Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ട്രംപിന്റെ നികുതി പരിഷ്ക്കരണം: പാവങ്ങള്‍ക്കോ പണക്കാര്‍ക്കോ ഗുണം? ( ജോസഫ് പടന്നമാക്കല്‍)

Picture

ലോകമൊന്നാകെ അവലോകനം ചെയ്യുമ്പോള്‍ ചില രാജ്യങ്ങളിലുള്ള ജനങ്ങള്‍ക്ക് നികുതി കൊടുക്കേണ്ടതില്ല. ബെര്‍മുഡ, മൊണോക്കോ, ബഹാമാസ്, അംഡോറാ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവടങ്ങളിലുള്ള ജനങ്ങള്‍ തങ്ങളുടെ രാജ്യങ്ങളില്‍ നികുതി കൊടുക്കുന്നില്ല. നികുതിയില്ലെങ്കിലും അവിടുത്തെ ജനങ്ങള്‍ വളരെ സന്തോഷപൂര്‍വം ജീവിക്കുന്നതും ശ്രദ്ധേയമാണ്. പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ച 2018 ലെ നികുതി നിയമങ്ങള്‍ എത്രമാത്രം ലളിതമാക്കാമോ അത്രയും ലളിതമാക്കണമെന്ന ഉദ്ദേശമായിരുന്നു നികുതി പരിഷ്ക്കരണത്തില്‍ക്കൂടി ഉദ്ദേശിച്ചിരുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ രണ്ടിരട്ടി വര്‍ദ്ധിപ്പിച്ചതോടെ ടാക്‌സ് ഫോം പൂരിപ്പിക്കുന്നത് ഒന്നുകൂടി ലളിതമാവുകയും ചെയ്തു. ചരിത്രത്തിന് എന്നും അതിന്റേതായ പ്രാധാന്യമുണ്ട്. നികുതി പരിഷ്ക്കാരങ്ങള്‍ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. നികുതിയുടെ വ്യതിയാനങ്ങള്‍ കൂടെക്കൂടെ ശ്രദ്ധിക്കുന്നത് ഗുണപ്രദമായിരിക്കും. അതനുസരിച്ച് നിക്ഷേപങ്ങള്‍ നടത്താന്‍ സാധിക്കുന്നു. ഫെഡറല്‍ വ്യവസ്ഥയിലുള്ള ഇന്‍കം ടാക്‌സിന്റെ മാറ്റങ്ങള്‍ നമ്മുടെ നിക്ഷേപ പദ്ധതികളെ (ഇന്‍വെസ്റ്റ്‌മെന്റ്) ബാധിക്കും. നാം വസിക്കുന്ന സ്വന്തം വീടിന്റെ വിലയേയും ബാധിക്കും.

