Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മുഖശ്രീ കെടുത്തിയ മുഖപ്രസംഗം (സുരേന്ദ്രൻ നായർ)

Picture

 ശബരിമല ആചാരസംരക്ഷണത്തിനായി നാമജപവുമായി തെരുവിലിറങ്ങിയ കേരളത്തിലെ സംഭവവിശേഷങ്ങളെ ഒരു രാഷ്ട്രീയമുതലെടുപ്പു മാത്രമായി ചിത്രികരിച്ചു അമേരിക്കയിലെ ഒരു മലയാളമാധ്യമം മുഖപ്രസംഗമെഴുതി അപഹാസ്യമായതിനെപ്പറ്റി പറയാതെ വയ്യ.
               ഒരു ജനാധിപത്യ ഭരണ സംവിധാനത്തിൽ ഭരിക്കുന്നവരുടെ പരിഷ്കരണ നടപടികളിലെ അനൗചിത്യവും ജനവിരുദ്ധതയും സമൂഹ മധ്യത്തിൽ തുറന്നുകാട്ടി ഭരണക്കാരെ തിരുത്താൻ ശ്രമിക്കുകയും അതുബോധ്യപ്പെടുന്നവരെ തങ്ങളുടെ ചേരിയിലേക്കു ആകര്ഷിക്കുകയെന്നതും പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ അവകാശമാണ്. അത്തരത്തിൽ കേരളത്തിലെ പ്രതിപക്ഷ കക്ഷികൾ നടത്തിയ നീക്കങ്ങൾ വലിയ പാതകമാണെന്നും വെറും മുതലെടുപ്പ് മാത്രമാണെന്നും എഡിറ്റോറിയൽ എഴുതി വിഷയത്തെ ന്യുനീകരിച്ചതു ആ പത്രത്തിന്റെ പക്ഷപാതപരമായ രാഷ്ട്രീയ നിലപാടിനെയാണ് സൂചിപ്പിക്കുന്നത്. ഇനി അതവരുടെ രാഷ്ട്രീയമാണെങ്കിൽ പത്രധർമ്മത്തെ നിലനിൽപ്പിന്റെ പ്രത്യശാസ്ത്രമാക്കുന്ന കേരളത്തിലെ ചില സായാഹ്ന പത്രങ്ങളുടെ പട്ടികയിലേക്ക് ഇവരെയും വകയിരുത്തേണ്ടി വരില്ലേ 
              ആരാധനാലയങ്ങളും അവിടത്തെ ആചാര അനുഷ്ഠനങ്ങളും അതാതു മതവിഭാഗക്കാരുടെ സ്വകാര്യ അവകാശങ്ങളായി അംഗീകരിച്ച ഭരണഘടന നിലവിലുള്ള രാജ്യത്തു ഇല്ലാത്ത സ്ത്രീ വിവേചനം ചൂണ്ടിക്കാട്ടി ഒരു വിഭാഗത്തിന്റെ ആചാര അനുഷ്ഠനങ്ങളിൽ കടന്നുകയറി പരമോന്നത നീതി പീഠം ഒരു വിധി പ്രസ്താവിച്ചപ്പോൾ വിശ്വാസിസമൂഹത്തിന്റെ മതവികാരങ്ങളിലും ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ എത്തിചേരുന്ന ശബരിമലയുടെ പ്രതിഷ്ഠ സങ്കല്പത്തിലും ഉണ്ടാക്കിയ ആഘാതങ്ങളെ പൂർണ്ണമായി നിരാകരിച്ചു കോടതിവിധി അപ്രതിരോധ്യമായ അന്ത്യശാസനമാണെന്നു ഉദ്‌ഘോഷിച്ചു മുഖപ്രസംഗം നടത്തിയ നിരീക്ഷണങ്ങൾ തികച്ചും ഏകപക്ഷിയമായിരുന്നു.
        ആദ്യമായി ഉന്നയിക്കുന്ന ആരോപണം മത വിശ്വാസം സംരക്ഷിക്കുന്നതിന് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ല എന്നാണ്. മതേതര ഭരണഘടനാ അനുശാസിക്കും പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു പെരുമാറ്റചട്ടം അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയും ഇത്തരം കേസുകളിൽ കക്ഷിചേരില്ലയെന്നത് അറിവില്ലായ്മയാണോ എന്നറിയില്ല.
