Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓണവും ആഘോഷങ്ങളും പൗരാണിക സങ്കല്‍പ്പങ്ങളും (ജോസഫ് പടന്നമാക്കല്‍)

Picture

ഓണം, കേരള ജനതയുടെ പാരമ്പര്യമായ മഹോത്സവവും വിശുദ്ധമായി കൊണ്ടാടുന്ന ഒരു സാമൂഹിക ആചാരവുമാണ്. മലയാളികളുടെ മനം കവരുന്ന ഏറ്റവും വലിയ ആഘോഷമാണിത്. ജാതി മത ഭേദ മേന്യേ മനുഷ്യരെല്ലാം ഒന്നാണെന്നുള്ള സങ്കല്‍പ്പമാണ് ഓണത്തിന്റെ സന്ദേശത്തിലുള്ളത്. ലോകത്തുള്ള നാനാവിധ സംസ്ക്കാരങ്ങളില്‍ ജീവിക്കുന്ന എല്ലാ മലയാളികളും മഹാബലിയെ ഹൃദയപൂര്‍വം കൈനീട്ടി സ്വീകരിക്കുന്നു. ചരിത്രവഴികളില്‍ക്കൂടി തന്നെ മഹാബലിയുടെ ചൈതന്യം കേരള ജനതയുടെമേല്‍ നിത്യവും പ്രകാശിക്കുകയും ചെയ്യുന്നു. മഹാബലിയുടെ കാലത്ത് മനുഷ്യരെല്ലാം ഐശ്വര്യത്തിലും സത്യത്തിലും ശാന്തിയിലും ജീവിച്ചുവെന്ന സങ്കല്‍പ്പമാണുള്ളത്.

മലയാളം കലണ്ടറില്‍ കൊല്ലവര്‍ഷം ആദ്യത്തെ മാസമായ ചിങ്ങമാസത്തിലാണ് ഓണാഘോഷ പരിപാടികള്‍ ആഘോഷിക്കാറുള്ളത്. പത്തു ദിവസം ആഘോഷമാണ് ഓണത്തിനുള്ളത്. അത്തം മുതല്‍ തുടങ്ങുന്ന പരിപാടി പത്താം ദിവസം തിരുവോണത്തില്‍ അവസാനിക്കുന്നു. ഓണം ആഘോഷിക്കുന്നതില്‍ക്കൂടി ഒരു അസുരനായ രാജാവിനെ ആദരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഐതിഹ്യ കഥയനുസരിച്ച് തിരുവോണമെന്നാല്‍ മഹാബലിയുടെ ആത്മാവ് കേരളം ഒന്നാകെ തന്റെ പ്രിയപ്പെട്ട പ്രജകളെ സന്ദര്‍ശിക്കാന്‍ വന്നെത്തുന്നുവെന്നുള്ളതാണ്. ഓരോ തരം നിറമാര്‍ന്ന ആഘോഷങ്ങള്‍ വഴി അദ്ദേഹത്തെ കേരളമൊന്നാകെ സ്വീകരിക്കുന്നു.

പഴങ്കാലങ്ങളിലുണ്ടായിരുന്ന ഓണവും ആധുനിക കാലങ്ങളിലെ ഓണവും തമ്മില്‍ വളരെയേറെ വ്യത്യാസങ്ങള്‍ ഉണ്ട്. ഒരു പക്ഷെ കുട്ടിക്കാലത്ത് നാം പഠിക്കുന്ന വേളയില്‍ പ്രതീക്ഷകളോടെ കാണുന്ന ദിനങ്ങള്‍ പത്തു ദിവസമുള്ള ഓണ അവധിയായിരിക്കും. അതിനുമുമ്പ് ഓണപ്പരീക്ഷയെന്ന ഒരു കടമ്പയും കടന്നാലേ ആ വര്‍ഷമുള്ള ക്ലാസ് കയറ്റത്തിന് അര്‍ഹമാകുമായിരുന്നുള്ളൂ. പരീക്ഷയില്‍ പലതും കാണാപാഠം പഠിക്കാനുള്ള ശ്രമത്തിനു ശേഷമുള്ള ഓണ അവധി കുട്ടികളുടെ മനസിന് ഉന്മേഷം നല്‍കുമായിരുന്നു.