2018 ഡിസംബര്‍ 22 ന് ചരിത്രപ്രസിദ്ധമായ ടാക്‌സ് ബില്ല് പ്രസിഡന്റ് ട്രംപ് ഒപ്പിട്ടിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളില്‍ നടന്ന പരിവര്‍ത്തനാത്മകമായ ഒരു നികുതി പരിഷ്ക്കരണമായിരുന്നു ഈ ബില്ല്. പരിഷ്ക്കരിച്ച നികുതികളുടെ അടിസ്ഥാനത്തില്‍ ടാക്‌സ് ബ്രാക്കറ്റുകള്‍ പരിശോധിച്ചാല്‍ നികുതി വളരെ കുറവാണെന്നു കാണാം. ഉദാഹരണമായി ഭാര്യയും ഭര്‍ത്താവുമടങ്ങിയ 2017ലെ ഇന്‍കം ടാക്‌സ് ബ്രാക്കറ്റുകള്‍ പരിശോധിക്കുക. $19,400,$78950,$168,400 $321,450, $408,200 എന്നിങ്ങനെ ടാക്‌സ് ബ്രാക്കറ്റുള്ളവര്‍ യഥാക്രമം നികുതി കൊടുക്കേണ്ടിയിരുന്നത് 10%,15%,25%,28%,33%,37% നിരക്കിലായിരുന്നു. പുതിയ ടാക്‌സ് പരിഷ്ക്കരണത്തില്‍ 10%,12%,22%,24%,32%,35% എന്നീ നിരക്കില്‍ ടാക്‌സ് നിരക്കുകള്‍ കുറഞ്ഞിരിക്കുന്നതായി കാണാം. കഴിഞ്ഞ മുപ്പതു വര്‍ഷത്തിനുള്ളിലെ നികുതി രൂപാന്തരീകരണത്തില്‍ ട്രംപിന്റെ 2018ല്‍ പാസാക്കിയ റവന്യൂ ആക്റ്റ് പ്രകാരമുള്ള പരിഷ്ക്കാരങ്ങള്‍ ചരിത്രപരമാണ്. ആഡംബരമേറിയ വീടുകളും അമിത പ്രോപ്പര്‍ട്ടി ടാക്‌സും കൊടുക്കുന്നവര്‍ക്ക് 2018 ല്‍ പാസാക്കിയ നിയമങ്ങള്‍ ഗുണപ്രദമായിരിക്കില്ല. കാര്യമായ മെഡിക്കല്‍ ചെലവുകളില്ലാത്തവര്‍ക്കും ധര്‍മ്മ സ്ഥാപനങ്ങള്‍ക്ക് കൈ നിറയെ പണം വാരി കൊടുക്കാത്തവര്‍ക്കും പ്രൊഫഷണല്‍ ചെലവുകള്‍ അധികമില്ലാത്തവര്‍ക്കും പുതിയ നികുതി നയങ്ങള്‍ ഗുണപ്രദമായേക്കാം. അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങള്‍ക്ക്' പുതിയ നിയമപ്രകാരം അധിക നികുതി കൊടുക്കേണ്ടി വരും. എങ്കിലും ഓരോരുത്തര്‍ക്കും 500 ഡോളര്‍ ക്രെഡിറ്റ് അനുവദിച്ചിട്ടുണ്ട്. 2017ല്‍ കിഴിക്കാമായിരുന്ന വ്യക്തിഗത അലവന്‍സായിരുന്ന (പേഴ്‌സണല്‍ അലവന്‍സ്) '4050 ഡോളര്‍' 2018ലെ നികുതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അമേരിക്കന്‍ ഐക്യനാടുകളുടെ ഫെഡറല്‍ ഇന്‍കം ടാക്‌സ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് 1913 മുതല്‍ 2019 വരെയുള്ള കാലഘട്ടങ്ങളിലാണ്. 1913ല്‍ ഭരണഘടന പതിനാറാം പരിഷ്ക്കരണ ഭേദഗതി വരുത്തി (അമെന്‍ഡ്‌മെന്റ്) ഫെഡറല്‍ ഇന്‍കം ടാക്‌സ് നടപ്പാക്കുന്നതിനുള്ള ഔപചാരിക അംഗീകാരം നല്‍കി. 1913ല്‍ നടപ്പാക്കിയ നികുതി ഇന്നുള്ള നികുതി സമ്പ്രദായവുമായി യാതൊരു സാമ്യവുമില്ല. ഇന്നു നാം കാണുന്ന ടാക്‌സ് വ്യവസ്ഥകള്‍ ഓരോ കാലഘട്ടത്തില്‍ക്കൂടി പരിവര്‍ത്തനങ്ങളില്‍ക്കൂടി മെനഞ്ഞെടുത്തതാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനും സര്‍ക്കാരിന് വരുമാനം ഉണ്ടാക്കാനും കാലത്തിനനുസരിച്ച് ടാക്‌സ് നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. 1913ല്‍ അഞ്ചുലക്ഷം ഡോളറില്‍ കൂടുതല്‍ വരുമാനമുള്ളവരില്‍ നിന്നും ഏഴുശതമാനം നികുതി ചുമത്തിയിരുന്നു. അതായിരുന്നു അന്നത്തെ ഏറ്റവും കൂടിയ ടാക്‌സ് ബ്രാക്കറ്റ്. ഇന്ന് ആ തുക 11 മില്യണ്‍ ഡോളറിനു തുല്യമായി കണക്കാക്കാം. അന്നുണ്ടായിരുന്ന താണ നികുതി നിരക്ക് ഒരു ശതമാനമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസ്സ് 1916ല്‍ റവന്യൂ ആക്റ്റ് പാസ്സാക്കി. പിന്നീട് 1917ല്‍ യുദ്ധത്തിനുള്ള ഫണ്ടിനായും റെവന്യൂ ആക്ട് പുതുക്കിയിരുന്നു. യുദ്ധം വളരെയേറെ ചെലവ് കൂടിയതായിരുന്നതുകൊണ്ട് സര്‍ക്കാരിന് സാമ്പത്തിക ഭാരം താങ്ങാന്‍ സാധിക്കുമായിരുന്നില്ല. 1916ല്‍' പരമാവധി നികുതി നിരക്ക് പതിനഞ്ചു ശതമാനത്തില്‍ നിന്നും 67 ശതമാനമായും 1917ല്‍ 77 ശതമാനമായും വര്‍ദ്ധിപ്പിച്ചു. യുദ്ധകാല ശേഷം 1920 മുതല്‍ ടാക്‌സ് നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. 1925 മുതല്‍ 1931 വരെ നികുതി നിരക്ക് 25 ശതമാനമായി കുറച്ചിരുന്നു. 1932ല്‍ രാജ്യം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ (ഡിപ്രെഷന്‍)അടിമപ്പെട്ടപ്പോള്‍ വീണ്ടും 25 ശതമാനത്തില്‍ നിന്ന് പരമാവധി 63 ശതമാനമായി നികുതി വര്‍ദ്ധിപ്പിക്കേണ്ടി വന്നു. 194445കളില്‍ രണ്ടുലക്ഷം ഡോളറില്‍ കൂടുതല്‍ വരുമാനമുണ്ടായിരുന്നവര്‍ക്ക് 94% നികുതി കൊടുക്കണമായിരുന്നു. വിലപ്പെരുപ്പത്തിന്റെ അനുപാതത്തില്‍ ആ തുകയെ ഇന്ന് മാനദണ്ഡമാക്കുകയാണെങ്കില്‍ രണ്ടര മില്യണ്‍ ഡോളറിനു തുല്യമാകും.

