Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മഹാസമുദ്ര തീരത്തെ മണല്‍ത്തരികള്‍ (മലയാള വേദി അവാര്‍ഡ് ലഭിച്ച ലേഖനം: ജയന്‍ വര്‍ഗീസ്)

Picture

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരു പിടി മണ്ണല്ലാ,
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ
ജന്മ ഗ്രഹമല്ലോ ?

എവിടെയും, എക്കാലത്തും ഭാരതീയന്റെ ഹൃദയ തന്തുക്കളെ പുളകമണിയിച്ചു കൊണ്ട് കവി പാടുകയാണ്. സ്വന്തം ശരീര വലിപ്പത്തെ തന്റെ ചെറു കണ്ണുകള്‍ കൊണ്ട് നോക്കിക്കാണാന്‍ കഴിയാത്ത ആനയെപ്പോലെ, വൈവിധ്യങ്ങളുടെയും, വൈരുധ്യങ്ങളുടെയും നാടായ മഹാഭാരതത്തിന്റെ അനന്ത സാധ്യതകളെ ആവാഹിക്കാന്‍ കഴിയാതെ ആധുനിക ഭാരതീയന്‍ എന്ന ശരാശരി മനുഷ്യന്‍ നിസ്സഹായനായി നിന്ന് പോവുകയാണ്.

കപട രാഷ്ട്രീയക്കാരായ കരിങ്കുരങ്ങുകളുടെ കയ്യിലകപ്പെട്ട കര്‍മ്മല കുസുമങ്ങളെപ്പോലെ ആ സാധ്യതകള്‍ കശക്കിയെറിയപ്പെടുന്‌പോള്‍, പടിഞ്ഞാറന്‍ കച്ചവട സംസ്കാരത്തിന്റെ കാവല്‍പ്പുരകളില്‍ വാലാട്ടിപ്പട്ടികളായി കാവല്‍ കിടക്കുകയാണ്, സമസ്ത ലോക സംസ്ക്കാരങ്ങളുടെയും നേതൃ പദവിയിലേക്കുയരേണ്ടുന്ന പ്രതിഭാ ശാലികളായ ഭാരതീയര്‍.

ഈ പ്രതിഭാ വിലാസം എന്നത്, കാലത്തിന്റെ തിരശീലകളെ പിന്നോട്ട്,പിന്നോട്ട് വകഞ്ഞു മാറ്റിക്കൊണ്ട് എ. ഡി. യുടെയും, ബി. സി. യുടെയും സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തു വരെ എത്തി നില്‍ക്കുന്ന മഹത്തായ പാരന്പര്യത്തിന്റെ പരിണാമ സൂത്രമാണ്.

ആധുനിക പാശ്ചാത്യ സംസ്ക്കാരത്തിന്റെ ആദ്യ കാലടികള്‍ അന്പും, വില്ലുമേന്തി അനന്തമായ കാടുകളിലലയുന്‌പോള്‍, ഭാരതീയ സാംസ്ക്കാരിക പൈതൃകത്തിന്റെ കരുത്തുറ്റ കൈകള്‍ അജന്താ എല്ലോറ ഗുഹാന്തരങ്ങളിലെ പാറയുടെ പ്രതലങ്ങളില്‍ മനുഷ്യ വംശ സംസ്ക്കാരത്തിന്റെ മഹത്തായ ചിത്രങ്ങള്‍ കോറിയിടുകയായിരുന്നു!

അവിടുന്നിങ്ങോട്ടുള്ള സുദീര്‍ഘമായ യാത്രയില്‍ ' അതിരുകളില്ലാത്ത ഒരു ലോകത്തിലെ ലേബലുകളില്ലാത്ത ഒരു മനുഷ്യ വര്‍ഗ്ഗത്തെ കുറിച്ചുള്ള മുക്ത സ്വപ്നങ്ങളിലാണ്, ഭാരതീയ തത്വചിന്തയുടെ മുത്തുകള്‍ കോര്‍ത്തിണക്കിയ നമ്മുടെ വേദേതിഹാസങ്ങള്‍ പിറന്നു വീണത്.

ജാതീയതയുടെ ചോരവാള്‍ത്തലപ്പുകളാല്‍ ഛേദിക്കപ്പെട്ട് ആയിരക്കണക്കായ ജാതികളും, ഉപജാതികളുമായി തരം തിരിഞ്, ഒന്ന് മറ്റൊന്നിനെതിരെ വാളോങ്ങി നില്‍ക്കുന്ന ഇന്നത്തെ ഭാരതത്തിന്റെ ദയനീയ ചിത്രം ചരിത്ര പരമായ അനിവാര്യതകളിലൂടെ ഉരുത്തിരിഞ്ഞ ദവ്ര്‍ഭാഗ്യം ആയിരുന്നുവെന്നതാണ് സത്യം.

ഹിന്ദുമതം എന്നൊന്നില്ല. ഒരാളും അത് സ്ഥാപിച്ചിട്ടുമില്ല. സിന്ധു ഗംഗാ നദീതടങ്ങളുടെ വളക്കൂറുള്ള മണ്ണില്‍, തലമുറ തലമുറയായി ജനിച്ചു മരിച്ച ഒരു ജന സമൂഹം ' ലോകാ സമസ്താ, സുഖിനോ ഭവന്തു ' എന്ന ദാര്‍ശനിക സംവിധാനത്തില്‍ കാല്‍ ചവിട്ടി നിന്ന് കൊണ്ട് കോറിയിട്ട മാര്‍ഗ്ഗ രേഖകളിലൂടെ നടന്നു വന്ന മഹത്തായ ഒരു ജനതതിയുടെ ജീവിത രീതിയായ ' ഭാരതീയത ' ആയിരുന്നു അത്.

ഈശ്വനും, പ്രകൃതിയും, മനുഷ്യനും എന്ന നിത്യ സത്യങ്ങളുടെ സമഞ്ജ സമ്മേളനത്തിലൂടെ, തനിക്കും, താനുള്‍ക്കൊള്ളുന്ന ലോകത്തിനും ഇന്നിനെക്കാള്‍ മെച്ചപ്പെട്ട ഒരു നാളെ എന്ന അതി മനോഹരമായ ദര്‍ശനത്തിലാണ് ഈ ജീവിത രീതി വളര്‍ന്നു വികാസം പ്രാപിച്ചത്.

