Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രണയക്കയത്തില്‍ നീന്തിത്തുടിക്കുന്ന അബ്ദുള്‍ പുന്നയൂര്‍ക്കുളം (കവിതാസ്വദനം: സാം നിലമ്പള്ളില്‍)

Picture

കഥാകാരനും കവിയും ലേഖകനുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്ന ബഹുമുഖപ്രതിഭയെ അമേരിക്കയിലെ സാഹിത്യപ്രേമികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. അമേരിക്കന്‍ മലയാളി വായനക്കാര്‍ക്ക് സുപരിചിതനാണ് അദ്ദേഹം. അമേരിക്കയിലെ പല മീഡിയയില്‍ക്കൂടെയും തന്റെ സാഹിത്യകലാവാസന അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. മിലന്‍, ലാന, ഫൊക്കാന, മാം തുടങ്ങിയ സാഹിത്യസംഘടനകളുടെ അമരത്തുനിന്ന് പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ തന്റെ സംഘടനാപാടവവും തെളിയിച്ചിട്ടുണ്ട് ‘മീന്‍കാരന്‍ ബാപ്പ’ എന്ന കഥസമാഹരത്തിനു കഴിഞ്ഞ വര്‍ഷത്തെ ലാന അവാര്‍ഡും ഈ വര്‍ഷത്തെ ഇമലയാളി അവാര്‍ഡും കിട്ടിയ എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം.

കോഴിക്കോട് ആത്മ ബുക്ക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കവിതാസമാഹാരമായ ‘മീന്‍കാരന്‍ ബാപ്പ’ വായിച്ചാസ്വദിക്കാനുള്ള അവസരത്തെ അതുല്യമായ ഒന്നായി കണക്കാക്കുന്നു. ഓ എന്‍വിയുടെ വിയോഗത്തോടുകൂടി മലയാളകവിതയും മരണമടഞ്ഞെന്ന് മുന്‍പൊരു ലേഖനത്തില്‍ ഞാന്‍ പരാമര്‍ശിച്ചത് ചെറിയൊരു വിവാദത്തിലേക്ക് നയിച്ചെന്നുള്ളത് ഇപ്പോള്‍ ഓര്‍ക്കുന്നു. പക്ഷേ, അതല്ലേ സത്യമെന്ന് ഒരിക്കല്‍കൂടി പറയാന്‍ ആഗ്രഹിക്കുന്നു.

അടുത്തകാലത്ത് നാട്ടില്‍ പോയപ്പോള്‍ ജ്ഞാനപീഠം അവാര്‍ഡ് കിട്ടിയ ഒരു ഹിന്ദി കവിയുടെ മൂന്നു കവിതകള്‍ മലയാളം വാരികയില്‍ വന്നത് വായിക്കയുണ്ടായി. കേദാര്‍നാധ് സിങ്ങ് എന്നാണ് കവിയുടെപേര്. തര്‍ജ്ജമ ആയിരുന്നിട്ടുകൂടി അതിമനോഹരമായിരുന്നു ആ കവിതകള്‍. മലയാളത്തില്‍ അത്തരം കവിതകള്‍ എഴുതുന്നവരുണ്ടോ എന്നുപോലും സംശയിച്ചുപോയി.. ഇന്നും അതിലെ വരികള്‍ എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

പുന്നയൂര്‍ക്കുളത്തിന്റെ മീന്‍കാരന്‍ ബാപ്പ വായിച്ചപ്പോള്‍ മേല്‍പറഞ്ഞ ഹിന്ദികവിയുടെ കവിതകള്‍ ഓര്‍ത്തുപോയി. ഈ സമാഹാരത്തില്‍ മീന്‍കാരന്‍ ബാപ്പതന്നെയാണ് എന്നെ അത്യധികം ആകര്‍ഷിച്ചത്. കടപ്പുറത്തുനിന്ന് മീന്‍വാങ്ങി സൈക്കിളില്‍ നാടുനീളെ കൊണ്ടുനടന്ന് വിറ്റുകാശാക്കി കുടുംബം പുലര്‍ത്തുന്ന മനുഷ്യന്റെ ജീവിതമാണ് കവി വര്‍ണ്ണിക്കുന്നത്. ഇതുപോലുള്ള മീന്‍വില്‍പ്പനക്കാരെ നിങ്ങളും കണ്ടിരിക്കും. എന്നാല്‍ അവരുടെ കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തെപ്പറ്റി നമ്മളാരും ചിന്തിച്ചിട്ടില്ല. എന്നാല്‍ പുന്നയൂര്‍ക്കുളം അവരുടെ ജീവിതത്തിലേക്ക് ചുഴിഞ്ഞുനോക്കുന്നു. പ്രായം ചെല്ലുന്തോറും സൈക്കിള്‍ ചവിട്ടാന്‍ വയ്യാതാവുമ്പോള്‍ തലച്ചുമടായും പിന്നീട് തോളില്‍തൂങ്ങുന്ന കാവിലേക്ക് മാറ്റിയും നാടുനീളെ നടന്ന് ഉപജീവനമാര്‍ക്ഷം കണ്ടെത്തുന്ന പാവങ്ങള്‍.