രണ്ടാം ലോക മഹായുദ്ധ കാലങ്ങളില്‍ നികുതി പരിഷ്ക്കാരങ്ങള്‍ കോണ്‍ഗ്രസ്സ് പാസ്സാക്കിയിരുന്നു. അന്നുവരെ മൊത്തം ജനസംഖ്യയില്‍ ഏഴു ശതമാനം ജനങ്ങള്‍ നികുതി കൊടുത്തിരുന്നത് 19401944 കാലഘട്ടത്തില്‍ 64 ശതമാനമായി വര്‍ദ്ധിച്ചു. പിന്നീടുള്ള മൂന്നു പതിറ്റാണ്ടുകളും നികുതി നിരക്ക് വളരെയധികമായി തുടര്‍ന്നു. 1950, 1960, 1970 വര്‍ഷങ്ങളില്‍ കൂടിയ നികുതി നിരക്ക് 70 ശതമാനത്തില്‍ നിന്നും ഒരിക്കലും കുറഞ്ഞിരുന്നില്ല. 1981ലെ ഇക്കണോമിക് റിക്കവറി ആക്ട് പ്രകാരം 70 ശതമാനത്തില്‍ നിന്നും 50 ശതമാനമായി കുറച്ചു. 1988ല്‍ അധികം തട്ടി കിഴിക്കാതെ, ഡിഡക്ഷന്‍സ് അനുവദിക്കാതെ 28 ശതമാനമാക്കി നികുതി നിരക്ക് കുറച്ചു. എങ്കിലും സര്‍ക്കാരിന്റ റെവന്യുവിന് കാര്യമായ മാറ്റങ്ങളൊന്നും വന്നില്ല. ഇരുപത്തിയെട്ടു ശതമാനത്തില്‍നിന്നും നികുതി ഇനി വര്‍ദ്ധിപ്പിക്കില്ലെന്ന് നികുതി നിര്‍മ്മാണക്കാര്‍ അന്ന് വാഗ്ദാനം ചെയ്‌തെങ്കിലും വീണ്ടും മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നികുതി കൂട്ടേണ്ടി വന്നു. 1990ല്‍ കൂടിയ നികുതി നിരക്ക് 39.6 ആക്കി. എങ്കിലും 2001ല്‍ പാസ്സാക്കിയ റവന്യു ആക്ട് പ്രകാരം 2003 മുതല്‍ 2010 വരെ കൂടിയ നികുതി നിരക്ക് 35 ശതമാനമാക്കി. തൊഴിലില്ലായ്മ പരിഹരിക്കാനായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. 2012 വരെ ഈ നികുതി നിരക്ക് തുടര്‍ന്നു. 2012ല്‍ വീണ്ടും കൂടിയ നികുതി നിരക്ക് 39.6 ശതമാനമാക്കി. കൂടാതെ 'അഫൊര്‍ഡബിള്‍ കെയര്‍ ആക്ട്' നിയമപ്രകാരം 3.8 ശതമാനം കൂടി ടാക്‌സ് കൂട്ടി മൊത്തം 43.4 ശതമാനമായി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ 2018 മുതല്‍ രാജ്യത്തിന്റെ പരമാവധി നികുതി 37 ശതമാനമാക്കി. അധിക നികുതിയായ 3.8 ശതമാനമുള്‍പ്പടെ ഇന്ന് പരമാവധി നികുതി നിരക്ക് 40.8 ശതമാനമാണ്.

