Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പേമാരി, ഉരുള്‍പൊട്ടല്‍; സംസ്ഥാനത്ത് 22 പേര്‍ മരിച്ചു

Picture

തിരുവനന്തപുരം: കാലവര്‍ഷം സംഹാര താണ്ഡവമാടിയ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും 22 മരണം. ഇടുക്കിയില്‍ അഞ്ചിടങ്ങളിലുണ്ടായ ഉരുള്‍ പൊട്ടലില്‍ രണ്ട് കുട്ടികളുള്‍പ്പെടെ ഒരുകുടുംബത്തിലെ അഞ്ചുപേരടക്കം 11 പേര്‍ മരിച്ചു. രണ്ടുപേരെ കാണാതായി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ ആഢ!്യന്‍പാറക്ക് സമീപം ചെട്ടിയംപാടത്ത് ഉരുള്‍പൊട്ടി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഒരാളെ കാണാതായി. വയനാട് മൂന്നു പേരും എറണാകുളത്ത് രണ്ടും കോഴിക്കോട് ഒരാളും മരിച്ചു.

ഇടുക്കിയില്‍ അടിമാലി, കൊരങ്ങാട്ടി, കമ്പിളികണ്ടം, കീരിത്തോട്, രാജപുരം എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. അടിമാലി പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ പാത്തുമ്മ (60), മകന്‍ മുജീബ് (35), ഭാര്യ ഷെമീന (30), മക്കളായ ദിയ ഫാത്തിമ (ഏഴ്), നിയ മുജീബ് (അഞ്ച്), കമ്പിളികണ്ടം കുരുശുകുത്തി പന്തപ്പിള്ളില്‍ മാണിയുടെ ഭാര്യ തങ്കമ്മ (46), കൊരങ്ങാട്ടി കുറുമ്പനാനിക്കല്‍ മോഹനന്‍ (52), ഭാര്യ ശോഭ (48), കീരിത്തോട് പെരിയാര്‍വാലിയില്‍ കൂട്ടാക്കുന്നേല്‍ ആഗസ്തി (65), ഭാര്യ ഏലിക്കുട്ടി (60), മുരിക്കാശേരി രാജപുരം കരികുളം മീനാക്ഷി (80) എന്നിവരാണ് മരിച്ചത്. മീനാക്ഷിയുടെ മക്കളായ രാജന്‍, ഉഷ എന്നിവരെയാണ് കാണാതായത്. ആഢ!്യന്‍പാറക്ക് സമീപം ചെട്ടിയംപാടത്ത് ബുധനാഴ്ച രാത്രി പത്തോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ പറമ്പാടന്‍ കുഞ്ഞി (56), മരുമകള്‍ ഗീത (24), മക്കളായ നവനീത് (ഒമ്പത്), നിവേദ് (മൂന്ന്), കുഞ്ഞിയുടെ സഹോദരിപുത്രന്‍ മിഥുന്‍ (16) എന്നിവരാണ് മരിച്ചത്. കുഞ്ഞിയുടെ മകന്‍ സുബ്രഹ്മണ!്യനെയാണ് (30) കാണാതായത്.

അടിമാലി എട്ടുമുറി പുതിയകുന്നേല്‍ വീട്ടില്‍ ഉറങ്ങിയ ഏഴുപേരില്‍ അഞ്ചുപേരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഹസന്‍കുട്ടി (68), ഷെമീനയുടെ പിതൃസഹോദരന്‍ കൊല്ലം പുത്തന്‍വിളതെക്കേതില്‍ സൈനുദ്ദീന്‍ (50) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് വീടിന് മുകള്‍ഭാഗത്ത് 200 മീറ്റര്‍ ഉയരത്തില്‍ നിന്ന് ഉരുള്‍പൊട്ടിയത്. മുകളിലെ റോഡടക്കം ഇടിഞ്ഞ് വീട് പൂര്‍ണമായും മണ്ണുമൂടി.

വയനാട് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ നാശം. മലയോരമേഖലകളിലെ റോഡുകള്‍ ഇല്ലാതായി. നൂറോളം വീട് തകര്‍ന്നു. സംസ്ഥാനത്തിന്‍െറ പലഭാഗത്തും വൈദ്യുതിബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. ദുരിതാശ്വാസക്യാമ്പുകളില്‍ ആയിരങ്ങള്‍ അഭയം പ്രാപിച്ചു. സൈന്യത്തിന്‍െറ സേവനം ദുരന്തമേഖലകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ 129 ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

