Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പോരാളിയുടെ പൗരുഷം (പ്രൊഫ. (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍)

Picture

“ഹലോ, ക്യാപ്റ്റന്‍ രവി, നാളെ ഞായറാഴ്ചയാണല്ലോ. നമുക്ക്   രാവിലെ ഒന്‍പതുമണിക്ക് ശ്രീനഗറിലേക്കു ഷോപ്പിംഗിനു പോകാം. ഞാനും എന്റെ ഫാമിലിയും വരും.” മേജര്‍ രാജേഷിന്റെ ഫോണ്‍ വന്നപ്പോള്‍ ക്യാപ്റ്റന്‍ രവിക്കു വളരെ സന്തോഷമായി.

“ഓക്കെ, താങ്ക്‌സ്! ഞാന്‍ വരാം. ജോലിത്തിരക്കിനിടയില്‍ നല്ലൊരു ഔട്ടിംഗ് ആവുമല്ലോ. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് കൃത്യം ഒന്‍പതു മണിക്ക് വണ്ടിയുമായി ഞാന്‍ സാറിന്റെ വീട്ടിലെത്താം”. ക്യാപ്റ്റന്‍ പറഞ്ഞു.

“ഓക്കെ”, മേജര്‍ രാജേഷ് ഫോണ്‍ സംസാരം നിര്‍ത്തി.

മേജര്‍ രാജേഷ്, മെക്കാനിക്കല്‍ എഞ്ചിനീയറും ഷെരീഫാബാദ് ആര്‍മി വര്‍ക്ക്‌ഷോപ്പിന്റെ മേധാവിയുമായിരുന്നു. ഡോ. നീലിമയെ കല്യാണം കഴിച്ച് ഷെരീഫാബാദ് മിലിട്ടറി കണ്‍ടോണ്‍മെന്റില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് ഒന്നു രണ്ടു മാസമേ ആയിട്ടുള്ളൂ. പട്ടണത്തില്‍ നിന്നും പത്തുകിലോമീറ്റര്‍ ദൂരെയുള്ള ഈ സ്ഥലത്ത് നേരമ്പോക്കിനു വേണ്ട ഒന്നുമുണ്ടായിരുന്നില്ല. ഓഫീസിലെ ജോലിത്തിരക്കു കഴിഞ്ഞാല്‍ വൈകുന്നേരം ക്യാപ്റ്റന്‍ രവി, രാജേഷ് ദമ്പതികളുടെ കൂടെ ബാഡ്മിന്റണ്‍ കളിക്കുമായിരുന്നു. അവിവാഹിതനും ആദര്‍ശശാലിയും സല്‍സ്വഭാവിയുമായ ക്യാപ്റ്റന്‍ രവിയെ എല്ലാവര്‍ക്കുമിഷ്ടമായിരുന്നു.

ഉഗ്രവാദികളുടെ ആക്രമണങ്ങള്‍ മൂലം ശ്രീനഗര്‍ ആര്‍മിയുടെ അധീനതയിലായിരുന്നു. ഏത് ആര്‍മി വണ്ടികള്‍, പട്ടാളക്യാമ്പിനു പുറത്തുപോകുമ്പോഴും ഡ്രൈവറും വേറൊരു പട്ടാളക്കാരനും ആയുധമെടുത്തു കൊണ്ടു പോകണമെന്ന നിബന്ധനയുണ്ടായിരുന്നു. ആര്‍മിവണ്ടികള്‍ പോകുമ്പോള്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന വെടിവെപ്പും ബോംബേറും നടത്തിയ പല സംഭവങ്ങളുമുണ്ടായിരുന്നു.

ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്കു തന്നെ അവര്‍ ശ്രീനഗറിലേക്കു പുറപ്പെട്ടു. മിലിറ്ററി ജിപ്‌സി വണ്ടിയില്‍ ആയുധധാരികളായ ഡ്രൈവറും വേറൊരു പട്ടാളക്കാരനും മുന്‍സീറ്റിലിരുന്നു. മറ്റെല്ലാവരും പിറകിലെ സീറ്റുകളിലായിരുന്നു.

“ഇവിടെ വന്നശേഷം ആദ്യമായാണോ മാഡം, ശ്രീനഗറിലേക്കു പോകുന്നത്?” ക്യാപ്റ്റന്‍ രവി, ഡോ. നീലിമയോടു ചോദിച്ചു.

“അതെ. ഉഗ്രവാദികളുടെ, ഭീകരതകള്‍ കാരണം ഇതുവരെ പോകാന്‍ സാധിച്ചിട്ടില്ല. ഏതായാലും ഇന്നു നമുക്ക് ശ്രീനഗര്‍ പട്ടണം കാണാന്‍ കഴിയുമല്ലോ.” ഡോ. നീലിമ സന്തോഷത്തോടെ പറഞ്ഞു.

