Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രാസമാറ്റത്തിലെ രസമാറ്റം (ഡോ. നന്ദകുമാര്‍ ചാണയില്‍)

Picture

വിചാരവേദിയിലെ നിരൂപണ പരമ്പര

ഈമലയാളിയില്‍ കൂടെക്കൂടെ ശ്രീമതി ബിന്ദു ടിജിയുടെ കവിതകള്‍ കാണാറുണ്ട്. പുതിയ കവികളില്‍ ശ്രദ്ധേയയായിക്കൊണ്ടിരിക്കുന്ന എഴുത്തുകാരിയാണെന്നും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച അവരുടെ കവിതകള്‍ പുതുവായനയില്‍ ഇതിനകം ഇടം പിടിച്ചിരിക്കുകാണെന്നും ഡോ. വി. സി. ഇക്ബാലിന്റഎ പ്രസാധകക്കുറിപ്പില്‍ നിന്നും മനസ്സിലാക്കാം. സാഹിത്യകാരനും മലയാളം അദ്ധ്യാപകനുമായ ശ്രീ. ലാസ്സര്‍ മണലൂരില്‍ നിന്നും പൈതൃകമായി ലഭിച്ചതാവാം പുത്രിയുടെ സാഹിത്യവാസന. “ജീവനില്‍ കവിത നിറച്ച എന്റെ പപ്പയ്ക്ക്” എന്ന സമര്‍പ്പണത്തിലെ വരിയും ശ്രദ്ധേയമാണ്. കവിത കൂടാതെ ഗാനവും അഭിനയവും ശ്രീമതി ബിന്ദുവിന്റെ ഇഷ്ട സഞ്ചാരമേഖലകളാണ്. ബാഷോ ബുള്‍സ് പുതിയ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്ക്കാരവേളയില്‍ മികച്ചകവിയായി തിരഞ്ഞെടുത്തത് ശ്രീമതി ബിന്ദു ടിജിയെയാണ്.

“കവിത ഒരു നീറ്റലായിരുന്നു ഒപ്പം ഔഷധവും. എന്ന് കവി തന്നെ ആമുഖത്തില്‍ കുറിച്ചിട്ടുണ്ട്. ഭക്തപ്രിയനായ പ്രഹ്ലാദന്‍ തൂണിലും തുരുമ്പിലും ഈശ്വരചൈതന്യം ദര്‍ശിക്കുന്നതുപോലെയാണ് ഈ അണ്ഡകടാഹത്തിലെ വിഭിന്ന ചരാചരങ്ങളോടുള്ള കവിയുടെ കാവ്യദര്‍ശവും. ഒരു പാചകക്കാരന്‍ സദ്യയുടെ വിഭവങ്ങള്‍ രുചിച്ചുനോക്കിയാണല്ലോ രസങ്ങളുടെ നിര്‍ണ്ണയം നടത്തുന്നത്. വൈനറികളും വൈന്‍ രുചിച്ചുനോക്കാന്‍ സന്ദര്‍ശകരെ ക്ഷണിക്കുന്നതും സുവിദിതമാണല്ലോ. അതുപോലെതന്നെയാണ് സാഹിത്യാസ്വാദകനും ചില സാമ്പിളുകള്‍ വായനക്കാരുമായി പങ്കുവെച്ചാലെ കൃതിയുടെ ആസ്വാദനത്തിന് ഒരു പൂര്‍ണ്ണത ലഭിക്കുകയുള്ളൂ.

