Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിവേകാനന്ദന്‍ സമന്വയത്തിന്റെ പ്രവാചകന്‍ (ഡി. ബാബുപോള്‍ ഐ.എ.എസ്)

Picture

അമ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളകൗമുദിയില്‍ വായിച്ച ഒരു ലേഖനത്തില്‍ നിന്ന് ചില വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് തുടങ്ങാം.

''1893 സെപ്തംബറില്‍ ചിക്കാഗോവില്‍ ചേര്‍ന്ന മതസമ്മേളനം മതചരിത്രത്തില്‍ അഭൂതപൂര്‍വമായിരുന്നു. മതമാത്സര്യങ്ങള്‍ അവസാനിപ്പിക്കണമെന്നുള്ളതായിരുന്നു സമ്മേളനോദ്ദേശ്യം. എല്ലാ മതങ്ങളുടെയും ഏറ്റവും പ്രഗത്ഭമതികളായ നേതാക്കള്‍ അവിടെ അണിനിരന്നിരുന്നു. ആദ്യത്തെ പ്രസംഗം കഴിയുന്നതിനു മുന്‍പുതന്നെ ഭാരത സംസ്കാരത്തിന്റെ കൊടി അവിടെ ഉയരാന്‍ തുടങ്ങി. സമ്മേളനം അവസാനിച്ചപ്പോഴേക്കും വിവേകാനന്ദന്‍ സമ്മേളനത്തിലെ കിരീടം വയ്ക്കാത്ത ചക്രവര്‍ത്തിയായി. ഭാരത സംസ്കാര പതാക അതിനുശേഷം ആരും അത്ര ഉയരത്തില്‍ പറത്തിയിട്ടില്ല. ആ സമ്മേളനം നടന്ന വര്‍ഷത്തില്‍ ജനിച്ച എനിക്ക് എന്റെ തലമുറയോടൊപ്പം ഞങ്ങളുടെ വിദ്യാലയ ജീവിതം മുഴുവന്‍ ആ മാറ്റൊലി കേള്‍ക്കാന്‍ ഭാഗ്യം ഉണ്ടായിരുന്നു. വിവേകാനന്ദന്റെ തത്വസംഹിതകളെ അടിസ്ഥാനമാക്കി സംസാരിക്കാത്ത പ്രസംഗകര്‍ അന്നില്ലായിരുന്നു. മതപരമായാലും രാഷ്ട്രീയ സംബന്ധിയായാലും സാമൂഹികമായാലും അദ്ദേഹമായിരുന്നു അവര്‍ക്കാധാരം.. വിവേകാനന്ദനെ അറിയുകയും അദ്ദേഹത്തിന്റെ സന്ദേശങ്ങളെ പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് എല്ലാ ഭാരതീയരുടെയും കടമയാണ്.''

1963 ജനുവരി 15ന് കേരളകൗമുദി പ്രസിദ്ധീകരിച്ച ഈ ലേഖനം എഴുതിയത് ഡോക്ടര്‍ സി.ഒ. കരുണാകരന്‍ ആയിരുന്നു.

വിവേകാനന്ദന്റെ ജനനത്തിന് മുന്‍പ് സ്വമാതാവ് കാശിയില്‍ വ്രതം നോറ്റ് താമസിച്ചിരുന്നപ്പോള്‍ താന്‍ 'വീരേശ്വരാംശ' ഭൂതനായ ഒരു പുത്രന്റെ മാതാവാകുമെന്ന് ആ അമ്മയ്ക്ക് സ്വപ്നദര്‍ശനം ഉണ്ടായതായി മഹാകവി കുമാരനാശാന്‍ 'രാജയോഗം' പൂര്‍വഭാഗത്തിന് എഴുതിയ ആമുഖത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. രാഷ്ട്രപിതാവിനും പിതാവ് എന്ന് പുത്തേഴത്ത് രാമമേനോനും 'നമ്മുടെ രാഷ്ട്രപിതാമഹന്‍' എന്ന് കുട്ടിക്കൃഷ്ണമാരാരും വിവേകാനന്ദനെ വിശേഷിപ്പിച്ചു.

