ദൈവത്തിന്റെ പദ്ധതി തിരിച്ചറിഞ്ഞ് പ്രതികരിച്ച നസ്രത്തിലെ യുവതിയായ മറിയത്തെപ്പോലെ ജീവിതമേഖലകളില്‍ നമ്മുടെ കഴിവും കരുത്തും പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളോട് സന്ദേശത്തില്‍ പറഞ്ഞു. അപരനായി സമര്‍പ്പിക്കുന്ന ജീവിതമാണ് അര്‍ത്ഥസമ്പുഷ്ടമാകുന്നത്. ദൈവത്തിന്റെ വിളിയോട് മറിയം സമ്പൂര്‍ണ്ണ സമ്മതം നല്കിയതില്പ്പിന്നെ അവള് മറ്റുള്ളവര്‍ക്കായി ജീവിക്കാനും, അതിനായി അകലങ്ങളിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടാനും ധീരത പ്രകടമാക്കിയെന്ന് പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
യുവജനങ്ങള്‍ വിശ്വാസികളോ അവിശ്വാസികളോ ആവട്ടെ, നിങ്ങളുടെ പഠനത്തിന്റെ അവസാന ഭാഗത്ത് എത്തുമ്പോള്‍ മറ്റുള്ളവര്‍ക്കായി, പ്രത്യേകിച്ച് ജീവിതത്തില്‍ ക്ലേശിക്കുന്നവര്‍ക്കായി നന്മചെയ്യണമെന്നു തോന്നുന്നത് സ്വാഭാവികമാണ്. ഇത് എല്ലാ യുവജനങ്ങള്‍ക്കുമുള്ള നന്മചെയ്യാനുള്ള ക്രിയാത്മകമായ കരുത്താണ്. തീര്‍ച്ചയായും നമ്മുടെ ഇന്നിന്റെ കലുഷിതമായ ലോകത്തെ പരിവര്‍ത്തനംചെയ്യാന്‍ പോരുന്ന കരുത്താണ് യുവജനങ്ങള്‍ക്കുള്ളത്. അത് സേവനത്തിനുള്ള കരുത്താണ്. ലോകത്തെ ഏതു ശക്തിയെയും മാറ്റിമാറിക്കാന്‍ യുവജനങ്ങള്‍ക്കു കഴിയും. പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
മറ്റുള്ളവരെ സഹായിക്കാന്‍ തുനിയുന്നവര്‍ക്ക് അതിനുള്ള സന്നദ്ധത മാത്രം പോരെ, അവര്‍ ദൈവവുമായി സംവദിക്കുകയും, ഐക്യപ്പെടുകയും, ദൈവികസ്വരം കേള്‍ക്കുകയും, ദൈവികപദ്ധതി തിരിച്ചറിഞ്ഞ് കരുത്താര്‍ജ്ജിക്കുകയും വേണം. അത് വിവാഹ ജീവിതത്തിലൂടെയോ, സന്ന്യാസ സമര്‍പ്പണത്തിലൂടെയോ, പൗരോഹിത്യത്തിലൂടെയോ ആകാമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ദൈവത്തില്‍ ആശ്രയിച്ചുകൊണ്ടാണെങ്കില്‍ മറിയത്തെപ്പോലെ യുവജനങ്ങള്‍ക്കും ജീവിതത്തില്‍ നന്മചെയ്യാനാകുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടത് ദൈവം എന്താണ് എന്നില്‍നിന്നും ആഗ്രഹിക്കുന്നതെന്ന് വിവേചിച്ച് അറിയുകയാണ്. ആ വിളി അല്ലെങ്കില്‍ ജീവിത തിരഞ്ഞെടുപ്പു തിരിച്ചറിഞ്ഞു വേണം യുവതീ യുവാക്കള്‍, മറിയത്തെപ്പോലെ ദൈവത്തിനു പൂര്‍ണ്ണസമ്മതം നല്‍കേണ്ടതെന്നും പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
Comments