      അടുത്തതായി ഇവരുടെ രോഷം ഉയരുന്നത് കോടതി വിധിക്കെതിരെ ഓർഡിനൻസിറക്കി പ്രതിരോധിക്കാത്ത കേന്ദ്രഗവണ്മെന്റിനെതിരെയും, ന്യായികരണം നീളുന്നത് വിധിയുടെ മറവിൽ രാഷ്ട്രീയലക്ഷ്യത്തോടെ രംഗത്തുവന്ന സംസ്ഥാന സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുമാണ്. ആഭ്യന്ത തീർഥാടനം അതാതു സംസ്ഥാന വിഷയങ്ങൾ ആകയാൽ കോടതിനടപടികളിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രസർക്കാർ ഇടപെടേണ്ടതില്ല എന്ന നയമായിരുന്നു അറ്റോർണി ജനറൽ കോടതിയിൽ സ്വികരിച്ച നിലപാട്.
     പത്രപംക്തിയിൽ അഭിനന്ദിക്കപ്പെടുന്ന സംസ്‌ഥാനസർക്കാർ ഇക്കാര്യത്തിൽ നടത്തിയ ഇടപെടലുകൾ പരിശോധിക്കേണ്ടതല്ലേ. ഹൈന്ദവ വിശ്വാസങ്ങളിലും ക്ഷേത്ര ആചാരങ്ങളിലും ദേവസ്വം ബോർഡിനുള്ള സ്വതന്ത്ര അവകാശം അംഗീകരിച്ചുകൊണ്ട് നിലവിലുണ്ടായിരുന്ന ആചാരങ്ങൾ അതേപടി തുടരണമെന്ന് ഉമ്മൻ‌ ചാണ്ടി സർക്കാർ സമർപ്പിച്ചിരുന്നു സത്യവാങ്‌മൂലം സത്വരമായി പിൻവലിച്ചു യുവതി പ്രവേശനം അനുവദിക്കുന്നതിനും ക്ഷേത്രഭണ്ഡാരങ്ങളെ പൊതു ഖജനാവിന്റെ ഭാഗമാക്കുന്നതിനും ആവശ്യപ്പെടുന്ന പുതിയ സത്യവാങ്‌മൂലം സമർപ്പിച്ചു വിഷയത്തിൽ ഈ വിഷയത്തിൽ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നില്ലേ. ആഗ്രഹിച്ചതുപോലുള്ള ഒരു വിധി കോടതിയിൽ നിന്ന് വന്നപ്പോൾ ഔദ്യോഗികമായി വിധിപ്പകർപ്പുപോലും കിട്ടുന്നതിന് മുൻപ് ശബരിമല സന്നിധാനത്തു യുവതിപ്രവേശനം ഉറപ്പുവരുത്താൻ അമിതാവേശം കാണിക്കുകയും, വിശ്വാസഭംഗമുണ്ടാകുമെന്നു ഭയപ്പെട്ടു സമാധാനപരമായി നാമം ജപിച്ചു പ്രതിഷേധിക്കാനിറങ്ങിയ വീട്ടമ്മമാരും യുവതികളും അടങ്ങിയ വിശ്വാസ സമൂഹത്തെയാകെ തീവ്ര ഹിന്ദുത്വ വാദികളായി കള്ളികൾക്കുള്ളിലാക്കി വൈരനിര്യാതന ബുദ്ധിയോടെ നേരിടാൻ മുഖ്യ മന്ത്രിയും മറ്റുചില മന്ത്രിമാരും ശ്രമിച്ചില്ലേ, അതാണു വിഷയത്തെ   ഇത്രത്തോളം ഗുരുതരമാക്കിയതെന്നു പ്രബുദ്ധകേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും മത രാഷ്ട്രീയ ഭേദമന്യേ ഉറച്ചു വിശ്വസിക്കുന്നു.
      കോടതിവിധി നടപ്പിലാക്കാനുള്ള പ്രതിബദ്ധതയെ പ്രകീർത്തിക്കുന്ന ലേഖനം സമാനമായ നിരവധി വിധികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് കോടതികളിൽ നിന്നും നിരന്തരമായി പ്രതികൂല പരാമർശങ്ങളും ശാസനകളുംവരെ ഒരു ഉളുപ്പുമില്ലാതെ ഏറ്റുവാങ്ങിയ കാര്യങ്ങൾ ഇവർ സൗകര്യപൂർവം മറക്കുന്നു.