സ്വന്തം ജീവിത സാക്ഷാല്‍ക്കാരത്തിലൂടെ ഈശ്വര സായൂജ്യം നേടുന്‌പോള്‍, വ്യക്തി, തന്നിലര്‍പ്പിക്കപ്പെട്ട നിയോഗത്തിന്റെ വഴിത്താരകള്‍ സമര്‍ത്ഥമായി പിന്നിട്ടു കൊണ്ട് പ്രപഞ്ച മഹാ സാഗരത്തിന്റെ ശക്തി സത്തയായ ഈശ്വര സ്രോതസ്സിലേക്ക് തിരിച്ചൊഴുകുന്നു!

അനന്തവും, അജ്ഞാതവും, അനിഷേധ്യവുമായ ആ ശക്തി സ്രോതസ്സില്‍ നിന്ന് അവര്‍ണ്ണനീയവും, അവിവഛേദികവുമായ ഒരു നായാമിക ചോദനത്തിന്റെ ജൈവ രൂപങ്ങളായി ജന്മ സുകൃതത്തിന്റെ നറും പൂവുകള്‍ വിരിഞ്ഞു കൊണ്ടേയിരിക്കുന്നു !

വിഘടിപ്പിക്കപ്പെടേണ്ടത് വിഘടിപ്പിക്കപ്പെടുകയും, ഘടിപ്പിക്കപ്പെടേണ്ടത് ഘടിപ്പിക്കപ്പെടുകയും എന്ന പ്രപഞ്ച നിര്‍മ്മാണ തന്ത്രത്തിന്റെ അഗാധമായ ആഴം കാണാന്‍ കഴിയാതെ പുനര്‍ജന്മത്തിന്റെ പുല്‍ക്കൊടിത്തുന്പില്‍ തൂങ്ങി നാണം കെട്ട് നില്‍ക്കുകയാണ് നമ്മുടെ തന്നെ പല ആചാര്യന്മാരും ?

ധര്‍മ്മത്തിന്റെ സംസ്ഥാപനമാണ് ജന്മത്തിന്റെ പരമ പ്രേരണ എന്നുല്‍ഘോഷിക്കുന്ന ഈ ഇന്ത്യന്‍ ഇസം വര്‍ണ്ണം കൊണ്ടും, വര്‍ഗ്ഗം കൊണ്ടും മനുഷ്യനെ വേര്‍തിരിക്കുന്നില്ല. ചതുര്‍ വര്‍ണ്യ സംസ്കൃതിയുടെ സംബന്ധക്കാരായി അത്യുപാദന ശേഷിയുള്ള വിത്ത് വിതരണ കേന്ദ്രങ്ങളായി ഈ അടുത്ത കാലം വരെ ഒരു സമൂഹം നില നിന്നിരുന്നത് പോലും ഭാരതീയ തത്വ ദര്‍ശനങ്ങളുടെ മുഖ്യ ധാരയെ വ്യക്തി താല്‍പ്പര്യങ്ങളുടെ ബലിക്കല്ലില്‍ കുരുതി കൊടുത്തതിന്റെ അനന്തര ഫലങ്ങളില്‍ ഒന്ന് മാത്രമായിരുന്നു.

വ്യക്തിയുടെ ഭൗതികവും, ആത്മീകവുമായ തലങ്ങളില്‍ നിന്ന് തനിക്കും, താനുള്‍ക്കൊള്ളുന്ന ലോകത്തിനും പ്രയോജനപ്പെടുന്ന നന്മയുടെ നറും മുത്തുകള്‍ ഖനനം ചെയ്‌തെടുക്കാന്‍ സ്വയമേവ അവനെ പ്രേരിപ്പിക്കുകയു, പ്രാപ്തനാക്കുകയും ചെയ്യുക എന്ന മാനവ ധര്‍മ്മമാണ് ഭാരതീയ തത്വചിന്ത മനുഷ്യ രാശിക്ക് മുന്നില്‍ തുറന്നിട്ടത്.

ആയിരം വഴികളിലൂടെ ഒഴുകിയെത്തി മഹാ സമുദ്രത്തില്‍ നിപതിക്കുന്ന നദീജലം പോലെ വൈവിധ്യമാര്‍ന്ന ആചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും കൂടിയാണെങ്കിലും, പരമമായ നന്മയുടെ സാക്ഷാല്‍ക്കാരമായ ' മോക്ഷം ' എന്ന ത്രിവേണീ സംഗമമായിരുന്നു ഈ ഇസം മനുഷ്യ മനസാക്ഷിക്ക് മുന്നില്‍ ഉയര്‍ത്തി നിര്‍ത്തിയ കൊടിപ്പടങ്ങള്‍ !

കാല പ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ ഈ മൂല്യങ്ങള്‍ പലതും മൂടിപ്പോയി. കാലാകാലങ്ങളിലെ ഭരണാധികാരികള്‍ തങ്ങളുടെ സ്വര്‍ണ്ണത്തളികളാല്‍ മൂടി വച്ചത് മണ്ണിന്റെ മണമുള്ള ഈ സത്യങ്ങളെയായിരുന്നു !

നിരന്തരമായ ആക്രമണങ്ങള്‍ക്കു വിധേയമായ നിര്‍ഭാഗ്യകരമായ ചരിത്രമാണ് ഇന്ത്യയുടേത്. വില്ലു കുലക്കുന്നതില്‍ പോലും ധര്‍മ്മ നിഷ്ഠ പാലിച്ച ഇന്ത്യക്ക് ആരെയും ആക്രമിക്കുവാന്‍ സാധിച്ചുമില്ല. ഹൂണരും, മുഗളരും തുടങ്ങി ബ്രിട്ടീഷ്കാര്‍ വരെയുള്ള ആക്രമണ കാരികള്‍ ഈ ' പാവത്ത' ത്തിന്റെ വളക്കൂറുള്ള മണ്ണില്‍ തങ്ങളുടെ സംസ്കാരത്തിന്റെയും, മതങ്ങളുടെയും വിള വിത്തുകള്‍ നട്ടു വളര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മുതലാണ്, ' ഹിന്ദുമതം ' എന്ന നിലയിലുള്ള ഒരു പുതിയ ലേബലില്‍ ഭാരതീയ ജീവിത രീതി അറിയപ്പെടാന്‍ തുടങ്ങിയത്.

