിറങ്ങുന്നു. മത ഭ്രാന്ത് ഒരു ഹിംസയാണ്. ആ ഹിംസ മതഭൂതങ്ങളില്‍ ആണിയടിച്ച്് ഉറപ്പിച്ചതാണ്. ആ ആണി വലിച്ചൂരിയെറിയാന്‍ അധികാരവും അത്യാഗ്രവുമില്ലാത്തവര്‍ക് മാത്രമേ സാധിക്കു. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കും. അറിവോ, തിരിച്ചറിവൊ, രാഷ്ട്രീയബോധമോയില്ലാത്ത ഒരു ജനത ഇരകളായി നിന്ന് വോട്ടുപെട്ടി നിറക്കുന്നു. വോട്ട് കൊടുത്തവന് പിന്നീട് കിട്ടുന്നത് മുഖത്തു ചവിട്ടാണ്. ചുമക്കുന്നവന്റെ തലയില്‍ വീണ്ടും ചുമട് അതാണ് ഇന്നത്തെ പാവങ്ങളുടെ ജീവിതം. ചുട്ട ചട്ടിക്ക് അറിയില്ല അപ്പത്തിന്റ സ്വാദ് എന്നതുപോലെ വോട്ടു ചെയ്തവന് അറിയില്ല അതിന്റ മഹത്വം എന്തെന്ന്. അറിയണമെങ്കില്‍ അറിവും തിരിച്ചറിവവും വിവേകമുള്ള ജനങ്ങളും ഭരണവും ഇന്ത്യയിലുണ്ടാകണം. സ്വയം പുകഴ്ത്തിപ്പറയാത്ത, വാനോളം വാചകമടിക്കാത്ത ഭരണാധികാരികളുണ്ടാകണം, അനീതി ആക്രമമില്ലാത്തവരാകണം. ദേശസ്‌നേഹം പ്രസംഗിക്കാതെ ദേശീയത വളര്‍ത്തുന്നവരാകണം. സംഘടിതശക്തികളുടെ താളത്തിന് തുള്ളുന്നവരാകരുത്. ദുര്‍ബലരായ പൗരന്മാരുടെ ന്യായമായ ആവശ്യങ്ങളില്‍ ബോധപൂര്‍വമായി ഇടപെടുന്നവരാകണം. പരസ്പരം പോരാടിക്കാനും വെട്ടികൊല്ലാനും ജനങ്ങളെ പഠിപ്പിക്കുന്നവരാകരുത്. ഇതുപോലുള്ള കുറെ മൂല്യങ്ങള്‍ നമ്മുടെ ഭരണാധിപന്മാര്‍ക്കുണ്ടായിരുന്നെങ്കില്‍ ഇന്ത്യ എത്രയോ ഉയരങ്ങളില്‍ പറക്കുമായിരിന്നു. കാത്തു കാത്തിരിക്കുന്ന പ്രധാനമന്ത്രിയില്‍ ഈ മൂല്യങ്ങള്‍ കാണുമോ?

 

