Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നമ്മുടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരവസരം കൊടുക്കുമോ? (നിര്‍ദ്ദേശം: ജയന്‍ വര്‍ഗീസ്)

Picture

ചോക്കു മലയില്‍ ഒരു കഷ്ണം ചോക്ക് അന്വേഷിച്ചു നടന്ന ഒരു മനുഷ്യന്റെ കഥ കേട്ടിട്ടുണ്ട്. കേരളം ഇന്ന് നേരിടുന്ന പ്രളയ ദുരിതത്തിന്മേല്‍ അടിയന്തിരമായി ഇടപെടാന്‍ കഴിയുന്ന ഒരു വിഭാഗം മനുഷ്യര്‍ നമുക്കിടയില്‍ ഉണ്ടെന്നു മറന്നു കൊണ്ടാണ് സര്‍ക്കാര്‍ തലത്തിലുള്ള ദുരിതാശ്വാസ നടപടികള്‍ നടപ്പിലാവുന്നത് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദിക്കുന്നു.

സര്‍ക്കാര്‍ തലത്തിലുള്ള സ്വാന്തന പരിശ്രമങ്ങളെ വില കുറച്ചു കാണുവാന്‍ വേണ്ടിയല്ല; നമ്മുടെ പോക്കറ്റിലുള്ള സാധ്യതകളെ അനായാസം ഉപയോഗപ്പെടുത്തുന്നതിന് പകരം അന്യന്റെ പടിവാതില്‍ക്കല്‍ പാത്രം നീട്ടി നില്‍ക്കേണ്ടി വരുന്ന സാഹചര്യം കാണാന്‍ ഇടയായത് കൊണ്ടാണ് ഈ കുറിപ്പ്.

നാട്ടില്‍ വച്ച് നടന്ന ഒരു സംഭവം ഇവിടെ ഓര്‍ത്ത് പോവുകയാണ്. സര്‍ക്കാര്‍ സ്കൂളിന് സമീപത്തുള്ള ഒരു വൈക്കോല്‍ കെട്ടിടത്തില്‍ ഒരാശാന്‍ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു. ഒരു ദിവസം വൈകുന്നേരം ആ വൈക്കോല്‍ പുരക്ക് തീ പിടിക്കുന്നു. സ്കൂള്‍ വിട്ടു കഴിഞ്ഞ സമയത്താണ് ഇത് സംഭവിച്ചത് എന്നതിനാല്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. ആദ്യം ഒരു പുകയാണ് കണ്ടത്. ഒരു ഭാഗത്തു ' കുമു കുമാ ' പുക ഉയരുന്നു. ഞാനുള്‍പ്പെടെയുള്ള പതിനഞ് ആളുകള്‍ തീ കെടുത്താനുള്ള തീവ്ര ശ്രമത്തിലാണ്. ചിലര്‍ മണ്ണ് വാരി എറിയുന്നു. മറ്റു ചിലര്‍ അടുത്തുള്ള കിണറില്‍ നിന്നും ബക്കറ്റില്‍ കോരിക്കൊണ്ടു വരുന്ന വെള്ളം താഴെ നിന്നുകൊണ്ട് പുകയുന്ന ഭാഗത്തേക്ക് തൂവുന്നു. പെണ്ണുങ്ങള്‍ ചിലര്‍ നെഞ്ചത്തടിച് നിലവിളിക്കുന്നു. ആരോ ചിലര്‍ അഞ്ചു മൈല്‍ അകലെയുള്ള ഫയര്‍ സ്‌റ്റേഷനിലേക്ക് വിളിക്കുന്നു. . എന്ത് കൊണ്ടോ തീ ആളിപ്പടര്‍ന്നില്ല. പുകഞ്ഞു കൊണ്ട് തന്നെ നില്‍ക്കുകയാണ്. പുക അല്‍പ്പമെങ്കിലും കൂടുന്നതല്ലാതെ കുറയുന്നതായി കാണുന്നുമില്ല.

