Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളത്തില്‍ റബര്‍ കൃഷിക്ക് ഭാവിയില്ലെന്ന പി.സി. ജോര്‍ജിന്റെ വാദം സത്യമാണ്: മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് വൈറലാകുന്നു

Picture

കൊച്ചി: കേരളത്തില്‍ റബര്‍ കൃഷിക്ക് ഭാവിയില്ലെന്ന പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ വാദത്തെ 'ആധികാരികമായി' വിലയിരുത്തി യുഎന്‍ ദുരന്തനിവാരണ ഉദ്യോഗസ്ഥന്‍ മുരളി തുമ്മാരുകുടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി തുമ്മാരുകുടി റബര്‍ കൃഷിയെ ഇനി പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന അഭിപ്രായം ഉയര്‍ത്തിയിരിക്കുന്നത്.


ശ്രീ. പി സി ജോര്‍ജ്ജും ഞാനും, അഥവാ റബ്ബര്‍ കൃഷിയുടെ ഭാവി

കേരളരാഷ്ട്രീയത്തില്‍ എന്നെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു നേതാവാണ് ശ്രീ പി സി ജോര്‍ജ്ജ് എം എല്‍ എ. അദ്ദേഹത്തിന്റെ കാലാകാലത്തുള്ള രാഷ്ട്രീയ സ്റ്റാന്‍ഡുകള്‍ അല്ല, അദ്ദേഹത്തിന്റെ പബ്ലിക്കായ പല പ്രസ്താവനകളും കാണുന്‌പോള്‍ ചിലപ്പോള്‍ ദേഷ്യം തോന്നും. എന്റെ സുഹൃത്തുക്കളില്‍ അദ്ദേഹത്തെ നേരിട്ടറിയുന്നവര്‍, ഉദ്യോഗസ്ഥരുള്‍പ്പെടെ, വളരെ നല്ല അഭിപ്രായമാണ് അദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. സ്വന്തം മണ്ഡലത്തിന്റെ വികസനകാര്യങ്ങളില്‍ കൃത്യമായി ഇടപെടും, എന്നാല്‍ മണ്ഡലത്തിലുള്ള ആളുകള്‍ പറഞ്ഞാലും അനാവശ്യകാര്യങ്ങളില്‍ ഇടപെടില്ല, ഈ ദുരന്തസമയത്ത് മണ്ഡലത്തിലുള്ള ആളുകള്‍ക്ക് വേണ്ട സമയത്ത് മുന്നറിയിപ്പ് നല്‍കാനും മാറ്റിത്താമസിപ്പിക്കാനും മുന്നില്‍ നിന്നതിനാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പ്രശ്‌നങ്ങള്‍ വളരെ കുറവായിരുന്നു എന്നും പറഞ്ഞു.

അതവിടെ നില്‍ക്കട്ടെ, ഇന്നലെ അദ്ദേഹം അസംബ്ലിയില്‍ ഇനി കേരളത്തില്‍ റബ്ബര്‍ കൃഷിക്ക് വലിയ ഭാവി ഇല്ല എന്ന് പറഞ്ഞു. റബര്‍ മേഖലയില്‍ നിന്നും, പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ്സ് പോലൊരു പ്രസ്ഥാനത്തില്‍ നിന്നും വരുന്ന ഒരാള്‍ അങ്ങനെ പറഞ്ഞത് കൃഷിമന്ത്രിക്കുള്‍പ്പടെ അതിശയമായി.

എന്താണ് അദ്ദേഹം ഇങ്ങനെ പറയാന്‍ കാര്യമെന്ന് എനിക്കറിയില്ല. പക്ഷെ എന്റെ അഭിപ്രായത്തില്‍ സംഗതി സത്യമാണ്. കേരളത്തില്‍ ഇനി റബ്ബര്‍ കൃഷിക്ക് ഭാവിയില്ലാത്തതുകൊണ്ട് ഇനി നമ്മള്‍ അതിനെ പ്രോത്സാഹിപ്പിക്കരുത്. ഇഷ്ടമുള്ളവര്‍ കൃഷി ചെയ്യട്ടെ, പക്ഷെ സബ്‌സിഡി കൊടുത്ത് ആളുകളെ ഈ രംഗത്തേക്ക് പ്രോത്സാഹിപ്പിച്ച് കൊണ്ടുവരരുത്. ഇതിന് പല കാരണങ്ങളുണ്ട്.