ഇതുപോലുള്ള മീന്‍കാരെ ഞാനും കണ്ടിട്ടുണ്ട്. നാട്ടിലെ എന്റെവീട് ഒരു ചെറിയ കുന്നിന്‍മുകളിലായിരുന്നു. അവിടെ റോഡ് നല്ലൊരുകയറ്റമാണ്. സൈക്കിളില്‍ വലിയ മീന്‍കൊട്ട വച്ചുകെട്ടിവരുന്നവര്‍ കയറ്റംചവിട്ടാന്‍ വയ്യാത്തതുകൊണ്ട് സാഹസപ്പെട്ട് ഉന്തിക്കയറ്റുകയാണ് ചെയ്യാറുള്ളത്. ഈ കാഴ്ച പലപ്പോഴും സഹതാപത്തോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്. പാവം മനുഷ്യജീവികള്‍. വീട്ടില്‍ അയാളെ കാത്തിരിക്കുന്ന ഭാര്യക്കും മക്കള്‍ക്കുംവേണ്ടിയാണ് അയാള്‍ പാടുപെടുന്നത്. എത്രനാള്‍ ഇങ്ങനെ ഭാരപ്പെട്ട് ജീവിക്കും? വളരെവേഗം ഇവരുടെ ആരോഗ്യം ക്ഷയിച്ചുപോവില്ലെ. പുന്നയൂര്‍ക്കുളം മീന്‍കാരന്‍ ബാപ്പയുടെ ജീവിതം മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു.

ജീവിതാവസാനം ആരോഗ്യം ക്ഷയിച്ച് വീടിന്റെ ഉമ്മറത്ത് ചടഞ്ഞുകൂടുന്ന മനുഷ്യനെ ഭാര്യയും മക്കളും മീന്‍മണത്തിന്‍െറ പേരില്‍ അകറ്റുന്ന കാഴ്ച വാനക്കാരന്റെ മനസ്സിനെ വേദനിപ്പിക്കുന്നു. സമാഹാരത്തിന് മീന്‍കാരന്‍ ബാപ്പയെന്ന് പേരിട്ടത് കവിയുടെ ഔചിത്യം.

സമാഹാരത്തില്‍ വേറെയും നല്ല കവിതകളുണ്ട്. എഴുത്തുകാരന്റെ മനസ്സ് എന്നും ചെറുപ്പമായിരിക്കും. വീ ണ്ടും പതിനാറുവയസിലേക്ക് തിരിച്ചുപോകാന്‍ അവന്‍ കൊതിക്കുന്നു. അവന്‍ പ്രേമിക്കാന്‍ ആഗ്രഹിക്കുന്നു. പ്രേമിക്കാന്‍ സാധിക്കാത്തവന് കവിതയെഴുതാന്‍ സാധിക്കില്ല. കാമുകിയെ മാത്രമല്ല, ജീവിതത്തെ, ഈ ലോകത്തെ, സഹജീവികളെ, സ്വപ്നങ്ങളെ എല്ലാം അവന്‍ പ്രേമിക്കുന്നു. ഇവിടെ നമ്മുടെ കവിയും അതെല്ലാമാണ്. അതുകൊണ്ടാണല്ലോ അദ്ദേഹം ഇങ്ങനെ പാടുന്നത്.

മനസ്സില്‍ കാത്തുവെച്ച പ്രണയത്തെക്കുറിച്ച്
പാടാന്‍ എന്നുമെനിക്ക് ചെറുപ്പമായിരുന്നെങ്കില്‍.

അമേരിക്കയിലെ ഋഃതുഭേദങ്ങളെ വര്‍ണ്ണിക്കുന്ന കവിതയാണ് മറ്റൊന്ന്. ഇവിടുത്തെ സ്കൂള്‍കുട്ടികളുടെ ജീവിതത്തിന്റെ മുഷിപ്പും യാന്ത്രികതയും കവി തന്മയത്തത്തോടെ വിവരിക്കുന്നു. ശിശിരം ആഗതമാകുന്നതോടുകൂടി അവരുടെ മുഷിപ്പിന്റെ കാഠിന്യവും കൂടുന്നു, കളിയില്ല, ചിരിയില്ല, കുമിഞ്ഞുകൂടുന്ന ഗൃഹപാഠങ്ങള്‍ സൃഷ്ടിക്കുന്ന തലവേദന വേറെയും.

പാര്‍ക്കില്‍ കുരങ്ങുകളിക്കാനാകില്ല
ബീച്ചില്‍ മുങ്ങാങ്കുഴിയിട്ട് നീന്താനാകില്ല
ഇനിയടച്ചിട്ട മുറിയില്‍
മുഷിഞ്ഞിരുന്ന് ഹോംവര്‍ക്ക് ചെയ്യണം.

ഇങ്ങനെ കുഞ്ഞങ്ങളുടെ സങ്കടം പറഞ്ഞുപോകുന്ന കവി അവര്‍ക്ക് ആശ്വാസമായി ഇങ്ങനെയും പാടുന്നു:
പൂമ്പാറ്റകളെപ്പോലെ പൂവേള പങ്കിടാനൊരു
ഋതുചക്രംകൂടി തിരിയാന്‍ കാത്തിരിക്കണം.

ഇവിടെ ഷെല്ലിയുടെ വെസ്റ്റുവിന്‍ഡ് (West Wind-by Shelly) എന്ന കവിതയാണ് എനിക്കോര്‍മ്മ വരുന്നത്:
If winter comes
Can spring be far behind.

വസന്തം ആഗതമാകാന്‍ കുഞ്ഞുങ്ങളോടൊപ്പം നമുക്ക് കാത്തിരിക്കാം.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code