Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആ കുഞ്ഞിന് എന്തു സംഭവിച്ചു? ഇന്നും പ്രസക്തമായ ചോദ്യം (വര്‍ഗീസ് പ്ലാമ്മൂട്ടില്‍)

Picture

നൊമ്പരമുള്ള സ്‌നേഹം, അതാണ് ഓണം നല്‍കുന്ന സന്ദേശമെന്നും മറ്റുള്ളവരുടെ വേദനയില്‍ മനസ്സു നൊന്ത് സ്വയം ബലിയായ മഹാബലിയുടെ ഓര്‍മ്മ പുതുക്കുന്ന ഓണം സമൂഹത്തിന്‍റെ വേദനയില്‍ പങ്കുചേരുവാനുള്ള പ്രചോദനമാകണമെന്നും ന്യൂജേഴ്‌സിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഒരു ഓണാഘോഷത്തില്‍ നടത്തിയ ആശംസാ പ്രസംഗത്തില്‍ ജോണ്‍ മാത്യു അച്ചന്‍ പറഞ്ഞ വാക്കുകള്‍ ഈ ഓണക്കാലത്ത് ഏറെ പ്രസക്തമായി. പ്രശസ്തനായ ഫോട്ടോ ജേര്‍ണലിസ്റ്റ് കെവിന്‍ കാര്‍ട്ടറുടെ അനുഭവ കഥ അദ്ദേഹം അവിടെ പങ്കുവെച്ചു.

1993 ല്‍ ദക്ഷിണ സുഡാനിലെ ക്ഷാമ ബാധിത പ്രദേശത്ത് ഭക്ഷണത്തിനായി മൈലുകള്‍ യാത്രചെയ്ത് അവശയായി കിടക്കുന്ന പട്ടിണിക്കോലമായ ഒരു കുഞ്ഞിനെയും തൊട്ടു പിന്നിലായി നിലയുറപ്പിച്ചിരിക്കുന്ന ഒരു കഴുകനെയും കാര്‍ട്ടര്‍ ക്യാമറയില്‍ പകര്‍ത്തി. ആ ചിത്രം ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിക്കുകയും അതിലൂടെ കെവിന്‍കാര്‍ട്ടര്‍ പുലിറ്റ്‌സര്‍ െ്രെപസ് നേടുകയും ചെയ്തു. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ആ ചിത്രം ലോകം മുഴുവന്‍ കാണുകയും ആളുകള്‍ പല രീതിയില്‍ പ്രതികരിക്കുകയും ചെയ്തു. ആ കുട്ടിക്ക് എന്തു സംഭവിച്ചു ( ണവമ േവമുുലിലറ ീേ വേല ഴശൃഹ?) എന്ന ചോദ്യവും , കഴുകനില്‍ നിന്നും ആ കുട്ടിയെ രക്ഷിക്കുന്നതിനു പകരം ഫോട്ടോ പകര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന ആരോപണവും ഉയര്‍ന്നു. പ്രശസ്തിക്കൊപ്പം ആ ദൃശ്യവും അതു പ്രതിനിധാനം ചെയ്ത യുദ്ധവും ക്ഷാമവും നിസ്സഹായതയും കുറ്റബോധവും , ആത്മ സംഘര്‍ഷവും കാര്‍ട്ടറെ വേട്ടയാടുകയും 33ാം വയസില്‍ അദ്ദേഹം ആത്മഹത്യ ചെയ്യുകയും ചെയ്തു.