ശീര്‍ഷക കവിതയില്‍ നിന്നാകട്ടെ പ്രാരംഭം ‘രാസമാറ്റ’ത്തില്‍ ഒരു വസ്തുവിന്റെ സ്വത്വം നശിപ്പിക്കുമ്പോഴുള്ള ദുരവസ്ഥ ആലങ്കാരികതകളോടെ കവി വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കൂ: “വൈകാരികത എന്ന വിശ്വപ്രേമപാശം അറുത്തെറിയുന്നതോടെ സാക്ഷാത് മരുഭൂമികള്‍ രൂപപ്പെടും. അക്ഷരാര്‍ത്ഥങ്ങളില്‍ നിന്ന് സ്വപ്നങ്ങളെ അടര്‍ത്തിമാറ്റി രചിച്ചതാണീ മരുഭൂമിയുടെ മണമുള്ള വരികള്‍”. വിശദീകരണം ആവശ്യമില്ലാത്ത ഋജുവായ കവിതയല്ലേ ഇത്. സചേതനമോ അചേതനമോ ആയ വസ്തുക്കളില്‍ രാസമാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ വന്നുഭവിക്കുന്ന രസമാറ്റങ്ങള്‍ ഇത്രയും വൈകാരികമായും ശില്പചാതുരിയോടെയും അനാവരണം ചെയ്യാനുള്ള രചനാപാടവവും ഭാവുകത്വവും മികവുറ്റതുതന്നെ. ആശയപ്രവാഹങ്ങള്‍ തിരതള്ളിവന്ന് ഒരു പെരുമഴക്കാലം സൃഷ്ടിക്കുന്നതായാണ് ‘ചെറിയ വാതിലുകള്‍’ എന്ന ഹ്രസ്വകവിതയില്‍ വായനക്കാര്‍ ദര്‍ശിക്കുന്നത്. ‘ഒരു തുഴയ്ക്കും മുറിവേല്പ്പിക്കാനാകാത്ത ജലമാറിടം’, ‘നിന്റെ വാക്കുകള്‍ ചില്ലുമഴയായി പെയ്‌തെങ്കില്‍ ഹൃദയം തുളയ്ക്കുന്ന സ്ഫടികമഴ’ എന്നീ പ്രയോഗങ്ങള്‍ ഉദാഹരണം. കവിയുടെ ശാസ്ത്രസാങ്കേതിക പരിജ്ഞാനമാവാം തന്മാത്രകളിലൂടെ സ്ഥൂലവസ്തുക്കളെ അളക്കുന്ന ജാലവിദ്യ ഈ കൃതിയിലെ മിക്ക കവിതകളിലും നാം ദര്‍ശിക്കുന്നത്. അല്ലെങ്കില്‍ ചെറു കരുക്കള്‍ കൊണ്ട് വിപുലമായ കാതങ്ങളളക്കുകയാണോ കവി? മിതമായ, എന്നാല്‍ കുറിയ്ക്കു കൊള്ളുന്ന പദസഞ്ചയത്തിലൂടെ ആശയസമ്പുഷ്ടിയും ഗരിമയും സന്നിവേശിപ്പിക്കുന്നതിനാല്‍ കവി കവിതാലോകത്ത് ഒരു കാവ്യസമുച്ചയം തന്നെ പടുത്തുയര്‍ത്തിയിട്ടുണ്ട്.