   ശ്രദ്ധേയമായ സഭാ തർക്ക  കേസ്സിൽ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി, കാലങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതുകാരണം ഭരണഘടനയുടെ മുപ്പത്തിനാലാം വകുപ്പുപ്രകാരമുള്ള ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അടുത്തകാലത്ത് യാക്കോബായ സഭ നൽകിയ റിട്ട് ഹർജിയിൽ ശബരിമലക്ക് സമാനമായ നിലപാടാണോ സംസ്ഥാനസർക്കാർ സ്വീകരിച്ചത്. കോടതിവിധി നടപ്പിലാക്കിയാൽ വലിയ സമാധാന ലംഘനവും സങ്കര്ഷവും ഉണ്ടാകുമെന്നതിനാൽ ബന്ധപ്പെട്ടവരുമായി ചർച്ചചെയ്‌തു സമവായമുണ്ടാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു വരുകയാൽ വിധി നടപ്പിലാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് കോടതിയിൽ ആവശ്യപ്പെടുകയും കേസ്‌ മാർച്ചു മാസത്തേക്കു മാറ്റി വയ്പ്പിക്കുകയും അല്ലേ ചെയ്തത്. ഈ  നടപടിയിലെ രാഷ്ട്രീയ ലക്‌ഷ്യം ഈ പത്രത്തിനുമാത്രം മനസ്സിലാകില്ലെങ്കിലും സാമാന്യജനത്തിനു ബോധ്യമാകുന്നതാണ്.കലഹം ഒഴിവാക്കി സമാധാനം ഉണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെങ്കിൽ ഇവിടെയെന്താ പ്രത്യേകമായൊരു തിടുക്കവും അടിയന്തിര സാഹചര്യവും.
                  രാഷ്ട്രീയ സാമുദായിക ഭേദമന്യേ തെരുവിലിറങ്ങിയ ഭക്തജനങ്ങളുടെ ആശങ്കകൾ താത്കാലികമായെങ്കിലും പരിഹരിക്കുന്ന രീതിയിൽ പുനഃപരിശോധനാ ഹർജികളുടെ തീർപ്പുവരെയെങ്കിലും സാവകാശം നൽകി വെറും രാഷ്ട്രീയക്കാരൻ എന്നതിൽനിന്നും ഉയർന്ന് ഒരു ഭരണാധികാരിയായി കൂടുതൽ അവധാനതയും പക്വതയും മുഖ്യമന്ത്രിക്ക് പ്രകടിപ്പിക്കാമായിരുന്നില്ലേ, കുറഞ്ഞപക്ഷം സർക്കാർ ചെലവിൽ കേരളം മുഴുവൻ സഞ്ചരിച്ചു ഭക്തജനങ്ങളെ ജാതിപറഞ്ഞു അവഹേളിക്കുകയും അവരുടെ താന്ത്രിക ആചാര്യനെയും അയ്യപ്പന്റെ പിതൃസ്ഥാനീയരായി കാണുന്ന പന്തളം കൊട്ടാരത്തിലെ അനന്തര അവകാശികളെയും ഒരു ജനാധിപത്യ ഭരണാധികാരിക്കും ചേരാത്ത രീതിയിൽ പുലഭ്യം പറഞ്ഞു അധിക്ഷേപിച്ചതെങ്കിലും ഒഴിവാക്കാമായിരുന്നില്ലേ. ഇതൊന്നും ജനാധിപത്യ ജനതയുടെ സംവാദങ്ങളല്ല, മറിച്ചു കാലം തിരസ്കരിച്ച ഏകാധിപത്യത്തിന്റെ ശാസനകൾ മാത്രമാണ്.
                     സമൂഹത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾ അനാചാരങ്ങളോ ദുരാചാരങ്ങളോ ആകുമ്പോൾ അതാതു വിഭാഗങ്ങളിലെ ഉത്പതിഷ്ണുക്കളിൽ നിന്നും പരിഷ്കരണ നിർദ്ദേശങ്ങൾ ഉയരുകയും സമൂഹം അതിനനസരിച്ചു പാകപ്പെടുകയും ചെയ്യുമ്പോഴാണ് മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത്. അതൊരു വെളിപാടുപോലെ അധികാരികൾ അടിച്ചേൽപ്പിക്കേണ്ടതല്ല. കേരള സമൂഹത്തിലെ വലിയൊരു വിഭാഗം ഇന്നും കാനോൻ നിയമങ്ങൾക്കും ശരിഅത്‍ ഫത്വകൾക്കും കിഴടങ്ങി കഴിയുകയും വോട്ടുബാങ്ക്  കാണുന്ന എല്ലാ രാഷ്ട്രീയക്കാരും അതിനെ തുല്യം ചാർത്തി അംഗീകരിക്കുകയും ചെയ്യുന്നു. ആ സാഹചര്യം നിലനിൽക്കുമ്പോൾ മറ്റൊരു വിഭാഗത്തിനെ മാത്രം നിയമത്തിലൂടെയും അധികാരത്തിലൂടെയും അധീനതയിലാക്കാൻ ശ്രമിച്ചാൽ ഫലം പരാജയമായിരിക്കുമെന്ന ചരിത്രം ജേർണലിസം തൊഴിലാക്കിയവർക്കും പരിശോധിക്കാവുന്നതാണ്