സംസാരിച്ചു സമയം പോയതറിഞ്ഞില്ല. ശ്രീനഗര്‍ പട്ടണത്തിനുതൊട്ടുമുമ്പുള്ള ... ഗ്രൗണ്ട് മിലിറ്ററി പോലീസ് ചെക്ക്‌പോസ്റ്റില്‍ ഞങ്ങളുടെ വണ്ടിനിര്‍ത്തി. വണ്ടിയില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള ആയുധങ്ങള്‍, ഡ്രൈവറുടെ അടുത്ത് കൂടെയുള്ള ഗാര്‍ഡിന്റെ അടുത്തുമുണ്ടോ എന്നു പരിശോധിച്ച്, വണ്ടിയുടെ നമ്പരും മറ്റും എഴുതിയശേഷം മിലിറ്ററി പോലീസുകാര്‍ വണ്ടി മുമ്പോട്ടു പോകാനനുവദിച്ചു. മിലിറ്ററി പോലീസിന്റെ തലവനായ സുബേദാര്‍ പ്യാരാസിംഗ്, ക്യാപ്റ്റന്‍ രവിയെ കണ്ടപ്പോള്‍ സല്യൂട്ട് ചെയ്ത ശേഷം പറഞ്ഞു. “സോറി സാര്‍ മുച്ഛെ പതാ നഹിം ഥാ, ആപ് ഇസ് ഗാഡിമെ ബൈഠെ ഹെ.” (ക്ഷമിക്കണം സാര്‍. താങ്കള്‍ ഈ വണ്ടിയിലിരിക്കുന്ന കാര്യം എനിക്കറിയില്ലായിരുന്നു.)

“കോയി ബാത്ത് നഹിം. ഹം ലോഗ് ബഹൂത് ഖുശ് ഹെ കീ ആപ് അപ്നാ കാം അച്ഛീ തരഹ് നിഭാരഹെ ഹെ” (സാരമില്ല. താങ്കള്‍ താങ്കളുടെ ജോലി ഭംഗിയായി നിര്‍വ്വഹിക്കുന്നു എന്‌ന കാര്യത്തില്‍ ഞങ്ങള്‍ക്കു വളരെ സന്തോഷമുണ്ട്.) ക്യാപ്റ്റന്‍ രവി മറുപടി പറഞ്ഞു.

മനോഹരമായ പൈന്‍മരങ്ങല്‍ റോഡിന്റെ ഇരുഭാഗത്തും തലയുയര്‍ത്തി നില്ക്കുന്നതു കണ്ടുകൊണ്ട്, വണ്ടി മുമ്പോട്ടു നീങ്ങി. പലതരം നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചു പുഞ്ചിരിക്കുന്ന സുന്ദരികളെപ്പോലെ മനോഹരമായ പൂക്കള്‍ പല സ്ഥലത്തുമുണ്ടായിരുന്നു. അങ്ങകളെ ചക്രവാളത്തില്‍ തലഉയര്‍ത്തിനില്ക്കുന്ന പൈന്‍മരങ്ങള്‍ നിറഞ്ഞ വന്‍കാടുകളുള്ള കൂറ്റന്‍ മലകള്‍ കാണാനെന്തു രസം! കഴുത്തു മുതല്‍ കാലുവരെ എത്തുന്ന വസ്ത്രങ്ങള്‍ ധരിച്ച് തലയില്‍ തുണിയും ചുറ്റി, ഞങ്ങളുടെ വണ്ടിയെ ആകാംക്ഷയോടെ വീക്ഷിക്കുന്ന സുന്ദരികളെ കണ്ണിമയ്ക്കാതെ നോക്കിയപ്പോള്‍ ഡോ. നീലിമ ചോദിച്ചു.

“എന്താ ക്യാപ്റ്റന്‍ രവി, ഇതിലേതെങ്കിലും കാശ്മീരി സുന്ദരിയെ വിവാഹം ചെയ്യാനുദ്ദേശമുണ്ടോ?”

“ഇല്ലാ മേഡം. എന്റെ ഭാവി ഭാര്യ കേരളത്തിലെവിടെയോ ഉണ്ട്. ഭാഗ്യമനുസരിച്ച് എന്നെങ്കിലും കണ്ടുമുട്ടും”. ക്യാപ്റ്റന്‍ രവിയുടെ മറുപടി.

“എന്താ ഇതുവരെ ആരെയും പ്രേമിച്ചിട്ടില്ലെ?” മേജര്‍ രാജേഷിന് അതാണറിയേണ്ടത്.

“പ്രേമിക്കാന്‍ സമയം കിട്ടിയിട്ടില്ലാ സാര്‍. പല ആലോചനകളും വന്നിരുന്നു. പക്ഷേ, വീട്ടുകാര്‍ക്കിഷ്ടപ്പെട്ടില്ല. വീട്ടുകാര്‍ക്കിഷ്ടപ്പെട്ടത് എനിക്കിഷ്ടമായില്ല. അങ്ങിനെ സമയം കടന്നുപോയി.” ക്യാപ്റ്റന്‍ രവി സത്യസന്ധതയോടെ കാര്യം പറഞ്ഞു.

വണ്ടി, ശ്രീനഗര്‍ പട്ടണത്തിലൊരിടത്തു നിര്‍ത്തിയശേഷം ഡ്രൈവര്‍ പറഞ്ഞു; “സാര്‍, യഹാം ഷോപ്പിംഗ് കെലിയെ അച്ഛാ ദുക്കാന്‍ ഹെ.” (സാര്‍ ഇവിടെ ഷോപ്പിംഗിനു പറ്റിയ നല്ല കടകളുണ്ട്.)

വണ്ടി പ്രധാനറോഡില്‍ നിന്നുമാറ്റഇ, ഒരു ഇടവഴിയില്‍ നിര്‍ത്തിയിടണമെന്നും വണ്ടി വിട്ടു പോകരുതെന്നും നിര്‍ദ്ദേശം നല്കിയ ശേഷം, അവര്‍ ഷോപ്പിംഗിനു പോയി.

പലതരം സാധനങ്ങള്‍ വളരെ മനോഹരമായി സജ്ജീകരിച്ചുവെച്ചത് വിദേശപര്യാടകരെ ആകര്‍ഷിക്കാന്‍ കൂടിയാണ്. വിദേശികളോട് തോന്നിയ വിലയാണ് ഷോപ്പുകാര്‍ ആവശ്യപ്പെടുക. ഉഗ്രവാദികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ വിദേശികളും സ്വദേശികളുമായ പര്യാടകര്‍ ഭൂമിയിലെ സ്വര്‍ഗ്ഗമെന്നു പറയുന്ന ശ്രീനഗറില്‍ വരുന്നതു വളരെ കുറഞ്ഞു. ആര്‍മി ഏറ്റെടുത്ത ശേഷം, ചില പര്യാടകര്‍ ധൈര്യപൂര്‍വ്വം ശ്രീനഗറിലേക്കു വരാന്‍ തുടങ്ങി.

രണ്ടു മണിക്കൂറിനുള്ളില്‍ ഷോപ്പിംഗ് പൂര്‍ത്തിയാക്കി അവര്‍ തിരിച്ചു വന്നു.

“ഇനി ദല്‍ ലെയിക്കും മുഗള്‍ ഗാര്‍ഡനും കണ്ടശഷം നല്ലൊരു ഹോട്ടലില്‍ നിന്നു ഭക്ഷണവും കഴിച്ചു തിരിച്ചുപോകാം.” മേജര്‍ രാജേഷ് അഭിപ്രായപ്പെട്ടു.

ക്യാപ്റ്റന്‍ രവി തലയാട്ടി.

അവര്‍ വണ്ടിയില്‍ കയറി ഇരുന്നു. ആര്‍മി ജിപ്‌സി വണ്ടിയുടെ പിന്‍ഭാഗത്തു പകുതിഭാഗം തുറന്നുകിടക്കുന്നതിനാല്‍, പിന്നിലൂടെ കാഴ്ചകള്‍ ഭംഗിയായി കാണാം. മുന്‍ഭാഗത്തുള്ള കാഴ്ചകളും നന്നായി കാണാന്‍ സാധിക്കും.

ജിപ്‌സി സ്റ്റാര്‍ട്ട് ആക്കി കുറച്ചു ദൂരം പോയപ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. ആളുകളുടെ തിരക്കു കാരണം റോഡിലൂടെ പോകാന്‍ പ്രയാസമുള്ളതുകൊണ്ടായിരിക്കാം. വണ്ടി നിര്‍ത്തിയതെന്ന് ക്യാപ്റ്റന്‍ രവിയും കൂട്ടരും സമാധാനിച്ചു. അവര്‍ സംസാരം തുടര്‍ന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ കുറേ കാശ്മീരികള്‍ അവരുടെ വണ്ടിക്കു ചുറ്റും തടിച്ചു കൂടി.

“ക്യാ ബാത്ത് ഹെ?” ക്യാപ്റ്റന്‍ രവി, ഡ്രൈവറോടു ചോദിച്ചു.

മുന്‍ഭാഗത്തു നിന്നു വന്ന ഒരു കാര്‍, റോഡരികില്‍ നിര്‍ത്തി, അതിന്റെ ഡ്രൈവര്‍ പെട്ടെന്നു കാറിന്റെ വാതില്‍ തുറന്നപ്പോള്‍ ജിപ്‌സിയില്‍ തട്ടി. ദേഷ്യം വന്ന കാശ്മീരി കാര്‍ ഡ്രൈവര്‍, ജിപ്‌സി ഡ്രൈവറുടെ തെറ്റു കാരണമാണ് അയാളുടെ കാറിനു പരിക്കുപറ്റിയതെന്നു പറഞ്ഞ് ബഹളം കൂട്ടിയപ്പോള്‍ അയാളുടെ സുഹൃത്തുക്കളായ മറ്റു കാശ്മീരികള്‍ മിലിറ്ററി ജിപ്‌സിയെ വളഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ അവരുടെ എണ്ണം വര്‍ദ്ധിച്ചു.

“മിലിറ്ററി വണ്ടിയെ കത്തിക്കണം.” അമര്‍ഷത്തോടെ ഏതോ കാശ്മീരി വിളിച്ചുപറഞ്ഞപ്പോള്‍ പലരും അതു ശരിവെച്ചു. ചിലര്‍ ജിപ്‌സി വണ്ടിയെ കാലുകൊണ്ടു തൊഴിച്ചു. അടുത്തുകിട്ടിയ കല്ലെടുത്തെറിഞ്ഞു. കാശ്മീരികളുടെ പ്രതികരണം കണ്ടപ്പോള്‍ ഡോ. നീലിമ പേടിച്ചുകരഞ്ഞുപോയി. സ്വന്തം ഭാര്യം കൂടെ ഉള്ളതു കൊണ്ടായിരിക്കാം മേജര്‍ രാജേഷിന്റെ മുഖത്തും ഭയം നിഴലിച്ചിരുന്നു.

