Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സമൂഹത്തിന്റെ സ്പന്ദനമറിയുന്ന എഴുത്തുകാരി (വാസുദേവ് പൂളിക്കല്‍)

Picture

ചെറുകഥകളിലൂടെ സാഹിത്യരംഗത്തേക്ക് കടന്നു വന്ന എഴുത്തുകാരിയാണ് ശ്രീമതി സരോജ വര്‍ഗ്ഗീസ്. സാഹിത്യരംഗത്തെന്നെ പോലെ സാമുഹിക-ആദ്ധ്യാത്മിക രംഗത്തും മായാത്ത പുഞ്ചിരിയുമായി നിറഞ്ഞു നില്‍ക്കുന്ന ഒരു വ്യക്തിപ്രഭാവമാണ് ശ്രീമതി സരോജ. പ്രവാസിയായെങ്കിലും ജനിച്ചു വളര്‍ന്ന വീടും ആ കൊച്ചു ഗ്രാമവും നിഷ്ക്കളങ്കരായ ബാല്യകാല സഖികളും എന്റെ സ്മൃതിപഥത്തില്‍ മായാതെ നിന്‍ല്‍ക്കുന്നെന്നും ഞങ്ങള്‍ ഓടിക്കളിച്ചിരുന്ന പുല്‍മേടുകളും അവിടവിടയായി ഒഴുകുന്ന കൊച്ചരുവികളും എല്ലാം എല്ലാം മധുര സ്മരണകളായി എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട് എന്നും ശ്രീമതി സരോജ എഴുതിയിട്ടുള്ളത് ആത്മാര്‍ത്ഥതയുടെ നിറവിലാണെന്ന് ശ്രീമതി സരോജയുടെ കഥകള്‍ വായിച്ചാല്‍ ബോധ്യമാകും. മുത്തശ്ശിയില്‍ നിന്നും മധുരിക്കുന്ന കൊച്ചു കൊച്ചു കഥകള്‍ കേട്ട് വളര്‍ന്നതുകൊണ്ടായിരിക്കാം ശ്രീമതി സരോജയുടെ
കഥകള്‍ മധുരക്കനികളായത്. ആദ്ധ്യാത്മിക തല്‍പരയായ ശ്രീമതി സരോജ ആത്മവിദ്യ അഭ്യസിച്ചതു കൊണ്ടായിരിക്കണം എഴുത്തുകളിലുടനീളം പ്രശാന്തതയുടെ നിഴല്‍ പരത്താന്‍ സാധിച്ചത്. സരോജ വര്‍ഗ്ഗിസ് എത്രമാത്രം ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു എന്ന് ശ്രീമതി സരോജയെ തേടിയെത്തിയ അവാര്‍ഡുകള്‍ വ്യക്തമാക്കുന്നു.

ശ്രീമതി സരോജ വര്‍ഗ്ഗീസിന്റെ "സഞ്ചാരം, സഹിത്യം, സന്ദേശം' എന്ന പുസ്തകം വായിക്കാന്‍ ഈയ്യിടെയാണ് സാധിച്ചത്. തലക്കെട്ട് സൂചിപ്പിക്കുന്നതു പോലെ സഞ്ചാരസാഹിത്യവും സന്ദേശങ്ങള്‍ അടങ്ങുന്ന ലേഖനങ്ങളും ഒരു ലഘു നോവലുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ലോകം ചുറ്റിക്കറങ്ങമ്പോള്‍ കണ്ട പ്രദേശങ്ങളെപറ്റി യാത്രാവിവരണം എഴുതുന്നത് എഴുത്തുകാരുടെ ഒരു സ്വഭാവവിശേഷമാണ്. യാത്രാവിവരണത്തെ സാഹിത്യത്തിന്റെ തലത്തിലേക്കുയര്‍ത്തി ശ്രീമതി സരോജ എഴുതിയ സഞ്ചാര സാഹിത്യം മികവുറ്റ ഒരു സാഹിത്യ രചനയാണ്. സഞ്ചാര സാഹിത്യം വായിക്കുമ്പോള്‍ വായനക്കാരുടെ മനസ്സില്‍ കാണാത്ത പ്രദേശങ്ങള്‍ കണ്ണില്‍ കണ്ട അനുഭൂതിയുളവാക്കുന്നതിലാണ് സഞ്ചാര സാഹിത്യ രചനയുടെ വിജയമിരിക്കുന്നത്. ശ്രീമതി സരോജ ഈ ലക്ഷ്യം. കൈവരിച്ചതായി കാണാന്‍ സാധിക്കും. സഞ്ചാര സാഹിത്യത്തിന്റെ തുടക്കം കേരളത്തില്‍ നിന്നാണ്. കേരളത്തിലെ മനോഹരമായ പ്രകൃതി സൗന്ദര്യത്തേക്കാള്‍ നട്ടു വളര്‍ത്തിയ പച്ചമരുന്ന് തോട്ടങ്ങള്‍ ശ്രീമതി സരോജയെ ആകര്‍ഷിച്ചത് ശാരീകാസ്വസ്ഥക്ക് ചികത്സക്കായി എത്തിയതു കൊണ്ടായിരിക്കാം. മലയാറ്റൂര്‍മല മുത്തപ്പനെ കാണാനുള്ള ആകാംക്ഷയോടെ മലയാറ്റൂര്‍ എത്തിയെങ്കിലും മലകേറാനുള്ള ബുദ്ധിമുട്ടു കാരണം മടങ്ങിയത് നിരാശയോടെ കുറിച്ചിട്ടത് വായിച്ചപ്പോള്‍ എന്റെ ഹൈസ്കൂള്‍/കോളേജ് കാലത്ത് പൊന്നും കുരിശു മലമുത്തപ്പോ പൊന്മല കേറ്റം എന്ന്