ഭാര്യയും ഭര്‍ത്താവും സഹകരിച്ചുകൊണ്ട് ഒന്നിച്ചു ടാക്‌സ് ഫയല്‍ ചെയ്യുന്നുവെങ്കില്‍ വരുമാനത്തില്‍ നിന്നും കുറക്കാവുന്ന അനുവദനീയമായ ആനുകൂല്യം (സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍) 24000 ഡോളറായിരിക്കും. ഒരു വ്യക്തി മാത്രം ടാക്‌സ് ഫയല്‍ ചെയ്യുന്ന പക്ഷം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 12700 ഡോളറുമായിരിക്കും. സ്‌റ്റേറ്റിന് കൊടുക്കുന്ന വില്‍പ്പന നികുതി, വാഹന നികുതി, വസ്തു നികുതി എല്ലാംകൂടി ഉള്‍പ്പെടുത്തി ഫെഡറലിനു ഫയല്‍ ചെയ്യുമ്പോള്‍ കുറക്കാവുന്നത് 10000 ഡോളര്‍ എന്ന് ക്ലിപ്തപ്പെടുത്തിയിരിക്കുന്നതിനാല്‍ വളരെ കുറച്ചുപേര്‍ മാത്രം ഐറ്റമൈസ് ചെയ്യുന്നു. ഐറ്റമൈസ് ചെയ്തു കൂടുതല്‍ 'റീഫണ്ട്' മേടിക്കാനായുള്ള പഴുത് ചാരിറ്റബിള്‍ പ്രസ്ഥാനങ്ങള്‍ക്ക് ഡൊണേഷന്‍ നല്‍കുകയെന്നതാണ്. തന്മൂലം ധാര്‍മ്മിക സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കാനും നികുതിദായകര്‍ ഉത്സാഹം പ്രകടിപ്പിക്കും. ധാര്‍മ്മിക, കാരുണ്യ ചാരിറ്റികള്‍ക്ക് പണം ദാനം ചെയ്യുന്നത് സാമൂഹിക പ്രതിപത്തികൊണ്ടാണെങ്കിലും കൂടുതലും പേരും ചിന്തിക്കുന്നത് നികുതിയിലുള്ള ലാഭേച്ഛ തന്നെയാണ്. 2018ല്‍ നടപ്പാക്കിയ നികുതി പരിഷ്ക്കാരത്തിനു മുമ്പ് ഏകദേശം 30 ശതമാനം നികുതിദായകര്‍ ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഐറ്റമൈസ് ചെയ്തിരുന്നു. എന്നാല്‍ പുതുക്കിയ നികുതി വ്യവസ്ഥയില്‍ അഞ്ചു ശതമാനം താഴെ മാത്രമേ ഐറ്റമൈസ് ചെയ്യുന്നവര്‍ കാണുകയുള്ളൂ. എന്നിരുന്നാലും ധാര്‍മ്മികവും കാരുണ്യപരവുമായ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന നികുതിമൂലം വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് നികുതിയില്‍ ലാഭം വരുത്തുവാന്‍ സാധിക്കും.

2017ല്‍ ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് 1000 ഡോളര്‍ എന്നതില്‍ നിന്നും 2018ല്‍ 2000 ഡോളര്‍ ആക്കി മാറ്റി. അതുപോലെ സഹോദരങ്ങളോ, ബന്ധുക്കളോ, മറ്റു ആശ്രിതരോ കൂടെ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് 500 ഡോളര്‍ വീതം ക്രെഡിറ്റ് ലഭിക്കും. 2017ല്‍ ആശ്രിതരായ വ്യക്തികള്‍ക്ക് (റലുലിറലി)േ 4500 ഡോളര്‍ നികുതിയിനത്തില്‍ കിഴിക്കാമായിരുന്നു. 2018ല്‍ അത് വീണ്ടും വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. വസ്തുവകകളുടെ (പ്രോപ്പര്‍ട്ടി) നികുതി 10000 ഡോളറായി ക്ലിപ്തപ്പെടുത്തിതും ഐറ്റമൈസ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞകാലങ്ങളില്‍ പ്രോപ്പര്‍ട്ടി ടാക്‌സും മറ്റു നികുതികളും മുഴുവനായി വരുമാനത്തില്‍ നിന്നും കുറച്ചു അറ്റ വരുമാനത്തിന്റെ നികുതി കൊടുത്താല്‍ മതിയായിരുന്നു. ബിസിനസ്സ് തലങ്ങളിലും പുതിയ ബില്ലില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പങ്കാളിത്ത വ്യാപാരം, (പാര്‍ട്ണര്‍ഷിപ്പ്) ഏകാങ്ക വ്യാപാരം (സോള്‍ ട്രേഡിങ്) എസ് കോര്‍പ്പറേഷന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കൊടുത്തിരുന്ന 21 ശതമാനം നികുതി പരിഷ്ക്കരിച്ച 2018ലെ നികുതി സംവിധാനത്തില്‍ 20 ശതമാനമാക്കി. വിവാഹ മോചനം നേടിയവര്‍ 2020ല്‍ ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ 2019ല്‍ കൊടുത്ത അലിമോണി കിഴിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ കാലങ്ങളില്‍ അലിമോണി ലഭിക്കുന്നവര്‍ അലിമോണിയെ ഇന്‍കം ആയി കണക്കാക്കുകയും കൊടുക്കുന്നവര്‍ വരുമാനത്തില്‍ നിന്നും കുറക്കുകയും ചെയ്തിരുന്നു. ഒബാമ കെയര്‍ അനുസരിച്ച് ആരോഗ്യ സുരക്ഷതാ പദ്ധതിയില്‍ (ഹെല്‍ത്ത് ഇന്‍ഷുറന്‍സ്) ചേരാത്തവര്‍ക്കുണ്ടായിരുന്ന പിഴ (പെനാല്‍റ്റി) എടുത്തു കളഞ്ഞു.