ഇതിനിടയില്‍ ആരോ ഒന്നുരണ്ടാളുകള്‍ തീപ്പെട്ടി പുറത്തെടുത്ത് ജിപ്‌സി കത്തിക്കാന്‍ ശ്രമിച്ചു. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ മിലിറ്ററി ജിപ്‌സി കത്തിക്കുമെന്നും അഞ്ചു ജീവന്‍ അപകടത്തിലാവുമെന്നും ഉറപ്പാണ്.

ക്യാപ്റ്റന്‍ രവി ഉടനെ ഡ്രൈവറുടെ ആയുധമായ സ്റ്റെന്‍ഗണ്‍ കയ്യിലെടുത്തു. ഡ്രൈവറുടെ അടുത്ത സീറ്റിലിരിക്കുന്ന സെക്യൂരിറ്റി ഗാര്‍ഡിനോടു പറഞ്ഞു, “റെഡിയായി നില്ക്കുക. എന്റെ ഓര്‍ഡര്‍ കിട്ടിയാല്‍ വെടിവെപ്പ് ആരംഭിക്കണം.”

“ജീ സാബ്.” അയാള്‍ ധൈര്യപൂര്‍വ്വം പറഞ്ഞു.

ക്യാപ്റ്റന്‍ രവി വളരെ ഉച്ചത്തില്‍ പറഞ്ഞു: “അഗര്‍ കോയി ആദ്മി ഹമാരെ ഗാഡി ഛുലിയാ തൊ, മാര്‍ ദൂംഗാ. മൈ#െ തീന്‍ തക് ഗിനൂംഗാ. ഉസ്സെ പെഹയെ ഹമാരാ ജിപ്‌സി കാ ചാബി നഹിം ദിയാ തൊ, സബ്‌കൊ മാര്‍ ദൂംഗാ. ഏക്...! ദൊ...! (ആരെങ്കിലും ഞങ്ങളുടെ വണ്ടി തൊട്ടാല്‍ കൊന്നുകളയും. ഞാന്‍ മുന്നുവരെ എണ്ണുമ്പോഴേക്കും ഞങ്ങളുടെ വണ്ടിയുടെ താക്കോല്‍ തന്നില്ലെങ്കില്‍ എല്ലാവരേയും കൊന്നുകളയും. ഒന്ന്...! രണ്ട്....!)

രണ്ട് എന്ന് എണ്ണിത്തീരുന്നതിനു മുമ്പു തന്നെ അവിടെ തടിച്ചുകൂടിയ കാശ്മീരികള്‍ ഓടി രക്ഷപ്പെട്ടു. താക്കോല്‍ എടുത്തുകൊണ്ടു പോയ കാര്‍ ഡ്രൈവര്‍, ജിപ്‌സിയുടെ താക്കോല്‍ ഡ്രൈവറുടെ കൈയ്യില്‍ ഏല്പിച്ചുകൊണ്ട് അയാളുടെ കാലുപിടിച്ചു ക്ഷമാപണം പറഞ്ഞു: “സാര്‍ ഗല്‍ത്തി ഹോഗയാ. മാഫ് കരോ”

ഇനിയും സ്ഥിതി വഷളാവുന്നതിനു മുമ്പ്, ഡ്രൈവറോട് ജിപ്‌സി സ്റ്റാര്‍ട്ട് ചെയ്ത് പുറപ്പെടാന്‍ പറഞ്ഞു.

ഡോ. നീലിമ അപ്പോഴും ഒരു ഷോക്കിലായിരുന്നു. മേജര്‍ രാജേഷ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. “ഇനി ഭയപ്പെടാനില്ല. താങ്ക്യൂ ക്യാപ്റ്റന്‍ രവി. യുവാര്‍ ഗ്രെയിറ്റ്!”

ക്യാപ്റ്റന്‍ രവി അഭിമാനത്തോടെ പുഞ്ചിരിച്ചു.

“നിങ്ങള്‍ ഇത്ര ധൈര്യപൂര്‍വ്വം പെരുമാറിയിരുന്നില്ലെങ്കില്‍ നമ്മുടെ ജീവന്‍ അപകടത്തിലാവുമായിരുന്നു. മരിച്ചു ജീവിക്കുന്ന പ്രതീതിയാണിപ്പോള്‍”. അല്പം ധൈര്യം സംഭരിച്ചുകൊണ്ട് ഡോ. നീലിമ സംസാരിച്ചു.

“ഇങ്ങനെ എത്രയോ തിക്താനുഭവങ്ങല്‍ ഞങ്ങള്‍ പട്ടാള ഓഫീസര്‍മാര്‍ക്ക് ഓരോ ദിവസവും നേരിടേണ്ടി വരാറുണ്ട്. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും. ആ മരണം ധൈര്യപൂര്‍വ്വം പോരാടിയിട്ടാണെങ്കില്‍ അഭിമാനാര്‍ഹമാവും.” ക്യാപ്റ്റന്‍ രവി പറഞ്ഞപ്പോള്‍, ഡോ. നീലിമയ്ക്ക് ഒരു ആര്‍മി ഓഫീസറെ കല്യാണം കഴിച്ചതില്‍ അഭിമാനം തോന്നി.