സംഗീതാത്മകമായി ആലപിച്ചു കൊണ്ട് മലയാറ്റൂര്‍മല കയറിയത് ഓര്‍മ്മയെ തഴുകിപ്പോയി. തോമാശ്ലീകയുടേതെന്ന് പറയപ്പെടുന്ന മലമുകളിലെ പാറയിലെ കാല്‍പ്പാടുകള്‍ കണ്ട് മടങ്ങുമ്പോള്‍ തോമാശ്ലീഹയുടെ കേരള സന്ദര്‍ശനം വിവാദ വിഷയമായതിനെ പറ്റി ചിന്തിച്ചു. പിന്നീടുള്ള യാത്ര കാനനഭംഗി ആസ്വദിച്ചുകൊണ്ട് മതത്തിന്റെ വിഭാഗീയതകളില്ലാത്ത അയ്യപ്പസന്നിധാനത്തിലേക്കായിരുന്നു. പമ്പയില്‍ എത്തി കുളിര്‍മയുള്ള വെള്ളത്തില്‍ കാല്‍ തോട്ടപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോര്‍ഡാന്‍ നദിയില്‍ ഇറങ്ങി നിന്ന ഓര്‍മ്മ വന്നു എന്ന് സഞ്ചാരി കുറിച്ചിടുന്നു. പിന്നീടുള്ള മലകയറ്റം കഠിനമെന്ന് കരുതി പമ്പയുടെ ഉത്ഭവം കണ്ട സംതൃപ്തിയില്‍ മടങ്ങുമ്പോള്‍ ക്ഷേത്രനടയില്‍ എഴുതി വെച്ചിക്കുന്ന "തത്വമസി'യെ പറ്റി ഓര്‍ത്ത്, ദൈവം എല്ലാവരുടേയും മനസ്സിലുണ്ട് എന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നു. മനുഷ്യന്റെ ഈശ്വരനെ തേടിയുള്ള അലച്ചിലിന് അവസാനമില്ല. പിണ്യസഥലങ്ങള്‍ സന്ദര്‍ശിച്ച് ക്ഷേത്രങ്ങളിലും ആരാധാനാലയാങ്ങളിലും കൈ കൂപ്പി നിന്ന് പ്രാര്‍ത്ഥിച്ചാലെ ദൈവസന്നിധിയില്‍ എത്താന്‍ സാധിക്കുകയുള്ളൂ എന്ന മിദ്ധ്യാധാരണ മനുഷ്യരെ കീഴ്‌പ്പെടുത്തി ക്കൊണ്ടിരിക്കുന്നു. വെളുപ്പിന് ദേവാലയങ്ങളിന്‍ നിന്ന് അന്തരീക്ഷത്തില്‍ മുഴങ്ങുന്ന പ്രാര്‍ത്ഥന എന്തിന് എന്ന ചോദ്യവുമായി ശ്രീമതി സരോജ നില്‍ക്കുന്നു. ഓരോ മതസ്ഥരും അവരുടെ പ്രതാപം കാണിക്കുകയാണ്. മതേതരത്വത്തിനു പകരം കേരളത്തില്‍ വളര്‍ന്നു വരുന്നത് മതമൗലികതയാണ്. മതങ്ങള്‍ തമ്മില്‍ പൊരുതി ജയിപ്പതസാധ്യമെന്ന് മനസ്സിലാക്കാതെ എന്റെ മതമാണ് നിന്റെ മതത്തിനേക്കാള്‍ മുന്തിയത് എന്ന പ്രചാരണത്തിന്റെ ഭാഗമാണ് ഉച്ച ഭാഷിണിയില്‍ കൂടി ആലപിക്കുന്ന ഈ പ്രാത്ഥനകളും കീര്‍ത്തനങ്ങളും. വെളുപ്പിനുള്ള സുഖനിദ്രക്ക് ഭംഗം വരുത്തിക്കൊണ്ട് വാങ്കു വിളിയും പ്രാര്‍ത്ഥനകളൂം ഉച്ചഭാഷിണിയിലൂടെ മുഴങ്ങിക്കേള്‍ക്കുമ്പോള്‍ കരഞ്ഞ് നമ്മെ ഉറക്കത്തില്‍ നിന്നുണര്‍ത്തുന്ന ചീവീടുകളെ പോലെ മതങ്ങള്‍ മത്സരിച്ച് കരയുകയാണ് എന്നു വേണം കരുതാന്‍. വാങ്കു വിളിയും മണിനാദവും ശംഖുനാദവും സമന്വയിക്കുന്ന ഏകരാഗസംഗീതമാണ് സമൂഹനന്മക്കാവശ്യം എന്ന പക്ഷത്താണ് ഗന്ഥകാരി.

പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാന്‍ മൂന്നാറില്‍ എത്തിയപ്പോള്‍ എഴുത്തുകാരിയെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് പൂത്തുലഞ്ഞു നില്‍ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളാണ്, നീലക്കുറിഞ്ഞിപ്പൂക്കള്‍ കമിതാക്കളൂടെ മനസ്സില്‍ പേമമുണര്‍ത്തുന്ന പ്രതീകമാണെന്നും മുരുകന്‍ നീലക്കുറിഞ്ഞിപ്പൂക്കള്‍ കൊണ്ട് കോര്‍ത്ത മാല ചാര്‍ത്തിയാണ് വള്ളിയെ വിവാഹം കഴിച്ചതെന്നും മറ്റും വായിച്ചപ്പോള്‍ നീലക്കുറിഞ്ഞിപ്പൂക്കള്‍ക്ക് ജീവിതത്തിന്റെ വിഭിന്ന ഭാവങ്ങളെ തൊട്ടുണര്‍ത്താനുള്ള മാസ്മരശക്തിയുള്ളതായി തോന്നി. സിംഗപ്പൂരില്‍ മറീന ഉള്‍ക്കടലില്‍ നിര്‍മ്മിച്ചിരിക്കുന്ന പൊങ്ങിക്കിടക്കുന്ന മൈതാനവും സിംഗപ്പുര്‍ ഫ്‌ളയര്‍ എന്നറിയപ്പെടുന്ന യന്ത്ര ഊഞ്ഞാലും മലേഷ്യയിലെ സുല്‍ത്താന്റെ കൊട്ടാരവും ഇരട്ട സൗധങ്ങളും മറ്റും കണ്ട് ജപ്പാനില്‍ എത്തി കാഴ്ചകള്‍ കണ്ടപ്പോള്‍ ഹൃദയം കലുഷമായി. നാഗസാകിയിലും ഹിരോഷിമയിലും അമേരിക്കയുടെ
ബോബാക്രണത്തില്‍ കത്തിക്കരിഞ്ഞ് ചാമ്പലായ മനുഷ്യരെ പറ്റി ഓര്‍ത്തപ്പോള്‍ ശ്രീമതി സരോജയുടെ ഹൃദയം വിങ്ങി. അങ്ങനെ ഒരാക്രമണത്തിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയായി ജപ്പാന്‍കാരുടെ അഹങ്കാരത്തിന് അറുതി വരുത്താന്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ടത് ബോബുകളുടെ
രൂപത്തിലാണെന്ന് പറയേണ്ടി വരും. പേള്‍ ഹാര്‍ബറില്‍ നിരപരാധികളുടെ ജീവനെടുത്തത് ജപ്പാന്റെ അഹങ്കാരവും അധികാരമോഹവും മൂലമാണ്. സത്യമേവ ജയതെ, സത്യം അമേരിക്കയുടെ പക്ഷത്തായിരുന്നു. സത്യത്തിന്റെ വിജയം ക്രൂരതയായി കണക്കാക്കേണ്ടതില്ല. സഞ്ചാരികള്‍ കാഴ്ചകള്‍ കണ്ട് ആസ്വദിക്കുന്നതില്‍ മാത്രം മുഴുകിയിരിക്കുമ്പോള്‍ സന്ദര്‍ശിച്ച പ്രദേശങ്ങളുടെ ചരിത്ര പാശ്ചാത്തലത്തെപറ്റി അന്വേഷിക്കാറില്ല. അറിവിന്റെ ഔന്നത്യത്തിലേക്ക് ആരോഹണം ചെയ്യാന്‍ ആഗ്രഹിക്കുന്ന സഞ്ചാരി ഒരറിവും ഒരിക്കലും പൂണ്ണമല്ല എന്ന് മനസ്സിലാക്കി അറിവിനായി തുറക്കാവുന്ന കാവാടങ്ങളെല്ലാം തുറന്നു നോക്കാനുള്ള ജിജ്ഞാസയോടെ
സന്ദര്‍ശിച്ച പ്രദേശങ്ങളുടെ ചരിത്രവും കൂടി സഞ്ചാര സാഹിത്യത്തിലേക്ക് സംക്രമിപ്പിക്കുമ്പോള്‍ ആ സാഹിത്യ രചനക്ക് മികവ് വര്‍ദ്ധിക്കുന്നു, പൂര്‍ണ്ണതയിലെത്തുന്നു, ഈ സവിശേഷത ശ്രീമതി സരോജ വര്‍ഗ്ഗീസിന്റെ സഞ്ചാര സാഹിത്യത്തില്‍ കാണാം.

