Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹിന്ദു സംസ്ക്കാരവും വിശ്വാസങ്ങളും താത്ത്വിക ചിന്തകളും (ജോസഫ് പടന്നമാക്കല്‍)

Picture

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉദയം ചെയ്ത ഹിന്ദുമതം അഥവാ സനാതന ധര്‍മ്മം ലോകത്തിലെ പ്രധാന മൂന്നു മതങ്ങളിലൊന്നായി നിലകൊള്ളുന്നു. നിരവധി തത്ത്വ ചിന്തകളും വിശ്വാസങ്ങളും ആചാരങ്ങളും ഈ മതം ഉള്‍ക്കൊണ്ടിരിക്കുന്നു. 'ഹിന്ദു' എന്ന വാക്ക് വേദ പുരാണ ഗ്രന്ഥങ്ങളില്‍ കാണില്ല. സിന്ധു നദി തടത്തിന്റെ തീരത്തുള്ള സംസ്ക്കാരം സ്വീകരിച്ചവര്‍ എന്നു മാത്രമേ ഈ പേരില്‍ നിന്നും വ്യക്തമാകുന്നുള്ളൂ. ഹിന്ദുമതത്തിന് ഒരു സ്ഥാപകനില്ല. ബി.സി 1500നും ബി.സി 2300നും മദ്ധ്യേയുള്ള കാലഘട്ടത്തില്‍ സിന്ധു നദിയുടെ തീരത്ത് ഹിന്ദു സംസ്ക്കാരം ആരംഭിച്ചുവെന്നാണ് വിശ്വാസം. ആധുനിക കാലത്ത് ഇന്ന് ആ പ്രദേശങ്ങള്‍ പാക്കിസ്ഥാനിലാണ് സ്ഥിതിചെയ്യുന്നത്. എന്നാല്‍ നിരവധി ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് അവരുടെ വിശ്വാസം അനാദികാലം മുതലുണ്ടായിരുന്നുവെന്നാണ്. എക്കാലവും ഹിന്ദുമതം മാനവികതയില്‍ അലിഞ്ഞുചേര്‍ന്നു നിലനിന്നിരുന്നുവെന്നും വാദിക്കുന്നു. ബലികളും സ്‌തോത്രം ചൊല്ലലും വേദകാലത്തുണ്ടായിരുന്നില്ല.

'ഹിന്ദു'വെന്ന പദം വിജ്ഞാനകോശങ്ങളിലുള്ള പുതിയ പേരാണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ബ്രിട്ടീഷ് എഴുത്തുകാര്‍ ഈ പേരിനെ അംഗീകരിച്ചിട്ടുണ്ടായിരുന്നു. കണക്കില്ലാത്ത പാരമ്പര്യങ്ങളും ഗ്രന്ഥങ്ങളും ഹൈന്ദവത്വത്തിന്റെ പ്രത്യേകതയാണ്. ഹിന്ദു മതമെന്നു പറയുന്നത് അനേകം ആശയങ്ങളുടെയും തത്ത്വങ്ങളുടെയും സംഹിതയാണ്. ഹിന്ദുമതത്തെ 'ജീവിതത്തിലേക്കുള്ള വഴി' എന്നും പരാമര്‍ശിക്കാറുണ്ട്. മതങ്ങളുടെ കുടുംബമെന്നും വിശേഷിപ്പിക്കാറുണ്ട്. മതത്തിന്റെ കാതലായ തത്ത്വം ഏക ദൈവമെന്നുമാണ്. അതായത് ബ്രഹ്മം, സര്‍വ്വശക്തനെന്നു ഹിന്ദുവിന്റെ നാവിലും ഉരുവിടുന്നു. എന്നിരുന്നാലും മറ്റു ദൈവങ്ങളെയും ദേവതകളെയും അംഗീകരിക്കുന്നുമുണ്ട്. ഹിന്ദുക്കളുടെ ആരാധനയെ 'പൂജ' എന്ന് പറയുന്നു. അമ്പലത്തിലാണ് കൂടുതലും പൂജകള്‍ അര്‍പ്പിക്കാറുള്ളത്. ഹിന്ദു മതം അനുഷ്ഠിക്കുന്നവര്‍ക്ക് ഏതു സമയത്തും അമ്പലത്തില്‍ പോകുവാന്‍ സാധിക്കുന്നു. ദേവി ദേവന്മാരെ പ്രീതിപ്പെടുത്തുകയും ചെയ്യാം.

ഹിന്ദുമതത്തില്‍ ദൈവത്തെ സ്ത്രീയും പുരുഷനുമടങ്ങിയ ഒരു സത്തയായിട്ടാണ് ആരാധിക്കുന്നത്. കൃഷ്ണന്‍ സ്‌നേഹത്തിന്റെയും ദീന ദയയുടെയും പ്രതീകമായി അറിയപ്പെടുന്നു. ലക്ഷ്മിയെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവതയായി ആരാധിക്കുന്നു. സരസ്വതിയെ വിദ്യയുടെ ദേവതയായി പൂജിക്കുന്നു. 'ഓം' എന്ന വിശുദ്ധ ശബ്ദം, ശബ്ദതരംഗങ്ങളുടെ മാധുരിമയില്‍ ഉപബോധ മനസിന്റെ സാക്ഷാത്ക്കാരമായി കരുതുന്നു. എല്ലാ ജീവജാലങ്ങളെയും ഹിന്ദു മതം ബഹുമാനിക്കുന്നു. പശുവിനെ വിശുദ്ധ മൃഗമായി ആചരിക്കുന്നു. ഭൂരിഭാഗം ഹിന്ദുക്കളും കന്നുകാലി ഇറച്ചി ഭക്ഷിക്കില്ല. അനേകം പേര്‍ സസ്യാഹാരം മാത്രം കഴിക്കുന്നു.