“യഥാര്‍ത്ഥത്തില്‍ ഇന്നു വെടിവെച്ചിരുന്നെങ്കില്‍, നാളത്തെ പത്രങ്ങളില്‍ നമുക്കെതിരായി വാര്‍ത്തകള്‍ വരുമായിരുന്നു. ശ്രീനഗര്‍ പട്ടണ ബന്ദ് നടക്കുമായിരുന്നു. നമ്മുടെ കോര്‍ട്ടുമാര്‍ഷല്‍ നടക്കുമെന്നതിനു സംശയമില്ല”. മേജര്‍ രാജേഷ് പറഞ്ഞു.

“അതു ശരിയാണ്. ക്യാപ്റ്റന്‍ രവി അനുകൂലിച്ചു. പക്ഷേ, ഈ കാശ്മീരികളെ ഭീകരന്മാരിലവ് നിന്നും രക്ഷിയ്ക്കുവാന്‍ വേണ്ടി രാപ്പകല്‍ പാടുപെട്ട്, ജീവന്‍പോലും ബലിയര്‍പ്പിക്കുന്ന പട്ടാളക്കാരെ ശത്രുക്കളായി കരുതുന്ന ഇവിടുത്തെ ഒരു വിഭാഗം ആള്‍ക്കാര്‍, എന്നെങ്കിലുമൊരു ദിവസം ആര്‍മി ഇവര്‍ക്കുവേണ്ടി ചെയ്യുന്ന സേവനം മനസ്സിലാക്കും.”

“സാര്‍ ദല്‍ ലെയിക്ക്” ഡ്രൈവര്‍ വിളിച്ചുപറഞ്ഞു.

“നമുക്കിവിടെ ഇറങ്ങി ദല്‍ ലയിക്കിന്റെ മനോഹാരിത ആസ്വദിക്കാം.” ക്യാപ്റ്റന്‍ രവി അഭിപ്രായപ്പെട്ടു.

“വേണ്ട ക്യാപ്റ്റന്‍ രവി. തല്‍ക്കാലം നമുക്ക് മടങ്ങിപ്പോകാം. വേറൊരു ദിവസം വന്ന്, മുഗള്‍ ഗാര്‍ഡനും ദല്‍ ലെയിക്കുമെല്ലാം കാണാം.” ഡോ. നീലിമ പറഞ്ഞു.

ക്യാപ്റ്റന്‍ രവിയും മേജര്‍ രാജേഷും സമ്മതിച്ചു. അവരുടെ ജിപ്‌സി, നേരെ ഷരീഫാ ബാദിലേക്കു വിട്ടു. വഴിക്കുള്ള ടട്ടുഗ്രൗണ്ട്, മിലിറ്ററി പോലീസ് ചെക്ക് പോസ്റ്റ് എത്തിയപ്പോള്‍, സുബേദാര്‍ പ്യാരാസിംഗ് അടുത്തുവന്നു പറഞ്ഞു.

“ജല്‍ഡി വാപസ് ആഗയാ സാബ്” (പെട്ടെന്നു തിരിച്ചുവന്നല്ലോ സാബ്)

“ജിഹാം. ഷോപ്പിംഗ് ജല്‍ദി കതം ഹോഗയാ.” (അതെ. ഷോപ്പിംഗ് വേഗം കഴിഞ്ഞു). മേജര്‍ രാജേഷ് പറഞ്ഞു.

ഷെരീഫ ബാദ് മിലിറ്റി ക്യാമ്പില്‍ തിരിച്ചെത്തിയ ശേഷം, മേജര്‍ രാജേഷിനേയും ഭാര്യയേയും അവരുടെ വീട്ടിലിറക്കി. ക്യാപ്റ്റന്‍ രവി, ഓഫീസര്‍ മെസ്സിലുള്ള തന്റെ മുറിയിലേക്കു പോയി. ജിപ്‌സി ക്യാമ്പിലേക്കു തിരിച്ചയച്ചു.

ക്യാപ്റ്റന്‍ രവിയുടെ സഹായ്ക്ക് (സഹായത്തിനുള്ള പട്ടാളക്കാരന്‍) അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.

“സാര്‍, ചായ് ലുഉം?” (സാര്‍ ചായ കൊണ്ടുവരട്ടെ?) സഹായക്ക് ചോദിച്ചു.

“ഓക്കെ.” ക്യാപ്റ്റന്‍ രവി കസേരയിലിരുന്നു പത്രം വായിക്കാന്‍ തുടങ്ങി.

പത്തു മിനിട്ടിനുള്ളില്‍ ചായയും പലഹാരങ്ങളുമായി സഹായക്ക് തിരിച്ചെത്തി. ക്യാപ്റ്റന്‍ രവി ചായ വാങ്ങിയ ശേഷം സഹായക്കിനോടു സ്വന്തം ബാരക്കിലേക്ക് (പട്ടാളക്കാര്‍ താമസിക്കുന്ന സ്ഥലം) പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.

പെട്ടെന്ന് ടെലിഫോണ്‍ ബെല്ലടിച്ചു. ക്യാപ്റ്റന്‍ രവി, ടെലിഫോണ്‍ റിസീവര്‍ എടുത്തു ചെവിയില്‍ വെച്ചുകൊണ്ടു പറഞ്ഞു: “ഗുഡ് ആഫ്റ്റര്‍ നൂണ്‍. ക്യാപ്റ്റര്‍ രവി ഹിയര്‍.”

