Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കിളിക്കൊഞ്ചല്‍ (ബാലനോവല്‍- 7 കാരൂര്‍ സോമന്‍)

Picture

തത്ത ചോറിന്റെ അടുത്ത് വന്നിരുന്നതിലുള്ള സന്തോഷമാണ് റീനക്ക്. ഈ തത്ത ഉള്ളില്‍ ഉണ്ടാക്കിയ ഭയം കുറച്ചൊന്നുമല്ല. എപ്പോഴും ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. ഇനിയും ഇതിനെ ഭയക്കേണ്ടതില്ല. റീന കണ്ണെടുക്കാതെ തത്തയെ നോക്കുകയാണ്. ഇനിയും നിന്നെ രക്ഷപ്പെടുത്താന്‍ ആര്‍ക്കുമാവില്ല. തത്തകള്‍ ഇങ്ങനെയുമുണ്ടോ? ഏറെ നേരം നോക്കി നിന്നതിന് ശേഷം റീന മുറിയില്‍ നിന്ന് അകത്തേക്കു പോയി.
തത്ത ഒട്ടും സംശയമില്ലാതെ ചോറിലേക്കു നോക്കി. അടുത്ത നിമിഷം ആ ചോറ് കഴിക്കാന്‍ തന്നെ തീരുമാനിച്ചു.
വാതിലിലേക്ക് ഒന്നുകൂടി ഒളികണ്ണിട്ടു നോക്കി. ചോറ് കൊത്തിത്തിന്നാന്‍ ചുണ്ടുകള്‍ ഒരുമ്പെടവേ തത്തയുടെ അടുത്തേക്ക് ഒരു പൂവന്‍ കോഴി അധികാരത്തോടെ ഓടിവന്നു. തത്ത ശങ്കയോടെ നോക്കി. പരിഭ്രമത്തോടെ തേന്‍മാവിന്‍കൊമ്പിലേക്ക് പറന്നിരുന്നു. കോഴി ഒരു ക്രൂരനാണെന്നു തോന്നി. അല്പം പോലും ദയ ഇല്ലാത്തവന്‍. ഞാന്‍ തിന്നേണ്ട ചോറല്ലേ കൊത്തി തിന്നുന്നത്. എനിക്ക് കൂടി തരാമായിരുന്നു. പിന്നീടു അവിടെ ഇരിക്കാന്‍ തോന്നിയില്ല. ആകാശത്തിന്റെ മട്ടുപ്പാവിലേക്ക് പറന്നു. ഇലയിലിരുന്ന ചോറ് കൊതിപൂണ്ട ചുണ്ടുകളോടെ കോഴി തിന്നു.
അകത്തെ മുറിയില്‍ റീനയും ബോബിയുമായി ഫോണില്‍ സംസാരിച്ചു. ഫോണ്‍ ച്ചിട്ട് വേഗം പുറത്തിറങ്ങി മുറ്റത്തെ ഇലയിലേക്ക് സൂക്ഷിച്ചു നോക്കി. ഇലയില്‍ ഒന്നുമില്ല. നക്കിതുടച്ചതുപോലുണ്ട്.
പശുവിന് ഉച്ചയ്ക്കുള്ള കാടിവെള്ളം കൊടുക്കാന്‍ പാത്രത്തിലെക്ക് നോക്കിയപ്പോള്‍ അതില്‍ ഒന്നുമില്ല. മുഖത്ത് ദേഷ്യം വന്നു. ചാര്‍ളി പശുവിനുള്ള കാടിവെള്ളം തിളപ്പിച്ചുവെച്ചിട്ടില്ല. എത്രയോ പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്. എത്ര പറഞ്ഞാലും അവന്റെ തലയില്‍ കയറില്ല. വെറുപ്പോടെ അകത്തേക്ക് പോയി പുളിയരി കൊണ്ടുവന്നു പാത്രത്തിലിട്ട് വെള്ളമൊഴിച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി ഗ്യാസ്സടുപ്പില്‍ വെച്ചു. വീട്ടില്‍ പുളിയരി വേവിക്കാന്‍ ആവശ്യത്തിലധികം വിറകുകള്‍ ചാര്‍ളി ഒരുക്കി വെച്ചിട്ടുണ്ട്. എന്നാല്‍ പുറത്തേ ചായ്പ്പില്‍ തീ കത്തിക്കാനൊന്നും റീന തയ്യാറല്ല.