സന്ദേശങ്ങള്‍ക്ക് മരണമില്ല. മാനുഷീക മൂല്യങ്ങളെപറ്റി ഉല്‍ബോധനം നല്‍കുന്ന സന്ദേശങ്ങള്‍ മനുഷ്യര്‍ക്ക് മാര്‍ഗ്ഗദര്‍ശനമായിരിക്കും. സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നല്ലവരായി സാമൂഹ്യനന്മയെ ലക്ഷ്യമാക്കി ജീവിക്കണമെന്നായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ സംഘര്‍ഷങ്ങളില്‍ ജീവിതത്തിന്റെ സന്തുലിതാവസ്ഥ തന്നെ മാറി മറിയുമ്പോള്‍ അക്ഷമരാകുന്ന മനുഷ്യരുടെ വാക്കുകള്‍ കര്‍ക്കശമാകുന്നു, അവരുടെ പെരുമാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്നു. ജനങ്ങള്‍ക്ക് നേര്‍വഴിയുടെ സന്ദേശവുമായി മറ്റൊരു ഭാവത്തില്‍ ശ്രീമതി സരോജ നില്‍ക്കുന്നു. "സൗഹൃദത്തിന്റെ സുകൃതവും ക്ഷമാശീലവും അന്ധകാരത്തിലെ നുറുങ്ങു വെട്ടം പോലെ പ്രകാശിപ്പിച്ച്, സംഭാഷണവും പെരുമാറ്റവും മയപ്പെടുത്തി അസൂയ ഔഷധമില്ലാത്ത മഹാവ്യാധിയായി തീര്‍ക്കാതെ ചേതനകളെ നശിപ്പിക്കുന്ന ഭയത്തില്‍ നിന്ന് വിമുക്തരായി സ്‌നേഹം ജീവിതത്തിന്റെ ചൈതന്യ സ്രോതസ്സാക്കി ജീവിതത്തില്‍ സുഗന്ധത്തിന്റെ പൂക്കളം തീര്‍ത്ത് മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കപ്പുറം കടന്ന് അപകര്‍ഷതാബോധത്തിനടിമയാകാതെ" ജീവിതത്തെ ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കുന്ന സന്ദേശങ്ങളാണ് ശ്രീമതി സരോജ നല്‍കുന്നത്. അതുകൊണ്ട് തന്നെ ആ സന്ദേശങ്ങള്‍ക്ക് അസ്ഥിത്വമുണ്ട്.

യുവതലമുറയുടെ ഭാവിയെപറ്റിയുള്ള വ്യാകുലതയോടെ ആരംഭിക്കുന്ന സന്ദേശത്തില്‍ കുട്ടികളില്‍
മൂല്യബോധവും സംസ്കാരവും വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ മതാപിതാക്കള്‍ പിന്നോക്കം പോകാതെ അവര്‍ക്ക് ജീവിതത്തില്‍ മുന്നേറാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്ത് പ്രോത്സാഹനം നല്‍കണമെന്ന് നിഷ്ക്കര്‍ഷിക്കുന്നത് തികച്ചും ന്യായീകരിക്കാവുന്നതാണ്. എത്രയൊക്കെ സ്‌നേഹവും പരിചരണവും നല്‍കി വളര്‍ത്തിയാലും കുട്ടികള്‍ അഹങ്കാരത്തിന്റെ വിത്തുകളായി അപഥസഞ്ചാരികളാകുന്നെങ്കില്‍ അത് വിധി എന്നു കരുതി സമാധാനിക്കാനേ നിവൃത്തിയുള്ളൂ. പലപ്പോഴും വിധിയുടെ മറവിലാണല്ലോ മനുഷ്യര്‍ സാന്ത്വനം കണ്ടെത്തുന്നത്. സ്വന്തം മകന്റെ നേരെ നിറയൊഴിക്കുന്ന പിതാവിനും ന്യായീകരണമുണ്ടാകും. സ്ര്തീകള്‍ എഴുതുന്നതിനെ ചിലര്‍ വിമര്‍ശനാത്മകമായി സമീപിക്കുന്നുണ്ട്. അത്് ഞാന്‍ കേമന്‍ എന്ന ചിന്തയുടെ പരിണിതഫലമാണ്. സ്ര്തീകള്‍ എഴുതുന്നതില്‍ എത്രയൊക്കെ സാഹിത്യമൂല്യമുണ്ടെങ്കിലും പെണ്ണെഴുത്ത് എന്ന് പറഞ്ഞു പുരുഷമേധാവിത്വം അവഹേളിക്കുന്നത് പാമ്പുകള്‍ക്ക് മാളമുണ്ടോ എന്ന് ചോദിക്കുന്നതു പോലെയാണ്. പൊത്തില്‍ കയ്യിട്ടാല്‍ പാമ്പുകള്‍ക്ക് മാളമുണ്ടോ എന്ന സംശയം തീരും. സ്ര്തീകള്‍ക്ക് സ്വതന്ത്രമായി എഴുതാന്‍ ആരുടേയും അംഗീകാരത്തിന്റെ ആവശ്യമില്ല എന്ന ശ്രീമതി സരോജയുടെ സന്ദേശം പുരുഷമേധാവികളുടെ കണ്ണു തുറപ്പിക്കുമായിരിക്കും. സ്ര്തീകളെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിലുള്ള അമര്‍ഷം ശ്രീമതി സരോജ വീണ്ടും പ്രകടിപ്പിക്കുന്നു. ഭാരതീയ സംസ്ക്കാരത്തില്‍ വിവാഹിതരാകതെ സ്ര്തീകള്‍ പ്രസവിക്കുമ്പോള്‍ ഒറ്റപ്പെടുത്തുന്നത് സ്ര്തീകളെ മാത്രം. അവര്‍ക്ക് ഗര്‍ഭം സാമ്മാനിച്ചുകൊണ്ട് നിര്‍ദ്ദയരായ പുരുഷന്മാര്‍ അപ്രത്യക്ഷരാകുന്നു. അവിഹിത ഗര്‍ഭത്തില്‍ നിന്ന് ജനിക്കുന്ന കുട്ടികള്‍ അച്ഛനില്ലാത്തവര്‍ എന്ന അവഹേളനം മനോവേദനയോടെ അനുഭവിക്കുന്നതു കാണുമ്പോള്‍ അച്ഛനില്ലാത്ത കുട്ടികള്‍ എന്ന പദപ്രയോഗത്തിന് പകരം അച്ഛന്‍ ഉപേക്ഷിച്ചു പോയ കുട്ടികള്‍ എന്നാകണം എന്ന് ശ്രീമതി സരോജ ഒരു സന്ദേശമെന്നോണം സമൂഹത്തെ ആഹ്വാനം ചെയ്യുന്നു. പാതിവൃത്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നവരാണ് ഭാരതീയ സ്ര്തീകള്‍. പാതിവൃത്യവും ഏകപത്‌നീവൃതവും ബ്രഹ്മചര്യവും അനുഷ്ഠിക്കുന്നവരെ അത്ഭുതത്തോടും ആദരവോടുമാണ് സാധാരണക്കാര്‍ കാണുന്നത്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവര്‍ ആദ്ധ്യാത്മിക ബോധത്തിന്റെ ഔന്നത്യത്തില്‍ എത്തിയവരായി കണക്കാക്കി ഭാരതീയര്‍ അവരെ ബഹുാനിക്കൂന്നു. എന്നാല്‍, അമേരിക്കന്‍ സംസ്ക്കാരത്തില്‍ അതൊരു പോരായ്മയാണ്, രോഗമാണ് എന്ന് കണക്കാക്കി അവര്‍ക്ക് സ്ര്തീസമ്പര്‍ക്കത്തിന് താല്‍പര്യമുണ്ടാകാന്‍ വേണ്ട ചികത്സ നല്‍കുന്നു. വിവാഹത്തിലൂടെ വേണം കുട്ടികള്‍ ഉണ്ടാകാന്‍ എന്ന് നിര്‍ബ്ബന്ധവുമില്ല. ഈ കാഴ്ച്ചപ്പാടില്‍ ബ്രഹ്മചാരികള്‍ മാനസിക രോഗികളാണ്. അതിന്റെ ലക്ഷണങ്ങള്‍ നമ്മള്‍ കാണൂന്നുമുണ്ടല്ലോ. നമ്മള്‍ ജീവിക്കുന്ന സംസ്ക്കാരത്തെപറ്റി നമ്മള്‍ ബോധമുള്ളവരായിരിക്കണം എന്ന് ശ്രീമതി സരോജ നിര്‍ഷ്ക്കര്‍ഷിക്കുന്നു. മനസ്സില്‍ തങ്ങി നില്‍ക്കുന്ന ശ്രീമതി സരോജയുടെ സന്ദേശ പ്രവാഹത്തിലൂടെ ഒഴുകി നടക്കുന്നതില്‍ സുഖം കാണാത്തവര്‍ ഉണ്ടാകാന്‍ സാധ്യതയില്ല.