വിവേകാനന്ദ വീക്ഷണങ്ങള്‍ അത്ഭുതകരമാംവിധം ആധുനികോത്തരവും അതേസമയം ഭാരതീയ പാരമ്പര്യത്തിന്റെ ശക്തമായ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തപ്പെട്ടതും ആയിരുന്നു. ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നിബോധിത എന്ന് കഠോപനിഷത്തില്‍ നിന്ന് ഉദ്ധരിച്ച സ്വാമികള്‍ സര്‍വമതങ്ങളെയും സമന്വയിപ്പിക്കുന്ന ഒന്നായിട്ടാണ് ഹിന്ദുമതത്തെ നിര്‍വചിച്ചത്. ഈശ്വരന്‍ പ്രാവായി വന്നാല്‍ പാവനം, പശുവായി വന്നാല്‍ അന്ധവിശ്വാസം എന്നതിനെ അദ്ദേഹം വിമര്‍ശിച്ചത് പ്രാവായി വരുന്നതിനെ ഇകഴ്ത്താനല്ല പശുവായി വരുന്നതും അതുപോലെ ശ്രേഷ്ഠമാണ് എന്ന് സ്ഥാപിക്കുവാനാണ്. വിഗ്രഹാരാധനയില്‍ ആരംഭിച്ച പരമഹംസര്‍ മതാതീതമായ ആധ്യാത്മികതയില്‍ എത്തിയതിനെ പരാമര്‍ശിച്ചുകൊണ്ട്

സംസാരിക്കുമ്പോഴാണ് 'രാമകൃഷ്ണപരമഹംസന്മാരെ ഉളവാക്കാമെങ്കില്‍ ഒരായിരം വിഗ്രഹങ്ങള്‍കൂടെ കൈക്കൊണ്ടോളൂ, നിങ്ങളുടെ യജ്ഞത്തെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ' എന്ന് സ്വാമി പറഞ്ഞത്. വിഗ്രഹത്തില്‍ തുടങ്ങി വിഗ്രഹത്തില്‍ ഒടുങ്ങുന്നതായിരുന്നില്ല സ്വാമി വിലമതിച്ച ആധ്യാത്മികത. ഭാരതത്തില്‍ തൊഴിലാളി പ്രസ്ഥാനം ഉണ്ടാകുന്നതിന് മുന്‍പ് തൊഴിലാളികള്‍ പണിമുടക്കിയാല്‍ മേലാളര്‍ക്ക് ഭക്ഷണവും വസ്ത്രവും കിട്ടാതാകും എന്നും 'ഉയര്‍ന്ന വര്‍ഗക്കാരുടെ ക്ഷേമം കിടക്കുന്നത് താഴ്ന്ന വര്‍ഗക്കാരെ അവരുടെ ന്യായമായ അവകാശങ്ങള്‍ നേടുന്നതിന് സഹായിക്കുന്നതിലാണ് ' എന്നും പറഞ്ഞ വ്യക്തിയാണ് സ്വാമി. ഇത് കമ്മ്യൂണിസമല്ല. സ്വാമി കമ്മ്യൂണിസ്റ്റുമല്ല. കാലത്തിന് മുന്‍പെ നടന്ന ദീര്‍ഘദര്‍ശിയുടെ വാക്കുകളാണ് അവ.