കോഴിക്കോട് പുതുപ്പാടി മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. പുതുപ്പാടി മട്ടികുന്ന് പരപ്പന്‍പാറ മാധവിയുടെ മകന്‍ രജിത്ത് മോന്‍ റജി (24) സഞ്ചരിച്ച കാറാണ് ഒഴുകിപ്പോയത്. ബുധനാഴ്ച രാത്രി 11.30ന് കൂട്ടുകാരോടൊപ്പം മട്ടിക്കുന്നിലെ വീട്ടിലേക്ക് കാറില്‍ പോകവേയാണ് അപകടത്തില്‍പെട്ടത്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചില്‍ കണ്ട് സുഹൃത്തുക്കള്‍ കാറില്‍നിന്ന് ഇറങ്ങിയോടി. െ്രെഡവിങ് സീറ്റിലായിരുന്ന രജിത്ത് കാര്‍ പിറകോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും കാറുള്‍പ്പെടെ ഒഴുകിപ്പോയി. വ്യാ!ഴാഴ്ച ഉച്ചയോടെ മണല്‍ വയലിനടുത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്.

വയനാട് ജില്ലയില്‍ മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും ദമ്പതികളടക്കം മൂന്നു പേര്‍ മരിച്ചു. മാനന്തവാടി തലപ്പുഴക്ക് സമീപം മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മംഗലശേരി വീട്ടില്‍ റസാഖ് (40), ഭാര്യ സീനത്ത് (32), വൈത്തിരി പൊലീസ് ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള ലക്ഷംവീട് കോളനിയില്‍ ബുധനാഴ്ച രാത്രി മണ്ണിടിഞ്ഞ് തോളിയിലത്തറ ജോര്‍ജിന്‍െറ ഭാര്യ ലില്ലി (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് തലപ്പുഴക്ക് സമീപം മക്കിമലയില്‍ ഉരുള്‍പൊട്ടിയത്. റസാഖും സീനത്തും ഉറങ്ങിക്കിടന്ന മുറിയുടെ മുകളില്‍ കല്ലും മണ്ണും പതിക്കുകയായിരുന്നു. ഇവരുടെ മക്കളായ റജ്മല്‍, റജിനാസ്, റിഷാല്‍ എന്നിവര്‍ ഓടിരക്ഷപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഉച്ച 12.30ഓടെയാണ് മൃതദേഹം പുറത്തെടുത്തത്.

എറണാകുളം കോലഞ്ചേരിയില്‍ മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മരിച്ചു. കീഴില്ലം സന്‍െറ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളായ മണ്ണൂര്‍ കൊല്ലേരിമൂലയില്‍ ജിജിയുടെ മകന്‍ ഗോപീകൃഷ്ണന്‍ (17), ഐരാപുരത്ത് വാടകക്ക് താമസിക്കുന്ന ചെല്ലാനം കണ്ടക്കടവ് കോയില്‍പറമ്പില്‍ തോമസിന്‍െറ മകന്‍ അലന്‍ തോമസ് (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് കണ്ണൂര്‍ ഇരിട്ടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേരും മരിച്ചിട്ടുണ്ട്.

കണ്ണൂരില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് കേളകം, ആറളം, കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ വ്യാപക ഉരുള്‍പൊട്ടല്‍. കേളകം പഞ്ചായത്തിലെ ശാന്തിഗിരി, വെണ്ടേക്കംചാല്‍, കൊട്ടിയൂര്‍ പഞ്ചായത്തിലെ പൊയ്യ മല, അമ്പായത്തോട്, ആറളം, ചതിരൂര്‍ 110 കോളനി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കൊട്ടിയൂര്‍, ആറളം വനങ്ങളിലും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചീങ്കണ്ണി, ബാവലി പുഴകള്‍ കരകവിഞ്ഞ് നൂറോളം വീടുകളില്‍ വെള്ളം കയറി. കൊട്ടിയൂര്‍ പാല്‍ച്ചുരം താഴെ കോളനി, ചതിരൂര്‍ 110 കോളനി, വിയറ്റ്‌നാം കോളനി എന്നിവിടങ്ങളിലെ നൂറ്റമ്പതോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

ചീങ്കണ്ണി പുഴ വെള്ളപ്പൊക്കത്തില്‍ വളയഞ്ചാല്‍ തൂക്ക് പാലം ഒലിച്ച് പോയി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സേനയുടെ സേവനം ലഭ്യമാക്കണമെന്ന് അഡ്വ.സണ്ണി ജോസഫ് എം. എല്‍.എ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തില്‍ പുഴയോരങ്ങളിലെ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മണ്ണിടിച്ചിലില്‍ കൊട്ടിയൂര്‍ വയനാട് ചുരം പാത വിവിധയിടങ്ങളില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം നിലച്ചു. പാതയുടെ വിവിധ ഭാഗങ്ങളില്‍ വിള്ളലുണ്ടായി. വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം പാത വഴി തിരിച്ചുവിട്ടു.

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code