മുഗള്‍ ചക്രവര്‍ത്തിമാര്‍ അഴിച്ചു വിട്ട മുസ്ലിം മത പരിവര്‍ത്തനത്തിന്റെ യാഗാശ്വം ഇന്ത്യന്‍ മണ്ണിന്റെ പരിപാവനതയില്‍ മുറിവുകള്‍ ഉണ്ടാക്കിയപ്പോള്‍ മുതലാണ്, ചെറുത്തു നില്‍പ്പിന്റെ ശംഖൊലി നാദം കേട്ടുണര്‍ന്ന ഇന്ത്യയിലെ ജനങ്ങള്‍ ഹിന്ദുവെന്ന മതമായും, അതില്‍ തന്നെ ജാതികളായും, ഉപജാതികളായും സ്വയം പുനര്‍ജ്ജനി കൈക്കൊണ്ടത്.

പിന്നീടെത്തിയ ബ്രിട്ടീഷുകാര്‍ക്ക് കാര്യം കുറേക്കൂടി എളുപ്പമായിത്തീര്‍ന്നു. 1857 ലെ വിപ്ലവക്കാലത്ത് ഗവര്‍ണര്‍ ജനറല്‍ കാനിങ് പ്രഭു എഴുതിയ ഒരു കത്ത് ഈ വസ്തുത കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്.

" വിരലിലെണ്ണാവുന്ന കുറേപ്പേരെക്കൊണ്ടാണ് നമുക്ക് പതിനഞ്ചു കോടി ജനങ്ങളെ ഭരിക്കേണ്ടത്. അതിനുള്ള എളുപ്പ മാര്‍ഗ്ഗം അവരെ വിഭജിച്ച് അകറ്റി നിര്‍ത്തുകയാണ്. ഇപ്പോള്‍ത്തന്നെ മതത്തിന്റെയും, ദേശീയതയുടെയും കാര്യത്തില്‍ പല തട്ടുകളില്‍ നില്‍ക്കുന്ന അവരെ നമ്മുടെ ശക്തി ബോധ്യപ്പെടുത്തി ഭക്തി ബഹുമാനങ്ങള്‍ പിടിച്ചു പറ്റിക്കൊണ്ട് വേണം ഇത് സാധിക്കേണ്ടത്. " ( ദി മുസ്ലിംസ് ഓഫ് ബ്രിട്ടീഷ് ഇന്‍ഡ്യ പേജ് 72 )

" വിഭജിച്ചു ഭരിക്കുക എന്ന റോമന്‍ രീതി തന്നെ നമുക്കും സ്വീകരിക്കണം " എന്ന് 1859 ല്‍ എഴുതിയ ' എല്‍ഫിന്‍ സ്‌റ്റോണ്‍ ' എന്ന ഗവര്‍ണ്ണര്‍ വളരെ ഉദാരനായ മനുഷ്യനായിട്ടാണ് ഇന്‍ഡ്യക്കാര്‍ക്കിടയില്‍ പോലും അറിയപ്പെട്ടിരുന്നത്. ( ബ്രിട്ടീഷ് പാരമൗണ്ട്‌സി ആന്‍ഡ് ഇന്ത്യന്‍ റീനാസന്‍സ് പേജ് 321 )

ആക്രമണങ്ങളും, ആഭ്യന്തര കലഹങ്ങളും തളര്‍ത്തിക്കളഞ്ഞ ഇന്ത്യന്‍ മനസ്സ് വളരെ വേഗം കീഴ്‌പ്പെടുത്തപ്പെടുകയായിരുന്നു. ആംഗല വിദ്യാഭ്യാസം ഇന്ത്യന്‍ സമൂഹത്തിനര്‍പ്പിച്ച വിലപ്പെട്ട സംഭാവനകള്‍ ആദര പൂര്‍വം അംഗീകരിച്ചു കൊണ്ട് തന്നെ, അതിനെ ക്രിസ്തീയവല്‍ക്കരിച്ചു കൊണ്ട് ഭാരതത്തില്‍ അത് വരെ നില നിന്ന ഭാരതീയത എന്ന തനതു സംസ്കാരത്തെ പുറം കാല്‍ മടക്കി അടിക്കുവാനും അവര്‍ മറന്നില്ല.

' ഇന്ത്യന്‍ സംസ്കാരം തെറ്റുകളുടെ കൂന്പാരവും, യുക്തിക്ക് നിരക്കാത്തതും, സന്മാര്‍ഗ്ഗികവും, അന്ധ വിശ്വാസ പരവും ആണെ' ന്ന് തോമസ് ബി. മെക്കാളെ എഴുതി. ' ഇന്ത്യയുടേത് കള്ള ചരിത്രവും, കള്ള ജ്യോതിശാസ്ത്രവും, കള്ള വൈദ്യവും, കള്ള മത' വുമാണെന്ന് അദ്ദേഹം തുറന്നു പ്രഖ്യാപിക്കുന്‌പോള്‍, ' തങ്ങള്‍ ദൈവം അയച്ചിട്ട് വന്ന പരിഷ്കാര ദല്ലാളന്മാരാണെ' ന്നും, അവര്‍ പ്രചരിപ്പിച്ചു. ലോകത്തിലേറ്റവും മനുഷ്യ സ്‌നേഹ നിര്‍ഭരമായ രാജ്യം ബ്രിട്ടനാണെന്നും, തങ്ങളുടേത് ദൈവീക നിയോഗം മൂലം സംഭവിച്ച പുണ്യ പ്രവര്‍ത്തിയാണെന്നും, അവര്‍ പ്രസംഗിച്ചപ്പോള്‍, തങ്ങളുടെ ഇഗ്‌ളീഷ് വിദ്യാര്‍ത്ഥികളുടെ പിഞ്ചു മനസുകളില്‍ അത് കുത്തി വച്ച് കൊടുക്കാന്‍ ബ്രിട്ടീഷ് കപ്പലുകളില്‍ നിന്ന് കരക്കിറങ്ങിയ പാതിരിമാരുണ്ടായിരുന്നു. യൂറോപ്പ് സുന്ദര ശോഭനമായ ഒരു പുരോഗമന സ്വര്‍ഗ്ഗ രാജ്യമാണെന്ന് വരെ ഈ പാതിരിമാര്‍ പറഞ്ഞു പരത്തി.

ഫലമോ, ഇഗ്‌ളീഷ് വിദ്യാഭാസത്തിലൂടെ സര്‍ക്കാരുദ്യോഗവും, മതം മാറ്റത്തിലൂടെ സാമൂഹ്യ തണലും നേടിയെടുത്ത ഒരു വലിയ ജന വിഭാഗം തങ്ങളുടെ സംസ്ക്കാരത്തെയും, പുരാണത്തെയും, ആചാരത്തെയും, പാരന്പര്യത്തെയു, കലയെയും, സാഹിത്യത്തെയും, കുടില്‍ വ്യവസായത്തെയും, സാമൂഹ്യ സ്ഥാപനത്തെയും, വിദ്യാഭാസ സംപ്രദായത്തെയും തള്ളിപ്പറയുകയും, ഒറ്റിക്കൊടുക്കുകയും ചെയ്തു കൊണ്ട് ബ്രിട്ടീഷുകാരന്റെ നുകത്തിന്‍ കീഴിലേക്ക് ഒന്നുകൂടി കഴുത്തുകള്‍ പിണച്ചു കൊടുത്ത് കൊണ്ട് ആനുകൂല്യങ്ങള്‍ അടിച്ചെടുത്തു.

ചിന്താരംഗത്ത് ക്രൂരമായി വരിയുടക്കപ്പെട്ട ഈ ഇന്ത്യന്‍ കാളകള്‍, കോളനിയധികാരികളുടെ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയരായിക്കൊണ്ട് പാശ്ചാത്യമായ എന്തും ഉന്നതമാണെന്നു ഗണിച്ചു. സമസ്താഭിവൃദ്ധിയും അവിടുന്നാണെന്നവര്‍ ധരിച്ചു. പുരോഗതിക്കായി ഇന്ത്യ യൂറോപ്യന്‍ ചിന്തയും, ശാസ്ത്രവും, രാഷ്ട്രീയ സംവിധാനവും പിന്തുടരണമെന്ന് ഈ വൈറ്റ് കോളര്‍ ബുദ്ധിജീവികള്‍ ശഠിച്ചു.

ഈ മനോ വിഭ്രാന്തി മാരകമായ പ്രത്യാഘാതങ്ങളാണ് ഇന്ത്യന്‍ സാമൂഹ്യാവസ്ഥക്ക് സമ്മാനിച്ചത്. നിറങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ ജാതിപ്പേരുകള്‍ സ്വീകരിച്ചു. ആര്യന്മാരും, ദ്രാവിഡരുമായി അവര്‍ സ്വയം വര്‍ഗീകരിച്ചു. തങ്ങളുടെ മഹത്തായ ലോക വീക്ഷണത്തെ ' ഹിന്ദുമതം' എന്ന ലേബലില്‍ ചാര്‍ത്തി അവര്‍ നെറ്റിയിലൊട്ടിച്ചു. സത്യാന്വേഷണത്തിന്റെ സംഘങ്ങള്‍ക്ക് മേല്‍ ജാതിപ്പേരുകള്‍ ചൊല്ലി വിളിച്ചു. പരസ്പരം കലഹിക്കുവാനും, ചളി വാരിയെറിയുവാനും, അവസാനമായി വാളെടുക്കുവാനും പഠിച്ചു. ബുദ്ധമതവും, ജൈനമതവും, സിഖ്മതവും ഭാരതീയ സത്യാനേഷണ ത്വരയുടെ അനുവദനീയവും, അനിവാര്യവുമായ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ ആയിരുന്നിട്ടു കൂടി, അവയെ പ്രത്യേക മതങ്ങളാക്കി മുദ്ര ചാര്‍ത്തിച്ചു വര്‍ഗ്ഗവല്‍ക്കരിച്ചു പരസ്പരം ആക്രമിക്കുവാന്‍ പഠിപ്പിച്ചു.

ബ്രിടീഷുകാര്‍ പോയി. കൊട്ടിഘോഷിച്ചു കൊണ്ട് വന്ന സ്വാതന്ത്ര്യം കണ്ടു. ഇന്നും സര്‍ക്കാര്‍ ആഫീസുകളിലെ ഔദ്യോഗിക രേഖകളില്‍ എന്റെയും നിങ്ങളുടെയും ജാതിപ്പേരുകള്‍ വെണ്ടക്കയിലെഴുതി വച്ച് കൊണ്ട് അതില്‍ ചിലതിന് അറവു മാടുകളെ ആകര്‍ഷിക്കാനുള്ള ചക്ക മടല്‍ പോലെ ചില ആനുകൂല്യങ്ങളും, സംവരണങ്ങളും എറിഞ്ഞുകൊടുത്തു കൊണ്ട് അവനെ ഉശിരോടെ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചെടുക്കുകയാണ് നമ്മുടെ ഭരണാധികാരികള്‍.

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ബാക്കി പത്രങ്ങള്‍ തന്നെയായിരുന്നു നമ്മുടെ സ്വാതന്ത്ര്യാനന്തര കാല ഘട്ടവും. കഴുത്തിലമാക്കുന്ന നുകത്തിന്റെ നിറം മാറിയതല്ലാതെ യാതൊരു മാറ്റവും ശരാശരി ഇന്ത്യക്കാരന്‍ അറിഞ്ഞത്വയില്ല. ബ്രിട്ടീഷ് പ്രഭുക്കന്മാര്‍ തങ്ങളുടെ നാട്ടിലേക്ക് കവര്‍ന്നു കടത്തിക്കൊണ്ടു പോയപ്പോള്‍ ബാക്കി വച്ച വിഭവങ്ങള്‍ നമ്മുടെ ഭരണാധികാരികളായ ഗോതന്പു സായിപ്പന്മാര്‍ സ്വിസ് ബാങ്കുകളിലേക്ക് ഒഴുക്കുന്നു എന്ന വ്യത്യാസം മാത്രം.