വളരെ ഉത്സാഹത്തോടെയാണ് ആഹാരമുണ്ടാക്കിയതും പൂച്ചക്കും കുട്ടനും ഭക്ഷണം കൊടുത്തതും. ഭക്ഷണം കഴിച്ച് അല്പനേരം റ്റീ. വി.ക്ക് മുന്നിലിരുന്നു.
പുരയിടത്തില്‍ ചുറ്റിക്കറങ്ങിയ പൂവന്‍ കോഴി വീട്ടുമുറ്റത്ത് വന്നപ്പോള്‍ വല്ലാത്ത ക്ഷീണവും ദാഹവും തോന്നി. കാലുകള്‍ക്കും ചിറകുകള്‍ക്കും ശക്തി നഷ്ടപ്പെട്ടു. ശരീരം കിതക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ നിലംപതിച്ചു. അതിന്റെ ചുണ്ടും കാലും വിറച്ചു. കോഴിയുടെ ചുവന്നു കലങ്ങിയ കണ്ണുകളടഞ്ഞു. മുറ്റത്തെ പൂക്കള്‍ വാടി. പൂക്കളില്‍ ഇരുന്ന് മധു നുകര്‍ന്ന വണ്ടുകള്‍ പറന്നകന്നു.
മുറ്റത്തെ കാഴ്ച റീനയെ ഞെട്ടിച്ചു. ഹൃദയം പിടഞ്ഞു. മനസ്സില്‍ നിറയെ തീക്കുണ്ഡങ്ങള്‍. എന്താണിത്? തത്തക്ക് പകരം കോഴി ചത്തോ? സഹിക്കാനാവുന്നില്ല. ഭര്‍ത്താവ് അവധിക്കു വരുമ്പോള്‍ കറിവെച്ചു കൊടുക്കാന്‍ വളര്‍ത്തിയ കോഴിയാണ്. രണ്ടും മൂന്നും പൂവന്‍ കോഴികളെ അതിനായി വളര്‍ത്താറുണ്ട്. ഒരു പൂവനെക്കൂടി കാണാനുണ്ട്. റീന ചുറ്റിനുമുള്ള മരത്തിലേക്ക് നോക്കി. തത്തയെ കാണാനില്ല.
ഈ സമയം എങ്ങുനിന്നോ തത്തമ്മ പറന്ന് വന്ന് മാവില്‍ കൊമ്പിലിരുന്ന് റീനയെ നോക്കി. ഒപ്പം ചത്തുകിടക്കുന്ന കോഴിയെയും കണ്ടു. ആ നോട്ടത്തില്‍ ഒരു നൊമ്പരമുണ്ടായിരുന്നു. കോഴി ചത്തതിനെക്കാള്‍ റീനയെ ആശങ്കപ്പെടുത്തിയത് തത്ത ജീവനോടുണ്ടോ എന്നുള്ളതാണ്. ഉടനടി തേന്മാവിലിരുന്ന് തത്ത വിളിച്ചു. "ക...കള്ളി...കള്ളി.' റീന കണ്ണുമിഴിച്ച് നോക്കി. മുഖം വിളറി. ഭയപ്പെട്ട് സാരിത്തുമ്പ് തലയില്‍ ചുറ്റി വീട്ടിലേക്ക് ഓടിക്കയറി. ഒരു ദീര്‍ഘനിശ്വാസം ഇട്ടുകൊണ്ട് കസേരയില്‍ ഇരുന്നു. ഈ തത്തയെ ഭയപ്പെട്ട് എത്രനാള്‍ ഇങ്ങനെ ജീവിക്കും. തലക്ക് മുകളില്‍ ഒരു ശത്രുവിനെപ്പോലെ അവതരിച്ചിരിക്കുന്നു. ഉള്ളില്‍ വെറുപ്പും വിദ്വേഷവും നിറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ നിന്നെ ഞാന്‍ കൊല്ലും. റീനയുടെ മനസ്സ് പറഞ്ഞു. തത്ത എങ്ങോട്ടോ പറന്നു പോയി.