1. കേരളത്തില്‍ ഭൂമിയുടെ വില വന്‍ തോതില്‍ ഉയര്‍ന്നതോടെ ഭൂമി വാങ്ങി ആദായമായി കൃഷി ചെയ്യാന്‍ പറ്റുന്ന ഒന്നല്ലാതെയായി റബ്ബര്‍. വെങ്ങോലയില്‍ ഒരേക്കര്‍ റബ്ബര്‍ തോട്ടത്തിന് ശരാശരി ഒരു ഒരു കോടി രൂപ വിലയുണ്ട്. കൃഷി ചെയ്താല്‍ റബറിന് നല്ല വിലയുള്ള സമയത്ത് പോലും കിട്ടുന്ന ലാഭം വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയില്‍ താഴെയാണ്. റബ്ബര്‍ നട്ടാല്‍ ആദ്യത്തെ ഏഴു വര്‍ഷം അതില്‍നിന്ന് ഒരാദായവും കിട്ടില്ല. ഞലൗേൃി ീി ഇമുശമേഹ ഋാുഹീ്യലറ എന്ന് പറയുന്നത് വളരെ കുറവാണ്, ഒരു ശതമാനത്തിലും താഴെ. നാളെ വേറൊരാള്‍ നമ്മുടെ തോട്ടവും വാങ്ങാന്‍ വരും, അന്ന് ഒരു കോടിയുടെ തോട്ടത്തിന് ഒന്നര കോടിയാകും എന്ന ഊഹാപോഹം മാത്രമാണ് ഇന്ന് റബര്‍ തോട്ടത്തിന്റെ കച്ചവടത്തെ നിയന്ത്രിക്കുന്നത്, റബ്ബര്‍ കൃഷിയുടെ ആദായമല്ല.

2. സാധാരണയായി ഇരുപത്തിയൊന്ന് വര്‍ഷത്തെ സൈക്കിളാണ് റബ്ബര്‍ കൃഷിക്ക്. തൈ നട്ടാല്‍ ആറോ ഏഴോ വര്‍ഷമെടുക്കും വളര്‍ന്നു ടാപ്പ് ചെയ്യാറാകാന്‍. പിന്നെ പതിനഞ്ച് വര്‍ഷം ടാപ്പ് ചെയ്യാം, ശേഷം അത് വെട്ടി പുതിയ മരങ്ങള്‍ വെക്കണം. അതുകൊണ്ടുതന്നെ കൈതച്ചക്കക്കോ, മരച്ചീനിക്കോ, പച്ചക്കറിക്കോ വേണ്ടി പാട്ടത്തിന് കൊടുക്കുന്നതു പോലെ റബ്ബര്‍ കൃഷി നടത്താന്‍ സ്ഥലം പാട്ടത്തിന് നല്‍കാന്‍ നമുക്ക് ധൈര്യം വരില്ല. അതിന് പറ്റിയ നിയമങ്ങളും നമുക്കില്ല.

3. തൊഴിലാളി ക്ഷാമം രൂക്ഷമായ കേരളത്തില്‍ എല്ലാ ദിവസവും തൊഴിലാളികള്‍ പണിസ്ഥലത്ത് എത്തേണ്ട കൃഷി കൂടുതല്‍ കൂടുതല്‍ ബുദ്ധിമുട്ടാകുമെന്ന് പറയേണ്ടതില്ലല്ലോ. എഞ്ചിനീയറിങ്ങും നേഴ്‌സിങ്ങും പഠിച്ചു കുട്ടികള്‍ നാടുകടക്കണമെന്നാണ് റബ്ബര്‍ തോട്ടം ഉടമകളുടെ മാത്രമല്ല ടാപ്പിംഗ് തൊഴിലാളികളുടേയും ആഗ്രഹം. പുതിയ തലമുറയില്‍ റബ്ബര്‍തോട്ടത്തില്‍ പണിക്കാരാകണമെന്ന് ആഗ്രഹിക്കുന്ന ആരുമില്ല. അപ്പോള്‍ പിന്നെ അതിന് മറുനാടന്‍ തൊഴിലാളികള്‍ വേണ്ടി വരും. അവര്‍ക്കും ചെലവ് കുറവല്ല, പ്രശ്‌നങ്ങള്‍ വേറെയും ഉണ്ട്.