“ഗുഡ് ആഫ്റ്റര്‍ നൂണ്‍ രവീ, മീറ്റ് മി ടുമാറോ അറ്റ് 10 എ.എം. ഇന്‍ മൈ ഓഫീസ്.” കമാന്റിംഗ് ഓഫീസറുടെ ആജ്ഞ കേട്ടപ്പോള്‍ അമ്പരന്നു പോയി.

“എസ് സാര്‍. വാട്ടീസ് ദ മാറ്റര്‍ സാര്‍?”

“യുവര്‍ കോര്‍ട്ട് മാര്‍ഷല്‍.” കമാന്‍ഡിംഗ് ഓഫീസര്‍ ടെലിഫോണ്‍ പെട്ടെന്നു താഴെ വച്ചു.

ഇന്നു ശ്രീനഗര്‍ പട്ടണത്തില്‍ നടന്ന സംഭവത്തെപ്പറ്റി ആര്‍മി ഇന്റലിജന്‍സുകാര്‍ കമാന്‍ഡിംഗ് ഓഫീസര്‍ക്കു റിപ്പോര്‍ട്ടു കൊടുത്തു കാണുമോ? ക്യാപ്റ്റന്‍ രവി ആലോചിച്ചു. ഇത്ര പെട്ടെന്ന് ആ വിവരം അറിയാന്‍ വഴിയില്ല. സ്വയം സമാധാനിച്ചു.

അതാ ടെലിഫോണ്‍ വീണ്ടും മണിയടിച്ചു. ക്യാപ്റ്റന്‍ രവി ടെലിഫോണില്‍ പറഞ്ഞു. ഗുഡ് ആഫ്റ്റര്‍ നൂണ്‍, ക്യാപ്റ്റന്‍ രവി ടെലിഫോണില്‍ പറഞ്ഞു. “ഗുഡ് ആഫ്റ്റര്‍ നൂണ്‍ ക്യാപ്റ്റന്‍ രവി ഹിയര്‍”

“ഗുഡ് ആഫ്റ്റര്‍ നൂണ്‍ ക്യാപ്റ്റന്‍ രവി. വെല്‍ഡണ്‍! അഞ്ചു ജീവനും മിലിറ്ററിയും അഭിമാനവും രക്ഷിച്ചതിന് താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍”. കമാന്‍ഡിംഗ് ഓഫീസറുടെ ഭാര്യയായിരുന്നു അത്. “ഇന്നു രാത്രി എട്ടുമണിക്ക് ഞങ്ങളുടെ വീട്ടിലേക്കു വരിക. ഇന്നത്തെ ഡിന്നര്‍ ഞങ്ങളുടെ കൂടെയാവാം.”

പെട്ടെന്ന് വീണ്ടും ടെലിഫോണ്‍ ബെല്ലടിച്ചു. “ക്യാപ്റ്റന്‍ രവീ; മേജര്‍ രാജേഷ് ഹിയര്‍. അയാം സോറി. ഞാന്‍ നടന്ന സംഭവമെല്ലാം കമാന്‍ഡിംഗ് ഓഫീസറോടു പറഞ്ഞു.”

അപ്പോഴാണ് കമാന്‍ഡിംഗ് ഓഫീസര്‍ പറഞ്ഞ കോര്‍ട്ടു മാഷ്വലിന്റെ കാര്യം ക്യാപ്റ്റന്‍ രവിക്കു മനസ്സിലായത്.

അടുത്ത ദിവസം രാവിലെ പത്തു മണിക്ക് മുഴുവന്‍ റജിമെന്റിന്റേയും മുമ്പില്‍ വെച്ച് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ജയ് നാരായണന്‍ പറഞ്ഞു; “ക്യാപ്റ്റന്‍ രവിയെപ്പോലുള്ള ഓഫീസര്‍ നമ്മുടെ റജിമെന്റിന്റെ മാത്രമല്ല; ഈ ദേശത്തിന്റെ മുഴുവന്‍ അഭിമാനമാണ്! രോഷാകുലരായ കാശ്മീരികള്‍ നമ്മുടെ മിലിറ്ററി വണ്ടി കത്തിച്ചിരുന്നെങ്കില്‍ ജീവഹാനി മാത്രമല്ല, മാനഹാനി കൂടി സംഭവിക്കുമായിരുന്നു. പക്ഷേ, ക്യാപ്റ്റന്‍ രവിയുടെ ആത്മധൈര്യവും ബുദ്ധിപൂര്‍വ്വവുമായ പ്രവര്‍ത്തിയും വലിയൊരു വിപത്തില്‍ നിന്നും രക്ഷ നേടാന്‍ സഹായിച്ചു. വെല്‍ഡണ്‍! അയാം പ്രൗഡ് ഓഫ് യു രവീ.” കമാന്‍ഡിംഗ് ഓഫീസര്‍ രവിയെ ആലിംഗനം ചെയ്തു. സദസ്സിലെ പട്ടാളക്കാര്‍ സന്തോഷം കൊണ്ട് ജയ് വിളിച്ചു.

“ക്യാപ്റ്റന്‍ രവി സാബ് കീ ജയ്.”

