Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കനത്ത മഴ, ഉരുള്‍പൊട്ടല്‍; ഇന്നു മാത്രം മരണം 20

Picture

ഇടുക്കി: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 20 പേര്‍ മരിച്ചു. നിലമ്പൂര്‍, വൈത്തിരി, ഇടുക്കി കഞ്ഞിക്കുഴി, പാലക്കാട് കഞ്ചിക്കോട്, വയനാട് കുറിച്യര്‍മല എന്നിവടങ്ങളിലെല്ലാം ഉരുള്‍പൊട്ടി. അടിമാലിയില്‍ മണ്ണിടിച്ചിലില്‍ ഒരുകുടുംബത്തിലെ അഞ്ച് പേരും കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേരും മരിച്ചു. കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍ക്കുണ്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുഴ വഴിമാറി ഒഴുകി വ്യാപക നാശം.

ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ ട്രയല്‍ റണ്ണിനായി തുറന്നു. കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും വന്‍ നാശനഷ്ടമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടുക്കിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 11 പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായി. ദേവികുളം താലൂക്കിലെ മന്നംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേര്‍ മരിച്ചു. ഇതില്‍ പാത്തുമ്മ (65), മുജീബ് (38), ഷമീന (35) നിയ (7) മിയ (5) എന്നീ അഞ്ച് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. കൊരങ്ങട്ടില്‍ മോഹനന്‍ കുറുമ്പനക്കല്‍ (52), ഭാര്യ ശോഭന (41) എന്നിവരാണ് മരിച്ച ബാക്കി രണ്ടുപേര്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജില്ലയുടെ പല മേഖലകളിലും റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്.

ഇടുക്കി താലൂക്കിലെ രാജപുരം ക്രിസ്തുരാജ് എല്‍.പി സ്കൂളിനു സമീപം ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി. കരികുളത്തില്‍ വീട്ടില്‍ മീനാക്ഷി അവരുടെ മകന്‍ രാജന്‍, മകള്‍ ഉഷ എന്നിവരെയാണ് കാണാതായത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി അനൗദ്യോഗിക വിവരമുണ്ട്. കഞ്ഞിക്കുഴി വിലേജ് ചുരുളില്‍ ഉരുള്‍ പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. കൊന്നത്തടി വില്ലേജില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് 12 പേരെ പന്നിയാര്‍കുട്ടി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയംപാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായി. പറമ്പില്‍ സുബ്രഹ്മണ്യന്‍ എന്ന കുട്ടന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. സുബ്രഹ്മണ്യന്റെ മാതാവ് കുഞ്ഞി (50), ഭാര്യ ഗീത (24), മക്കളായ നവനീത് (9) നിവേദ് (3), ബന്ധു മിഥുന്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. സുബ്രഹ്മണ്യനായി (30)തിരച്ചില്‍ തുടരുകയാണ്.

ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഉരുള്‍പൊട്ടലുണ്ടായി കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലില്‍ ഇവര്‍ ഒലിച്ചുപോവുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാളിക്കാവ്, നിലമ്പൂര്‍, കരുവാരകുണ്ട് മേഖലകളില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. പല സ്ഥലങ്ങളിലും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട്. നിലമ്പൂരില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. താമരശ്ശേരി, പാല്‍ച്ചുരം, കുറ്റിയാടി ചുരങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വയനാട് കുറിച്യര്‍മലയില്‍ ഉരുള്‍പൊട്ടി. കനത്ത മഴ തുടരുന്ന വയനാട് വൈത്തിരിയിലും ഉരുള്‍പൊട്ടി. വൈത്തിരി പോലീസ് സ്റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഇതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ ഭാഗികമായി തകര്‍ന്നു. സ്റ്റേഷനുള്ളില്‍ മണ്ണ് നിറഞ്ഞ് കിടക്കുകയാണ്. വൈത്തരിയില്‍ തന്നെ ലക്ഷം വീട് കോളനിയിലെ മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മണ്ണ് ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ലില്ലി എന്ന സ്ത്രീയാണ് മരിച്ചത്.

ജില്ലയിലെ മറ്റ് ഭാഗങ്ങളിലും വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബാണാസുര സാഗര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. ഡാമിന് താഴെയുള്ള പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയാണ്. ജില്ലയിലാകമാനം 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അതേസമയം താമരശേരി ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. രണ്ട് ദിവസമെങ്കിലും കഴിയാതെ തടസ്സം നീക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാര്‍ താമരശ്ശേരി ചുരത്തില്‍ കുടുങ്ങി കിടക്കുകയാണ്. നേരത്തെ വയനാട്ടിലേക്കുള്ള കുറ്റിയാടി ചുരവും പാല്‍ ചുരവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code