കെവിന്‍ കാര്‍ട്ടറോടു ചോദിച്ച ചോദ്യം നമുക്കും നേരിടേണ്ടതുണ്ടെന്നും നമ്മുടെ കൂട്ടായ്മകള്‍ക്കെന്തു സംഭവിച്ചു, നമ്മുടെ അയല്‍ക്കാര്‍ക്കെന്തു സംഭവിച്ചു, ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നമ്മളില്‍നിന്നുയരുകയും അതിനു മറുപടി നാം കണ്ടെത്തുകയും ചെയ്യണം. അതില്ലെങ്കില്‍ നമ്മുടെ ആഘോഷങ്ങള്‍ നിരര്‍ത്ഥകമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രളയത്തെ നേരിടുന്നതില്‍ ഈ ഓണക്കാലത്ത് മലയാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ മഹാബലി വിഭാവന ചെയ്തതുപോലെ മാനുഷരെല്ലാരും ഒന്നുപോലെയെന്നു തെളിയിച്ചു. അവര്‍ അവസരത്തിനൊത്തുയര്‍ന്നു. ജാതി, മത, പ്രാദേശിക പരിഗണകളില്ലാതെ, തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഏറെ വഷളാകാമായിരുന്ന സ്ഥിതിഗതികളെ നിയന്ത്രണാധീനമാക്കി. പ്രളയം മൂലം 1,247,496 ആളുകള്‍ 3,274 ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടേണ്ടി വന്നു. പതിനായിരത്തിലധികം കിലോമീറ്റര്‍ റോഡുകള്‍ തകരാറിലാവുകയും ആയിരക്കണക്കിനു ഭവനങ്ങള്‍ തകരുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു.

ആഗോള തലത്തിലുള്ള മലയാളികളും ആ വെല്ലുവിളി എറ്റെടുക്കുന്നതും നാം കണ്ടു. ഒരു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഗൃഹാതര സ്മരണകളോടെ ഓണം ആഘോഷിച്ചിരുന്ന കേരള മക്കളെല്ലാം അതു വേണ്ടെന്നുവെച്ചു. മാവേലിയുടെ നാടു പ്രളയ ദുരിതത്തില്‍ അമരുമ്പോള്‍ ഒരു ആഘോഷത്തിനു പ്രസക്തിയില്ലെന്ന തിരിച്ചറിവാണ് ഓണം ഉപേക്ഷിക്കുവാനും അതിനു വേണ്ടി നീക്കിവെച്ച തുകയും അതിനുപരിയും നാട്ടിലെ പ്രളയദുരിതാശ്വാസത്തിനു വിനിയോഗിക്കുവാനും ഒട്ടുമിക്ക സംഘടനകളും ദേവാലയങ്ങളും വ്യക്തികളും കൂട്ടായ്മകളുമെല്ലാം തീരുമാനിച്ചത്. പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നല്ല തുക വാഗ്ദാനം ചെയ്തു. ചിലര്‍ നേരിട്ട് സഹായമെത്തിച്ചു. ഓഗസ്റ്റ് മുപ്പതുവരെയുള്ള കണക്കനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 730 കോടി രൂപയാണ് ലഭിച്ചത്. യു. എ. ഇ. ഗവണ്‍മെന്‍റ് 700 കോടി വാഗ്ദാനം ചെയ്തു. അതുപോലെ പലരും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇതിലുമേറെ തുക ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും നമുക്ക് അറിയാം. ദുരിതബാധിതരും സഹായം അര്‍ഹിക്കുന്നവരുമായവര്‍ക്ക് എന്തു സഹായം കിട്ടിയെന്നോ വാഗ്ദാനം നല്‍കിയ സംഘടനകളും വ്യക്തികളും വാര്‍ത്തകളില്‍ ഇടം തേടുന്നതിനപ്പുറം യഥാര്‍ത്ഥത്തില്‍ തങ്ങള്‍ വാഗ്ദാനം ചെയ്ത കോടികളും ലക്ഷങ്ങളും കൈമാറിയോ എന്നതും വ്യക്തമായിട്ടില്ല.