പൗരാണികമായ ഹിന്ദുമതം മറ്റെല്ലാ മതങ്ങളെക്കാള്‍ മൂല്യങ്ങളും പ്രബുദ്ധതയും അവകാശപ്പെടുന്നു. സംസ്കൃതത്തിലുള്ള അനേക വേദഗ്രന്ഥങ്ങള്‍, നിരവധി ഭാഷകള്‍ എന്നീ വഴികളില്‍ക്കൂടി ഹിന്ദുമതം ലോകത്തിന്റെ നാനാഭാഗത്തും വ്യാപിച്ചു കഴിഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടായപ്പോള്‍ ഹിന്ദുമതത്തിന് ഒരു ബില്യനില്‍ കൂടുതല്‍ അനുയായികളുണ്ടായി. ഇന്ത്യയുടെ 80 ശതമാനം ഉള്‍ക്കൊള്ളുന്ന മതമായി അറിയപ്പെടാന്‍ തുടങ്ങി. അതുകൂടാതെ വിവിധ ഗ്രാമങ്ങളിലും പട്ടണങ്ങളിലും അതാത് പ്രദേശത്തെ ആചാരാനുഷ്ഠാനങ്ങളും നാനാപ്രകാരമായ അവതാര മൂര്‍ത്തികളോടുള്ള ആരാധനയും ഹിന്ദുമതത്തിനുള്ളില്‍ തന്നെയുണ്ട്. ഹിന്ദുമതം, ക്രിസ്തുമതവും ഇസ്‌ലാം മതവും കഴിഞ്ഞാല്‍ ലോകത്തില്‍ മൂന്നാമത്തെ വലിയ മതമാണ്. യുദ്ധത്തില്‍ക്കൂടി രാജ്യങ്ങളെ കീഴ്‌പ്പെടുത്തി ഹിന്ദു മതം പ്രചരിപ്പിച്ചിട്ടില്ല. നൂറു കണക്കിന് ഇസ്‌ലാമിക, ക്രിസ്ത്യന്‍ രാജ്യങ്ങള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ സ്ഥാപിച്ചപ്പോള്‍ ഹിന്ദു രാജ്യമെന്ന് അവകാശപ്പെടാന്‍ ഹിന്ദുക്കള്‍ക്ക് മറ്റൊരു രാജ്യമില്ല. നേപ്പാള്‍ മാത്രമേ ഹൈന്ദവത്വം ഔദ്യോഗിക മതമായി അംഗീകരിച്ച ഒരു രാജ്യമെന്നു പറയാന്‍ സാധിക്കുള്ളൂ.

മറ്റുള്ള മതങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹിന്ദുമതത്തിന് നിരവധി വിശ്വാസങ്ങളാണുള്ളത്. ക്രിസ്തുവിനു മുമ്പ് ഇന്‍ഡോ ആര്യന്മാര്‍ സിന്ധു നദി തീരത്ത് കുടിയേറുകയും സ്വദേശിയരായ ദ്രാവിഡരുടെ ഭാഷയും ജീവിതരീതികളും പിന്തുടരുകയും ചെയ്തു. കാലക്രമേണ സ്വദേശ സംസ്ക്കാരത്തില്‍ അലിഞ്ഞു ചേര്‍ന്ന് ഈ മണ്ണിന്റെ മക്കളായിത്തീരുകയും ചെയ്തു. ലോകത്തിലെ 95 ശതമാനം ഹിന്ദുക്കളും ഇന്ത്യയില്‍ ജീവിക്കുന്നു. ഹിന്ദുമതത്തിന് ഒരു സ്ഥാപകന്‍ ഇല്ലാത്തതുകൊണ്ട് മതത്തിന്റെ ചരിത്രാരംഭം ഗണിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. നിരവധി പാരമ്പര്യങ്ങളുടെയും തത്ത്വചിന്തകളുടെയും സമ്മിശ്രമാണ് ഹിന്ദുമതം.

ആര്യന്‍മാരുടെ വരവിനു ശേഷം അവര്‍ ദ്രാവിഡ ജനതയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. വേദങ്ങളുടെ ആഴമായ തത്ത്വ ചിന്തകള്‍ സാമാന്യ ജനത്തിന് മനസിലാക്കാന്‍ പ്രയാസമായിരുന്നു. ഓരോ ഗോത്രങ്ങള്‍ക്കും പ്രത്യേക തരമായ ആരാധന മൂര്‍ത്തികളുമുണ്ടായിരുന്നു. അവരില്‍ നിന്നും വൈഷ്ണവ മതവും ശൈവമതവും ശക്ത മതവുമുണ്ടായി. പരസ്പ്പരം അസൂയയും കലഹങ്ങളും അവരുടെയിടയില്‍ വന്നുകൂടി. ആര്യബ്രാഹ്മണ സംസ്ക്കാരത്തില്‍നിന്നും ഉടലെടുത്തതാണ് ഇതിഹാസങ്ങളും രാമായണവും മഹാഭാരതവും ഗീതയും. വൈദിക മതത്തിലെ ശൈവന്മാരും വൈഷ്ണവരും തമ്മിലുള്ള വഴക്കുകള്‍ക്ക് ത്രിമൂര്‍ത്തി സിദ്ധാന്ധം ശമനം വരുത്താന്‍ സഹായിച്ചു. രാമനും കൃഷ്ണനും വിഷ്ണുവിന്റെ അവതാരങ്ങളായി അറിയപ്പെടാന്‍ തുടങ്ങി.