പ്രണയപാരവശ്യത്തിന്‍ പാശത്തിന്റെ ഊരാക്കുടുക്കുകള്‍ ഈ സമാഹാരത്തിലുടനീളം ദര്‍ശിക്കാവുന്നതാണ്. ‘കടല്‍മത്സ്യ’ത്തില്‍, മേനിയിലാകമാനം അവന്റെ വിരലുകള്‍ മത്സ്യങ്ങളെപ്പോലെ പാഞ്ഞുകളിക്കുന്നു, ‘ഏതു വരള്‍ച്ചയിലും കടലായ് ഞാനും കരയായ് അവനും എന്നിലേയ്ക്കും അവനിലേയ്ക്കും ഒഴുകുന്നു. പ്രണയത്തിന്റെ അമൂര്‍ത്തഭാവം തന്നെ. ‘യാത്ര’ എന്ന കവിതയില്‍ തനിച്ചുതനിച്ചിരുന്നപ്പോഴാണ് പ്രണയം പൂക്കുന്ന ഭാവങ്ങളുമായി സ്വപ്നത്തിലൊരു സ്വര്‍ഗ്ഗം ജനിച്ചത്. എന്റെ മൗനം കറുത്തുകറുത്ത് പെയ്‌തൊഴിയാനാവില്ലെന്ന് ബോദ്ധ്യമായപ്പോള്‍ എനിക്ക് സംഗീതമുള്ള ചിറകുകള്‍ മുളച്ചു’. കാവ്യഭാവനയുടെ അപാരതീരത്തിലേക്ക് ആസ്വാദകനെ കൊണ്ടെത്തിച്ച് കവി പറയുകയാണ്, ‘മരുപ്പച്ച തേടിയാണെന്റെ യാത്ര. അവിടെ ഇരുട്ട് പങ്കുവെക്കട്ടെ വെളിച്ചം പറയാത്ത കഥകള്‍’. പകല്‍ വെളിച്ചത്ത് നടക്കാത്ത പലതും സംഭവിക്കുന്നത് ഇരുളിലാണല്ലോ. തന്നെയുമല്ലാ കവി ഇവിടെ വിരുദ്ധോക്തിയിലൂടെ ഒരുപാടു പറയുന്നു ചുരുങ്ങിയ വാക്കുകള്‍കൊണ്ട്. ആശയഗാംഭീര്യമുള്ള രാസമാറ്റപ്രക്രിയ നാം ഇവിടെ കാണുന്നു. പകല്‍വെട്ടത്ത് നടക്കാത്ത (നടക്കാന്‍ പറ്റാത്ത) പല നിഗൂഢരഹസ്യങ്ങളും അനാവരണം ചെയ്യപ്പെടുന്നതും ഇരുട്ടിന്റെ മറയിലാണെന്ന ധ്വനിയും പ്രകടമാണല്ലോ. ‘പ്രണയചിന്ത’കളില്‍ പ്രണയം കൊണ്ടൊരു മുക്തഹാരം അല്ലെങ്കില്‍ മാണവകം തന്നെ കോര്‍ത്തിരിക്കുന്നു. ‘പ്രണയമേ’ എന്ന കവിതയില്‍ ‘വലുതുകളെല്ലാം പകരം വെക്കാനില്ലാത്ത ചെറുതുകളില്‍ ഒളിച്ചുകാക്കുന്ന പ്രാണന്റെ തരിയാണു നീ. വലിയവീടുകള്‍ തുറക്കുന്ന ചെറിയ താക്കോല്‍’. അതിസൂക്ഷ്മമായ ഒരു ബീജത്തില്‍ നിന്നാണല്ലോ ഭീമാകാരരായ ആല്‍മരങ്ങളും ഭൂജാതമാവുന്നത് അല്ലേ.

കാല്പനികതയെ ബിന്ദു വരച്ചിടുന്നതു നോക്കൂ: ‘കൂടെയില്ലാതെ ഒപ്പം നടക്കും, ചേര്‍ന്നൊന്നിരിക്കാതെ വാരിപ്പുണരും, കണ്‍വെട്ടത്തില്ലാതെ പതുങ്ങിനോക്കും, രുചിച്ചറിയാറുണ്ടെന്നെ വീര്യം കൂടിയ വീഞ്ഞുപോലെ, ഏതു വാക്കുകള്‍ ചേര്‍ത്തെഴുതിയാലും ഇടയില്‍ ഒളിച്ചുനില്‍ക്കും ഒരേ മൗനം, ഒരല്പം സൈ്വര്യം തരാതെ, ഒന്നുവിട്ടുമാറാതെ’.

‘അനുരാഗമേ... തെളിവാനമേ’യില്‍, “അനുരാഗമേ നീയിന്നെന്നന്തരാത്മാവിലൊരാമോദബിന്ദുവായ് മാറിയെന്നോ” അങ്ങനെ ഒരു പ്രേമഹര്‍ഷോന്മാദത്തിന്‍ ബിന്ദുവും ഒരാമോദബിന്ദുവായി മാറുന്ന വൈകാരിക രാസമാറ്റമല്ലെ ഇവിടെ നാം കാണുന്നത്!

‘ദുഃഖം സ്വന്തമാകുമ്പോള്‍’ എന്ന നുറുങ്ങുകവിതയില്‍ ദാര്‍ശനികത്വം മുറ്റിനില്ക്കുന്നു. ‘മഴയോടും പുഴയോടും ശഠിക്കരുത് നീ എന്റേതുമാത്രം എന്ന്. കുളിരുമാത്രം സ്വന്തമാക്കി അവയെ സ്വതന്ത്രരാക്കുക. ദൈവദത്തമായ പ്രകൃതിസമ്പത്തുകളൊന്നും ഒരു വ്യക്തിയുടേയും സ്വന്തമല്ലെന്നും എല്ലാം പൊതുസ്വത്താണെന്നുമുള്ള സത്യം തന്മയത്വത്തോടെ കവി നമ്മോട് ഉല്‍ഘോഷിക്കുന്നു. “ഒരു തിരയും തീരം സ്വന്തമാക്കുന്നില്ല. ഒന്നും സ്വന്തമല്ലെന്ന ദുഃഖം മാത്രമാണെന്റെ സ്വന്തം!” എത്ര അര്‍ത്ഥവത്തായ ഉള്‍ക്കാഴ്ചയാണ് കവി നമുക്കു സമ്മാനിക്കുന്നത്.

