Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോയി ചെമ്മാച്ചേല്‍ സമാനതകളില്ലാത്ത വ്യക്തിത്വം (അനുസ്മരണം)

Picture

ചിക്കാഗോ: സാമൂഹ്യ സാംസ്കാരിക കാര്‍ഷിക രംഗങ്ങളില്‍ തിളക്കമാര്‍ന്ന വ്യക്തിത്വത്തിനൊപ്പം അതിര്‍വരമ്പുകളില്ലാത്ത സൗഹാര്‍ദ്ദത്തിനുടമയുമായിരുന്ന ചിക്കാഗോയില്‍ നിര്യാതനായ ജോയി ചെമ്മാച്ചേല്‍ എന്ന സുഹൃത്തെന്ന് പ്രവാസലോകം അനുസ്മരിക്കുന്നു. ജോയി ചെമ്മാച്ചേല്‍ സ്‌നേഹത്തിലും,കരുണയിലും, നന്മകളിലും ദൈവത്തെ ദര്‍ശിച്ച വ്യക്തിയായിരുന്നു.

ചില വ്യക്തിത്വങ്ങള്‍ അങ്ങിനെയാണ്. അവരെ കണ്ടുമുട്ടുവാന്‍ ദൈവം ഇടവരുത്തും. അത്തരക്കാരുടെ നന്മകള്‍, അവരുടെ വിശാല മനസ്കത നമ്മുടെ മനസ്സിന്റെ അഭ്രപാളികളില്‍ കോറിയിട്ടേ ദൈവം തിരിച്ച് വിളിക്കൂ. രണ്ടു തവണകളിലായി ഒന്നിച്ചിരുന്നു സംസാരിക്കുവാനും അതിലേറെ അദ്ദേഹത്തിന്റെ ഉള്ളിന്റെ നന്മയെ കൂടുതല്‍ ആഴത്തില്‍ ഇറങ്ങി ചെന്ന് കാണുവാനും അല്പമെങ്കിലും കഴിഞ്ഞുവെന്ന് തന്നെ വിശ്വസിക്കുന്നു. ഒരിക്കലെങ്കിലും കണ്ടുമുട്ടിയവരുടെയിടയില്‍ പരിചയപ്പെട്ടവരുടെയിടയില്‍ ജോയിച്ചന്‍ ചെമ്മാച്ചേല്‍ എന്ന വ്യക്തിത്വം മനസ്സില്‍ ചേക്കേറുന്ന ആകര്‍ഷക വലയമാണ്.

യു കെയില്‍ സ്റ്റീവനേജിലുള്ള എന്റെ സുഹൃത്ത് ജോണി കല്ലടാന്തിയുടെ നീണ്ടൂരുള്ള ഭവനത്തില്‍ രണ്ടു തവണ പോകുവാനും, അദ്ദേഹത്തിന്റെ കുടുംബ ആഘോഷങ്ങളിലും പങ്കുചേരുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ആ രണ്ടു തവണയും നമ്മുടെ ചെമ്മാച്ചേല്‍ ജോയിച്ചനെ കാണുവാനും സന്തോഷകരമായി സമയം ചിലവിടുവാനും സൗഭാഗ്യം ഉണ്ടായി എന്ന് തന്നെ പറയാം.

ജോണിയുടെ വീട്ടിലിരുന്നാല്‍ ജോയിച്ചന്റെ വലിയ ഫാമും വീടും കാണാം.ഒറ്റ നോട്ടത്തില്‍ കണ്ടപ്പോള്‍ ഏതോ ഒരു വലിയ മുതലാളിയുടേതാണെന്നുറപ്പിക്കാം. പക്ഷെ പെട്ടെന്നാണെന്റെ ശ്രദ്ധ ആ വലിയ തുറന്നിട്ട ഗേറ്റിലെ ബോര്‍ഡിലേക്കു തിരിഞ്ഞത്. അതില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു. 'ലോകാ സമസ്താ സുഖിനോ ഭവന്തു' 'ഏവര്‍ക്കും സ്വാഗതം'. വിശാല മനസ്കതയുടെ പൊട്ടുകുത്തിനില്‍ക്കുന്ന ഒരിടത്താവളം.