4. റബ്ബര്‍ വിലയിലുള്ള ചാഞ്ചാട്ടവും, ആഗോള എണ്ണ വിലയുടെ കയറ്റിറക്കവും, ആഗോള സന്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും തളര്‍ച്ചയും റബ്ബര്‍ വിലയെ ബാധിക്കുന്നു. ഓരോ വര്‍ഷവും റബ്ബര്‍ വില കൂടുന്നതും കുറയുന്നതും കാണുന്നതല്ലാതെ എന്തുകൊണ്ടാണ് അത് സംഭവിക്കുന്നതെന്ന് നമ്മുടെ കര്‍ഷകര്‍ക്ക് ഒരു അറിവുമില്ല. അവരുടെ ജീവിതത്തില്‍ പ്ലാനുകള്‍ ഉണ്ടാക്കാന്‍ പറ്റുന്നുമില്ല. വിത്തും വളവും കൊടുക്കുന്ന സര്‍ക്കാരിന്റെ കൃഷിവകുപ്പുകള്‍ ആഗോളമായി എങ്ങനെയാണ് നമ്മുടെ വിളകളുടെ വിലകള്‍ നിശ്ചയിക്കപ്പെടുന്നതെന്ന് പഠിച്ച് കര്‍ഷകരെ അറിയിക്കുന്നില്ല. ഉല്‍പ്പാദിപ്പിക്കുന്ന റബറിന് ഒരു ഫ്യൂച്ചര്‍ മാര്‍ക്കറ്റ് പോലും ഉണ്ടാക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

5. എന്നുവെച്ച് ലോകത്ത് റബ്ബര്‍ കൃഷി ഇല്ലാതാകാന്‍ പോകുന്നൊന്നും ഇല്ല. മറ്റിടങ്ങളില്‍, ആഫ്രിക്കയില്‍ പ്രത്യേകിച്ചും, റബ്ബര്‍ ഉല്പാദനം കൂടി വരികയാണ്. ലോകത്തെ ഏറ്റവും വലിയ റബ്ബര്‍ തോട്ടം ബ്രസീലിലല്ല ലൈബീരിയയില്‍ ആണ്. ആ രാജ്യങ്ങളില്‍ സ്ഥലത്തിന് വില തീരെയില്ല. ഒരേക്കറിന് നൂറു ഡോളറിലും കുറവാണ്. പാട്ടത്തിനാണെമെങ്കില്‍ ഒരു ഡോളറിനും കിട്ടും. തൊഴിലാളികളെ കിട്ടാനും ബുദ്ധിമുട്ടില്ല. ഐവറി കോസ്റ്റും നൈജീരിയയും ഒക്കെ റബ്ബര്‍ കൃഷിയിലേക്ക് ഇറങ്ങുകയാണ്. അവരുമായി നമുക്ക് മത്സരിക്കാന്‍ പറ്റുന്ന കാര്യമല്ല.