പ്രകൃതിക്ഷോഭം കൊണ്ട് എല്ലാം നശിച്ച് വെറും കയ്യോടെ മനുഷ്യര്‍ നില്‍ക്കുമ്പോള്‍ പ്രകൃതിനിയമനുസരിച്ച് ജീവിക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ വിഷമമാണ്. പക്ഷെ നിസ്സഹായരായി നോക്കി നില്‍ക്കാനല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ച് പാപ്പരാവസ്ഥയിലാണ് "മിനിക്കുട്ടി എന്ന സൂസമ്മ' എന്ന നോവലിലെ മത്തായിച്ചന്‍. ഈ വര്‍ഷവും പ്രകൃതിക്ഷോഭമുണ്ടായാല്‍ ബങ്കില്‍ നിന്നെടുത്ത കടം തീര്‍ക്കാനാകാതെ കിടപ്പാടം നഷ്ടപ്പെടുമെന്ന വ്യസനത്തിലാണയാള്‍. മത്തായിച്ചനെ പോലെ എത്ര പേരുണ്ട് ഈ സമൂഹത്തില്‍! കടം കേറി ആത്മഹത്യ ചെയ്തവരുടെ കഥയോര്‍ത്ത് മത്തായിച്ചന്‍ ഒന്ന് ഞെട്ടി. ആത്മഹത്യ ഒന്നിനും പരിഹാരമാര്‍ഗ്ഗമല്ലെന്നും കൂലി വേല ചെയ്താണെങ്കിലും കുടുംബം പോറ്റുമെന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോയ മത്തായിച്ചന് അതു തന്നെ ചെയ്യേണ്ടി വന്നു. മത്തായിച്ചനെ പ്രകൃതി കനിഞ്ഞില്ല. മത്തായിച്ചന്റെ വീട് ജപ്തി ചെയ്യപ്പെട്ടു. ഭാര്യയും കൗമാരപ്രായത്തില്‍ എത്തി നില്‍ക്കുന്ന രണ്ട് പെണ്‍മക്കളുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്ന ഒരു
കുടുംബനാഥന്റെ മനോവേദന വായനക്കാരുടെ ഹൃദയത്തില്‍ തട്ടത്തക്കവണ്ണം നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നു. കര്‍ത്താവ് കരുണയുള്ളവനാണെന്ന് കൂടെ കൂടെ പറയുന്ന മത്തായിച്ചന്റെ ഭാര്യ കര്‍ത്താവിന്റെ കരുണക്ക് പാത്രമാകാതെ ദുരവസ്ഥയില്‍ ആണ്ടുപോയപ്പോഴും കര്‍ത്താവിനെ തന്നെ അഭയം പ്രാപിക്കുമ്പോള്‍ ദുരിതങ്ങള്‍ ദൈവവിശ്വാസത്തിന് പോറലേല്‍ക്കാന്‍ ഇടയാകരുതെന്ന് നോവലിസ്റ്റ് ഓര്‍മ്മപ്പെടുത്തുന്നു.

ദുഃഖത്തില്‍ പൊതിഞ്ഞ കഥയുമായി നോവലിസ്റ്റ് മുന്നോട്ടു പോകുമ്പോള്‍ മത്തായിച്ചന്റെ ജീവിതത്തില്‍ ഒരു നല്ല കാലം വരില്ലേ എന്ന് വായനക്കാര്‍ ചോദിച്ചേക്കാം. അതിന് ഉത്തരമെന്നോണം മത്തായിച്ചന്റെ ജീവിതത്തില്‍ പ്രതീക്ഷകളുടേയും സന്തോഷത്തിന്റേയും നാളുകള്‍ കടന്നു വരാന്‍ തുടങ്ങി. മൂത്ത മകള്‍ സൂസമ്മ വികാരിയച്ഛന്റെ കാരുണ്യം കൊണ്ട് നേഴ്‌സിംഗ് പഠിച്ച് ജോലിക്കാരിയായി വീട്ടുകാരെ
സംരക്ഷിക്കാന്‍ തുടങ്ങി. എന്നാല്‍ ആ സൗഭാഗ്യം ദീര്‍ഘനാള്‍ നീണ്ടു നിന്നില്ല. പ്രാരബ്ധക്കാരനായ ഒരു കുടുമ്പനാഥന്റെ നിസ്സഹായാവസ്ഥ തുടക്കത്തില്‍ തന്നെ വായനക്കാരില്‍ ജിജ്ഞാസയുളവാക്കിക്കൊണ്ട് ആവിഷ്ക്കരിച്ചിരിക്കുന്ന നോവല്‍ സുസമ്മയുടെ ജീവിതത്തിലേക്കെത്തുമ്പോള്‍ സങ്കീര്‍ണ്ണതയിലേക്ക് കാലു കുത്തുന്നതായി കാണാം. വിധി സൂസമ്മയുടെ മേല്‍ താണ്ഡവ നൃത്തം തുടങ്ങി. സൂസമ്മ ബലാല്‍സംഗം ചെയ്യപ്പട്ടു. അവള്‍ ഗര്‍ഭിണിയായി. അവളുടെ സ്വപ്നങ്ങള്‍ കൊഴിഞ്ഞു വീണു. ജോലി നഷ്ടപ്പെട്ടു. അവിഹിത ഗര്‍ഭത്തിന് സമൂഹത്തിന്റെ കുറ്റപ്പെടുത്തലിന് പാത്രീഭവിക്കുന്നത് സ്ര്തീ തന്നെ. അവളെ ബലാത്സംഗം ചെയ്തതാരെന്ന് അറിയാനോ അയാളെ കുറ്റപ്പെടുത്താനോ സമൂഹം മെനക്കാടാറില്ല. പുരുഷന്‍ കേമന്‍. സ്ര്തീ എവിടേയും പരീക്ഷക്കപ്പെടുന്നു. ഇക്കാര്യത്തില്‍ ഒരു സാമൂഹ്യ പരിവര്‍ത്തനത്തിന്റെ അനിവാര്യത തള്ളിക്കാളയാനാവില്ല. സൂസമ്മ "പടു രാക്ഷസ ചക്രവര്‍ത്തിയെന്നുടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ" എന്ന് ചോദിക്കുന്ന സീതയെ അനുസ്മരിപ്പിക്കുന്നു. ഒരു തെറ്റൂം ചെയ്യാതെ ചതിയില്‍ അകപ്പെട്ട് അപമാനിതയായ സൂസമ്മ ഭൂമി പിളര്‍ന്ന് കീഴ്‌പ്പോട്ട് പോയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നതും സീതയുടെ ചിന്തയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ചിന്തയുടെ ലോകത്ത് കുറ്റപ്പെടുത്തലിന് സ്ഥാനമില്ല. അങ്ങനെ ചിന്തിക്കാമായിരുന്നില്ലേ, ഇങ്ങനെ ചിന്തിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് പ്രസ്ക്തിയില്ല. അങ്ങനെ ചിന്തിച്ചതെന്തുകൊണ്ട് എന്നതിനേ പ്രസക്തിയുള്ളൂ. മനം തകര്‍ത്ത വ്യസനത്തില്‍ നിന്ന് ഉടലെടുത്തതാണ് സൂസമ്മയുടെ ചിന്തകള്‍. നോവലിസ്റ്റ് അവതരിപ്പിക്കുന്ന സൂസമ്മ സ്വന്തം ആത്മാവിലെ പുരുഷന്മാരുടെ
നികൃഷ്ട പ്രവൃത്തികളോടുള്ള എതിര്‍പ്പിന്റെ ഒരു പ്രതിച്ഛായയാണ്. സൂസമ്മയുടെ ശോകഭാരം ഏറ്റു വാങ്ങുന്ന വായനക്കാര്‍ അവരുടേതായ ഒരു സൂസമ്മയെ ആവിഷ്ക്കരിച്ച് പുരുഷമേധാവിത്വത്തിനെതിരെ സ്വരമുയര്‍ത്തുമെന്ന ചിന്തയും കഥാകാരിക്കുണ്ടാവാം. സമ്‌വൂഹത്തിന്റെ വൈരുദ്ധ്യ പ്രവണതളെ
എഴുത്തുകാരിയുടെ പ്രതിഭയില്‍ സുസമ്മയെ കരുവാക്കി അവതരിപ്പിക്കുന്നു. നോവലിസ്റ്റിന്റെ ഈ സമീപനം തികച്ചും മനഃശസ്ര്തപരമാണ്. കൊലപാതകം പാപമാണെന്നറിയുന്നതു കൊണ്ടായിരിക്കാം അവള്‍ ഗര്‍ഭശിശുവിനെ നശിപ്പിക്കാന്‍ തയ്യാറാകാതിരുന്നത്. ജീവിതം വഴിമുട്ടി നിന്നപ്പോള്‍ ദൈവദൂതന്മാരെപ്പോലെ ഉദയവര്‍മ്മ-രാജശ്രീ ദമ്പതിമാര്‍ സൂസമ്മയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് അവള്‍ക്ക് അഭയം നല്‍കി. യാഥാസ്ഥികരായ മാതാപിതാക്കളുള്ള വീട്ടിലേക്ക് രാജശ്രീ സൂസമ്മയെ മിനിക്കുട്ടിയായിട്ടാണ് കൂട്ടിക്കൊണ്ടു പോകുന്നത്. നിലനില്‍പ്പിന് വേണ്ടി സ്വന്തം വ്യക്ത്യിത്ത്വം പോലും ബലിയര്‍പ്പിക്കേണ്ടി വന്ന സൂസമ്മയുടെ
മനോവ്യഥ ഊഹിക്കാവുന്നതേയുള്ളൂ. മതവിവേചനങ്ങള്‍ക്ക് അറുതി വരാന്‍ ഇനിയും എത്ര നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരും!

പട്ടാളമേധാവി ഉദയവര്‍മ്മ തന്റെ ജോലിസ്ഥലമായ കാഷ്മീരിലേക്ക് സുസമ്മയേയും കൂട്ടിക്കൊണ്ട് പോയത് വെറുതെ ആയിരുന്നില്ല. മക്കളില്ലാത്ത ദുഃഖത്തില്‍ കഴിയുന്ന, സ്വന്തം സഹോദരിയെ പോലെ താന്‍ സ്‌നേഹിച്ചിരുന്ന രാജശ്രീക്ക് തന്റെ പ്രസവിക്കാനിരിക്കുന്ന കുഞ്ഞിനെ കൊടുക്കാന്‍ തയ്യാറായെങ്കിലും ജീവനില്ലാത്ത കുഞ്ഞിനെയാണ് സൂസമ്മ പ്രസവിച്ചത്. ഉദയവര്‍മ്മ-രാജശ്രീ ദമ്പതിമാര്‍ മറ്റൊരു പദ്ധതിയുമായി സൂസമ്മയെ സമീപിച്ചു. സൂസമ്മയുടെ ഗര്‍ഭപാത്രം വാടകക്കെടുത്ത് ഉദയവര്‍മ്മയുടെ ബീജം സൂസമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെട്ടു. സൂസമ്മ പ്രസവിച്ചപ്പോള്‍ കുഞ്ഞിനെ ഒന്നു കാണാനും വാരിപ്പുണര്‍ന്നുമ്മ വയ്ക്കാനും സൂസമ്മയുടെ ഹൃദയം തുടിച്ചുവെങ്കിലും ഉദയവര്‍മ്മ-രാജശ്രീ ദമ്പതിമാര്‍ അനുവദിച്ചില്ല. അവളുടെ മാതൃഹൃദയം തേങ്ങി. ചെറുപ്പത്തില്‍ പട്ടാളത്തില്‍ ചേര്‍ന്ന അയല്‍ക്കാരന്‍ അജിത്തിനെ സൂസമ്മ കാശ്മീരില്‍ വെച്ച് പരിചയപ്പെട്ടിരുന്നു. സൂസമ്മയുടെ ജീവിതത്തിന്റെ അകവും പുറവും അറിഞ്ഞിരുന്ന അജിത് സൂസമ്മയെ സ്വീകരിക്കാന്‍ തയ്യാറായി. ഇതിനിടക്ക് നാട്ടിലേക്ക് പോയ സൂസമ്മ താന്‍ പ്രസവിച്ച കുഞ്ഞിനെ ഒന്ന് കാണാനും മാറോട് ചേര്‍ത്ത് പിടിക്കാനുമുള്ള വെമ്പലോടെ അജിത്തിനോടൊപ്പം വീണ്ടും കാശ്മീരില്‍ എത്തിയെങ്കിലും ഉദയവര്‍മ്മ സ്ഥലം മാറിപ്പോയതുകൊണ്ട് കുഞ്ഞിനെ കാണാന്‍ സാധിച്ചില്ല. തന്നെയുമല്ല താന്‍ മാറിപ്പോയ സ്ഥലത്തെപറ്റി ആരും അറിയാതിരിക്കാനുള്ള ഏര്‍പ്പാടൂം ഉദയവര്‍മ്മ ചെയ്തിരുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ തന്നെ അവര്‍ ചേര്‍ത്തു പിടിച്ചത് സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടിയാണെന്നും നേരത്തെ കരുതിയതുപോലെ അവര്‍ ദൈവദൂതന്മാരല്ല, സാത്താന്റെ സന്തതികളാണെന്നും സുസമ്മക്ക് ബോധ്യമായി. കാഷ്മീരിലേക്ക് തിരിച്ചു വരാതിരിക്കാന്‍ വേണ്ടിയായിരിക്കണം ഉദയവര്‍മ്മ സൂസമ്മക്ക് ബാഗ്ലൂരില്‍ ഒരു ജോലി തരപ്പെടുത്തിക്കൊടുത്തത്. ഉദയവര്‍മ്മ-രാജശ്രീ ദമ്പതിമാര്‍ സൂസമ്മയെ സഹായിച്ചുവെങ്കിലും ക്രൂരമായ സ്വാര്‍ത്ഥതയുടെ പ്രതിനിധികളായാണ് അവര്‍ ചിത്രീകരിക്കപ്പെടുന്നത്. അവര്‍ സ്‌നേഹം നടിക്കുകയായിരുന്നു. സ്‌നേഹം നടിക്കാനുള്ളതല്ല, ആത്മാര്‍ത്ഥതയോടെ പ്രകടിപ്പിക്കാനുള്ളതാണ്.

അപ്പൊഴെ സ്‌നേഹത്തിന് മഹത്വമുണ്ടാവുകയുള്ളൂ. മനുഷ്യര്‍ പരസ്പരം സ്‌നേഹിച്ചു വേണം ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍. ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത് മനുഷ്യരല്ല, ഈശ്വരനാണ്. വിശ്വസിക്കുന്നവരെ ഈശ്വരന്‍ ഒരിക്കലും കൈവെടിയുകയില്ല. ഭാഗ്യദോഷം കൊണ്ട് രണ്ടു പ്രാവശ്യം പ്രസവിക്കേണ്ടി വന്നെങ്കിലും നന്മ നിറഞ്ഞ സൂസമ്മ അജിത്തിന്റെ കയ്യില്‍ സുരക്ഷിതയായി. അധികം ശാഖകളില്ലാത്ത കഥാതന്തു വികസിപ്പിച്ചെടുത്ത് നോവല്‍ പൂര്‍ണ്ണതയില്‍ എത്തിക്കുന്ന സരോജ വര്‍ഗ്ഗീസിന്റെ ആവിഷ്ക്കാര ചാരുത ഏതൊരു സഹൃദയനും ആസ്വദിക്കാതിരിക്കില്ല.

സരോജ വര്‍ഗ്ഗീസിന്റെ സാഹിത്യത്തിലെ വിഭിന്ന അഭിരുചിയുടെ പ്രതിഫലനമാണ് "സഞ്ചാരം, സാഹിത്യം, സന്ദേശം' എന്ന പുസ്തകം. ശീമതി സരോജയുടെ മറ്റു സാഹിത്യരചനകള്‍ക്കൊപ്പം ഈ പുസ്തകവും വായനക്കാരുടെ കയ്യില്‍ സ്ഥാനം പിടിച്ച് സാഹിത്യരംഗത്ത് വിരാജിക്കട്ടെ. ഗ്രന്ഥകാരിക്ക് അഭിനന്ദനങ്ങള്‍.

Picture2

Picture3Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code