കേന്ദ്രസര്‍ക്കാരില്‍ നിന്നും കേരളത്തിനു ലഭിച്ച സഹായവും ദുരിതാശ്വാസ ഫണ്ടിലേക്കു ലഭിച്ച തുകയും അര്‍ഹതപ്പെട്ടവരിലേക്ക് സമയോചിതമായി എത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനം എത്രകണ്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. സുനാമിയുടെയും എറ്റവും ഒടുവില്‍ ഓക്കിയുടേയും ദുരിതാശ്വാസ സഹായം ഇനിയും ലഭിക്കാത്ത അനേകരുണ്ടെന്നാണ് അറിയുന്നത്. അതു ദുര്‍വിനിയോഗം ചെയ്ത വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ കാണുവാനിടയായി. പ്രളയ ജലത്തിലേക്ക് ചാടിയിറങ്ങി സ്വന്തം സുരക്ഷയും തങ്ങളുടെ ആകെയുള്ള സമ്പാദ്യമായ ബോട്ടുകളുടെയും സുരക്ഷയും മറന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിതത്തിലേക്കെത്തിച്ച മത്സ്യബന്ധന തൊഴിലാളികളെയെങ്കിലും മറക്കാതിരിക്കാം. അവര്‍ സ്വീകരണങ്ങളോ ഹീറോ പരിവേഷമോ ആവശ്യപ്പെട്ടില്ല. കേവലം ചുരുങ്ങിയ ആവശ്യം. കേടായ തങ്ങളുടെ ബോട്ടുകള്‍ നന്നാക്കി കിട്ടണം. അത്രമാത്രം. അവരുടെ ഉപജീവനത്തിനുള്ള ഏക ആശ്രയം അതായിരുന്നു. അതുപോലും അവര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കും സഭകളുടെയും മറ്റ് ആത്മീയ സംഘടനകളുടെ ഫണ്ടിലേയ്ക്കും ധാരാളം പണം ഒഴുകിയെത്തിയിട്ടുണ്ട്. അത് അര്‍ഹതപ്പെട്ടവര്‍ക്ക് എത്രയും വേഗം എത്തണം. റോഡുകളുടെയും വീടുകളുടെയും പുനര്‍ നിര്‍മ്മാണം നടക്കണം. ഇതുപോലെയുള്ള ദുരന്തം സംഭവിക്കാതിരിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കണം. ഇത് നടക്കുന്നത് ഉറപ്പു വരുത്തുവാന്‍ മാധ്യമങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സര്‍ക്കാരിനും ചുമതലയുണ്ട്.

ഏറ്റവും അധികം നാശനഷ്ടങ്ങളുണ്ടായതെവിടെയാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ടു കണ്ടതാണ്. ആ പെണ്‍കുഞ്ഞിനെന്തു സംഭവിച്ചു എന്ന് കെവിന്‍ കാര്‍ട്ടറോടു ചോദിച്ച ആ ചോദ്യം ഇവിടെയും പ്രസക്തമാണ്. ദുരിതബാധിതര്‍ ഇപ്പോള്‍ എങ്ങനെ കഴിയുന്നു. അവരുടെ വീടുകളുടെ സ്ഥിതി എന്താണ്. സര്‍ക്കാരില്‍നിന്ന് എന്തു സഹായം കിട്ടി. ഇതെല്ലാം ജനങ്ങള്‍ക്കറിയാന്‍ താല്‍പ്പര്യമുണ്ട്. ഇതു പഴയ വാര്‍ത്തയായി തീരുകയും മാധ്യമ ശ്രദ്ധ പുതിയ പുതിയ സെന്‍സേഷനല്‍ വാര്‍ത്തകളിലേയ്ക്ക് തിരിയുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ കാര്യം മുറപോലെയാവുകയും ദുരിതബാധിതര്‍ എന്നേയ്ക്കും , സുനാമി പോലെ, ഓക്കിപോലെ, മറ്റൊരു ദുരിതബാധിതരായി അവശേഷിക്കുകയും ചെയ്യും . കേരളത്തെ നെഞ്ചോടു ചേര്‍ക്കുന്ന ആഗോളതലത്തിലുള്ള മലയാളികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുകയും വാഗ്ദാന പ്രഖ്യപനം നടത്തിയ സംഘടനകളും സര്‍ക്കാരും എന്തു ക്രിയത്മക നടപടിയാണ് കൈക്കൊള്ളുന്നതെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code