തായ്പേയ് : തായ്വാനിലെ പ്രശസ്ത ഹൈക്കറും ബിക്കിനി സെല്‍ഫികളിലൂടെ സമൂഹമാധ്യമങ്ങളില്‍ തരംഗവുമായ ജിഗി വു (36) സാഹസിക മലകയറ്റത്തിനിടെ അപകടത്തില്‍ മരിച്ചു. സെന്‍ട്രല്‍ തയ്വാനിലെ യുഷാന്‍ പര്‍വത നിരകളിലേക്കുള്ള ഏകാന്ത ട്രക്കിങ്ങിനിടെയാണു ദാരുണ സംഭവം. പര്‍വതത്തിലൂടെ കയറിക്കൊണ്ടിരിക്കെ കാലുതെന്നി 65 അടി താഴ്ചയുള്ള മലയിടുക്കിലേക്കു വീണാണു ജിഗി വു മരണപ്പെട്ടതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
താന്‍ കീഴടക്കുന്ന സ്ഥലങ്ങളില്‍നിന്നെല്ലാം ബിക്കിനി സെല്‍ഫികള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും കുറിപ്പുകളും പോസ്റ്റു ചെയ്താണു ജിഗി സമൂഹമാധ്യമങ്ങളില്‍ താരമായത്. 25 ദിവസമായി ഒറ്റയ്ക്കുള്ള ട്രക്കിങ്ങിനെയാണു അപകടം.
വീഴ്ചയില്‍ കാലിനു ഗുരുതരമായി പരുക്കേറ്റ് അനങ്ങാനാവാതെ കിടക്കുകയായിരുന്നു ജിഗി. ഫോണിലൂടെ അടിയന്തര രക്ഷാപ്രവര്‍ത്തന സേനയെ വിവരമറിയിച്ചു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്നു രക്ഷാപ്രവര്‍ത്തനം അപകടം പിടിച്ചതും ദുഷ്കരവുമായി.
28 മണിക്കൂറിനു ശേഷമാണു രക്ഷാപ്രവര്‍ത്തകര്‍ക്കു ജിഗിയുടെ അടുത്തെത്താനായത്. മൂന്നു തവണ ഹെലികോപ്ടറില്‍ പ്രദേശത്ത് എത്തിയെങ്കിലും ജിഗിയെ കണ്ടെത്താനായില്ല. മലയിടുക്കില്‍ വളരെയധികം മഞ്ഞും തണുപ്പുമായിരുന്നു. എയര്‍ ലിഫ്റ്റ് വഴി മലയിടുക്കില്‍നിന്നു പൊക്കിയെടുത്തെങ്കിലും രക്ഷിക്കാനായില്ല.
കൊടുംതണുപ്പില്‍ ശരീരത്തിലെ ചൂട് ക്രമാതീതമായി നഷ്ടപ്പെടുന്ന ഹൈപോതെര്‍മിയ മൂലമാണു ജിഗി മരണപ്പെട്ടതെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ജിഗിയുടെ ഫെയ്സ്ബുക് പേജില്‍ ലോകമെങ്ങുമുള്ള ആരാധകരുടെ അനുശോചന സന്ദേശങ്ങള്‍ നിറയുകയാണ്.
Comments