സമന്വയത്തിന്റെ പ്രവാചകനായിരുന്നു വിവേകാന്ദന്‍. മതേതരത്വമോ മതനിരപേക്ഷതയോ അല്ല. മതസമന്വയം ആയിരുന്നു വിവേകാനന്ദ ദര്‍ശനം. ക്രൈസ്തവ വേദശാസ്ത്രത്തിലെ ബഹുസ്വരതാചിന്തയുടെ പ്‌ളൂറലിസം പ്രാഗ്രൂപമായിട്ടാണ് അല്ലെങ്കില്‍ ആദിപ്രരൂപമായിട്ടാണ് നാം ഇതിനെ കാണേണ്ടത്. ഹിമാലയത്തില്‍ നിന്നും വിവേകാനന്ദപ്പാറയില്‍ നിന്നും ഭാരതത്തെ അഭിവീക്ഷിച്ച മറ്റൊരു ആധ്യാത്മിക നേതാവ് നമുക്കില്ല. അതുകൊണ്ടാണ് സ്വാമിക്ക് ഈ ബോധ്യം ഉണ്ടായതും.

മതങ്ങളുടെ സമന്വയം മാത്രം അല്ല വിവേകാനന്ദന്‍ പഠിപ്പിച്ചത്. ഭൗതികതയും ആധ്യാത്മികതയും സമന്വയിക്കണമെന്ന് സ്വാമി കരുതി. അതുകൊണ്ടാണ് രാമകൃഷ്ണമിഷന്‍ ആശുപത്രികള്‍ നടത്തുന്നത്. മാനവസേവ മാധവസേവ എന്നത് മാത്രം അല്ല അതിന് പിന്നില്‍. രോഗം ഇല്ലാതിരിക്കുന്നതാണ് ശ്രേഷ്ഠം. എന്നാല്‍ രോഗികളെ ശുശ്രൂഷിക്കുന്നതും ശ്രേഷ്ഠം തന്നെ ആണ്. പൗരാണികവും ആധുനികവും ആയതിന്റെ കാലാതീത സമന്വയവും പാശ്ചാത്യവും പൗരസത്യവും ആയതിന്റെ ദേശബദ്ധമല്ലാത്ത സമന്വയവും ശാസ്ത്രവും വിശ്വാസവും അഥവാ യുക്തിയും ഭക്തിയും തമ്മിലുള്ള സമന്വയവും എല്ലാം സ്വാമിയുടെ ദര്‍ശനത്തിന്റെ ഭാഗമാണ്.

എല്ലാ മഹത്തുക്കളുടെയും വിശ്വഗുരുക്കന്മാരുടെയും ദുര്‍ഗതി സ്വാമികള്‍ക്കും ഉണ്ടായി. ഭാരതീയ യുവതയാേട് സ്വാമികള്‍ നടത്തിയ ആഹ്വാനം ഹിന്ദു യുവാക്കളോട് മാത്രം നടത്തിയതാണ് എന്ന് പ്രഖ്യാപിക്കുന്ന ഒരു ഫ്‌ളെക്‌സ് ബോര്‍ഡ് കോട്ടയം ജില്ലയില്‍ കാണാനിടയായി ഈയിടെ ആ വഴി പോയപ്പോള്‍. വിവേകാനന്ദന്റെ മതദര്‍ശനത്തില്‍ നിന്ന് ആ ഫ്‌ളെക്‌സിലേക്കുള്ള ദൂരം ഗൗരീശങ്കരത്തില്‍ നിന്ന് വിവേകാനന്ദപ്പാ റയിലേക്കുള്ളതിനെക്കാള്‍ കൂടുതലാണ്.

അതായത് വിവേകാനന്ദ സ്വാമികളെ കാണുന്ന നാം ആനയെ കണ്ട അന്ധന്മാരുടെ പിന്‍തലമുറയാണെന്ന് കുറിക്കാതെ സ്വാമികളെക്കുറിച്ച് ഒന്നും പറയാനാവാത്തവണ്ണം മഹത്തും സങ്കീര്‍ണവുമാണ് ആ വ്യക്തിത്വം. ശിവസേന എത്ര ശ്രമിച്ചാലും ശിവജിയെ അവരുടെ വികാരധാരയിലെന്നല്ല, വിചാരധാരയില്‍പ്പോലും പരിമിതപ്പെടുത്താനാവുകയില്ല. വിവേകാനന്ദനെയും ഏതെങ്കിലുമൊരു വലയത്തിലൊതുക്കി അടയാളപ്പെടുത്താനാവുകയില്ല എന്ന് നാം തിരിച്ചറിയേണ്ടതുണ്ട് എന്നര്‍ത്ഥം.

ക്രിസ്തുമതത്തിന്റെ ദാര്‍ശികഭാവം യവനദാര്‍ശനികതയില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്നും, അത് യവനചിന്തയെക്കാള്‍ ഉത്തുംഗമായ ഭാരതീയ ചിന്താധാരകളിലൂടെ പരാവര്‍ത്തനം ചെയ്യപ്പെടേണ്ടതുണ്ടെന്നും ആധുനികകാലത്ത് ബീഡ് ഗ്രിഫ്ത്ത്‌സ് പറഞ്ഞുവന്നു. വിവേകാനന്ദന്‍ ഇതേകാര്യം അതിന് അന്‍പതുകൊല്ലം മുന്‍പ് പാശ്ചാത്യര്‍ക്ക് പറഞ്ഞുകൊടുത്തു. പൗരസ്ത്യരില്‍ വലിയ പൗരസ്ത്യന്‍ എന്നാണ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞത്. ഇങ്ങനെ വായിക്കുന്നു നാം: With all your attempts to paint him with blue eyes and yellow hair the Nazarene was still an Oriental. All the similies, the imageries, in which the Bible is written...are to be seen today in Asia.

ഏഷ്യയുടെ ശബ്ദം മതത്തിന്റെ ശബ്ദമാണെങ്കില്‍ പാശ്ചാത്യശബ്ദം രാഷ്ട്രീയത്തിന്റെയും ദേശീയതയുടെയും മാറ്റൊലിയാണെന്ന് സ്വാമി കരുതി. ഒന്ന് ശരിയെന്നും മറ്റേത് തെറ്റെന്നുമല്ല സ്വാമി പറഞ്ഞത്. ഒരു ശരിയില്‍ നിന്ന് കുറെക്കൂടെ ശരിയായ ശരിയിലേക്കുള്ള തീര്‍ത്ഥാടനമാണ് ഏതു സാധകന്റെയും ജീവിത സഞ്ചാരം. തെറ്റില്‍ നിന്ന് ശരിയിലേക്ക് എന്നതിലേറെ ശരിയില്‍ നിന്ന് ശരിയിലേക്ക് എന്നാണ് സ്വാമിയുടെ ചിന്താപഥം ഈ യാത്രയെ വിശേഷിപ്പിക്കുന്നത്.

യൂറോപ്പിന്റെ ശബ്ദം മഹത്തായതു തന്നെ, അതിന്റെ നിയതമേഖലയില്‍ അത് ഗ്രീക്കു ദര്‍ശനത്തിന്റെ തിരുശേഷിപ്പാണെന്ന് പില്‍ക്കാലത്ത് ബീഡും ഫ്രാന്‍സിസ് ആചാര്യയും എന്നതുപോലെ സ്വാമി കണ്ടെത്തി. ആ ദര്‍ശനത്തില്‍ രണ്ടുതരം ജനങ്ങളേയുള്ളൂ. യവനരും ബര്‍ബരരും. തൊട്ടുപിറകെ വന്ന റോമന്‍ സംസ്കൃതിയിലും ഇത് മറ്റൊരു ഭാവത്തില്‍ കാണാം. റോമാപൗരനും പൗരത്വമില്ലാത്ത പ്രജയും. ഒന്നുകില്‍ ഇവിടെ, അല്ലെങ്കില്‍ അവിടെ കറുപ്പും വെളുപ്പും.