കൃഷിക്കാര്‍, തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നു, വിദ്യാസമ്പന്നര്‍ തൊഴില്ലാതെ തെണ്ടി തിരിയുന്നു, വിലകയറ്റത്താല്‍ പാവങ്ങള്‍ നട്ടം തിരിയുന്നു, സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു ഇങ്ങനെ എല്ലാം മേഖലകളിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റ ജീര്‍ണ്ണിച്ച മുഖം ലോകം കണ്ടുകൊണ്ടിരിക്കുന്നു. മനുഷ്യനെ ചുഷണം ചെയ്ത് ജീവിക്കുന്ന അധികാരിവര്‍ഗ്ഗം ഇന്നും മേലാളന്മാരും കിഴാളന്മാരുമായി നിന്ന് ജനങ്ങളെ തമ്മില്‍ തല്ലിച്ചുല്ലസിക്കുന്നു. മതമെന്ന അപ്പക്കഷണമാണ് ഈ ഹിംസക് പ്രധാന കാരണം. മതവികാരം ഒരു പറ്റം മനുഷ്യരില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. ഇശ്വരജ്ഞാനമോ, വിവേകമോ ഇല്ലാത്ത മനുഷ്യരാണ് ഈ മതഭ്രാന്തിന് അടിമകളാകുന്നത്. എല്ലാ മതങ്ങളുടേയും സൃഷ്ഠികര്‍ത്താക്കള്‍ ആള്‍ദൈവങ്ങളും പുരോഹിതവര്‍ഗ്ഗവുമാണ്. ബുദ്ധനോ, യേശുക്രിസ്തുവോ, ശ്രീരാമകൃഷ്ണനോ, വിവേകാനന്ദനോ, രമണമഹര്‍്ഷിയോ, നാരായണഗുരുവോ ഒരു മതവും മണ്ണില്‍ മുളപ്പിച്ചിട്ടില്ല. അവരറിയാതെ ആ പേരുകളില്‍ അത് വളര്‍ന്നു. അതിന് ചുറ്റും വര്‍ഗ്ഗിയതയെന്ന മതിലുകളുയര്‍ന്നു. അതിനുള്ളില്‍ വളരുന്നത് കഞ്ചാവാണ്. നാം കാണുന്ന എല്ലാ മതങ്ങളിലും ഈ ജീര്‍ണ്ണതയുണ്ട്. രാഷ്ട്രീയക്കാര്‍ അവരുടെ കാവല്‍ക്കാരാകുന്നു. വികസിത രാജ്യങ്ങള്‍ അനുനിമിഷം വളര്‍ച്ചയുടെ പടവുകള്‍ താണ്ടി സഞ്ചരിക്കുമ്പോള്‍ ഇന്ത്യക്കാരന്‍ കാണാത്ത ദൈവത്തിന്റ മറവില്‍ വന്യമൃഗങ്ങളെപോലെ ഇരകളെ തേടുന്നു. അങ്ങനെയവര്‍ അധികാരത്തിലെത്തി സമ്പന്നന്മാരാകുന്നു. എവിടുന്നുണ്ടായി ഈ സമ്പത്ത്്?

 

ഇന്ത്യയുടെ പല ഭാഗങ്ങളിലായി ജാതിമതങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ അവരുടെ ജാതി കാര്‍ഡ് കളിച്ചാണ് കൊള്ളക്കാരെയും , കൈകൂലികരെയും, കൊലപാതകികളെയും, സ്ത്രീകളെ പിഡിപ്പിച്ചവരെയും, സമ്പന്നരെയും അധികാരത്തിലെത്തിക്കുന്നത്. കേരളവും ഇതില്‍ നിന്ന് മുക്തമല്ല. പുരോഹിതവര്‍ഗ്ഗം സൃഷ്ടിച്ച ദൈവങ്ങളില്‍ പൂജകളും പ്രതിഷ്ടകളും, പ്രാര്‍ത്ഥനകളും നടത്തി സ്വന്തം സുഖത്തിനുവേണ്ടി ദൈവ രാജ്യ സേവനം നടത്തുന്നവരെയല്ലേ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സമുഹത്തില്‍ ദുഷ്ടതകള്‍ ചെയ്തു ജീവിക്കുന്ന ഈ പകല്‍ മാന്യന്മാരെ ഈ തെരഞ്ഞെടുപ്പിലെങ്കിലും ജനങ്ങള്‍ തിരിച്ചറിയണം. ഈശ്വരന്‍ എന്ന സങ്കല്പത്തില്‍ മറ്റുള്ളവര്‍ക്ക് നന്മകള്‍ ചെയ്യുന്നവരും സഹ ജീവികളോട് കാരുണ്യം കാണിക്കുന്നവരുമാണ് യഥാര്‍ത്ഥ മത ഭക്തര്‍ അല്ലെങ്കില്‍ ജനസേവകര്‍ അല്ലാതെ ആ പേരില്‍ വോട്ടു ചോദിക്കുന്നവരും ശുഭ്രവസ്ത്രധാരികളുമല്ല. അധികാരത്തിന്റ താക്കോല്‍ കിട്ടി കഴിഞ്ഞാല്‍ മാന്‍പേടയുടെ മുഖം മാറി സിംഹത്തിന്റ മുഖമായി സമൂഹത്തിലെ എല്ലാ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കും. അപരാധി നിരപരാധിയായി മാറും. മതത്തിനായി മരകായുധങ്ങള്‍ നിര്‍മ്മിക്കും. ഒരു ഈശ്വരനിലും മതമില്ല എന്നത് ഈ കൂട്ടര്‍ തിരിച്ചറിയുന്നില്ല..ഈ പുണ്യവാന്‍മാരെ തിരിച്ചറിയാന്‍ ശ്രമിക്കുമോ?