               വർത്തമാനപത്രം പരാമർശിക്കുന്ന ഹിന്ദുവിന്റെ ദുരാചാരങ്ങൾ സതിയും തൊട്ടുകൂടായ്മയുമാണ്. ഇസ്ലാം പടയോട്ടക്കാലത്തു രാജാക്കന്മാരെ കൊന്നു രജപുത്ര സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്ന സമ്പ്രദായത്തെ പ്രതിരോധിക്കാൻ രാജസ്ഥാനിലും സമീപ പ്രദേശങ്ങളിലും ആരംഭിച്ച സതി തെക്കേ ഇന്ത്യയിലെവിടെയും നിലനിന്നിരുന്നതായി ചരിത്രം പറയുന്നില്ല. തൊട്ടുകൂടായ്മയും അയിത്തവും പൂർണ്ണമായി അപ്രത്യക്ഷമാകുന്നത് നൂറു സംവത്സരങ്ങളിലേറെ നീണ്ടുനിന്ന പരിഷ്കരണ യത്നങ്ങളിലൂടെയാണ്. പരിഷ്കരണ പ്രസ്ഥാനക്കാരുടെ സ്ഥാനത്തു കുറെ ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളുമാണ് ഇന്ന് നിറഞ്ഞാടുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ് നിലനിന്ന മുലക്കരവും സ്മാർത്ത വിചാരത്തിന്റെ കാരണങ്ങളും ഇല്ലാതായത് തങ്ങൾ മാത്രം കാരണമാണെന്ന് ചിലർ അവകാശം പറയുന്നത്  കേൾക്കുമ്പോൾ സ്വന്തം പിതാവിന്റെ കല്യാണത്തിന് താനാണ് പപ്പടം വിളമ്പിയതെന്നു വീമ്പു പറയുന്ന ബാലന്റെ കഥയാണ് ഓർമ്മയിൽ വരുന്നത്.
          കോടതിവിധി നടപ്പിലാക്കാൻ കാട്ടുന്ന തിടുക്കത്തിനെ ന്യായികരിക്കുമ്പോൾ സഭാതർക്കം സംബന്ധിച്ച കേസ്‌ കൂടാതെ പാതയോരത്തെ മദ്യഷാപ്പുകൾ നീക്കംചെയ്യണമെന്ന കോടതിവിധിയെ നിയമനിർമ്മാണത്തിലൂടെ അസാധുവാക്കിയതും, മാലാഖമാരെപ്പോലെ രോഗികളെ പരിചരിക്കുന്ന നേഴ്‌സുമാർക്ക് ജീവിക്കാനുള്ള മിനിമം ശമ്പളം നടപ്പിലാക്കണമെന്ന വിധിയെ ആരോഗ്യമന്ത്രിയുടെ അലമാരയിൽ അടയിരിത്തിയതും, കോടികളുടെ  കോഴനിറഞ്ഞ കണ്ണൂർ കരുണ മെഡിക്കൽ കോളേജുകളുടെ അംഗീകാരം റദ്ദാക്കിയ വിധിയെ മറികടക്കാൻ ഓർഡിനൻസിറക്കി പരാജയപ്പെട്ടതും, പൊതുജന താത്പര്യം പ്രമാണിച്ചു ബന്ത് നിരോധിച്ചു വിധി പറഞ്ഞ ജഡ്ജിയെ അധിക്ഷേപ വാക്കുകൾ കൊണ്ട് ഒരു മന്ത്രിതന്നെ അഭിഷേകം ചെയ്തു വിധിയെ തള്ളിക്കളഞ്ഞതും ഓർത്തെടുത്തു അഭിനന്ദനത്തിന്റെ വ്യാപ്തി കുറച്ചുകൂടി വിപുലമാക്കാമായിരുന്നില്ലേ.
      ഏറ്റവും അവസാനം ഇതേ പത്രം ഒന്നാം പേജിൽ അയ്യപ്പനെ നൈതിക ബ്രഹ്മചാരി എന്ന് ഒരു ലേഖകൻ പേര് വച്ചെഴുതിയ വാർത്തയിൽ വിശേഷിപ്പിക്കുന്നതുൾപ്പെടെയുള്ളവയെ റിപ്പോര്ട്ടര്മാരുടെ  നിരീക്ഷണ വൈകല്യങ്ങളോ പരിമിതികളോ ആയി അവഗണിക്കാം. എന്നാൽ മുഖപ്രസംഗത്തിനു തീർച്ചയായും ഒരു മുഖമുണ്ടായിരിക്കണം, ആ മുഖത്തിനെയാണ് സമൂഹത്തിന്റെ കണ്ണാടിയെന്നു മലയാള മാധ്യമ കുലപതിയായിരുന്ന കേസരി ബാലകൃഷ്‌ണ പിള്ള വിശേഷിപ്പിച്ചത്.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code