അക്കാലത്തെ ഗ്രാമത്തിലെ ചെറു റോഡുകള്‍ മുഴുവന്‍ പൊടിപടലങ്ങള്‍ നിറഞ്ഞതായിരുന്നു. കാളവണ്ടികള്‍ ധാരാളം പൊതുനിരത്തില്‍ക്കൂടി ഓടിയിരുന്നു. അതിരാവിലെ എഴുന്നേറ്റു കുട്ടികള്‍ കുട്ടയില്‍ ചാണകം പെറുക്കുന്ന കാഴ്ചകളും പതിവായിരുന്നു. കാറുകള്‍ വളരെ വിരളം. ചരക്കു ലോറികളും റോഡുകളില്‍ കാണാമായിരുന്നു. ബസുകള്‍ ദിവസത്തില്‍ മൂന്നോ നാലോ പ്രാവിശ്യം ഓടിയെങ്കിലായി. കാല്‍ നടക്കാരായിരുന്നു അധികവും. കുട്ടി നിക്കറും ഇട്ടുകൊണ്ട് സൈക്കിള്‍ ടയറും ഉരുട്ടി അന്നത്തെ ഗ്രാമത്തിലെ റോഡുകളില്‍ക്കൂടി ഓടിക്കുന്നതും മനസില്‍ക്കൂടി പാഞ്ഞെത്തുന്നുണ്ട്. വഴികളില്‍ ഒരു ജീപ്പ് കണ്ടാല്‍ അതിന്റെ പുറകേയോടുന്ന കുട്ടിക്കാലവും ഓര്‍മ്മയിലുണ്ട്. ജീപ്പുകളിലും ഉന്തുവണ്ടികളിലും ലൗഡ് സ്പീക്കറുടെ സഹായത്തോടെ സിനിമാ പരസ്യമായി നോട്ടീസുകള്‍ വിതരണം ചെയ്യുമ്പോള്‍ അത് ലഭിക്കാനുള്ള ഓട്ടവും ഗ്രാമീണ ബാലന്മാരുടെ ഹരമായിരുന്നു. പരസ്യ വിപണികള്‍ പ്രാബല്യമല്ലാതിരുന്ന അക്കാലത്ത് ചെണ്ട കൊട്ടിക്കൊണ്ടു ഓണ സിനിമാ നോട്ടീസുമായി വഴികളില്‍ എത്തുന്നവരുടെ കൈകളില്‍ നിന്നും നോട്ടീസ് ലഭിക്കുകയെന്നതും വലിയ സന്തോഷത്തിനു ഇടം നല്‍കിയിരുന്നു.

ഓലപ്പുരകളായിരുന്നു ഭൂരി ഭാഗം പേരുടെയും വീടുകള്‍. ഓടിട്ട വീടുകള്‍ ചുരുക്കം. ഇന്ന് റോഡുകള്‍ ടാര്‍ ചെയ്തു വീതി കൂട്ടി. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നാട് മുഴുവന്‍ നിറഞ്ഞു കഴിഞ്ഞു. പണ്ടുണ്ടായിരുന്ന നമ്പൂതിരി, ബ്രാഹ്മണ ഇല്ലങ്ങള്‍ മുഴുവന്‍ മണ്‍കൂനകള്‍ പോലെ ഇടിഞ്ഞു പൊളിഞ്ഞു. അനന്തരാവകാശികള്‍ പഴയ ഇല്ലങ്ങള്‍ക്കൊന്നും ഇല്ലാതായി. പലരുടെയും 'ആല്‍ മരങ്ങള്‍' നട്ടുവളര്‍ത്തിയിരുന്ന തറകള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളിലായി. നെല്‍പ്പാടങ്ങള്‍ കൃഷികള്‍ ഇറക്കാതെ വരണ്ട ഭൂമികളായി തീര്‍ന്നു. ശുദ്ധജലം നിറഞ്ഞു നിന്നിരുന്ന തെളിമയാര്‍ന്ന അമ്പലക്കുളങ്ങളുടെ പവിത്രതയും ഇല്ലാതായി. അക്കാലത്തുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും യാഥാസ്ഥിതികരായിരുന്നു. അവര്‍ പരസ്പ്പരം സ്‌നേഹിച്ചിരുന്നു. മൂക്കുത്തി പൂവും ചെമ്പരത്തി പൂവും പറിക്കാന്‍ പെണ്‍കുട്ടികള്‍ ഓടി നടക്കുമായിരുന്നു. എവിടെ നോക്കിയാലും മലരണിക്കാടുകള്‍ തിങ്ങി നിറഞ്ഞിരുന്നു. നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി കൈകളില്‍ പ്രസാദവുമായി ഓണപ്പുടവയും ഉടുത്തുകൊണ്ടു നീണ്ട, പിന്നിയ, കാര്‍കൂന്തലുമായി അമ്പലത്തില്‍ നിന്നും ഇറങ്ങിവരുന്ന തരുണിമാര്‍ കേരളനാടിനൊന്നാകെ അലങ്കാര ഭൂഷണമായിരുന്നു.

മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെയും അസുര രാജാവായ മഹാബലിയുടെയും ഐതിഹ്യ കഥയെ അടിസ്ഥാനമാക്കിയാണ് കേരള ജനത ഓണം ആഘോഷിച്ചു വരുന്നത്. എന്നാല്‍ ഭാഗവതത്തിലെ വാമനനും മഹാബലിയുമായി ഓണാഘോഷങ്ങള്‍ക്ക് ബന്ധം കാണുന്നില്ല. മഹാവിഷ്ണുവിന്റെ അവതാരമായ വാമനനെ ഒരു വില്ലന്റെ രൂപത്തിലാണ് മലയാളികള്‍ സങ്കല്‍പ്പിച്ചിരിക്കുന്നത്. ഓണാഘോഷങ്ങള്‍ പുരാണത്തിലെ താത്ത്വിക ചിന്തകളുമായി വളരെയധികം അകന്നു നില്‍ക്കുന്നു.

ഓണം മഹാബലിയെന്ന ഒരു പരിത്യാഗചക്രവര്‍ത്തിയുടെ ഓര്‍മ്മയ്ക്കായുള്ളതാണ്. ഇതിഹാസപുരുഷനായ മഹാബലിയെ കേരള ജനത അത്യധികം ആദരവോടെ ബഹുമാനിക്കുന്നു. മഹാബലിയെ സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. മലയാളികളെല്ലാം ഒന്നാണെന്നുള്ള ഒരു സാമൂഹിക ബോധം ഓണം ആഘോഷിക്കുന്നതില്‍ക്കൂടി ലഭിക്കുന്നു. ജനമനസുകളില്‍ ചൈത്യന്യം മുറ്റിനില്‍ക്കുന്ന ആദ്ധ്യാത്മിക ചിന്തകളും പുഷ്ടിപ്പെടുത്തുന്നു. എന്നാല്‍ വിദേശ പണ്ഡിതരുടെ കൃതികളില്‍ ഓണത്തിന് അദ്ധ്യാത്മികമായ പ്രാധാന്യമൊന്നും കല്പിച്ചിരുന്നില്ല. അവര്‍ ഓണത്തെ കൊയ്ത്തുകാല ഉത്സവമായി മാത്രമേ കരുതിയിരുന്നുള്ളൂ.

ഒരു ശരിയായ ഭക്തന്‍ ദൈവത്തെ ഭയപ്പെടില്ല. കാരണം, ഭാരത സംസ്ക്കാരവും വൈദിക തത്ത്വങ്ങളും അദ്വൈതവും പഠിപ്പിക്കുന്നത് 'ഞാനും ദൈവവും ഒന്നാണെ'ന്നാണ്. 'അതായത് 'തത് ത്വം അസി'. (അത്) ബ്രഹ്മം നീ തന്നെ. വാഗ്ദാനങ്ങള്‍ മഹാബലിക്ക് പാലിക്കാന്‍ സാധിച്ചില്ല. മൂന്നടി സ്ഥലവും നല്‍കാന്‍ സാധിച്ചില്ല. മഹാവിഷ്ണു മഹാബലിയെ അനുഗ്രഹിച്ചു. മഹാബലിയുടെ മനസ് സ്വര്‍ഗത്തോളം ഉയര്‍ത്തി. ഭാഗവതത്തില്‍ മഹാബലിയെപ്പറ്റി വിവരിച്ചിരിക്കുന്ന കഥയില്‍ മഹത്തായ ഒരു തത്ത്വത്തെ അവിടെ വിലയിരുത്തുന്നു.