ക്രിസ്തുമതം സെന്റ് പോളിന് മുന്‍പും പിന്‍പും എന്ന വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. യേശുക്രിസ്തു പറഞ്ഞ ലളിത സത്യങ്ങള്‍ മറികടന്നിട്ടാണ് റോമാപൗരനും മഹാപണ്ഡിതനുമായിരുന്ന പോള്‍ താന്‍ ഒരിക്കലും മുഖദാവില്‍ കണ്ടിട്ടില്ലാതിരുന്ന യേശു ദര്‍ശനത്തിലൂടെ പഠിപ്പിച്ചു എന്ന് അവകാശപ്പെട്ടുകൊണ്ട് ഇന്ന് നാമറിയുന്ന ക്രിസ്തുമത ചിന്ത രൂപപ്പെടുത്തിയതെന്നു പറയുന്ന പണ്ഡിതര്‍ ക്രിസ്തുമതച്ഛേദനക്കാരൊന്നുമല്ല. ക്രിസ്ത്യാനികള്‍ തന്നെയാണ്. ഈ തര്‍ക്കത്തില്‍ സ്വാമിക്ക് കൃത്യമായ നിലപാടുണ്ട്. അതാകട്ടെ എഴുതപ്പെട്ട പാഠങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്കതീതമായി യേശുവിന്റെ ലളിതമായ ഈശ്വരോന്മുഖതയെ തിരിച്ചറിയണമെന്നതാണ്. ഏതു മഹാഗുരുവിന്റെയും സന്ദേശം സ്വജീവിതമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന സ്വാമി കുറുനരികള്‍ക്ക് മാളവും ആകാശത്തിലെ പറവകള്‍ക്ക് കൂടുമുണ്ടായിരിക്കെ തനിക്ക് തലചായ്ക്കാന്‍ ഇടമില്ല എന്ന് പ്രഖ്യാപിച്ച യേശുവിനെ ആ വാക്യത്തില്‍ തിരിച്ചറിയുകയും അടയാളപ്പെടുത്തുകയും ചെയ്യുന്നു.

ഈശ്വരനെ തേടുന്നവര്‍ കടന്നുപോവുന്ന മൂന്നു ഘട്ടങ്ങളെക്കുറിച്ച് സ്വാമി ലളിതമായി വിശദീകരിക്കുന്നു. അജ്ഞാനത്തിന്റെ നാളുകളില്‍ ഈശ്വരന്‍ വിദൂരസ്ഥനായ ഒരു അധികാരിയും രക്ഷാകര്‍ത്താവുമാണ്. അടുത്തഘട്ടത്തിലാണ് ദൈവം വിദൂരസ്ഥനല്ല, സമീപസ്ഥന്റെ കൂടെയായ സര്‍വവ്യാപിയാണെന്നു തിരിച്ചറിയുന്നത്. ഇവിടെ ദൈവം എന്റെ ആത്മാവിനോടു സംവദിക്കുന്ന പരമാത്മാവായി മാറുന്നു. സോള്‍ വിത്തിന്‍ സോള്‍ എന്നാണ് സ്വാമി പ്രയോഗിച്ചിട്ടുള്ളത്. അടുത്ത ഘട്ടം ഗിരിപ്രഭാഷണ സൂക്തങ്ങള്‍ ഉപയോഗിച്ച് ദൈവത്തെ കാണും (മത്തായിയുടെ സുവിശേഷം, അദ്ധ്യായം, 5, വാക്യം 8 ). അവര്‍ പിതാവാം ദൈവവുമായി ഏകീഭവിക്കുന്നു എന്നു സ്വാമി അരുളി ചെയ്യുന്നു. സ്വാമി നമ്മോട് പറയുന്നത് ഈ മൂന്നു പടവുകളും നമുക്ക് അന്യമാവേണ്ടതില്ലെന്നാണ്.