അറിയാതെ ക്യാപ്റ്റന്‍ രവിയുടെ കണ്ണുകള്‍ നിറഞ്ഞു. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കണ്ണുനീര്‍!

***************


പ്രൊഫ. (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍



ജനനം, വിദ്യാഭ്യാസം: കണ്ണൂരിലെ ‘കൊളന്ത’ ഗ്രാമത്തില്‍ സുപ്രസിദ്ധ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യാഗവണ്‍മെന്റിന്റെ ‘താമ്രപത്ര’ അവാര്‍ഡു ജേതാവുമായ മാവിലാ ചാത്തോത്തു രാമന്‍കുട്ടി നമ്പ്യാരുടെയും (MCR) സാമൂഹ്യസേവിക അളവൂര്‍ ദേവിഅമ്മയുടെയും മകനായി 1955 മാര്‍ച്ച് 17-ാം തീയതി ജനിച്ചു. കാവുമ്പായി, എള്ളെരിഞ്ഞി, മടമ്പം എന്നിവിടങ്ങളിലെ സ്കൂളുകളിലെയും ശ്രീകണ്ഠപുരം ഗവണ്‍മെന്റ് ഹൈസ്ക്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം നേടി. തളിപ്പറമ്പ് സര്‍ സയ്യദ് കോളജില്‍ നിന്ന് പ്രീഡിഗ്രിയും ജവഹര്‍ലാല്‍ നെഹ്രു വിശ്വവിദ്യാലത്തില്‍ നിന്ന് ബി.എസ്.സി. ഡിഗ്രിയും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ. ഡിഗ്രിയും ഡല്‍ഹി യൂണിവവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ. ഡിഗ്രിയും പാസ്സായി. ബിരുദാനന്തരം ബിരുദത്തിനു പഠിച്ചത് അണ്ണാമലൈ (MA, BEd, PGDBA), മദ്രാസ് (MEd), കുരക്ഷേത്ര (PGJMC, MMC), ജോഡ്പൂര്‍ (PGITSM), മുംബൈ (ങട-സൈക്കോതെറാപ്പി, കൗണ്‍സലിംഗ്), ഡോ. ഹരിസിംഗ് ഗൗര്‍ (PhD-മനഃശാസ്ത്രം), എന്നീ വിശ്വവിദ്യാലയങ്ങളിലാണ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിംബയോസിസില്‍ നിന്നു ജഏഉഒഞങ (ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ ങആഅ) ഉം പാസ്സായി.

രാജ്യസേവനം : ലോകപ്രശസ്തനായ ഇന്ത്യന്‍ മിലിറ്ററി അക്കാദമി (IMA) ഡഹ്‌റാഡൂണില്‍ തെരഞ്ഞെടുത്ത ശേഷം 1981-ല്‍ ഇന്ത്യന്‍ കരസേനയില്‍ ഓഫീസറായി. സ്കൂള്‍ ഓഫ് ആര്‍ട്ടിലറി (ദേവാലാലി), ഇന്‍ഫന്ററി സ്കൂള്‍ (ബല്‍ഗാം), ആര്‍മിവാര്‍ കോളജ് (au), മിലിറ്ററി ഇന്റലിജന്‍സ് സ്കൂള്‍ (പൂന), ആര്‍മി സ്കൂള്‍ ഓഫ് മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് (ബാംഗ്ലൂര്‍), ലാന്‍സര്‍ ടെക്‌നോളജീസ് (പൂന) എന്നീ സ്ഥാപനങ്ങളില്‍ നിന്നു സ്‌പെഷ്യലിസ്റ്റു ഡിപ്ലോമാ കോഴ്‌സുകള്‍ പാസ്സായി. ഇന്ത്യയുടെ നാനാ ഭാഗത്ത് സേവനമനുഷ്ഠിച്ചു. രാജസ്ഥാന്‍-ഗുജറാത്ത് സംസ്ഥാനങ്ങളുടെ രക്ഷാമന്ത്രാലയ പബ്ലിക്ക് റിലേഷന്‍ ഓഫീസറായും ആസാം-ത്രിപുര-മിസ്സോറാം സംസ്ഥാനങ്ങളുടെ മിലിറ്ററി ഇന്റലിജന്‍സ് ഓഫീസറായും സീനിയര്‍ വിദ്യാഭ്യാസ ഓഫീസറായും ഹൈദരാബാദിലെ ആര്‍ട്ടിലറി സെന്ററില്‍ എ ക്ലാസ് പരിശീലകനായും മൂന്നു യൂണിറ്റുകളുടെ കമാന്‍ഡിംഗ് ഓഫീസറായും സേവനമനുഷ്ഠിച്ചു. എട്ടു പ്രധാന ആര്‍മി ഓപ്പറേഷനുകളില്‍ ധീരമായി യുദ്ധ നേതൃത്വം വഹിച്ചു വിജയിച്ചു. 2009-ല്‍, മുപ്പത്തിനാലു വര്‍ഷത്തെ രാജ്യസേവനത്തിനു ശേഷം വിരമിച്ചു.