2018ല്‍ പ്രസിഡന്റ് ട്രംപ് ഒപ്പിട്ട നികുതി നിയമം വീട്ടുടമകളായ നികുതി ദായകര്‍ക്ക് ഗുണപ്രദമല്ല. പുതിയ നികുതി നിയമം വീടുകളുടെ വിലയെ ബാധിക്കുമോയെന്നുള്ള ആശങ്കകളുമുണ്ട്. 2018 മുതല്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ ഒന്നിച്ച് ടാക്‌സ് ഫയല്‍ ചെയ്യുന്നുവെങ്കില്‍ ഏഴുലക്ഷത്തി അമ്പതിനായിരം വരെ വിലയുള്ള വീടുകള്‍ക്കു മാത്രമേ ഭൂപണയ പലിശ (മോര്‍ട്ട്‌ഗേജ്) കാണിക്കാന്‍ സാധിക്കുള്ളൂ. വിവാഹിതരായവര്‍ രണ്ടായി ഫയല്‍ ചെയ്യുന്നുവെങ്കില്‍ വീടിന്റെ പരമാവധി വില $375,000ത്തില്‍ കൂടാന്‍ പാടില്ല. അത് 2017ല്‍ അഞ്ചുലക്ഷമായിരുന്നു. 2017ല്‍ ടാക്‌സ് കിഴിക്കാനായി വീടിന്റെ വിലയുടെ നിയന്ത്രണം പരമാവധി ഒരു മില്യണ്‍ ഡോളറായിരുന്നു. 2017ലെ ടാക്‌സ് ഫോമില്‍ വീടുള്ളവര്‍ക്ക് പ്രോപ്പര്‍ട്ടി ടാക്‌സ് മുഴുവനായി ഐറ്റമായിസ് ചെയ്ത് ഫെഡറില്‍ നികുതി ലാഭിക്കാമായിരുന്നു. എന്നാല്‍ പുതിയ ഫെഡറല്‍ സംവിധാനത്തില്‍ പ്രോപ്പര്‍ട്ടി ടാക്‌സിന് പരിധി പതിനായിരം ഡോളറായി നിശ്ചയിച്ചിരിക്കുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, മെരിലാന്‍ഡ്, കാലിഫോര്‍ണിയ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന വീട്ടുടമകള്‍ ശരാശരി പതിനാലായിരം ഡോളര്‍ മുതല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് കൊടുക്കുന്നുണ്ട്. 2018ന്റെ പ്രോപ്പര്‍ട്ടി ടാക്‌സ് 2017ലെ നികുതിയോടൊപ്പം ഫയല്‍ ചെയ്യാമെന്നുള്ള ഒരു നിയമം വന്നിരുന്നു. എന്നാല്‍ 2018ല്‍ മുന്‍കൂര്‍ പണം അടച്ച ചിലരെ ഈ നിയമം നിരാശപ്പെടുത്തിയിരുന്നു. 2018ലെ നികുതി അസസ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ 2017 നികുതിയോടൊപ്പം 2018ലെ പ്രോപ്പര്‍ട്ടി ടാക്‌സ് കാണിക്കാന്‍ സാധിക്കൂവെന്നായിരുന്നു ഗവണ്മെന്റിന്റെ നോട്ടിഫിക്കേഷന്‍. ഇത് പലര്‍ക്കും തെറ്റിധാരണയ്ക്ക് കാരണമാവുകയും ചെയ്തു.

ഭൂരിഭാഗം അമേരിക്കക്കാരും ഏഴുലക്ഷത്തി അമ്പതിനായിരം ഡോളര്‍ വിലയില്‍ താണ വീടുകളിലാണ് താമസിക്കുന്നത്. അങ്ങനെയുള്ള വീടുകള്‍ സ്വന്തമായിട്ടുള്ളവര്‍ക്ക് ടാക്‌സ് നിയമം അധികം ബാധകമായിരിക്കില്ല. എങ്കിലും തീരപ്രദേശങ്ങളില്‍ ആഡംബര വീടുകളില്‍ താമസിക്കുന്നവരെ നിയമം ബാധിക്കും. മോഡറേറ്റ് വീടുകളില്‍ താമസിക്കുന്നവര്‍ മെച്ചമായ ജീവിത നിലവാരം പുലര്‍ത്തുമ്പോള്‍ മില്യണ്‍ ഡോളറോ അതില്‍ക്കൂടുതലോ വിലമതിക്കുന്ന വീടുകള്‍ വാങ്ങിക്കാന്‍ പലരും അമാന്തിക്കും. നികുതി ഭാരംകൊണ്ട് മാര്‍ക്കറ്റില്‍ ആഡംബര വീടുകള്‍ വില്‍ക്കാനുള്ളവര്‍ കൂടുകയും വാങ്ങാനുള്ളവര്‍ കുറയുകയും ചെയ്യും. അതുമൂലം ആഡംബര വീടുകളുടെ മാര്‍ക്കറ്റും ഇടിയാന്‍ സാധ്യതയുണ്ട്. വിലകൂടിയ വീടുകളില്‍ താമസിക്കുന്നവര്‍ മീഡിയം വീടുകളില്‍ താമസിക്കാന്‍ ശ്രമിക്കുകയും മീഡിയം വീടുകള്‍ക്ക് അങ്ങനെ ഡിമാന്‍ഡ് കൂടുകയും ചെയ്യുന്നു. സപ്ലൈ കുറയുമ്പോള്‍ ഡിമാന്‍ഡ് കൂടുകയും ചെയ്യും.