മഹാബലിയില്‍ സ്വാര്‍ത്ഥത പരിത്യജിച്ചിരിക്കുന്നു. ധനവും സന്തോഷവും ഒരു പോലെ ചുറ്റുമുള്ളവര്‍ക്കായി വീതിക്കുന്നു. ഒരുവന്റെ ഹൃദയ വിശാലമായ മനസാണ് ലോകത്തിലേക്കും വെച്ച് വലിയ ധനമെന്നു മഹായാഗം നടത്തിയ മഹാബലിയില്‍ക്കൂടി നാം പഠിക്കുന്നു. മനസ്സ് നഷ്ടപ്പെടുന്നുവെങ്കില്‍ നമുക്കെല്ലാം നഷ്ടപ്പെടുന്നു. മനസിനെ പുഷ്ടിപ്പെടുത്തുന്നുവെങ്കില്‍ നാം എല്ലാം നേടുന്നു. ദൃഢമായ മനസോടെയുള്ള മഹാബലി ഒരിക്കലും തന്റെ മനസിന്റെ താളനില തെറ്റാന്‍ അനുവദിച്ചിരുന്നില്ല. ഔചിത്യമേറിയ ഈ പഠനം കാലത്തിനനുസരിച്ചും പ്രസക്തമാണ്. കാരണം ഭൂരിഭാഗം പേരും നമ്മുടെ മനസിന്റെ ശക്തിയെ ഗ്രഹിക്കുന്നില്ല. മനസെന്ന മായാ ചിന്തകളെ ഭയപ്പെടുന്നു. ദൈവം നമ്മോടൊപ്പം ഉണ്ടെന്ന് മതങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ബുദ്ധിയും വിവേകവും അറിവും സ്വരൂപിച്ച് മനസിനെ ദൃഢമാക്കുക, ശക്തമാക്കുക എന്ന സന്ദേശമാണ് മഹാബലിയുടെ ത്യാഗത്തില്‍ക്കൂടി മനസിലാക്കേണ്ടത്. അതിനെ ദൈവിക വരദാനമെന്നു പറയാന്‍ സാധിക്കുന്നു.

പ്രത്യേകമായ ഒരു കാഴ്ചപ്പാടോടെ ജീവിതത്തെ ദര്‍ശിക്കാനും മഹാബലി പഠിപ്പിക്കുന്നു. 'മഹാബലി സ്വയം ദൈവത്തിന് അര്‍പ്പിതമായപ്പോള്‍ ദൈവവുമായി ഐക്യം പ്രാപിച്ചു 'ഏകതാ' കൈവരിക്കുകയായിരുന്നു. അവിടെ മനസും ദൈവവും ഒന്നാകുന്നു. പിന്നീട് പിന്തിരിയാന്‍ പാടില്ല. കഴിഞ്ഞതിനെപ്പറ്റി പരിതപിക്കുകയും അരുത്. അങ്ങനെയെങ്കില്‍ നമ്മുടെ മനസുകള്‍ മുമ്പോട്ട് ചലിച്ചുകൊണ്ടിരിക്കും. അപ്പോള്‍ നാം കണ്ടെത്തുന്ന പരമ സത്യത്തെയാണ് ദൈവമെന്നു പറയുന്നത്.' (റഫ്: സ്വാമി ഉദിത് ചൈതന്യ പ്രഭാഷണങ്ങള്‍)