ആക്ഷേപഹാസ്യം തുളുമ്പി നില്‍ക്കുന്ന കവിതകളാണ് ‘ഇറങ്ങിപ്പോകുന്ന വാക്കുകള്‍’, ‘മഹാനിര്‍മ്മാണം’ എന്നിവ. “പഴയതെല്ലാം മാറ്റി പുതിയതാക്കി വീടു വില്ക്കാന്‍ തീരുമാനിച്ചു അച്ഛന്‍. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് നടക്കുമ്പോള്‍ എന്റെ ഉള്ളിലൊരു ഭയം. ഇനി അച്ഛനെങ്ങാനും അമ്മയെ...” എന്നു പറഞ്ഞവസാനിപ്പിക്കുന്ന കവിത നര്‍മ്മരസം തുളുമ്പുന്ന ഒപ്പം വ്യംഗ്യേന പറയാനുള്ളതു പറയാതെ വായനക്കാരെ മനസ്സിലാക്കുന്നു.

ആണ്‍കുട്ടി പെണ്‍കുട്ടി, ആണ്‍പൂവ് പെണ്‍പൂവ്, എന്നീ വേര്‍തിരിവ് വര്‍ഗ്ഗീകരണത്തിനാവശ്യമാണ്. എന്നാല്‍ കുറെക്കാലമായി കേട്ടുവരുന്ന ‘പെണ്ണെഴുത്ത്’ എന്ന വിവേചനവിശേഷണം ആവശ്യമാണോ? ആണെഴുതിയാലും പെണ്ണെഴുതിയാലും സാഹിത്യം സാഹിത്യമേ ആവുള്ളൂ. സാഹിത്യത്തിന് വിവേചനം ആവശ്യമില്ല. ഇതിനുള്ള വെല്ലുവിളിയാണോ ബിന്ദു ‘ആണ്‍വായന’ അവതരിപ്പിച്ചിരിക്കുന്നത്. “പെണ്ണേ നിമ്‌നോന്നതങ്ങള്‍ നിറഞ്ഞ നിന്റെ എഴുത്തിനെ എന്റെ വായനകൊണ്ട് ഞാന്‍ ആലിംഗനം ചെയ്യും”. സ്ത്രീയും പുരുഷനും ആലിംഗനബദ്ധരാകുന്നപോലെയോ പെണ്ണെഴുത്തിനെ ആണ്‍വായന കൊണ്ട് ആലിംഗനം ചെയ്യുന്നത്? ഭാവനക്കനുസൃതമായി നിഗൂഢാര്‍ത്ഥങ്ങള്‍ നിനച്ചെടുക്കാം.

‘നീ വരയ്ക്കുമ്പോള്‍’ എന്ന കവിതയില്‍ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനും അഭിരുചിക്കും അനുസൃതമായി ചിത്രകാരന്റെ ചിത്രവും സാഹിത്യകാരന്റെ രചനയും പല മനങ്ങളില്‍ പലതായി കാണുന്ന രാസമാറ്റത്തിന്റേയും വൈവിദ്ധ്യം, ചുരുങ്ങിയ പദങ്ങളിലൂടെ വളരെ വാചാലയാകുന്നുണ്ട്. കവി ഇവിടെ “ഞാന്‍ നിന്നിലെത്തുമ്പോള്‍ മാത്രം അലിഞ്ഞ് ശൂന്യമാകുന്നു നിന്നോടൊപ്പം”. ഞാനും നീയും ലയിച്ച് ഒന്നാവുന്ന ഈ പ്രതീകാത്മകവിവരണം കണ്ട് വായനാനിര്‍വൃതിക്ക് ഇനി എന്തുവേണം എന്നു ചോദിക്കാന്‍ പ്രേരിതനാകുന്നു.