 

ഈ തെരഞ്ഞെടുപ്പ് മനുഷ്യ പുരോഗതിയെ മുന്നില്‍ കണ്ടുകൊണ്ടാകണം നാം നേരിടേണ്ടത്. പ്രവര്‍ത്തിയില്ലാതെ ആദര്‍ശം പ്രസംഗിക്കുന്നവരുടെ മര്‍മ്മ സ്ഥാനത്തടിക്കാന്‍ ഇന്ത്യകാരന് കിട്ടിയ അവസരമാണിത്. മതത്തില്‍ നിന്നും പടുത്തുയര്‍ത്തിയ രാഷ്ട്രീയപാര്‍ട്ടികളെ അടിച്ചു തകര്‍ത്ത് അവിടെ മതേതര മതിലുകളാണ് പടുത്തുയര്‍ത്തേണ്ടത്. അവര്‍ക്ക് മാത്രമേ മനുഷ്യ ജീവിതത്തിന്റ ഉപ്പും, ഉറപ്പും സുരക്ഷിതത്വവും നല്കാന്‍ സാധിക്കു. നമ്മുടെ തെരെഞ്ഞടുപ്പുകളില്‍ ദരിദ്രര്‍ ധനികരുടെ നക്കാപ്പിച്ച അനുകുല്യങ്ങള്‍ വാങ്ങി വോട്ടു ചെയ്തതുകൊണ്ടാണ് പട്ടിണി, ദാരിദ്ര്യം മുതലായവ ഇന്നും തുടരുന്നത്. അതിനാല്‍ ശ്വാസം ദീര്‍ഘശ്വാസം വലിക്കുന്നു. മനുഷ്യനെ ജാതി മതത്തിന്റ പേരില്‍ വേറിട്ടു കാണുന്ന ചൂഷകവര്‍ഗ്ഗത്തിന് ഈ തെരഞ്ഞടുപ്പ് ഒരു ചാട്ടവാറടിയാകണം. ചാണകം തളിച്ച് മുറ്റമൊന്നു കഴുകിയാലും തെറ്റില്ല. ഇന്ത്യയിലെ വോട്ടര്‍മാര്‍ വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും ഈ ചൂഷകരുടെ മുന്നിലെ കഴുതകളും ഭാവിയുടെ അനന്തരഫലങ്ങളറിയാത്ത മണ്ണിലെ വെറും പുഴുക്കളും ചുമടുതാങ്ങികളുമാകരുത്. തിരഞ്ഞെടുപ്പുകളിലെ അജ്ഞാത കാമുകി കാമുകന്മാരെ നാം തിരിച്ചറിയണം. ഈ തെരഞ്ഞടുപ്പ് കാലത്തേ അമര്‍ത്തി ചുംബിക്കുന്ന ജീവന്റെ തുടുപ്പുകളാകട്ടെ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code