പൊഖ്‌റാനില്‍ പൊട്ടിത്തെറിച്ച അണുബോംബിലും, അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇരന്പുന്ന ബോയിങ്ങുകളിലും നാം നമ്മുടെ പുരോഗതി അളക്കുന്നു. സ്വന്തം ചാളകളുടെ അടുക്കള ഭാഗം പൊളിച്ചു കുഴിച്ചു ഗൃഹനാഥയുടെ ശവം മറവു ചെയ്യേണ്ടി വരുന്ന നിര്‍ധനരുടെ നാട് കൂടിയാണ് ഭാരതം എന്ന തിരിച്ചറിവില്‍ നമുക്കെവിടെയോ തെറ്റിപ്പോയിട്ടുണ്ട് എന്ന് ലജ്ജാകരമായി നമുക്ക് സമ്മതിക്കേണ്ടി വരുന്നു.

പാശ്ചാത്യ ചിന്തയുടെ കാലു നക്കികളായി പരിണമിച്ച ഭരണാധികാരികള്‍ അബദ്ധ ജടിലങ്ങളായി ആവിഷ്ക്കരിച്ച വികസന സംപ്രദായങ്ങള്‍ വിപരീത ഫലങ്ങള്‍ ഉളവാക്കിക്കൊണ്ട് ജനതയെ പിന്നോട്ട് നടത്തുന്നതിലാണ് ഏറെ സഹായിച്ചത് എന്ന് ആത്യന്തിക വിശകലനത്തില്‍ ആര്‍ക്കും കണ്ടെത്താവുന്നതാണ്.

എണ്‍പത് ശതമാനത്തിലധികം വരുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമീണ ദരിദ്ര മേഖലകളില്‍ അടിസ്ഥാന വികസന സ്വപ്‌നങ്ങള്‍ ഇന്നും ബാലാരിഷ്ടിത പിന്നിട്ടിട്ടില്ല. കാര്‍ഷിക മേഖലകളിലെ കന്നിമണ്ണില്‍ കാലുറപ്പിച്ചു നിന്ന് കൊണ്ടുള്ള വികസനത്തിന് പകരം ബ്രിട്ടീഷ് വിദ്യാഭ്യാസം സമ്മാനിച്ച വൈറ്റ് കോളര്‍ വന്യ സ്വപ്നങ്ങള്‍ക്ക് പിറകെ ഓടി ഓഫിസ് ഫയലുകളിലെ ഗുമസ്തപ്പണിക്ക് വേണ്ടി തെണ്ടി നടക്കുകയാണ് നമ്മുടെ യുവ തലമുറകള്‍.

കാക്ക പിടിച്ചും, കാലുവാരിയും കയറിപ്പയറ്റിയവര്‍ പോലും ആര്‍ക്കാനും വേണ്ടി ഓക്കാനിക്കും മട്ടില്‍ ഫയലുകള്‍ക്കിടയില്‍ പതുങ്ങിയും, ഉറങ്ങിയും കാലം കഴിക്കുന്‌പോള്‍, ഇതൊരാവകാശമായി ഊട്ടിയുറപ്പിക്കാനായി രാഷ്ട്രീയക്കാരുടെ ട്രേഡ് യൂണിയനുകള്‍ റോഡില്‍ മസിലു പിടിച്ചു നിന്ന് കൊണ്ട് വര്‍ഗ്ഗ സമര വിപ്ലവം നടപ്പിലാക്കുന്നു.

നമ്മുടെ കാര്‍ഷിക സാധ്യതകള്‍ ഇതുവരെ ആരും കണ്ടെത്തിട്ടില്ല. വര്‍ഷാവര്‍ഷം സമൃദ്ധമായ സൂര്യ പ്രകാശം കൊണ്ടനുഗ്രഹീതമാണ് നമ്മുടെ മിക്ക സംസ്ഥാനങ്ങളും. കോടാനുകോടി ഡോളറിനു പോലും വിലമതിക്കാനാവാത്ത ഊര്‍ജ്ജമാണത്. ഇതുപയോഗപ്പെടുത്താനാവാതെ പാഴായിപ്പോകുന്‌പോള്‍ കയ്യില്‍ക്കിട്ടിയ സര്‍ട്ടിഫിക്കറ്റുകളുമായി നമ്മുടെ യുവ ശാസ്ത്രജ്ഞന്മാര്‍ പടിഞ്ഞാറോട്ടു പറക്കുകയാണ്. നാസയുടെയോ, ബില്‍ഗേറ്റിന്റെയോ അടുക്കളപ്പുറങ്ങളില്‍ അവരുടെ പഴങ്കഞ്ഞി കുടിച്ചു ചടഞ്ഞിരിക്കുകയാണ്.

ജമീന്ദാരി ഭൂ സന്പ്രദായത്തിന്റെ തടവറയില്‍ നിന്ന് ഇന്ത്യന്‍ മണ്ണിനെ മോചിപ്പിക്കുകയാണ് ഇന്ത്യയില്‍ നടപ്പിലാക്കേണ്ടുന്ന ആദ്യ വിപ്ലവം. മണ്ണിന്റെ മണവും, രുചിയും അറിയുന്ന കര്‍ഷകന്റെ കൈകളില്‍ അതെത്തിച്ചേരണം. കേരളത്തിലെ ഭൂപരിഷ്ക്കരണ സന്പ്രദായങ്ങള്‍ ഈ രംഗത്തെ ആദ്യ മുന്നേറ്റങ്ങളായി ചരിത്രം അടയാളപ്പെടുത്തുന്‌പോളും, പടിഞ്ഞാറന്‍ ബൗദ്ധിക അധിനിവേശത്തിന്റെ ഉഴവ് നുകത്തിനടിയില്‍ കഴുത്തുകള്‍ പിണച്ചു നില്‍ക്കുന്ന കേരളീയ യുവത്വത്തിന് മണ്ണ് ഒരു തൊഴിലിടമായി ഉപയോഗപ്പെടുത്താനാവുന്നില്ല എന്ന പരാജയം നില നില്‍ക്കുന്നു.