ക്രിസ്തീയദര്‍ശനത്തെ കൃത്യമായി തിരിച്ചറിഞ്ഞ വിവേകാനന്ദന്‍ ക്രിസ്തു പറഞ്ഞതിനപ്പുറം യവനദര്‍ശനത്തിന്റെ തുടര്‍ച്ചയായി പോളില്‍ തുടങ്ങി അഗസ്റ്റിന്‍ മുതലായവരിലൂടെ വികസിച്ച് കാക്കത്തൊള്ളായിരം വിഭിന്നസരണികളിലായി ഇന്നു കാണപ്പെടുന്ന ക്രൈസ്തവ വേദശാസ്ത്രത്തെ സ്വീകരിക്കുന്നു എന്നു പറയാവുന്നതല്ല. സ്വാമി തന്നെ ഒരിടത്തു പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നു. ആരെങ്കിലും ക്രിസ്തുവിനോട് ' അങ്ങ് പറഞ്ഞതൊക്കെ ശരി, ഞാന്‍ അത് സ്വാംശീകരിക്കുന്നു. അതനുസരിച്ച് ജീവിക്കുകയും ചെയ്യാം. എന്നാല്‍ അങ്ങ് പിതാവിന്റെ ഏകജാതനായ പുത്രനാണെന്നു കരുതി അങ്ങയെ ആരാധിക്കാന്‍ എനിക്ക് കഴിയുന്നില്ല' എന്നു പറഞ്ഞു എന്നു കരുതുക. സ്വാമി ഊഹിക്കുന്നു, ക്രിസ്തുവിന്റെ മറുപടി ''ഞാന്‍ പറയുന്നതു പാലിച്ച് ജീവിക്കുമ്പോള്‍ പഠിപ്പിച്ചതിന്റെ പകര്‍പ്പവകാശം എനിക്ക് തരികയൊന്നും വേണ്ട, ഞാന്‍ മതത്തെ കച്ചവടച്ചരക്കാക്കുന്നവനല്ല, ഞാന്‍ സത്യം പഠിപ്പിക്കുന്നു, സത്യം ആരുടെയും കുത്തകയല്ല, സത്യം ദൈവമാണ്, സത്യം നിന്നെ സ്വതന്ത്രനാക്കും'' എന്ന് ആയിരിക്കുമെന്ന്. ഈ പ്രസ്താവനയ്ക്കും സുവിശേഷത്തില്‍ അടിസ്ഥാനമുണ്ടെന്നത് ശ്രദ്ധിച്ചുകൊള്ളണം.

ക്രിസ്തുവിനെ പത്രോസും യാക്കോബും തിരിച്ചറിഞ്ഞ ഭാവത്തില്‍ തിരിച്ചറിഞ്ഞവനായിരുന്നു വിവേകാനന്ദന്‍. ഏകപൂര്‍ണാവതാരമായോ ദൈവത്തിന്റെ ഏകജാതനായ പുത്രനായോ യേശുവിനെ അംഗീകരിക്കുന്നില്ല എന്നതാണ് ഇന്നത്തെ ക്രിസ്തുമതഘടനയ്ക്ക് സ്വാമിയെ അന്യനാക്കുന്നത്. എന്നാല്‍ ക്രിസ്തുദര്‍ശനം ഇത്ര ഭംഗിയായി അവതരിപ്പിച്ചിട്ടുള്ളവര്‍ ആ ഘടനയുടെ ചട്ടക്കൂടിനകത്ത് ഏറെയില്ല എന്ന സത്യം സ്വാമിയെ നിസ്തുലനാക്കുന്നു.

ക്രിസ്തുവിനെ പോലെ തന്നെ വിവേകാനന്ദനും ഒരു മതം സ്ഥാപിച്ചില്ല. ഈശ്വരനെ തിരിച്ചറിയുകയും മനുഷ്യനെ സ്‌നേഹിക്കുകയും ചെയ്യുക: അതാണ് വിവേകാനന്ദ സാരസര്‍വസ്വം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code