ഏഴാം നൂറ്റാണ്ടില്‍ അറബികള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങി. ഏ.ഡി. 1200 മുതല്‍ ഏ.ഡി. 1757 വരെ മുസ്ലിം ഭരണാധികാരികള്‍ ഇന്ത്യയില്‍ ഭരിച്ചുകൊണ്ടിരുന്നു. ഹിന്ദു ദൈവങ്ങളെയും ബിംബാരാധനയെയും മുസ്ലിം ഭരണാധികാരികള്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. എ.ഡി 1848 മുതല്‍ 1947 വരെ ഇന്ത്യ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വാതന്ത്ര്യവും നേടി. 1947ല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും രണ്ടായി വിഭജിക്കപ്പെട്ടു. 1948ല്‍ ഒരു ഹിന്ദു വര്‍ഗീയവാദി ഗാന്ധിയെ വധിച്ചു. ഭൂരിപക്ഷം ഹിന്ദുക്കളും ജീവിക്കുന്ന ഒരു രാജ്യമായി ഇന്ത്യ അറിയപ്പെട്ടു. 1960 കാലഘട്ടത്തില്‍ അനേകം ഹിന്ദുക്കള്‍ അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും കുടിയേറി തങ്ങളുടെ വിശ്വാസം പ്രചരിപ്പിച്ചു കൊണ്ടിരുന്നു. പാശ്ചാത്യ ലോകത്തിലെ നിരവധി ജനങ്ങള്‍ക്ക് ഹൈന്ദവതത്ത്വ മൂല്യങ്ങള്‍ സ്വീകാര്യവുമായി.

ഹിന്ദു മതത്തിന്റെ അടിസ്ഥാനതത്ത്വം എന്തെന്ന് ഒരു ഹിന്ദുവിനോട് ചോദിക്കുകയാണെങ്കില്‍ ഭൂരിഭാഗം പേരും ഉത്തരം നല്‍കില്ല. സത്യം അഥവാ ബ്രഹ്മം നിത്യമെന്നുള്ള വിശ്വാസമാണ് ഹിന്ദുമതത്തിന്റെ കാതലായ തത്ത്വം. പ്രപഞ്ചത്തിന്റെ സത്തയും വാസ്തവികതയും എല്ലാം ഉള്‍ക്കൊണ്ടതാണ് ബ്രഹ്മം അഥവാ സത്യം. ആധികാരികമായി ഹിന്ദുവിന്റെ നിയമ സംഹിത വേദങ്ങളാണ്. ധര്‍മ്മത്തില്‍ക്കൂടി വിജയം കണ്ടെത്താന്‍ ഓരോരുത്തരും കര്‍മ്മ പാതയില്‍ക്കൂടി സഞ്ചരിക്കണമെന്നും നിഷ്കര്‍ഷിക്കുന്നു. ഓരോ വ്യക്തിയിലും കുടികൊള്ളുന്ന ആത്മം നിത്യമാണ്. ആത്മം മോക്ഷത്തിനുവേണ്ടിയുള്ള ജൈത്രയാത്രയിലും. ഹിന്ദുമതം ബഹുദൈവങ്ങളുടെ മതമെന്ന് സെമിറ്റിക്ക് മതങ്ങള്‍ പരിഹസിക്കാറുണ്ട്. എന്നാല്‍ വാസ്തവത്തില്‍ ഹിന്ദു മതത്തിന്റ താത്ത്വിക ചിന്തകളെ തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ് അങ്ങനെയൊരു ചിന്താഗതി ഹിന്ദു മതത്തിനെതിരെ മറ്റു മതങ്ങള്‍ പുലര്‍ത്തുന്നത്. ഹിന്ദുമതത്തിന്റെ ലക്ഷ്യവും മോക്ഷം അഥവാ മുക്തിയെന്നാണ്. നിരവധി ദേവി ദേവന്മാരില്‍ക്കൂടി, അദ്വൈത, വേദാന്ത താത്ത്വിക ചിന്തകളില്‍ക്കൂടി, പരമവും സത്യവുമായ ഏക ദൈവത്തില്‍ വിശ്വസിക്കുന്നു. ഓരോ മനുഷ്യരുടെയും നന്മതിന്മകളുടെ പ്രവര്‍ത്തന ഫലം ഇന്നുള്ള ജീവിതത്തെയും ഭാവി ജീവിതത്തെയും ബാധിക്കുന്നു. ധര്‍മ്മം അനുഷ്ഠിക്കുകയെന്നതാണ് ഹിന്ദുമതത്തിന്റെ കാതലായ തത്ത്വം. 'സ്വാസ്തിക' ആര്യ ഗോത്രങ്ങളില്‍നിന്നും പകര്‍ന്നുകിട്ടിയ ഹിന്ദുമതത്തിന്റെ അടയാളമാണ്.