സ്‌റ്റേറ്റ് ടാക്‌സും മോര്‍ട്‌ഗേജും എല്ലാ വീട്ടുടമകളെയും നേരിട്ട് ബാധിക്കണമെന്നില്ല. വീടിനുള്ള നികുതി ചെലവുകള്‍ ഒരുപോലെയുമായിരിക്കാം. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഇരട്ടിയാക്കിയതുകൊണ്ട് ഒരു വ്യക്തിക്ക് 12000 ഡോളറും കുടുംബത്തിന് 24000 ഡോളറും 2018ലെ വരുമാനത്തില്‍ നിന്നും കുറക്കാന്‍ സാധിക്കുന്നു. കുടുംബമായി താമസിക്കുന്ന നിരവധി നികുതി ദായകര്‍ക്ക് ഐറ്റമൈസ് ചെയ്യുന്നതുകൊണ്ടുള്ള ഗുണം കിട്ടില്ലെങ്കിലും വര്‍ദ്ധിപ്പിച്ച സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കൂടുതല്‍ പ്രയോജനപ്രദമായിരിക്കും. ദേശീയ കണക്കനുസരിച്ച് പതിനാലു ശതമാനം വീടുകള്‍ മാത്രമേ പതിനായിരം ഡോളറില്‍ കൂടുതല്‍ ടാക്‌സ് കൊടുക്കുന്നുള്ളു. വീടുള്ള എണ്‍പതു ശതമാനം ഉടമകള്‍ക്കും ഐറ്റമയ്‌സിനേക്കാള്‍ ലാഭകരം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ തന്നെയായിരിക്കും. പുതിയ ടാക്‌സ് നിയമത്തില്‍ വീടിന്റെ വില്‍പ്പനയിലുണ്ടാകുന്ന മൂലധന ലാഭത്തിന് (ക്യാപിറ്റല്‍ ഗെയിന്‍) രണ്ടുലക്ഷത്തി അമ്പതിനായിരം ഡോളര്‍ വരെയും ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ടാക്‌സ് ഫയല്‍ ചെയ്യുന്നുവെങ്കില്‍ അഞ്ചുലക്ഷം ഡോളര്‍ വരെയും നികുതി കൊടുക്കേണ്ട. അഞ്ചു വര്‍ഷമെങ്കിലും വീടിന്റ ഉടമസ്ഥാവകാശം ഉണ്ടായിരിക്കണമെന്ന് മാത്രം

ടാക്‌സ് ഫയലില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനില്‍ക്കൂടിയോ ഐറ്റമയ്‌സ് ചെയ്‌തോ ഏതു വിധേന പണം ലഭിച്ചാലും 'പണം' പണം തന്നെയാണ്. അത് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍കൂടിയാണെങ്കിലും ഐറ്റമൈസ് ചെയ്തതാണെങ്കിലും കൂടുതല്‍ പണം എങ്ങനെ ലഭിക്കണമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ട്രംപിന്റെ ടാക്‌സ് നിയമം റീയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരെ കാര്യമായി ബാധിച്ചിട്ടുണ്ട്. വീടുകള്‍ മേടിക്കുന്നുവെങ്കില്‍ നികുതിയില്‍ ലാഭിക്കാമെന്നായിരുന്നു മുമ്പൊക്കെ റീയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ പരസ്യം കൊടുത്തിരുന്നത്. എന്നാല്‍ പുതിയ നിയമത്തില്‍ വീടുകളില്‍ നിന്നും കാര്യമായ ടാക്‌സ് ലാഭമുണ്ടാവില്ല. ആദ്യമായി വീട് വാങ്ങുന്നവര്‍ ടാക്‌സില്‍ ലാഭം മോഹിക്കുന്നുണ്ടെങ്കില്‍ അവര്‍ വീട് മേടിക്കാന്‍ തയ്യാറാവുകയില്ല. അത് റീയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റിന്റെ തകര്‍ച്ചയിലേക്ക് നീങ്ങിയേക്കാം. മാര്‍ക്കറ്റില്‍ വീടുകളുടെ സപ്ലൈ കൂടുമ്പോള്‍ സ്വാഭാവികമായി വീടിന്റെ വിലയും കുറയാം. വീട് മേടിക്കുന്നത് സാമ്പത്തിക മെച്ചമെന്ന് കണക്കാക്കിയിരുന്നവര്‍ അപ്പാര്‍ട്‌മെന്റില്‍ താമസിക്കാനും ആഗ്രഹിക്കും.