ഒക്കെക്കൂടി ഒരു പതിനഞ്ചു ഇരുപതു മിനിട്ട് കടന്നു പോയിരിക്കണം. ഈ സമയത്ത് സമീപ ഗ്രാമത്തിലുള്ള ഒരാള്‍ അതിലെ വരുന്നു. അയാളെ എനിക്ക് നേരിട്ട് പരിചയമില്ല. കയ്യാല കെട്ടുന്നതില്‍ വിദഗ്ദനായ ആ നാല്പത്തഞ്ചുകാരന്‍ പലപ്പോഴും പണിക്ക് പോകുന്നതായി കണ്ടിട്ടുണ്ട്, അത്രേയുള്ളു. നല്ല ആരോഗ്യമുള്ള ഒരു അഞ്ചരയടിക്കാരന്‍. ബഹളം കേട്ടിട്ടാവണം അയാള്‍ നിന്നു. പിന്നെ ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു. ' മാറ് ' എന്ന് പറഞ്ഞു കൊണ്ട് അയാള്‍ ഞങ്ങളെ വകഞ്ഞു മാറ്റി. ഒറ്റച്ചാട്ടത്തിനു അയാള്‍ കെട്ടിടത്തിന്റെ കഴുക്കോലില്‍ പിടിച്ചു തൂങ്ങി. കുരങ്ങുകളെ തോല്‍പ്പിക്കുന്ന അഭ്യാസ പാടവത്തോടെ അയാള്‍ പുരപ്പുറത്തു കയറി. ഇതിനകം ചില തീ നാന്പുകള്‍ കൂടി തല നീട്ടി തുടങ്ങിയിരുന്ന പുകക്കൂട് ചുറ്റുമുള്ള രണ്ടടി വൈക്കോല്‍ കൂടി കൂട്ടിച്ചേര്‍ത്തു വലിച്ചൂരി അയാള്‍ താഴേക്കെറിഞ്ഞു. താഴെ എത്താനിരുന്ന പോലെ ആ വൈക്കോല്‍ ചുരുള്‍ അവിടെ കത്തിയമര്‍ന്നു. മറ്റു ഭാഗങ്ങളിലേക്ക് തീ പടര്‍ന്നിട്ടില്ലാ എന്ന് ഉറപ്പു വരുത്തിയിട്ട് പഴയ അഭ്യാസ മുറയില്‍ താഴെ ഇറങ്ങിയ അയാള്‍ ഞങ്ങളുടെ ആരാധനയോ, അഭിനന്ദനമോ, നന്ദിയോ ഒന്നും ഏറ്റുവാങ്ങാന്‍ നില്‍ക്കാതെ അയാളുടെ വഴിക്ക് നടന്നു പോയി!

ഞങ്ങള്‍ പതിനഞ്ചോ, ഇരുപതോ പേര്‍ കിണഞ്ഞു ശ്രമിച്ചിട്ടും നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ആ തീപിടുത്തം അയാള്‍ ഒറ്റക്ക് അനായാസം വലിച്ചെടുത്ത് ദൂരെയെറിഞ്ഞു. ഞങ്ങളുടെ രീതിയില്‍ തീയണക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ആ വീട് പൂര്‍ണ്ണമായും കത്തിത്തീരുകയായിരിക്കും സംഭവിക്കുക. ആ മനുഷ്യന്റെ മുന്‍ പരിചയവും , അനുഭവ പാടവവും, വിപദിധൈര്യവും അനായാസം ഒരു വിപത്ത് ഒഴിവാക്കി എന്നതിലുപരി, സാര്‍വ്വ ലൗകികമായ മനുഷ്യ സ്‌നേഹവും ഇതിലുണ്ട്. കത്തുന്ന വീട് ആരുടെതെന്ന് പോലും അയാള്‍ക്കറിയില്ല. ഞാനുള്‍പ്പടെയുള്ള ആരെയും വ്യക്തി പരമായി അയാള്‍ക്കറിയില്ല.
ഓവര്‍ ടൈമും, സ്‌പെഷ്യല്‍ ബാറ്റയും അയാള്‍ക്ക് കിട്ടിയതുമില്ല. . എന്നിട്ടും അയാള്‍ പ്രതികരിച്ചു. എല്ലാം കഴിഞ് ആളുകള്‍ പല വഴിക്കു പിരിഞ്ഞു കഴിഞ്ഞപ്പോളേക്കും അലറിക്കൂവി നമ്മുടെ ഫയര്‍ ട്രക്കും എത്തി.

ഇന്നത്തെ കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ മനുഷ്യന്റെ സ്ഥാനത്തു നില്‍ക്കുന്നവരാണ് നമ്മുടെ മല്‍സ്യബന്ധന മേഖലയിലുള്ളവര്‍. അവര്‍ ജനിച്ചതും, വളര്‍ന്നതും, കളിച്ചതും, ജീവിച്ചതും വെള്ളത്തിലാണ്. വെള്ളത്തിന്റെ ഏതു വെല്ലുവിളിയെയും നേരിടുവാന്‍ അവര്‍ക്ക് കരുത്തും, കൗശലവുമുണ്ട്. അവര്‍ക്ക് വെള്ളത്തിലിറങ്ങാന്‍ സ്വിമ്മിങ് സ്യൂട്ട് ആവശ്യമില്ല. ആകാശ നിരീക്ഷണവും, അവലോകന യോഗവും ആവശ്യമില്ല. തങ്ങളുടെ ഫിഷിങ് ബോട്ടുകളും, കട്ടമരങ്ങളുമായി അവര്‍ വന്നു കൊള്ളും. ഒരു തിരിച്ചറിയല്‍ കാര്‍ഡും കൊടുത്ത് അവരെ കിഴക്കോട്ടു തിരിച്ചു വിട്ടാല്‍ മതി, ഏതു ദുര്‍ഘട ജല സന്ധിയില്‍ നിന്നും മനുഷ്യരെ അവര്‍ രക്ഷിച്ചു സുരക്ഷിത സ്ഥാനത്ത് എത്തിച്ചു കൊള്ളും. കേന്ദ്ര സംസ്ഥാന ഗവര്‍മെന്റുകളുടെ ഖജനാവുകളില്‍ നിന്ന് ഒഴുക്കിക്കളയുന്ന കോടികളില്‍ നിന്ന് ഒരു ചെറിയ വീതം അവര്‍ക്കും കൊടുത്തേക്കണം, അത്ര തന്നെ ?