ഹിന്ദുക്കള്‍ നിരവധി ഉത്സവങ്ങള്‍ കൊണ്ടാടാറുണ്ട്. ദീപങ്ങളുടെ അലങ്കാരം കൊണ്ട് ദീപാവലി ആഘോഷിക്കുന്നു. ദീപാവലി ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമായി കരുതുന്നു. ഒക്ടോബര്‍ നവംബര്‍ മാസത്തിലാണ് ദീപാവലി ആഘോഷിക്കാറുള്ളത്. ഈ ആഘോഷത്തിന് 2500 വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്നു. 'നവരാത്രി' കൊയ്ത്തുകാലത്തിന്റെയും വിളവെടുപ്പിന്റെയും ആഘോഷമാണ്. 'ഹോളി' വസന്തകാലത്തിലെ ആഘോഷവും. ശ്രീ കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കാന്‍ ജന്മാഷ്ടമി കൊണ്ടാടുന്നു. സഹോദരി സഹോദരന്മാരുടെ ബന്ധം സൂചിപ്പിക്കാന്‍ രക്ഷാബന്ധനവും ആഘോഷിക്കുന്നു. ശിവന്റെ മഹോത്സവമായി ശിവരാത്രിക്കും പ്രാധാന്യമുണ്ട്. കേരളത്തിന്റെ തനതായ ഉത്സവമാണ് ഓണം.

ഭൂരിഭാഗം ഹിന്ദുക്കളും പരമാത്മാവായ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നു. ഏകൈക ദൈവത്തിന്റെ ശക്തി കിരണങ്ങള്‍ അനേക ദൈവങ്ങളില്‍ പതിക്കുന്നു. ദൈവിതങ്ങളായ ദേവി ദേവന്മാര്‍ പരമ സത്തയും പേറി മൂര്‍ത്തി ഭാവങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നു. ദേവി ദേവ സന്നിതിയില്‍ എത്തുന്നവര്‍ തങ്ങളുടെ ബിംബ ചൈതന്യത്തിന്റെ മുമ്പില്‍ കുമ്പിട്ടാരാധിക്കുകയും ചെയ്യുന്നു. വേദങ്ങള്‍ ഹിന്ദുക്കളുടെ വിശുദ്ധ ഗ്രന്ഥമാണ്. ഒരു ജീവിതത്തില്‍ അനുഷ്ഠിക്കേണ്ട അടിസ്ഥാന തത്ത്വങ്ങളാണ് ധര്‍മ്മം എന്ന് പറയുന്നത്. ഹിന്ദു മതത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നത് ദൈവത്തിങ്കലേക്കുള്ള വഴികള്‍ പലതെന്നാണ്. കൈവഴികളായി ഒഴുകുന്ന നദികള്‍ ഒന്നായ സമുദ്രത്തില്‍ ലയിക്കുന്നപോലെ നാനാത്വത്തില്‍ ഏകത്വമായ ഒരു ദൈവത്തെ ഹിന്ദു കാണുന്നു.

ഹിന്ദുമതത്തിന്റെ കാതലായ തത്ത്വം ഉപബോധ മനസിനുള്ളില്‍ ദൈവിക ചൈതന്യമായ 'ആത്മം' വസിക്കുന്നുവെന്നാണ്. എല്ലാ ജീവജാലങ്ങള്‍ക്കും ആത്മം ഉണ്ടെന്നു ഹിന്ദുമതം വിശ്വസിക്കുന്നു. 'ആത്മം' പരമാത്മാവിന്റ ഭാഗമായി കരുതുന്നു. സ്വര്‍ഗമാണ് അദ്ധ്യത്മികത അന്വേഷിക്കുന്ന ഓരോ ഹിന്ദുവിന്റെ ലക്ഷ്യവും. അതിലേക്കായി ജന്മ ജന്മാന്തരങ്ങള്‍ രൂപഭാവങ്ങള്‍ കൈമാറി ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. ഒടുവില്‍ പരമാത്മാവില്‍ ലയിച്ച് നിത്യം പൂര്‍ണ്ണത പ്രാപിക്കുകയും ചെയ്യും.

പുനര്‍ജന്മ സിദ്ധാന്തങ്ങളും ഉപനിഷത്തിന്റെ ഭാഗമാണ്. ജനനമരണങ്ങള്‍ വീണ്ടും വീണ്ടും സംഭവിക്കുന്നുവെന്ന സങ്കല്‍പ്പമാണ് ഒരു ഹിന്ദുവിനുള്ളത്. മരണത്തോടെ ആത്മാവ് ഒരു പുതിയ ശരീരത്തില്‍ രൂപാന്തരം പ്രാപിക്കുമെന്നും വിശ്വസിക്കുന്നു. മരണമില്ലാത്ത ആത്മാവ് തുടര്‍ന്നുള്ള ജീവജാലങ്ങളില്‍ക്കൂടെ കടന്നു പോവുന്നു. മരണശേഷം ആത്മാവ് മറ്റൊരു ജീവിയില്‍ ലയിക്കുന്നതിനെ 'സംസാരം' എന്നു പറയുന്നു. ഉത്തമമായ ജന്മവും നീചമായ ജന്മവും ഒരാളുടെ കര്‍മ്മഫലമനുസരിച്ചു വിധിക്കപ്പെടുന്നു. ഒരുവന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കും സുഖ ദുഃഖങ്ങള്‍ക്കും കാരണം മുന്‍ജന്മ പ്രവര്‍ത്തികള്‍ കൊണ്ടാണെന്നു വിശ്വസിക്കുന്നു. ജനന മരണങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ജ്ഞാനം തേടണം. ആ ജ്ഞാനത്തെയാണ് സത്യമെന്നു പറയുന്നത്. എങ്കില്‍ മാത്രമേ ജീവാത്മാവ് നിത്യമായ പരബ്രഹ്മത്തില്‍ ലയിക്കുകയുള്ളൂ.