ഭാര്യയും ഭര്‍ത്താവുമടങ്ങിയ ഒരു കുടുംബം വര്‍ഷത്തില്‍ 6000 ഡോളര്‍ 'മോര്‍ട്ട്‌ഗേജ്' നല്‍കുന്നുവെന്ന് കരുതുക! പുതുക്കിയ നിയമമനുസരിച്ചുള്ള പ്രോപ്പര്‍ട്ടി ടാക്‌സിന്റെ പരിധി പതിനായിരം ഡോളറും. 2018ലെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 24000 ഡോളര്‍ നിശ്ചയിച്ച സ്ഥിതിക്ക് ഈ ദമ്പതികള്‍ക്ക് ഐറ്റമൈസ് ചെയ്യാന്‍ സാധിക്കില്ല. ഇവര്‍ 8000 ഡോളര്‍ ചാരിറ്റബിള്‍ നലികിയാലും 24000 ഡോളര്‍ ക്യാപ്പുള്ളതുകൊണ്ട് ചാരിറ്റബിള്‍ കുറക്കാന്‍ സാധിക്കില്ല. അതേ സമയം ഒന്നിരാടന്‍ വര്‍ഷങ്ങളായി പതിനാറായിരം ഡോളര്‍ ചാരിറ്റബിളിന് നല്കുന്നുവെങ്കില്‍ ആ വര്‍ഷം 24000 ഡോളര്‍ കഴിഞ്ഞു വരുന്ന 8000 ഡോളറിന്റെ നികുതി ലാഭിക്കാം. ($6000+10000+ ചാരിറ്റബിള്‍ 16000= 32000)

2018ലെ ടാക്‌സ് ഇളവുകള്‍മൂലം ബില്യണ്‍ കണക്കിനു ഡോളര്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കും. കമ്പനികള്‍ ലാഭത്തിലാകുമ്പോള്‍ സ്‌റ്റോക്ക് വിലയും കൂടും. കോര്‍പ്പറേറ്റുകള്‍ തങ്ങള്‍ക്കു കിട്ടിയ നികുതിയിളവ് എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നും പരിഗണിക്കണം. കോര്‍പ്പറേറ്റ് ടാക്‌സ് കുറച്ചുകൊണ്ടുള്ള ഇളവുകള്‍ രാജ്യത്തിന് ഗുണപ്രദമാകുമോയെന്നാണ് ചിന്തിക്കേണ്ടത്. നികുതിയിളവ് എങ്ങനെ വേണമെങ്കിലും, ഏതുവിധേനയും കോര്‍പ്പറേറ്റുകള്‍ക്ക് വിനിയോഗിക്കാന്‍ സാധിക്കുന്നു. ആര്‍ക്കും അത് ചോദ്യം ചെയ്യാന്‍ സാധിക്കില്ല. കോര്‍പറേറ്റ് ടാക്‌സ് മുഖേന പ്രധാനമായി രണ്ടു കാര്യങ്ങളാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പരിഗണനയില്‍ എടുത്തിരിക്കുന്നത്. ആദ്യത്തേത് നികുതിയിളവ് നല്‍കിയാല്‍ അതില്‍ നിന്നും കിട്ടുന്ന അധിക പണം സാമ്പത്തിക മേഖലകളില്‍ നിക്ഷേപിക്കുമോ? രണ്ടാമത്തേത്, കോര്‍പ്പറേറ്റ് ടാക്‌സ് കുറച്ചിരിക്കുന്നതുമൂലം ബിസിനസ്സ് ലോകത്ത് കൂടുതല്‍ പേര്‍ വ്യവസായങ്ങളും ഫാക്ടറികളും തുടങ്ങാന്‍ മുമ്പോട്ട് വരുമോ? പുതിയതായുള്ള വ്യവസായ സ്ഥാപനങ്ങള്‍ ഉയരുന്നതുമൂലം തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയുമുണ്ടാകും. പുത്തനായ വ്യവസായങ്ങള്‍ മൂലം പരസ്യ വിപണിക്കാരുടെ നിക്ഷേപങ്ങളും വര്‍ദ്ധിക്കും. നികുതി ദായകരുടെ പണം കൊണ്ട് വ്യവസായ മുതലാളിമാര്‍ കൂടുതല്‍ ധനം ആര്‍ജിക്കുകയും ചെയ്യും.