ജല സേചന സൗകര്യങ്ങളുടെ അപര്യാപ്തത ഇന്ത്യന്‍ മണ്ണിനെ തരിശിടുന്നുണ്ട്. ഇതിനുള്ള പരിഹാരം ഭഗീരഥന്റെ കഥയിലൂടെ പൂര്‍വികര്‍ നമുക്ക് തന്നിട്ടുണ്ട്. നാമത് മനസ്സിലാക്കിയില്ല. പ്രയത്‌നം എന്ന കൊടും തപസ്സിലൂടെ കൈലാസ ഗംഗയിലെ കുളിര്‍ ജലം ഹിമാലയ താഴ്‌വരകളെ നനക്കുന്‌പോള്‍ അക്ഷരങ്ങള്‍ക്കപ്പുറത്തുള്ള ആശയങ്ങളെ പിന്‍ തലമുറകള്‍ ഉള്‍ക്കൊള്ളുമെന്നാണ് ആചാര്യന്മാര്‍ കരുതിയത്. എവിടെ? അറിയേണ്ടവര്‍ അറിയുക, ആധുനിക ഭാരതത്തിനു മറ്റൊരു തപസ്സിന്റെ കാലമെത്തിയിരിക്കുന്നു.

ഹിമാലയത്തിലെ മഞ്ഞുരുകി ഉത്തരേന്ത്യയില്‍ പ്രളയമുണ്ടാകുന്‌പോള്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കുടി വെള്ളമില്ലാതെ വരളുകയാണ്. വരളുന്ന മണ്ണിലേക്കും, പിടയുന്ന മനസ്സിലേക്കും ഈ ജലം കൊണ്ട് വരണം മറ്റൊരു ഭഗീരഥ പ്രയത്‌നത്തിലൂടെ.

ഇതിനായി ഒരു ദേശീയ പദ്ധതി ആവിഷ്ക്കരിക്കണം. തൊഴില്‍ തെണ്ടികള്‍ക്കു മാത്രമായി ഇത് സംവരണം ചെയ്യണം. ഇടനിലക്കാരായ രാഷ്ട്രീയക്കാരെ പാടെ ഒഴിവാക്കണം. പദ്ധതി പ്രാവര്‍ത്തികമാവുന്‌പോള്‍ അതില്‍ നിന്നുള്ള ലാഭ വിഹിതം അതില്‍ വിയര്‍പ്പൊഴുക്കിയവര്‍ക്ക് മാത്രമായി ഉറപ്പു വരുത്തണം. പല സാറന്മാരുടെയും വൈറ്റ് കോളര്‍ ഊരിമാറ്റി അവരെ ബ്ലൂ കോളര്‍ ധരിപ്പിക്കേണ്ടി വന്നേക്കും.

നനവെള്ളമെത്തുന്ന ഊഷര ഭൂമികളില്‍ നിന്ന് നെല്ലും, തെങ്ങും. മാവും, പ്ലാവും തല നീട്ടണം. തൊഴില്‍ തെണ്ടികളുടെ മൃദു വിരലുകള്‍ അവ നട്ടു വളര്‍ത്തണം.

കാര്‍ഷിക സമൃദ്ധിയിലൂടെ പുനര്‍ജീവിപ്പിക്കപ്പെടുന്ന ഗ്രാമീണ ജനത നിറഞ്ഞ മടിശീലകളുമായി സംതൃപ്തരാകും. അപ്പോളവര്‍ക്കു വേണ്ട സുഖഭോഗ വസ്തുക്കള്‍ നിര്‍മ്മിച്ച് നല്‍കിക്കൊണ്ട് വ്യാവസായിക മേഖലക്കും തഴച്ചു വളരാന്‍ സാധിക്കും.

എല്ലാറ്റിനും തടസ്സം രാഷ്ട്രീയക്കാര്‍. ഇറച്ചിക്കടകള്‍ക്കു മുന്‍പില്‍ കാവലിരിക്കുന്ന തെണ്ടിപ്പട്ടികളെപ്പോലെ അധികാര കസേരകള്‍ക്ക് പിന്നില്‍ ഇവര്‍ കാവല്‍ കിടക്കുന്നു. ആരുടെയെങ്കിലും കാലു നക്കി അടിച്ചെടുക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തി പലരും കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ വരെയായി വിലസുന്നു. ഭാര്യമാരുടെയും, അവരുടെ ആങ്ങളമാരുടെയും ബിനാമിപ്പേരുകളില്‍ വന്പിച്ച പൊതുസ്വത്ത് അമക്കി വച്ച് കൊണ്ട് തങ്ങള്‍ അഴിമതി രഹിത പരിശുദ്ധറൂഹാകളാണെന്നു ഘോര ഘോരം പ്രസംഗിക്കുന്നു.

എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ പൊതുജനത്തിന് ഇവര്‍ അവസരം നല്‍കുന്നില്ല. യൂറോ അമേരിക്കന്‍ ദല്ലാളുമാരുടെ സഹായത്തോടെ ഇന്ത്യയിലെ ജനസംഖ്യാ പെരുപ്പത്തെയും, അനാചാരങ്ങളെയും, പട്ടിണിക്കോലങ്ങളെയും, നഗ്‌ന സന്യാസിമാരെയും, പാന്പാട്ടികളെയും, ലോക ടെലിവിഷനുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് ഇവര്‍ സ്വയം ന്യായീകരിക്കുന്നു.

( ഇന്ത്യയിലെ ജനസംഖ്യാ പെരുപ്പത്തെക്കുറിച്ച് ഏറെ വ്യാകുലപ്പെട്ടിരുന്നത്, അമേരിക്കയിലെ ' വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്യൂട്ടി ' ന്റെ വക്താവായ ' ലെസ്റ്റര്‍ ബ്രൗണ്‍ ' ആയിരുന്നു എന്നതായിരുന്നു ഏറെ രസകരം. കാലാ കാലങ്ങളില്‍ കണക്കുകള്‍ നിരത്തി വച്ച് ഇയാള്‍ നടത്തുന്ന പ്രസ്താവനകളെ അപ്പക്കാളകളെപ്പോലെ തലയാട്ടി സ്വീകരിച്ചു കൊണ്ട് ഇന്ത്യന്‍ ഭരണാധികാരികളും വസ്തുതകള്‍ക്ക് നേരെ ഒരു പുകമറ സൃഷ്ടിച്ചെടുത്തിരുന്നു.