അതുവരെ മനസ്സില്‍ വന്ന നമ്മള്‍ കണ്ടു ശീലിച്ച ചില മുതലാളികളുടെ അവസ്ഥാ വിശേഷങ്ങളും, പരിസരങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്ന കാവല്‍ പട്ടികളുടെ സ്ഥിര കുരയും ഓളിയും, വീടിന്റെ നേരെ നോക്കുന്നവനെ 'കള്ളന്റെ' മുദ്ര കുത്തി തിരിഞ്ഞു നോക്കുന്ന പാറാവുകാരും...അപ്പോള്‍ തോന്നിയ ആ ദുഷിച്ച മനസ്സിനോട് പിന്നീട് എനിക്കു വലിയ വിഷമം തോന്നി...ജോയിച്ചനെ അടുത്തറിയുവാന്‍ കഴിഞ്ഞപ്പോളോ ലോകത്താര്‍ക്കുമില്ലാത്ത എത്രയോ വിശാലമായ മനസ്സും കാഴ്ചപ്പാടും. സമാനതകളില്ലാത്ത വ്യക്തിത്വം..

ജോണി കല്ലടാന്തി എന്റെ ഒരു ചോദ്യത്തിനായി മുട്ടി നിന്നതു പോലെ.. ധ്യാന വേളകളില്‍ സാക്ഷ്യം പറയുവാന്‍ കിട്ടിയ അനുഭവം പോലെ വികാര ഭരിതനായിട്ടാണ് ജോയിയെപ്പറ്റി പറയുവാന്‍ തുടങ്ങിയത്.. ജോണിയുടെ സുന്ദരമായ വീടിന്റെ പോര്‍ട്ടിക്കോവില്‍ മോളുടെ കല്ല്യാണ തിരക്കിന്‍റെ പ്രധാന ഉത്തരവാദിത്വമുള്ള ജോണിയോടൊപ്പം ജോണിയുടെ അനിയന്മാരായ അബ്രാഹം കല്ലടാന്തിയും, സജിയും..തിരക്കിനിടയിലും കഥ കേള്‍ക്കുവാനുള്ള ജിജ്ഞാസയോടെ ഞാനും ഇരുന്നു..

'ജോണിയും അനിയന്‍ സജിയും വീട് പണിയുടെ പ്ലാനിടുന്ന കാലത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി... ഉള്ള കുറഞ്ഞ സ്ഥലത്തു അനിയന്‍ സജിക്കും തനിക്കും അടുത്തടുത്തായി വീടുകള്‍ വെക്കുന്നത്തിന്റെ ചര്‍ച്ച.. വീടിന്റെ സ്ഥാനത്തിന് ചില പോരായ്മാകള്‍... ചില ഭാഗത്തു ഇനിയും ഭൂമി അധികം വേണം എല്ലാം ശരിയാക്കുവാന്‍.. ജോയിയുടെ അല്പം സ്ഥലം വിലക്ക് ചോദിച്ചാലോ എന്ന് ആരോ അഭിപ്രായപ്പെട്ടു .. പക്ഷെ ആരും ധൈര്യപ്പെട്ടില്ല.. കാരണം മണ്ണിനെയും പ്രകൃതിയേയും അത്രമാത്രം സ്‌നേഹിക്കുകയും പരിചരിക്കുകയും നോഹയുടെ പേടകം പോലെ എല്ലാം തികഞ്ഞു നില്‍ക്കുന്ന ആ ഭൂമിയുടെ ഒരു തുണ്ടു എങ്ങിനെ ചോദിക്കും ??

രണ്ടു നാള്‍ കഴിഞ്ഞു അങ്ങിനെ ചിന്തിച്ചിരിക്കുമ്പോള്‍ ജോയിച്ഛന്‍ ജോണിയേയും അനിയനെയും വെറുതെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.. ചെറിയ സല്‍ക്കാരം.. എന്താണിത്ര ചിന്തിച്ചിരിക്കുന്നതു എന്നായി ജോണിയോട്... തുടര്‍ന്ന് ജോയിതന്നെ മറുപടി പറയുന്നു. എനിക്ക് കാര്യം മനസ്സിലായി " എത്ര സ്ഥലം എവിടെവരെമേണമെങ്കില്‍ എടുത്തു പണിതുടങ്ങിക്കോ; ഭൂമിയല്ലേ, നമ്മള്‍ക്ക് അവസാനം അന്ത്യവിശ്രമത്തിനേ ഉപകരിക്കൂ".

'ജോണിയുടെ മകളുടെ കല്ല്യാണത്തിന് ജോയിയുടെ വിശാലമായ സ്ഥല സൗകര്യം ഒരുക്കുന്നതിന്റെ മുഖ്യ നിര്‍ദ്ദേശം സ്വയം മുന്നോട്ടു വെക്കുകയും അലങ്കാരങ്ങളും സൗകര്യങ്ങളും തന്റേതായി നടത്തുകയും വിരുന്നുകാര്‍ക്ക് വേദി സൗകര്യപ്രദവും ആകര്‍ഷകവും ആക്കിയത് ജോയിയുടെ സ്വന്തം താല്‍പ്പര്യവും കടും പിടുത്തവും ഒന്ന് കൊണ്ട് മാത്രം .. ജോയി അങിനെയാ, തന്റെ മുമ്പില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും ഇടപെടും തന്റേതായ കടമ നിര്‍വ്വഹിക്കും..ആ വലിയ മനസ്സ്..ജോയിയുടെ കൈവെപ്പു ചാര്‍ത്തിയാല്‍ എന്തും പൂര്‍ണ്ണമാവും..'