പ്രസിഡന്റ് ട്രംപിന്റെ പ്രസംഗത്തില്‍ നികുതിയിളവു മൂലം കോര്‍പ്പറേഷന് കൂടുതല്‍ പണം ലഭിക്കുകയും അവര്‍ അത് ബോണസായി തൊഴിലാളികള്‍ക്ക് നല്‍കുന്നുവെന്നും പറഞ്ഞു. കാര്യപ്രസക്തതയില്ലാതെ, ഒരു വാചാലനെപ്പോലെയാണ് കോര്‍പ്പറേഷനുകള്‍ക്കുള്ള നികുതിയിളവുകളെപ്പറ്റി അദ്ദേഹം പരാമര്‍ശിച്ചിരിക്കുന്നത്. നികുതിയിനത്തില്‍ കിട്ടിയ ലാഭംകൊണ്ട് തൊഴിലാളികള്‍ക്ക് ബോണസ് നല്കുന്നതിനെപ്പറ്റിയും വിമര്‍ശനങ്ങളുണ്ട്. നികുതിയിളവുകളില്‍ നിന്നും ബോണസുകള്‍ നല്കുന്നമൂലം നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കില്ല. കമ്പനികളുടെ ആസ്തിക്കും മാറ്റങ്ങള്‍ വരില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ കമ്പനികള്‍ക്ക് സൃഷ്ടിക്കാന്‍ സാധിക്കില്ല. കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറയ്ക്കുന്നതുകൊണ്ടു പ്രയോജങ്ങളുമുണ്ട്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുന്നു. അതുമൂലം ഉപഭോക്താക്കള്‍ കൂടുതല്‍ പണം ചെലവാക്കാന്‍ താല്പര്യപ്പെടുന്നു. ജനങ്ങളുടെ നിലവാരം ഉയരുന്നതിനൊപ്പം വാങ്ങിക്കാനുള്ള വിഭവശേഷിയും ഉപഭോക്താക്കള്‍ക്കുണ്ടാകുന്നു. വ്യക്തിഗത ആദായ നികുതിയും (പേഴ്‌സണല്‍ ടാക്‌സ്) കുറക്കുകയാണെങ്കില്‍ വാങ്ങിക്കുന്നവരുടെ ശേഷി കൂടുകയും ഫാക്ടറികളും കോര്‍പ്പറേറ്റുകളും കൂടുതല്‍ ഉല്‍പ്പാദനത്തിനായി ശ്രമിക്കുകയും ചെയ്യും. അതുവഴി തൊഴിലുകള്‍ വര്‍ദ്ധിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് നിദാനമാവുകയും ചെയ്യും.ബിസിനസ് ലോകത്ത് മത്സരം ഉണ്ടാവുന്നതും നന്നാണ്. അത് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വരുന്നതിനു കാരണമാകും.

2018ല്‍ നടപ്പാക്കിയ നികുതി പരിഷ്ക്കാരങ്ങള്‍ ഒരുവന്റെ ഭാവി ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നും പരിഗണിക്കേണ്ടിയിരിക്കുന്നു. നികുതിദായകന്റെ ജീവിത നിലവാരമുയരുമോ? നികുതിയുടെ ഭാരം ആദ്യം ബാധിക്കുന്നത് അത്യാവശ്യപ്പെട്ട സാധനങ്ങളുടെ ('സപ്ലൈ')വിതരണമായിരിക്കാം. നികുതി ദായകന്‍ കൂടിയ നികുതി കൊടുക്കുന്നുവെങ്കില്‍ ജോലി ചെയ്യാനുള്ള ഉത്സാഹം കുറയാനും സാധ്യതയുണ്ട്. പണം നിക്ഷേപവും കുറയും. അതേ സമയം 2018ല്‍ നികുതി വെട്ടിച്ചുരുക്കിയത് നീണ്ട കാലത്തേക്ക് ചിന്തിക്കുമ്പോള്‍ പ്രയോജനപ്രദമായേക്കാം. സാമ്പത്തിക വളര്‍ച്ചയുണ്ടാകാം. മന്ദത മാറി സാമ്പത്തിക അപര്യാപ്തതയ്ക്ക് ശമനവും വരും.

'നികുതി കുറയ്ക്കുമ്പോള്‍ പണം കൂടുതല്‍ ചെലവഴിക്കണമെന്നുള്ള ചിന്താഗതി ഉപഭോക്താക്കളിലുണ്ടാകുന്നുവെന്ന്' നികുതിയിളവുകളെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. ക്രയവിക്രയ വസ്തുക്കള്‍ വാങ്ങാനുള്ള ശേഷി കൂടുമ്പോള്‍ കൂടുതല്‍ വാങ്ങിക്കുകയും ഫാക്ടറികളില്‍ ഉല്‍പ്പാദനം വര്‍ദ്ധിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അതേസമയം നികുതിയിളവിനെ എതിര്‍ക്കുന്നവര്‍ ഇളവുകള്‍കൊണ്ട് പ്രയോജനപ്പെടുന്നത് ധനികരെ മാത്രമെന്നായിരിക്കുമെന്നും വിശ്വസിക്കുന്നു. ബിസിനസുകാര്‍ക്ക് കൊടുക്കുന്ന ആനുകൂല്യ നികുതി ഉപഭോക്താക്കളില്‍ നിന്നും മറ്റൊരു വിധത്തില്‍ ഈടാക്കും. ബിസിനസ് ലോകത്ത് നല്‍കുന്ന നികുതിയിളവുകളുടെ കുറവുതീര്‍ക്കാന്‍ നികുതിയുടെ ഭാരം നിത്യ ജീവിതത്തിനു കഷ്ടപ്പെടുന്ന സാധാരണക്കാരുടെ ചുമലുകളില്‍ എത്തുകയും ചെയ്യും.
ശുഭം

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code