ആരവങ്ങള്‍ക്കിടയിലേകരായ് പോകുന്ന
നിനദങ്ങളറിയാത്ത ചിലരുമുണ്ട്.
ആംഗ്യങ്ങളാലാശയങ്ങള് കൈമാറുന്ന
നിശ്ശബ്ദവീഥിയിലെ യാത്രികരവര്.
വിഷലിപ്തമായ് മൊഴികളുരചെയ്തിടുമ്പോള്
കേള്‍വിയുടെ ഭാഗ്യമറിയാതെ പോകുമ്പോള്‍,
ശ്രവണസുഖമെന്തെന്നറിഞ്ഞിടാതെ ചിലര്‍
നമ്മോടുകൂടെയീ വഴിയിലൂടെ.
വിചാരങ്ങള്‍ വിനിമയം ചെയ്തിടാനാകാത്ത
വ്യഥകളാല്‍ ജന്മം കഴിച്ചിടേണ്ടോര്.
ആത്മസംഘര്ഷങ്ങളവതരിപ്പിക്കുവാന്
വാക്കെന്ന മാധ്യമം അന്യമായോര്‍.
ആത്മാവില്‍ ജ്ഞാനോദയത്തിനായ്ശബ്ദങ്ങള്
കേള്വിയായൊഴുകി വന്നെത്തിടേണം.
ശ്രവണേന്ദ്രിയത്തിന് തുറക്കാത്ത വാതിലില്‍
കേള്‍വികള്‍ നിഷ്പ്രഭമായിടുമ്പോള്.
അറിവിന് വിശാലതയിലേക്കുള്ള വാതിലും
അവര്മുന്നില് നിര്ദ്ദയമടഞ്ഞുപോകാം.
വാക്കുകള്‍ നാക്കിനു നിഷേധിച്ച വിധിയോട്
പരിഭവിക്കാന്‍ പോലുമറിയാത്തവര്‍.
നിശ്ശബ്ദലോകത്തിലവര് തീര്‍ത്ത വഴികളില്‍
തളരുവാനനുവദിക്കരുതു നമ്മള്.
ഒച്ചകളിലസ്വസ്ഥരാം നമുക്കാവുമോ
സംഘര്‍ഷഭരിതമാ സ്വാന്തമൊന്നറിയുവാന്...
Comments