ഇവിടെയാണ് നമ്മുടെ സാധ്യതകള്‍ കിടക്കുന്നത്. ആഫ്രിക്കയില്‍ ചൈന പോയി ആയിരക്കണക്കിന് സ്‌ക്വയര്‍ കിലോമീറ്റര്‍ കൃഷി സ്ഥലമാണ് വാങ്ങിക്കൂട്ടുന്നത്. തെക്കു കിഴക്കേ ആഫ്രിക്കയില്‍ മൂവായിരം ഹെക്ടര്‍ സ്ഥലം വാങ്ങിയ ഒരു കഥ എന്റെ സുഹൃത്ത് കഴിഞ്ഞ മാസം പറഞ്ഞു. ഒരു ഹെക്ടറിന് ഇരുപത്തി ഒന്‍പത് ഡോളറാണ് വില, അതായത് രണ്ടായിരം രൂപ. ഒറ്റ കണ്ടീഷനേ ഉള്ളൂ, വാങ്ങിയാല്‍ രണ്ടു വര്‍ഷത്തിനകം കൃഷി ചെയ്തു തുടങ്ങണം. എന്റെ സുഹൃത്തിനാണെങ്കില്‍ അതിന് സമയം ഇല്ല. അപ്പോള്‍ പുള്ളി ഒരു പണി ചെയ്തു. പച്ചക്കറി ചന്തയില്‍ പോയി അവിടുത്തെ വേസ്റ്റ് ഒക്കെ വാങ്ങി സ്ഥലത്ത് നിരത്തി. പറന്പില്‍ നിറയെ തക്കാളിയും മുളകും ഒക്കെ വളര്‍ന്നു. അതിന്റെ ഫോട്ടോ എടുത്തു കൊടുത്തു എല്ലാവരും ഹാപ്പി.

ഓരോ ആഫ്രിക്കന്‍ രാജ്യങ്ങളിലെ നിയമം എന്തെന്ന് സര്‍ക്കാര്‍ മനസിലാക്കുക, നമ്മുടെ മൂത്ത കൃഷിക്കാരെ ആഫ്രിക്കയില്‍ പോയി അവരെ റബ്ബര്‍ കൃഷി പഠിപ്പിക്കാനുള്ള സഹായം ചെയ്യുക, നമ്മുടെ ബാങ്കുകളെ അതിന് ലോണ്‍ കൊടുക്കാന്‍ പ്രേരിപ്പിക്കുക, ഇന്ത്യന്‍ എംബസികളെക്കൊണ്ട് അവര്‍ക്ക് വേണ്ടത്ര സപ്പോര്‍ട്ട് നല്‍കുക എന്നിങ്ങനെ. നമ്മുടെ അറിവും അവരുടെ അദ്ധ്വാനവും കൂടിയാകുന്‌പോള്‍ വിന്‍ വിന്‍ സാഹചര്യമാണ്. എല്ലാക്കാലത്തും മറുനാട്ടില്‍ പോയി തൊഴില്‍ ചെയ്തു ജീവിക്കേണ്ടവരല്ല മലയാളികള്‍. മറ്റു നാട്ടുകാര്‍ക്ക് തൊഴില്‍ കൊടുക്കുന്ന ജോലിയും നമുക്ക് ചെയ്യാം. പണികൊടുക്കുന്ന കാര്യത്തില്‍ നമുക്കുള്ള താല്പര്യം ക്രിയാത്മകമായി ഉപയോഗിക്കുകയും ചെയ്യാം.

അതുകൊണ്ട്, ഇക്കാര്യത്തില്‍ ഞാന്‍ നൂറു ശതമാനം ശ്രീ പി സി ജോര്‍ജ്ജ് എം എല്‍ എ യുടെ കൂടെയാണ്. എനിക്കും ഒരേക്കര്‍ റബ്ബര്‍ തോട്ടമുണ്ട്. അച്ഛന്‍ കൃഷി ചെയ്തതിനാല്‍ ഞാനും ചെയ്യുന്നു എന്ന മട്ടില്‍ തന്നെ ഇപ്പോഴും റബര്‍ കൃഷി ചെയ്തു പോകുന്നു എന്നേയുള്ളൂ. നമ്മുടെ കാര്‍ഷിക രംഗത്തും, ഭൂ നിയമത്തിലും വലിയ മാറ്റങ്ങള്‍ വരേണ്ട സമയമായി. നാട്ടില്‍ പോകുന്‌പോള്‍ കാണേണ്ടവരുടെ ലിസ്റ്റില്‍ ഒന്നുകൂടി ആയി.
മുരളി തുമ്മാരുകുടി.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code