പരിസ്ഥിതിയെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് വിശാലമായ ജോയിച്ചന്റെ സ്ഥലം കയറിക്കണ്ടാലേ മനസ്സിലാവൂ. തനി കാഴ്ച ബംഗ്‌ളാവ് പോലെ.. ഇല്ലാത്ത ജീവികളില്ല, ഒട്ടുമിക്ക ഫലവര്‍ഗ്ഗങ്ങള്‍ നല്‍കുന്ന വൃക്ഷങ്ങള്‍.. ചെടികളുടെയും മരങ്ങളുടെയും വ്യത്യസ്തകള്‍.. ചീന വലയും, ബോട്ടു ഹൌസ്, തോണികളും,.. മീന്‍ വളര്‍ത്തലും.. ചുറ്റും വിശാലമായ ജലസഞ്ചയങ്ങള്‍.. പ്രകൃതിയെയും മനുഷ്യരെയും പക്ഷിമൃഗാദികളെയും എല്ലാം സ്‌നേഹത്തിന്റെ കുടക്കീഴില്‍ ഒന്നിച്ചെത്തിച്ചിരിക്കുന്നു.

ഒരു പരിചയവും ഇല്ലാത്ത, അതിന്റേതായ ആവശ്യവുമില്ലാത്ത എന്നെ വിളിച്ചു കൊണ്ടുപോയി ഒത്തിരി ഒത്തിരി സ്‌നേഹ സംവാദങ്ങളും, സല്‍ക്കാരവും ..ജോയിച്ചാ.. സമാനതകളില്ലാത്ത അങ്ങയുടെ വ്യക്തിത്വം എന്നെപോലെ എത്രയോ മനുഷ്യര്‍ എത്രയോ രാജ്യങ്ങളിലുള്ള വ്യക്തികള്‍ മാനിക്കുന്നു, ബഹുമാനിക്കുന്നു, സ്‌നേഹിക്കുന്നു, അനുസ്മരിക്കുന്നു...

സ്‌നേഹത്തിന്റെ മാറ്റ് അളക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ 24 കാരറ്റ് തനി തങ്കം, തന്നോടൊപ്പം തന്റേതായുള്ളതെല്ലാം ഏവര്‍ക്കും ആസ്വദിക്കുവാന്‍ തുറന്നിടുന്ന ഔദാര്യ മനസ്കതയുടെ നിറകുടം, നന്മയുടെ വറ്റാത്ത വിളനിലം, അഭിനയഅവതരണ വൈദഗ്ദ്യം, ദാനധര്‍മ്മാദികളില്‍ ഉള്ള അതീവ താല്‍പ്പര്യം എന്തിനേറെ വിടപറയുന്നത് ലോകമാകുന്ന കളം നിറഞ്ഞു നിന്ന മിന്നും താരം.. അതിരുകളില്ലാത്ത, കലര്‍പ്പില്ലാത്ത, കളങ്കമില്ലാത്ത സമാനതകളില്ലാത്ത മഹത് വ്യക്തിത്വം.

വിടപറഞ്ഞകന്ന ദുംഖത്തിലും നമ്മള്‍ക്കിങ്ങനെ ആശ്വസിക്കാം സ്വര്‍ഗ്ഗീയ ആരാമത്തില്‍ ചെമ്മാച്ചേല്‍ ജോയിയുടെ കരവിരുത് തുടങ്ങിക്കഴിഞ്ഞു...പക്ഷെ 'ഏവര്‍ക്കും സ്വാഗതം' എന്ന ബോര്‍ഡ് സ്വര്‍ഗ്ഗത്തില്‍ പറ്റില്ലല്ലോ എന്ന ആശങ്കയും ഒപ്പമുണ്ട്...


അപ്പച്ചന്‍ കണ്ണഞ്ചിറ


(പ്രവാസലോകത്തെ പത്രപ്രവര്‍ത്തകനായ ലേഖകന്റെ ജോയിയെക്കുറിച്ചുള്ള മനസില്‍തട്ടുന്ന അനുസ്മരണമാണ് ഇത്)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code