ഓണത്തിന് വ്യത്യസ്ത വ്യാഖ്യാനങ്ങളും ഐതിഹ്യ കഥകളും വിദേശികള്‍ സൃഷ്ടിച്ചുവെന്നു ചില ഹിന്ദു പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. അസുര, ദ്രാവിഡ കുലങ്ങള്‍ക്കെതിരെയുള്ള ബ്രാഹ്മണ മേധാവിത്വത്തെ പുച്ഛിച്ചു തള്ളുന്നതിന് വിദേശികള്‍ വാമനന്റെ കഥ മനഃപൂര്‍വം സൃഷ്ടിച്ചതുമാകാം! അവിടെ ഒരു കുരുടന്‍ ബ്രാഹ്മണനായ വാമനനെ കഥാപാത്രമായി സൃഷ്ടിച്ചിരിക്കുന്നു. അസുര രാജാവായ മഹാബലിയെ പാതാളത്തിലേക്ക് ശിക്ഷിച്ചയച്ചെന്ന കഥ പ്രചരിപ്പിക്കാനാണ് വിദേശികള്‍ ശ്രമിച്ചത്. ഒരു പക്ഷെ ഇത് കേരള സംസ്ക്കാരത്തിന് തന്നെ അപമാനകരമായ കഥയായി കരുതുന്നു. മഹാബലിയുടെ മഹത്തായ ത്യാഗത്തെ അപകീര്‍ത്തിപ്പെടുത്തുകയും അതോടൊപ്പം ദൈവമായ മഹാവിഷ്ണു അവതാരത്തെ പരിഹസിക്കുകയും ചെയ്യുന്ന രീതികളിലുള്ള വിശ്വാസമാണ് കേരളജനതയ്ക്കുള്ളത്.

വൈഷ്ണവ പുരാണം അനുസരിച്ച് മഹാബലി എന്ന അസുരദേവന്‍ ദൈവങ്ങളെ തോല്‍പ്പിച്ച് മൂന്നു ലോകങ്ങളെയും കീഴടക്കി അധികാരം കയ്യടക്കിയെന്നുള്ളതാണ്. ചക്രവര്‍ത്തി മഹാബലിയുടെ പ്രസിദ്ധി വര്‍ദ്ധിക്കുന്നതില്‍ ദൈവങ്ങള്‍ ആകുലരായിരുന്നു. ദേവ ഗണങ്ങള്‍ ഒന്നിച്ചു കൂടി മഹാവിഷ്ണുവിനോട് അസുര ദേവനായ മഹാബലിയെ കീഴ്‌പ്പെടുത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചു. വിഷ്ണു, ദേവ ഗണങ്ങളെ സഹായിക്കാമെന്ന് സമ്മതിച്ചെങ്കിലും മഹാബലിയുമായി ഒരു തുറന്ന യുദ്ധത്തിന് തയ്യാറായിരുന്നില്ല. കാരണം, മഹാബലി മഹാവിഷ്ണുവിന്റെ തികഞ്ഞ ഒരു ഭക്തനായിരുന്നു. ദേവന്മാരെ മഹാബലിക്കെതിരെ ഒരു തുറന്ന യുദ്ധത്തിന് സഹായിക്കുന്നതിനു പകരം വിഷ്ണു ഒരു മുണ്ടനായ സാധു ബ്രാഹ്മണന്റെ രൂപത്തില്‍ രൂപാന്തരം പ്രാപിച്ചു. അത് വിഷ്ണുവിന്റെ വാമനാവതാരമായി അറിയപ്പെടുന്നു. കുറിയവനായ ഈ ബ്രാഹ്മണന്‍ മഹാബലിയെ സന്ദര്‍ശിച്ചുകൊണ്ടു ആഗ്രഹങ്ങള്‍ അറിയിച്ചു. മൂന്നു കാല്‍പ്പാദങ്ങളുടെ വിസ്തൃതിയിലുള്ള സ്ഥലമാണ് മഹാബലിയോട് ആവശ്യപ്പെട്ടത്. മഹാബലി ബ്രാഹ്മണന്റെ ആഗ്രഹങ്ങള്‍ക്കു കീഴ്വഴങ്ങി സ്ഥലം അളന്നെടുത്തുകൊള്ളാന്‍ പറഞ്ഞു. പരമശക്തനായ അവതാര മൂര്‍ത്തി ദൈവത്തിനോടാണ് ഈ ഇടപാട് നടത്തുന്നതെന്ന കാര്യം മഹാബലിക്ക് വ്യക്തമല്ലായിരുന്നു. ഇതാണ് തൃപ്പൂണിത്തറയില്‍ നിന്നാരംഭിക്കുന്ന 'അത്തം' എന്ന ആഘോഷത്തിന്റെ ആരംഭം. അവിടെ മഹാബലിയുടെ ഔദാര്യ മനസിനെ പരീക്ഷിക്കാന്‍വന്നെത്തിയ വാമനനെയും ആദരിക്കുന്നു.