' രണ്ടായിരാമാണ്ടോടെ ജനസംഖ്യാപെരുപ്പത്താല്‍ ഇന്ത്യയില്‍ പട്ടിണി മരണം സര്‍വ സാധാരണമാവുമെന്നും, വിഭവങ്ങളുടെ അനുപാതം കുറഞ് അരാജകത്വവും, കലാപവും, സംഘട്ടനങ്ങളും കൊണ്ട് ഇന്ത്യ പൊട്ടിത്തെറിക്കുമെന്നും' അദ്ദേഹം മുന്‍കൂറായി പ്രവചിച്ചിരുന്നുവെങ്കിലും, അതൊക്കെ സായിപ്പിന്റെ ഒരു മനക്കോട്ട മാത്രമായിരുന്നുവെന്ന് എന്നേ നാം കണ്ടു കഴിഞ്ഞിരിക്കുന്നു.)

യഥാര്‍ത്ഥ വസ്തുതകള്‍ ജന സാമാന്യത്തിനു മുന്നില്‍ തുറന്നു വയ്ക്കാന്‍ നമ്മുടെ ഭരണാധികാരികളും തയ്യാറല്ല. അത് ചെയ്താല്‍ നാളെ തങ്ങള്‍ക്കു വേണ്ടി മുദ്രാവാക്യം വിളിക്കാന്‍ റോഡില്‍ ആളെ കിട്ടുകയില്ലെന്ന് അവര്‍ക്കറിയാം.

അറവു മാടുകള്‍ക്കടിക്കുന്ന ചാപ്പ പോലെ ജനസാമാന്യത്തിന്റെ തിരു നെറ്റിയില്‍ ഇവര്‍ തങ്ങളുടെ അടയാളം പതിക്കുന്നു.അടയാളത്തിന്റെ എണ്ണത്തെ വോട്ടുകളാക്കി അധികാരം ഉറപ്പിക്കുന്നു. മതങ്ങളും, ജാതികളും ഈ ചാപ്പയടിക്ക് കൂട്ട് നിന്ന് കൊണ്ട് അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്ന് അടുത്തൂണ്‍ കൈപ്പറ്റുന്നു.

ഇനിയെന്ത് എന്ന ചോദ്യം ആരും ചോദിക്കുന്നില്ല. എങ്ങിനെയെങ്കിലും ഒരു വിസാ സംഘടിപ്പിച്ചു പുറത്തു കടന്ന് കക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ ഒരു വലിയ കൂട്ടം. മക്കളെ കയറ്റുമതി ചെയ്യാന്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍.

നമുക്ക് നമ്മെ തിരിച്ചറിയാന്‍ കഴിയാത്തതാണ് ഏറ്റവും വലിയ പിഴവ് എന്നെനിക്കു തോന്നുന്നു. സ്വന്തം വലിപ്പമറിയാത്ത ആനയെപ്പോലെ ആര്‍ക്കു വേണ്ടിയോ നാം അനുസരിക്കുകയാണ്.

ലോകത്തിലെ അതി മനോഹരമായ നാടുകളിലൊന്നാണ് ഭാരതം. നാനാത്വത്തിന്റെയും, സാര്‍വ ലൗകികത്വത്തിന്റെയും ചിന്താ ധാരകളിലാണ് അതിന്റെ അടിത്തറ.

യോഗ ശാസ്ത്രത്തിലെ അത്യഗാധമായ മനോ വിജ്ഞാനീയം നമുക്ക് സ്വന്തമാണ്. ഈ രംഗത്തെ സമുജ്ജ്വല ദര്‍ശനങ്ങളാണ് ആധുനിക ശാസ്ത്രത്തെ അന്പരപ്പിക്കുന്ന നമ്മുടെ കണ്ടെത്തലുകള്‍. ദശാവതാര കഥയിലൂടെ നാം പറഞ്ഞു വച്ചത് പില്‍ക്കാലത്ത് ഡാര്‍വിന്‍ കണ്ടെത്തിയ കാര്യങ്ങളായിരുന്നു. പ്രകാശ വേഗത്തെക്കുറിച്ച് ' ഋദ്വേഗ സായന ഭാഷ്യ ' ത്തില്‍ നാമെന്നേ പറഞ്ഞിരുന്നു! ഭൂമിയുടെ പ്രായം 432 കോടി കൊല്ലങ്ങളാണെന്ന് വരെ നാം കണക്കു കൂട്ടി വച്ചു അതാണ് ബ്രഹ്മാവിന്റെ ഒരു ദിവസം.

കണക്ക്, ജ്യോതിഷം, വാനശാസ്ത്രം, ക്വാണ്ടം ഫിസിക്‌സ്, നഗരനിര്‍മ്മാണം, ലോഹ നിര്‍ദ്ധാരണം എന്നിവയിലെല്ലാം നമുക്ക് തനതായ കാല്‍പ്പാടുകളുണ്ട്. പക്ഷെ, ഇത് നമുക്കറിയില്ല. സായിപ്പ് രഹസ്യമായി ഇവ പഠിച്ച് അവന്റെ പരീക്ഷണ ശാലകളിലൂടെ നമ്മെ കാണിച്ചു തരുന്‌പോള്‍ മാത്രമാണ്, ഇളിഭ്യച്ചിരിയുമായി മുട്ടടിച്ചു നിന്ന് നാം വെറുതേ വിളിച്ചു കൂവുന്നത് : ' ഓ! അത് ഞമ്മളാ ' എന്ന്.

ആരോഗ്യത്തിന്റെ സംരക്ഷണ ശാസ്ത്രമാണ് ആയുര്‍വേദം. ' പൃഥീവ്യാ ഔഷധീ ഭോന്യം ' എന്ന പ്രസ്താവത്തിലൂടെ അന്നം മാത്രമേ ഔഷധമാകാവൂ എന്ന് വിധിക്കുന്നു. അനാവശ്യമായി അടിച്ചു കയറ്റുന്ന രാസ വസ്തുക്കളടങ്ങിയ അലോപ്പതി ഔഷധങ്ങള്‍ മനുഷ്യ ശരീരത്തെ മാരക രോഗങ്ങള്‍ക്കടിപ്പെരുത്തുകയും, അവന്റെ ആയുസ്സിനെ വെട്ടിച്ചുരുക്കുകയുമാണ് ചെയ്യുന്നതെന്ന് ആരറിയുന്നു ?