ഒറ്റനോട്ടത്തില്‍ ലളിതഭാഷയിലുള്ള ആഖ്യാനം വായിച്ചു ആസ്വദിക്കാമെന്ന മിഥ്യാബോധം ഉളവാക്കുമെങ്കിലും പല കവിതകളിലും ദുരൂഹതകള്‍ തളകെട്ടി നില്‍ക്കുന്നതായി തോന്നി. ഉദാഹരണത്തിന് ‘പെണ്‍കിളി’ എന്ന പ്രഥമകവിത തന്നെ എടുക്കുന്നു. ആരുടെയാണ് കണ്ണുകളും കൈകളും ഒടുക്കം പല്ലുകളും കിളിയിലേക്ക് നീളുന്നതെന്ന് വ്യക്തമല്ല. അതുപോലെതന്നെ കവിതയുടെ ശൈലിയിലും, ഘടനയിലും, വൃത്തനിബന്ധനയിലും, വരികളുടെ സംഖ്യയിലും, താളലയങ്ങളിലും പുരാതനകവിതാസങ്കേതാനുശാസനകളില്‍ നിന്നും സര്‍വ്വതന്ത്രസ്വതന്ത്രമായ ആധുനികതയിലൂന്നിയ ആവിഷ്ക്കാരരീതിയാണ് കവിയുടെ അവലംബം. ബിംബോദ്യോതുക ആഖ്യാനരീതി സാധാരണക്കാര്‍ക്ക് ക്ലിഷ്ടമായി അനുഭവപ്പെട്ടേക്കാം.

ശ്രീമതി ബിന്ദു ടിജി കവിതകളുടെ സവിശേഷത പദ്യഗദ്യ സമ്മിശ്രമായ ആധുനിക ‘മണിപ്രവാള’ ശൈലിയാണ്. ചമ്പുക്കളിലെ മണിപ്രവാളമല്ല ഇവിടുത്തെ വിവക്ഷ. പദപ്രയോഗങ്ങളിലെ ലാളിത്യവും മിതത്വവും വ്യതിരിക്തമായി നില്ക്കുന്നു. നര്‍മ്മബോധവും സരളമായ ഭാഷയും ഭാവനയും രചനാചാതുരിയും ബിന്ദു കവിതകളുടെ മുഖമുദ്രയാണ്. കാവ്യശാലീനതയും തോളോടുതോള്‍ ചേര്‍ന്നുപോകുന്ന ശില്പഭംഗി, കവിതകളുടെ ശോഭ വര്‍ദ്ധിതമാക്കുന്നു. ചിന്തനീയമാക്കും വിധം ദാര്‍ശനിക വിചാരധാര ബിന്ദു കവിതകളെ ശ്രദ്ധേയമാക്കുന്നു. കവിതകളില്‍ പ്രകടമായ താത്വിക ചിന്തകള്‍ പ്രമേയമായതിനാല്‍ ഉപരിപ്ലവ വായനക്കതീതമായ സശ്രദ്ധവായനയ്ക്ക് സഹായകമാകുന്നുണ്ട്. ഉല്‍കൃഷ്ടമായ പ്രമേയങ്ങളും വിദഗ്ധ അവതരണശേഷിയും വായനക്കാരന്റെ പ്രശംസ പിടിച്ചുപറ്റാന്‍ പര്യാപ്തമാണ്. വിവിധ വികാരങ്ങളും കവിതകളില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. പല പല രാസമാറ്റങ്ങളില്‍ക്കൂടി (നവരസങ്ങളാണ് വിവക്ഷ) വായനക്കാരെ ത്രസിപ്പിക്കാനുള്ള കവിയുടെ ത്വരഫലപ്രദമായിട്ടുണ്ട്. ഈ സവിശേഷതയാണ് ഈ ആസ്വാദകനെക്കൊണ്ട് രാസമാറ്റത്തിലെ രസമാറ്റമെന്ന ശീര്‍ഷകം നല്‍കാനിടയാക്കിയത്. പൂര്‍വ്വാധികം കരുത്തുറ്റ ചിന്താദ്യോതുകങ്ങളായ രസകരമായ കാവ്യരചനകള്‍ ഈ കവിയില്‍ നിന്നും അനസ്യൂതവും സ്വച്ഛന്ദവുമായി ഒഴുകിക്കൊണ്ടിരിക്കട്ടെ എന്ന ശുഭകാമനകള്‍ നേരട്ടെ.
**************Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code