ഹിന്ദുക്കള്‍ക്ക് സ്വന്തം ഭവനത്തിലും ആരാധന നടത്താം. ഇഷ്ട ദേവതകളുടെയും ദേവന്മാരുടെയും മൂര്‍ത്തികളെ ഭവനത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. വഴിപാട് കഴിക്കലും കാഴ്ച ദ്രവ്യങ്ങളും ഹിന്ദുവിന്റെ ജീവിതത്തില്‍ സാധാരണമാണ്. പുഷ്പ്പങ്ങളും പഴവര്‍ഗങ്ങളും ഓയിലും ദൈവത്തിന് അര്‍പ്പിക്കാറുണ്ട്. കൂടാതെ തീര്‍ത്ഥാടനമായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു.

ഹൈന്ദവ പാരമ്പര്യങ്ങളിലുള്ള കാലങ്ങളെ സത്യയുഗ, ത്രേതായുഗ, ദ്വാപരയുഗ, കലിയുഗ എന്നിങ്ങനെ നാലു കാലങ്ങളായി തരം തിരിച്ചിരിക്കുന്നു. ചന്ദ്രമാസം അനുസരിച്ചാണ് ഹിന്ദു കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. ഹിന്ദുമതത്തിന് അനവധി ഇതര വിഭാഗങ്ങളുണ്ട്. മതവിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നതകള്‍ സാധാരണമാണ്. ശിവനെ പിന്തുടരുന്നവരായ ശൈവയിസം, വിഷ്ണുവിനെ ആരാധിക്കുന്ന വൈഷ്ണവന്മാര്‍, ദേവിയെ ആരാധിക്കുന്ന ശക്ത, ബ്രഹ്മനെ പിന്തുടരുന്ന സ്മാര്‍ത്ത, എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ചില ഹിന്ദുക്കള്‍ ബ്രഹ്മാവും വിഷ്ണുവും ശിവനും മൂന്നു ദൈവങ്ങളെന്ന് വിശ്വസിക്കുന്നു. മറ്റുള്ളവര്‍ 'ത്രീമൂര്‍ത്തികള്‍' ഒരേ ദൈവത്തിന്റെ ചൈതന്യമെന്നും വിശ്വസിക്കുന്നു. സാമൂഹികമായി കര്‍മ്മവും കര്‍മ്മമനുസരിച്ച് ജാതി സമ്പ്രദായവും നില നില്‍ക്കുന്നു.

ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ നാലു ജാതികളാണ് പ്രധാനമായി ഹിന്ദുമതത്തിലുള്ളത്. അവരില്‍ ബ്രാഹ്മണര്‍ ബൗദ്ധിക മേഖലകളിലും അദ്ധ്യാത്മിക തലങ്ങളിലും നേതൃത്വം കൊടുക്കുന്നു. ക്ഷത്രിയര്‍ സമൂഹത്തിന്റെ സുരക്ഷിതത്വത്തിനു നിലകൊള്ളുന്നു. രാജസേവനമായിരുന്നു അവരുടെ തൊഴില്‍. വൈശ്യമാര്‍ ഉല്‍പ്പാദന മേഖലയിലും വ്യവസായ മേഖലയിലും പ്രവര്‍ത്തിക്കുന്നു. തൊഴില്‍ നിപുണതയില്ലാത്തവരെ ശൂദ്രന്മാര്‍ എന്നും വിളിച്ചു. ഓരോ ജാതികള്‍ക്കും ഉപജാതികളുമുണ്ട്. തൊട്ടുകൂടാ ജാതികള്‍ ജാതി വ്യവസ്ഥയ്ക്ക് വെളിയില്‍ പ്രവര്‍ത്തിക്കുന്നു. അവരെ സമൂഹത്തില്‍ ഏറ്റവും താണ ജാതികളായി കണക്കാക്കുന്നു.

ഹിന്ദുക്കള്‍ക്ക് ക്രിസ്ത്യാനികളെപ്പോലെയും മുസ്ലിമുകളെപ്പോലെയും വിശുദ്ധമായി കരുതാന്‍ ഒരു ഗ്രന്ഥം മാത്രമല്ല ഉള്ളത്. ജ്ഞാനം പകരുന്ന നിരവധി വിശിഷ്ട ഗ്രന്ഥങ്ങളും പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും ഹിന്ദുവിന്റെ പുസ്തകപ്പുരകളിലുണ്ട്. വേദങ്ങള്‍ ബി.സി1500 മുതല്‍ ബി.സി 2300 വരെയുള്ള കാലഘട്ടത്തില്‍ എഴുതിയതെന്ന് വിശ്വസിക്കുന്നു. പുരാതന ഋഷിമാര്‍ക്ക് വെളിപാടുമൂലം ലഭിച്ച ഹിന്ദു ഗ്രന്ഥങ്ങള്‍ സംസ്കൃതത്തില്‍ രചിച്ചതെന്നും വിശ്വസിക്കുന്നു. വേദങ്ങള്‍, ആചാരങ്ങളും തത്വചിന്തകളും ഉള്‍പ്പെട്ടതാണ്. ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട കാര്യങ്ങളാണ് വേദങ്ങളില്‍ ഉള്‍പ്പടുത്തിയിട്ടുളളത്. ആദ്ധ്യാത്മിക ചിന്തകളും ദൈവത്തെപ്പറ്റിയുള്ള പഠനങ്ങളും ഉള്‍ക്കൊള്ളുന്നു. ഋഗ്വേദ, സാമവേദ, യജുര്‍വേദ അഥര്‍വവേദ, എന്നിങ്ങനെ നാല് വേദങ്ങളാണുള്ളത്.