സ്കൂളില്‍ നിന്ന് ചാര്‍ളി വീട്ടിലെത്തി. സ്കൂള്‍ ബാഗ് മേശപ്പുറത്ത് വെച്ചിട്ട് യൂണിഫോം മാറി. വാലാട്ടിക്കൊണ്ട് കുട്ടനും അവനൊപ്പമുണ്ടായിരുന്നു. രണ്ടു പേരും വിശപ്പ് മാറ്റാന്‍ കൊതിയോടെ നില്ക്കയാണ്. റീന ആ ഭാഗത്തേക്ക് വന്നില്ല. സാധാരണ സ്കൂളില്‍ നിന്ന് വരുമ്പോള്‍ കെവിനും കാണും. ഇന്നവന്‍ എത്തിയിട്ടില്ല. കൂട്ടുകാരനുമൊത്ത് റബ്ബര്‍ തോട്ടത്തില്‍ നിന്ന് സിഗററ്റ് വലിക്കുന്നത് കണ്ടു. കുഞ്ഞമ്മയോട് പറയണമെന്നുണ്ട്. അപ്പോള്‍ അടി എനിക്ക് കിട്ടില്ലെന്ന് ആരറിഞ്ഞു. എന്നാലും സ്വന്തം അനുജനല്ലേ. അവന്‍ തെറ്റ് ചെയ്യുന്നത് കണ്ടാല്‍ പറയണം. പറയാതിരുന്നാല്‍ അത് അതിലും വലിയ തെറ്റല്ലേ. അങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കെ കുഞ്ഞമ്മ വന്നറിയിച്ചു. "എടാ ആ പൂവന്‍കോഴി ചത്തുപോയി. മുറ്റത്ത് കെടപ്പുണ്ട്. കൊണ്ടുപോയി കുഴിച്ചിട്.' അതേ വേഗത്തില്‍ അവന്‍ പറഞ്ഞു. "യെനിക്ക് വെശക്കുന്നു.' റീനയുടെ മുഖം ചുവന്നു. "പച്ചവെള്ളം തരില്ല. നീ എന്താ പശുവിന് പുളിയരി തെളപ്പിച്ച് വെക്കാഞ്ഞേ? നീ പട്ടിണി കെടന്നാലേ പഠിക്കൂ. എവിടെയാടാ കെവിന്‍?' ഒരല്പം ബുദ്ധിമുട്ടി ചോദിച്ചു.
"അവന്‍ റബ്ബര്‍തോട്ടത്തീ നിന്ന് സിഗററ്റ് വലിക്കുന്നുണ്ട്.'
റീന വിസ്മയത്തോടെ നോക്കി. ദേഷ്യപ്പെട്ട് വീണ്ടും ചോദിച്ചു.
"നീ സത്യമാണോ പറഞ്ഞെ. കള്ളം പറേരുത്.'
"ഞാന്‍ കണ്ടതാ പറഞ്ഞേ.'
"നീ ചെന്ന് ആ കോഴിയെ കുഴിച്ചിട്.' നല്ല വിശപ്പുണ്ടെങ്കിലും ഒന്നും പറയാതെ ഇറങ്ങിപ്പോയി. സത്യത്തില്‍ കാടി തിളപ്പിച്ചു വെക്കാന്‍ സമയമില്ലായിരുന്നു. അതും അനുസരണയില്ലാത്തവന്‍ എന്ന പട്ടികയില്‍ കുഞ്ഞമ്മ ഉള്‍പ്പെടുത്തിക്കാണും. കെവിന്‍ സ്കൂളില്‍ നിന്ന് വന്ന് യൂണിഫോം അഴിച്ചു മാറ്റിയിട്ട് തീന്‍മേശയുടെ മുന്നിലിരുന്ന് പലഹാരങ്ങളും ചായയും കഴിച്ചുകൊണ്ടിരിക്കെ ചാര്‍ളി പറഞ്ഞ കാര്യം റീന ചോദിച്ചു. അവന്‍ മമ്മിയില്‍ നിന്ന് മറച്ചുവെക്കുക മാത്രമല്ല ചാര്‍ളി മഹാ കള്ളനെന്ന് സമര്‍ത്ഥിക്കുകയും ചെയ്തു. മകന്‍ പറഞ്ഞത് സത്യമെന്ന് റീനയും വിശ്വസിച്ചു. അവന്റെ ഉള്ളില്‍ കോപം കുന്നുകൂടി. കാപ്പി കുടി കഴിഞ്ഞ് ചാര്‍ളിയെ തിരക്കി മുറിക്കുള്ളിലേക്ക് ചെന്നു. അവിടെ കണ്ടില്ല. പറമ്പിലേക്ക് നോക്കി.

(തുടരും)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code