സാമൂഹ്യസേവനം: ഇന്ത്യന്‍ കരസേനയില്‍ നിന്നു വിരമിച്ച ശേഷം നാഷണല്‍ അക്കാദമി ഓഫ് ഡിഫന്‍സ് ആന്റ് അലൈഡ് സര്‍വ്വീസസ് (MD), മഹാത്മാഗാന്ധി മിഷന്‍ (MGM), ഗ്രൂപ്പ് ഓഫ് കോളേജുകള്‍ (ഡയറക്ടര്‍, പ്രൊഫസര്‍, സൈക്കോളജിസ്റ്റ്), ഐശ്വര്യദര്‍പ്പണം, പ്രവാസി മാസിക (ചീഫ് എഡിറ്റര്‍), സൈനിക് വെല്‍ഫേര്‍ അസോസിയേഷന്‍ (ചെയര്‍മാന്‍), കൈരളി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ (അഡ്‌വൈസര്‍), തുടങ്ങിയവയില്‍ സേവനമനുഷ്ഠിച്ചു. കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും സ്കൂളുകളിലും മറ്റു വിവിധ സ്ഥാപനങ്ങളിലും പ്രേരണാ പ്രസംഗങ്ങളും അതിഥി പ്രഭാഷണങ്ങളും, റേഡിയോ പ്രഭാഷണങ്ങളും, മാര്‍ഗ്ഗദര്‍ശന വര്‍ക്കുഷോപ്പുകളും നടത്തി സേവനമനുഷ്ഠിച്ചു.

സാഹിത്യസംഭാവന: മലയാളത്തിലും ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നതിനും പുറമെ ഒരു ഡസനിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സാഹിത്യപ്രവര്‍ത്ത സഹകരണ സംഘം (കോട്ടയം), ഡി.സി. ബുക്ക്‌സ് (കോട്ടയം), വീണാ ബുക്ക്‌സ് (തിരുവനന്തപുരം), വിദ്യാര്‍ത്ഥിമിത്രം (കോട്ടയം), സ്റ്റെപ്‌സ് (തിരുവനന്തപുരം), കണ്‍ഫെഡ് (തിരുവനന്തപുരം), എന്നിവരാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഐശ്വര്യദര്‍പ്പണം സാമൂഹ്യസാംസ്ക്കാരിക കുടുംബ മാസികയുടെ മുഖ്യപത്രാധിപര്‍ എന്ന നിലയില്‍ ആയിരത്തിലേറെ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചു.

അവാര്‍ഡുകളും അംഗീകാരങ്ങളും : വിശിഷ്ട രാജ്യസേവനത്തിനും യുദ്ധ സേവനങ്ങള്‍ക്കും സൈന്യസേവാമെഡല്‍ പോലുള്ള പത്തു സര്‍സ്സ് മെഡലുകള്‍ നേടി. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, റൈസിംഗ് പേഴ്‌സണാലിറ്റീസ് ഓഫ് ഇന്ത്യ അവാര്‍ഡ്, ഉദ്യോഗ് ഗൗരവ് അവാര്‍ഡ്, ഓര്‍ഡര്‍ ഓഫ് അമേരിക്കന്‍ അംബാസിഡേഴ്‌സ് പുരസ്ക്കാരം, ഭാരത് ജ്യോതി അവാര്‍ഡ്, ബെസ്റ്റ് സിറ്റിസണ്‍ ഓഫ് ഇന്ത്യ അവാര്‍ഡ്, ഏഷ്യന്‍ അഡ്മിറബിള്‍ അച്ചീവേഴ്‌സ് അവാര്‍ഡ്, ജ്വാലാ പാട്രിയോട്ടിക് അവാര്‍ഡ്, കൈരളി സാഹിത്യശ്രീ അവാര്‍ഡ്, എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള പല സാംസ്ക്കാരിക സംഘടനകളും മലയാളി സമാജങ്ങളും ആദരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ (ISCA), ഇന്ത്യന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ (IPA), അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (ACP), കമ്മ്യൂണിറ്റി സൈക്കോളജി അസോസിയേഷന്‍ ഓഫ് ഇന്ത്യ (CPAI) തുടങ്ങിയ ദേശീയ സംഘടനകളില്‍ ആജീവനാന്ത അംഗമാണ്.

കുടുംബം, ഭാര്യ: ഡോക്ടര്‍ (മേജര്‍) നളിനി ജനാര്‍ദ്ദനന്‍ (പ്രശസ്ത സാഹിത്യകാരി, ആകാശവാണി-ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്, ഗായിക, ഫാമിലി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ്) പതിനെട്ടോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. പട്ടാളത്തില്‍ ഡോക്ടറായിരുന്നു. പത്തിലേറെ ദേശീയതലത്തില്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

മകന്‍: അനുരാഗ് ജനാര്‍ദ്ദനന്‍, L&T കമ്പനിയില്‍ സീനിയര്‍ മാനേജരാണ്. മകന്റെ ഭാര്യ സ്‌നേഹ, കോട്ടക് മഹേന്ദ്രയില്‍ മാനേജരാണ്.

മകള്‍: ഡോ. അനുപമ ജനാര്‍ദ്ദനന്‍, നേത്രരോഗ വിദഗ്ധയാണ്. MBBS-ല്‍ ഏറ്റവും നല്ല ഡോക്ടര്‍ക്കുള്ള ചാന്‍സ്‌ലേഴ്‌സ് ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് ജോതാവ്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code