അതി വൈവിധ്യമാര്‍ന്ന നമ്മുടെ ഭൂപ്രകൃതി. വടക്കന്‍ കോട്ടയില്‍ മഞ്ഞു തൊപ്പിയണിഞ്ഞു നില്‍ക്കുന്ന ഹിമാലയം, അവിടെ നിന്ന് ഉത്ഭവിച്ചൊഴുകുന്ന പ്രധാന നദികള്‍, തടാകക്കരകളില്‍ മഞ്ഞുപുതച്ചുറങ്ങുന്ന കാശ്മീര്‍, ഭക്രാ നംഗല്‍ നനക്കുന്ന പഞ്ചാബിലെ ഗോതന്പു പാടങ്ങള്‍, ചൂട് പിടിച്ചു കിടക്കുന്ന ഉത്തര്‍ പ്രദേശും, ന്യൂ ഡല്‍ഹിയും, ജീവിതം തുടിക്കുന്ന ബോംബെ എന്ന മുംബായ്, നെല്‍ ചെടികളില്‍ പൊന്നു വിളയുന്ന ആന്ധ്രാ, വൃന്ദാവന സൗകുമാര്യമാര്‍ന്ന കര്‍ണ്ണാടകം, ദൈവത്തിന്റെ സ്വന്തം നാടായ, തൈത്തെങ്ങുകള്‍ താളം പിടിക്കുന്ന കേരളം.

ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട ഈ നാട്ടില്‍ സ്വന്തം സാധ്യതകള്‍ കണ്ടെത്താന്‍ കഴിവുള്ള ഒരു ഭരണാധികാരിയാണ് ഇന്ന് നമുക്കാവശ്യം. അയാള്‍ മനുഷ്യ സ്‌നേഹിയായ ഒരു ഏകാധിപതി ആണെങ്കില്‍പ്പോലും.

താന്‍ പറയുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രവര്‍ത്തിച്ചു കാണിച്ചു കൊണ്ട് ജനങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ അയാള്‍ക്ക് കഴിയണം. ദുരഭിമാനത്തിന്റെ പുറം തോട് പൊളിച് തൊഴിലിന്റെ മാന്യതയെ അംഗീകരിക്കണം. വേതനമൂല്യമളന്നു വളര്‍ന്നു വന്ന യജമാന ദാസ്യ സംപ്രദായം വേരോടെ പിഴുതെറിയണം. മുറം നെയ്യുന്ന കലാകാരിക്ക് മുഖ്യ മന്ത്രിയുടെ വേതനം ഉറപ്പു വരുത്തണം.

ഇവിടെ നമ്മുടെ ജനസംഖ്യ നമുക്കനുഗ്രഹമാവും. തങ്ങളുടെ കൊച്ചുകൊച്ചു സഞ്ചികളില്‍ ശേഖരിക്കപ്പെടുന്ന ചെറു തുള്ളികള്‍ അറകളിലെ തേന്‍ കട്ടകളായി രൂപപ്പെടുത്തുന്ന തേനീച്ചകളെപ്പോലെ, വീണ്ടുമൊരു മഹാ ഭാരതത്തെ നമുക്ക് സൃഷ്ടിച്ചെടുക്കാം. സഹസ്രാബ്ധങ്ങളായി പൂര്‍വികര്‍ പതിപ്പിച്ചുപോയ കാല്‍പ്പാടുകളിലൂടെ നടന്ന് നമുക്ക് നമ്മുടെ തേന്‍കൂടുകള്‍ നിര്‍മ്മിച്ചെടുക്കാം.

പക്ഷെ, നമുക്ക് പിന്‍പറ്റാന്‍ ഒരു റാണിയെവിടെ ? സ്വന്തം ഗന്ധത്തിന്റെ ആകര്‍ഷണ വലയത്തില്‍ ഈ ശതകോടികളെ ചേര്‍ത്തു നിര്‍ത്താന്‍ സത്യത്തിന്റെ, സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ, ,സര്‍വോപരി സ്‌നേഹത്തിന്റെ മുക്ത ഗന്ധം പ്രസരിപ്പിക്കുന്ന ഒരു റാണി ഇന്ത്യന്‍ ജനതയുടെ സ്വപ്ന സാക്ഷാല്‍ക്കാരമായ ഒരു ജന നേതാവ് ?

ഗോദോയെ കാത്തിരിക്കുന്ന വ്‌ലാഡിമീറിനെയും, എസ്ട്രഗോണിനെയും ( സാമുവല്‍ ബക്കറ്റിന്റെ വിഖ്യാത നാടകത്തിലെ കഥാപാത്രങ്ങള്‍ ) പോലെ നാം കാത്തിരിക്കുകയാണ്, അയാളെ ആ രക്ഷകനെ !

അയാള്‍ വരാതിരിക്കുമോ ? മഹര്‍ഷീശ്വരന്മാര്‍ തപസ്സു ചെയ്തുണര്‍ത്തിയ ഈ പുണ്യ ഭാരത ഭൂമിയില്‍, ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ തീരത്തെ നൂറുകോടിയിലും കവിഞ്ഞു കഴിഞ്ഞ ഈ മണല്‍ത്തരികളില്‍ തന്റെ മൃദു പാദങ്ങളമര്‍ത്തി അയാള്‍ നടന്നു വരാതിരിക്കുമോ ?

നാം കാത്തു കിടക്കുകയാണ്. ആ പാദ പതന നാദം കാതോര്‍ത്തു കൊണ്ട്. നമ്മുടെ ചുണ്ടുകളില്‍ വിതുന്പി നില്‍ക്കുന്ന ഈ ഗാന ശകലം അയാളോടൊപ്പം ഉറക്കെ, ഉറച്ചു പാടുവാന്‍ :

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍, കേവലമൊരു പിടി മണ്ണല്ലാ ,
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ ജന്മ ഗ്രഹമല്ലോ ?


കടപ്പാടുകള്‍ :
1. ശ്രീ മിച്ചല്‍ ദാനീനോ.
2 . ശ്രീ സി. ശരച്ചന്ദ്രന്‍.
3 . ശ്രീ സി. ആര്‍. ആര്‍. വര്‍മ്മ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code