Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗൃഹാതുരക്കിളി ചിലക്കുന്നു ! (കവിത: ജയന്‍ വര്‍ഗീസ്)

Picture

തുഞ്ചന്റെ പാട്ടിലെപ്പെണ്ണേ,
പഞ്ച വര്‍ണ്ണക്കിളിപ്പെണ്ണേ,
കൊഞ്ചിക്കുഴഞ്ഞൊന്നു വായോ, മനസിന്റെ
തുഞ്ചത്തിരുന്നൊന്നു പാടോ !

മൊഞ്ചുള്ള നിന്നിളം ചുണ്ടില്‍,
പുഞ്ചിരിപ്പാല്‍പ്പതച്ചെണ്ടില്‍,
കൊഞ്ചും മലയാളമേ, മമ നാടിന്റെ
പിഞ്ചോമനേ, ഒന്നു പാടൂ !

അഞ്ചു ഭൂഖണ്ഡങ്ങള്‍ താണ്ടി,
സഞ്ചരിച്ചിത്രയും ദൂരെ,
പഞ്ച നക്ഷത്ര വിലാസമാ, മീമണ്ണില്‍
വഞ്ചി നാട്ടിന്‍ പാട്ടു പാടൂ !

പുഞ്ചപ്പാടത്തിന്‍ വരന്പില്‍, പുസ്തക
സഞ്ചിയും തൂക്കി നടന്ന,
പിഞ്ചു ബാല്യത്തിന്റെ വേദന പേറുന്ന
പഞ്ചവടിപ്പാട്ടു പാടൂ !

പഞ്ചാരപ്പൂഴി യതിരില്‍, കായലില്‍,
വഞ്ചിക്കാര്‍ പാടുന്ന പാട്ടില്‍,
പഞ്ചമി ' ചേച്ചി ' യെ തേടിയലയുന്ന
നെഞ്ചു പൊട്ടും കഥ പാടൂ ! *

വഞ്ചിയുറങ്ങുന്ന കായല്‍, ചാരെ,
പുഞ്ച വിളയുന്ന പാടം.
' കൊഞ്ച് കിള്ളാന്‍ ' പോകു ' മഞ്ചു' മാര്‍ക്കുള്ളിലെ
നെഞ്ചിടിപ്പിന്‍ കഥ പാടൂ ! * *

കഞ്ചുക കെട്ടഴി, ച്ചമ്മിഞ്ഞ നിന്‍ മൃദു
ചെഞ്ചോര ച്ചുണ്ടിലിറ്റിച്ച് ,
തുഞ്ചനും, കുഞ്ചനു മൂട്ടി വളര്‍ത്തിയ
പിഞ്ചല്ലേ, നീയൊന്നു പാടൂ !

കൊഞ്ചും മലയാളമേ, മമ നാടിന്റെ
പിഞ്ചോമലേ, എന്റെ പൊന്നേ,
പിഞ്ചിളം ചുണ്ടില്‍ വിടരും നിന്‍ പാല്‍പ്പത
പ്പുഞ്ചിരി പൂം പാട്ടു പാടൂ !

തുഞ്ചന്റെ പാട്ടിലെപ്പെണ്ണേ,
പഞ്ചവര്‍ണ്ണ ക്കിളിപ്പെണ്ണേ,
കൊഞ്ചിക്കുഴഞ്ഞൊന്നു വായോ, മനസിന്റെ
തുഞ്ചത്തിരുന്നൊന്നു പാടോ !

* കറുത്തമ്മയുടെ കുട്ടിയേയും ഒക്കത്തേന്തി കാണാതായ ചേച്ചിയെ തേടിയലയുന്ന ചെമ്മീനിലെ കഥാപാത്രം പഞ്ചമി.

* * തീരദേശ പീലിംഗ് ഷെഡ്ഡുകളില്‍ നിന്ന് വാഗ്ദാനങ്ങളുടെ വലയില്‍ കുടുക്കി ബോംബെ അധോലോകത്തേക്കും, അവിടെ നിന്ന് ചുവന്ന തെരുവുകളിലേക്കും പ്രമോട്ട് ചെയ്യപ്പെടുന്ന കേരളത്തില്‍ നിന്നുള്ള നിറയൗവനങ്ങളില്‍ ഒരാള്‍ മാത്രമാണ് അഞ്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code