പൗരാണിക ഭാരതത്തിലെ ആദ്യത്തെ ആദ്ധ്യാത്മിക മതഗ്രന്ഥമാണ് ഋഗ്‌വേദം. നാലു വേദങ്ങളില്‍ ഏറ്റവും പഴക്കം ചെന്നതും ഋഗ്‌വേദം തന്നെയാണ്. ഋഗ്‌വേദത്തില്‍ ഏകദേശം ആയിരം ശ്ലോകങ്ങള്‍ ഉണ്ട്. ഓരോ ശ്ലോകങ്ങളും ദൈവങ്ങള്‍ക്ക് അര്‍പ്പിച്ചുകൊണ്ടുള്ളതാണ്. വേദങ്ങള്‍ അനാദിയും അതിന് ആരംഭവും അവസാനവുമില്ലെന്നും ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകള്‍കൊണ്ട് ഋഷിമാരുടെ ബൗദ്ധിക ചിന്താഗതികളില്‍ ഉദയം ചെയ്ത ജ്ഞാനമാണ് ഋഗ്‌വേദം. ഋഗ്‌വേദമനുസരിച്ച് അഗ്‌നി, ഉഷസ്, സൂര്യന്‍, ചന്ദ്രന്‍, ഇന്ദ്രന്‍, വരുണന്‍, രുദ്രന്‍ മുതല്‍ അനേകം ദൈവഗണങ്ങളുണ്ട്. ഇന്ന് ഹൈന്ദവ മതത്തില്‍ കാണുന്ന ദൈവങ്ങള്‍ ഒന്നും വേദങ്ങളില്‍ ഇല്ല. വേദകാലത്ത് ഒരേ ദൈവമെന്നുള്ള സങ്കല്‍പ്പത്തിലാണ് ഓരോ ദൈവങ്ങളെയും ആരാധിച്ചുകൊണ്ടിരുന്നത്. പ്രാര്‍ത്ഥിക്കുമ്പോള്‍ ആ ദേവനെ പരമേശ്വരനായി മനസ്സിലുള്‍ക്കൊള്ളുകയും ചെയ്തിരുന്നു.

യാഗങ്ങള്‍ വേദകാലത്തെ അടിസ്ഥാന ആചാരങ്ങളായിരുന്നു. പുനര്‍ജന്മ വിശ്വാസത്തെപ്പറ്റി വേദകാലങ്ങളില്‍ അറിവുണ്ടായിരുന്നില്ല. വേദകാലത്ത് 'മാംസം' ആഹാരമായി കഴിച്ചിരുന്നു. 'യജുര്‍വേദം' പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ നിറഞ്ഞതാണ്. ഋഗ് വേദത്തിലെ അവര്‍ത്തനങ്ങളാണ് കൂടുതലും യജുര്‍ വേദത്തിലുള്ളത്. 'സാമവേദം' യാഗവും യജ്ഞവും സമയാ സമയങ്ങളില്‍ ഈണം വെച്ച് പാടാനുള്ള ഒരു പാട്ടുപുസ്തകം പോലെയാണ്. 'അഥര്‍വ വേദത്തില്‍' മാന്ത്രിക വിദ്യ, ക്ഷുദ്രം മുതലായവ അടങ്ങിയിരിക്കുന്നു. ദുര്‍മന്ത്രവാദവും സാമവേദത്തിന്റെ പ്രത്യേകതയാണ്. അതുപോലെ മറ്റുള്ളവര്‍ക്ക് നന്മയും ഐശ്വര്യവും വരാനായി സംമന്ത്രവാദവും അഥര്‍വ വേദത്തിലുണ്ട്.

ഹിന്ദു മതത്തിലെ വേദഗ്രന്ഥങ്ങളെ പൊതുവായി 'ശ്രുതി' എന്നും 'സ്മൃതി' എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. ശ്രുതി എന്ന് പറഞ്ഞാല്‍ വെളിപാട് പോലെ കേള്‍ക്കപ്പെട്ടതെന്നാണ്. ശ്രുതിക്ക് ഒരിക്കലും തെറ്റ് പറ്റുകയില്ലെന്നുള്ള വിശ്വാസമാണുള്ളത്. ഭാരതത്തിലെ ഋഷിമാര്‍ക്ക് ദൈവിക ജ്ഞാനം മൂലം ലഭിച്ച അറിവാണ് ശ്രുതി ഗ്രന്ഥങ്ങളില്‍ ഉള്ളത്. നാലു വേദങ്ങളും ശ്രുതി വിഭാഗത്തില്‍ പെടുന്നു. ഹൈന്ദവ തത്ത്വമൂല്യങ്ങളില്‍ സ്മൃതിയും ശ്രുതിയും തമ്മില്‍ പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെങ്കില്‍ ശ്രുതിയായിരിക്കും ആധികാരികമായി എടുക്കാറുളളത്. ധര്‍മ്മ ശാസ്ത്രങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും സ്മൃതി വിഭാഗത്തില്‍ പെടുന്നു. അവകള്‍ ശ്രുതിപോലെ പൂര്‍ണ്ണമായും ദൈവികമായി കരുതുന്നില്ല.