' മുല്ലപ്പെരിയാര്‍ ഭീഷണി ' യെക്കുറിച് ഞാനെഴുതിയ ലേഖനം പ്രസിദ്ധീകരിച്ചിട്ട് രണ്ടാഴ്ച തികഞ്ഞിട്ടില്ല. ഇതിനകം തന്നെ അത് സത്യമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. പ്രളയ ശേഷമെങ്കിലും ബന്ധപ്പെട്ടവര്‍ ഈ ഭീഷണിക്ക് പരിഹാരം തേടും എന്ന് കരുതുന്നു. അതുപോലെ പ്രളയ ഭീഷണിയുള്ള മേഖലകളില്‍ എല്ലാ വീടുകളിലും ഓരോ ഫ്‌ലോപ്പിങ് ബോട്ടുകള്‍ സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ആവശ്യം വരുന്‌പോള്‍ കാറ്റടിച്ചു വീര്‍പ്പിച്ചു ഉപയോഗിക്കുവാനും, ആവശ്യമില്ലാത്തപ്പോള്‍ കാറ്റ് കളഞ്ഞു മടക്കി വച്ച് സൂക്ഷിക്കുവാനും പറ്റുന്ന തരത്തിലായിരിക്കണം ഇതിന്റെ നിമ്മാണം. സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യ സ്‌നേഹികളെ ഇതിന്റെ നിര്‍മ്മാണം ഏല്‍പ്പിക്കുകയും കഴുത്തറുപ്പന്‍ ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കുകയും വേണം.

അപ്രതീക്ഷിതമായി വന്നു ഭവിക്കുന്ന പ്രകൃതി ക്ഷോഭങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമാണ് എന്ന് സമ്മതിക്കുന്‌പോള്‍ തന്നെ കഴിഞ്ഞ ഓണത്തിന് നാനൂറു കോടിയുടെ ബീവറേജ് അടിച്ചു കിറുങ്ങിയ മലയാളികള്‍ ഓണം പടിവാതിലിലെത്തി നില്‍ക്കുന്ന ഇന്നുകളില്‍ ഒരുകുപ്പി കുടിവെള്ളത്തിനായി യാചിക്കുന്ന ദയനീയ ചിത്രമാണ് ചാനലുകള്‍ പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്. ഏതൊരു ദുരന്തത്തിന്റെയും പിന്നാന്പുറങ്ങളിലേക്ക് എത്തി നോക്കുന്‌പോള്‍ മനുഷ്യന്‍ എന്ന നിലയില്‍ നമുക്ക് പറ്റിയിരിക്കാനിടയുള്ള പാളിച്ചകള്‍ നമ്മുടെ സ്മരണകളെ മുറിവേല്‍പ്പിക്കാമെങ്കിലും, അതൊന്നും ചര്‍ച്ച ചെയ്യുന്നതിനുള്ള വേദികയല്ല ഏതൊരു ദുരന്ത ഭൂമികയും.

അതിജീവനം!. അതാണ് എന്നും നമുക്ക് വേണ്ട ആത്മീക ദാര്‍ശനികത. നമുക്കിടയില്‍ നിന്ന് കൊഴിഞ്ഞു പോയ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് അശ്രുപുഷ്പ്പങ്ങള്‍ അര്‍പ്പിച്ചു കൊണ്ട്, ഒരു ജീവനെങ്കിലും പിടിച്ചു നിര്‍ത്തുവാന്‍ നമ്മുടെ പരിശ്രമങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ അതിനായി നമുക്ക് ഒന്ന് ചേരാം. തലമുറകളായി കടല്‍ ജലത്തില്‍ മുങ്ങിപ്പൊങ്ങി ഇര പിടിക്കുന്ന നമ്മുടെ മുക്കുവ സഹോദരങ്ങളുടെ അനുഭവ വൈദഗ്ദ്ധ്യം അപ്രതീക്ഷിത പ്രളയ ഭീഷണിയില്‍ ഭയന്ന് വിറക്കുന്ന മലയാളികള്‍ക്ക് അനുഗ്രഹമായിത്തീരാന്‍ അധികാരികളും, ഭരണ കൂടങ്ങളും അവസരമൊരുക്കട്ടെ എന്നാശിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code