ഉപനിഷത്തുക്കളെന്നു പറയുന്നത് ഭഗവത് ഗീത, പതിനെട്ടു പുരാണങ്ങള്‍, രാമായണ, മഹാഭാരത എന്നീ ഗ്രന്ഥങ്ങളുള്‍പ്പെട്ടതാണ്. 'ഉപനിഷത്ത്' എന്നുള്ളതിന്റെ അര്‍ത്ഥം സമീപത്തുള്ളതെന്നാണ്. ഒരു ശിക്ഷ്യന്‍ ഗുരുവിന്റെ സമീപത്തിരുന്നു തത്വചിന്തകള്‍ പഠിപ്പിക്കുന്ന പ്രാധാന്യമാണ് ഉപനിഷത്തുക്കള്‍ക്ക് കല്പിച്ചിരിക്കുന്നത്. വേദിക്ക് അദ്ധ്യാത്മികതയില്‍ നിന്ന് താത്ത്വിക ആദ്ധ്യാത്മികതയിലേക്കുള്ള ഒരു പരിവര്‍ത്തനമാണ് ഉപനിഷത്ത്. ബ്രഹ്മം അഥവാ അനന്തതയെപ്പറ്റി ഉപനിഷത്ത് പഠിപ്പിക്കുന്നു. മോക്ഷത്തിനായുള്ള വഴികളും ചൂണ്ടികാണിക്കുന്നു. അനേകം ഉപനിഷത്തുക്കള്‍ ഉണ്ടെങ്കിലും പന്ത്രണ്ട് ഉപനിഷത്തുക്കളാണ് പ്രധാനമായിട്ടുള്ളത്. ആദിശങ്കരന്‍ ഈ പന്ത്രണ്ടു ഉപനിഷത്തുക്കളെപ്പറ്റി വിശദമായി പഠിച്ചിട്ടുണ്ട്.

ഉപനിഷത്തുക്കളെ വേദാന്തം എന്നും പറയും. വേദങ്ങളുടെ അവസാന ഭാഗമെന്നാണ് ഉദ്ദേശിക്കുന്നത്. 108 ഉപനിഷത്തുക്കളുണ്ടെന്നാണ് സങ്കല്പം. അതുകൊണ്ടാണ് 108 എന്ന നമ്പര്‍ ഹിന്ദുക്കള്‍ക്ക് പ്രധാനമായിരിക്കുന്നത്. രുദ്രാക്ഷ മാലകളില്‍ 108 ജപമാല മുത്തുമണികള്‍ കാണാം. 108 എന്ന അക്കം ശുപസൂചകമായ വിവേകത്തിന്റെ അടയാളമായി കരുതപ്പെടുന്നു. പണവും സ്വത്തുക്കളും നേടുന്നത് ഹിന്ദുമതം പാപമായി കരുതുന്നില്ല. അദ്വൈതമാണ് കാതലായ ഭാഗം. അതായത് പരമമായ സത്യം ബ്രഹ്മവും. ബ്രഹ്മത്തിന്റെ ചൈതന്യമാണ് ആത്മന്‍. ആത്മന്‍ ഓരോ വ്യക്തിയുടെയും ആന്തരിക ചൈതന്യത്തില്‍ കുടികൊള്ളുന്നു. മനുഷ്യനിലെ ആത്മവും ബ്രഹ്മവും ഒന്നാണ്. 'അഹം ബ്രഹ്മാസ്മി' (ഞാന്‍ തന്നെ ബ്രഹ്മം), 'തത്വമസി' (നീയും ആ ബ്രഹ്മം തന്നെ) എന്നീ വാക്യങ്ങളാണ് ഉപനിഷത്തുകളുടെ സൂത്ര കേന്ദ്ര ബിന്ദുക്കള്‍. യഥാര്‍ത്ഥ സത്തയായ ആത്മം നമ്മില്‍നിന്നും മറഞ്ഞിരിക്കുന്നു. അതിനെയാണ് മായയെന്നു പറയുന്നത്.

പുരാണങ്ങള്‍ രചിച്ചത് ബി.സി.500നും എ.ഡി. 500നും മദ്ധ്യേ ആയിരിക്കാമെന്നു വിശ്വസിക്കുന്നു. ദേവിമാരെയും വിഷ്ണു, ശിവ ദൈവങ്ങളെയും ഏതാണ്ട് ഇതേ കാലത്ത് ഹിന്ദുക്കള്‍ ആരാധിക്കാനും തുടങ്ങി. 'ധര്‍മ്മ' എന്ന സിദ്ധാന്തം ബുദ്ധ മതവും ഹിന്ദു മതവും പിന്നീട് സ്വീകരിച്ചു. പുരാണങ്ങള്‍ ദൈവത്തിന്റെ ഉത്ഭവത്തെപ്പറ്റി പ്രതിപാദിക്കുന്നു. ദൈവങ്ങളുടെ സ്വഭാവവും ദൈവങ്ങളോടുള്ള പെരുമാറ്റവും എങ്ങനെയെന്നു പുരാണങ്ങളിലുണ്ട്. അന്ധവിശ്വാസങ്ങളും പാരമ്പര്യങ്ങളും ആചാരങ്ങളും പുരാണങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലൗകികവും പ്രാപഞ്ചികവുമായ ജീവിതത്തെപ്പറ്റിയാണ് കൂടുതലും വിവരിച്ചിരിക്കുന്നത്. പ്രകൃതിയുടെ പഠനവും ഒരു കാലഘട്ടത്തിന്റെ സാമൂഹിക പശ്ചാത്തലവും രാഷ്ട്രീയവും മതവും എല്ലാം പുരാണങ്ങളിലുണ്ട്.

വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും പുരാണങ്ങളുടെയും കാതലായ വസ്തുതകള്‍ പരസ്പ്പരം ബന്ധിപ്പിക്കാന്‍ സാധിക്കും. വേദങ്ങള്‍ പ്രായോഗിക തലത്തിലുള്ള അദ്ധ്യാത്മികതയെ ചൂണ്ടി കാണിക്കുന്നു. വേദങ്ങളെ കൂടുതലും പ്രായോഗിക ജ്ഞാനം എന്ന് പറയാം. 'ഉപനിഷത്ത്' മനുഷ്യന്റെ ബൗദ്ധിക നിലവാരത്തെ വിവേചിച്ചറിയുന്നു. താത്ത്വികമായ അദ്ധ്യാത്മികതയില്‍ സഞ്ചരിക്കുന്നു. ചുരുക്കത്തില്‍ 'ഉപനിഷത്തുക്കളെ 'താത്ത്വിക ജ്ഞാനം' എന്ന് വിളിക്കാം. പുരാണങ്ങള്‍ മതവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത്, മതനിയമങ്ങള്‍, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവകള്‍ പുരാണങ്ങളില്‍ നിറഞ്ഞിരിക്കുന്നു.

വേദങ്ങളും ഉപനിഷത്തുക്കളും തമ്മിലുള്ള വിത്യാസം മനസിലാക്കുക പ്രയാസമാണ്. വാസ്തവത്തില്‍ വേദങ്ങളും ഉപനിഷത്തുക്കളും രണ്ടു വിഷയങ്ങളാണ്. ഉപനിഷത്ത് വേദങ്ങളുടെ ഭാഗം തന്നെയാണ്. വേദത്തെ സംഹിത, ബ്രാഹ്മണ, ആര്യങ്കാ, ഉപനിഷത്ത് എന്നിങ്ങനെ നാലു ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഇതില്‍ 'ഉപനിഷത്ത്' അവസാന ഭാഗമായി കാണുന്നു. ഉപനിഷത്ത് വേദങ്ങളുടെ അവസാന ഭാഗമായതിനാല്‍ അതിനെ 'വേദാന്ത' എന്നും പറയുന്നു. 'അന്തം' അവസാനമെന്നു സംസ്കൃതത്തില്‍ അര്‍ത്ഥം കല്പിച്ചിരിക്കുന്നു. ഉപനിഷത്തിലുള്ളത് തത്ത്വ ചിന്തകളാണ്. ഇത് ആത്മന്റെ സ്വാഭാവികതയെപ്പറ്റി പരാമര്‍ശിക്കുന്നു. ഉപനിഷത്തില്‍ മരണത്തിനു ശേഷമുള്ള ജീവിതത്തെപ്പറ്റി പറയുന്നു. അതുകൊണ്ട് ഉപനിഷത്തിനെ വേദങ്ങളുടെ 'ജ്ഞാനഖണ്ഡ' എന്നും പറയുന്നു. ജ്ഞാനം എന്നാല്‍ അറിവെന്നര്‍ത്ഥം. ഉപനിഷത്തില്‍ 'പരമാത്മാവ്' എന്ന സത്യമായ ജ്ഞാനത്തെ വെളിപ്പെടുത്തുന്നു.

ത്രിമൂര്‍ത്തികളായ ദൈവങ്ങള്‍ സൃഷ്ടി കര്‍മ്മങ്ങള്‍ക്കും സൃഷ്ടിയെ നിലനിര്‍ത്തുന്നതിനും സൃഷ്ടിയുടെ നാശത്തിനും നിദാനങ്ങളെന്നാണ് വിശ്വാസം. ദൈവങ്ങളില്‍ ബ്രഹ്മാവ്, ലോകത്തിന്റെയും ജീവന്റെയും സൃഷ്ടി കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു. വിഷ്ണു സൃഷ്ടിയെയും ജീവജാലങ്ങളെയും നിലനിര്‍ത്തുന്നു, പരിപാലിക്കുന്നു. സൃഷ്ടിയുടെ സമതുലനാവസ്ഥ നിലനിര്‍ത്താന്‍ ശിവന്‍ നശീകരണ ദൈവമായും അറിയപ്പെടുന്നു. സര്‍വ്വ ജീവജാല ചരാചരങ്ങളില്‍ സര്‍വ്വശക്തന്റെ ചൈതന്യം നിഴലിക്കുന്നുവെന്നും ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.

ജാതി വ്യവസ്ഥ നാടിന്റെ ശാപമായി ഇന്നും നിലകൊള്ളുന്നു. ഒരുവന്റെ സാമൂഹികവും തൊഴിലും മതത്തിന്റെ അന്തസും ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു. ഭാരതം സ്വതന്ത്രമായപ്പോള്‍ ജാതി വ്യവസ്ഥയെ ഭരണഘടനയനുസരിച്ച് നിയമപരമായി നിരോധിച്ചിരുന്നു. ഇന്നും ജാതി വ്യവസ്ഥ നിലവിലുണ്ടെങ്കിലും പ്രത്യക്ഷമായി അത് പ്രകടിപ്പിക്കാന്‍ സാധിക്കില്ല. മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും വിവാഹം വരുമ്പോള്‍ ഓരോ ജാതികളും സ്വന്തം ജാതിയില്‍നിന്നു മാത്രമേ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുള്ളൂ. മാമൂലുകളെ ലംഘിക്കാന്‍ ഉന്നത ജാതികളിലുള്ളവര്‍ തയ്യാറുമല്ല. വര്‍ണ്ണാശ്രമ ധര്‍മ്മത്തില്‍ ബ്രാഹ്മണരാണ് മുന്തിയ ജാതി. വേദങ്ങളിലെ വിശുദ്ധ ജ്ഞാനം സംരക്ഷിക്കുക എന്ന ചുമതല ബ്രാഹ്മണര്‍ക്കുള്ളതാണ്.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code