വാമനരൂപത്തില്‍ വന്ന കുറിയവനായ ബ്രാഹ്മണന്‍ മഹാബലിയുടെ സാന്നിദ്ധ്യത്തില്‍ വളരാന്‍ തുടങ്ങി. വാമനന്‍ രണ്ടു കാല്‍പ്പാദങ്ങള്‍ പൊക്കി ചുവടുവെച്ചപ്പോഴേക്കും പാദങ്ങളുടെ വളര്‍ച്ച മഹാബലിയുടെ രാജ്യാതിര്‍ത്തിയോളമായി. സ്ഥലം തികയാഞ്ഞതിനാല്‍ മൂന്നാമത്തെ ചുവടുകള്‍ വെക്കാനായി മഹാബലി തന്റെ തലയെ വാമനന്റെ മുമ്പില്‍ അര്‍പ്പിച്ചു കൊടുത്തു. അങ്ങനെ വാമനന്‍ സമ്മതിക്കുകയും തന്റെ കാല്‍പ്പാദങ്ങള്‍ മഹാബലിയുടെ തലയില്‍ വെച്ചു പാതാളത്തിലേക്ക് അയക്കുകയും ചെയ്തു. മഹാബലിയുടെ വിഷ്ണു ഭക്തി മൂലം അദ്ദേഹത്തെ വര്‍ഷത്തില്‍ ഒരിക്കല്‍ തന്റെ രാജ്യത്തുള്ള പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം വിഷ്ണുരൂപമായ വാമനന്‍ നല്‍കുകയും ചെയ്തു.

മഹാബലിയെ അവതരിപ്പിക്കുന്നത് ഔദാര്യ നിധിയും സാമൂഹിക വിപ്ലവകാരിയുമായ ഒരു രാജാവായിട്ടാണ്. അദ്ധ്യാത്മികതയുടെ പരിപൂര്‍ണ്ണതയില്‍ ഭൗതികമായി തനിക്കുള്ളതെല്ലാം, താന്‍ നേടിയതെല്ലാം ഈശ്വരന് മഹാബലി അര്‍പ്പിക്കുന്നു. അവസാനം സ്വയം മഹാവിഷ്ണുവിന്റെ പാദത്തിങ്കല്‍ മഹാബലി വീഴുകയാണ് ചെയ്യുന്നത്. ഇവിടെ വേഷപ്രച്ഛന്നനായ ദൈവത്തെ കാപട്യത്തിന്റെ മുഖമാണ് കാണിക്കുന്നതെങ്കിലും മഹാബലി ദൈവമാകുന്ന സത്യത്തെ തിരിച്ചറിയുകയാണ് ചെയ്യുന്നത്. അദ്ദേഹം ഭയരഹിതനായി, ധീരതയോടെ മഹാവിഷ്ണുവിന്റെ മുമ്പില്‍ പാദങ്ങളെ നമസ്ക്കരിച്ചു ബലിയായി തീര്‍ന്നു. ഒരു അസുരന്‍ എന്നതില്‍ ഉപരി മഹാബലി പ്രജാ വാത്സല്യം ഉള്ളവനും ഔദാര്യ നിധിയും, സര്‍വ്വരോടും ദയ പ്രകടിപ്പിക്കുന്ന രാജാവുമായിരുന്നു. അദ്ദേഹത്തിന്‍റെ ഭരണകാലം കേരളത്തിലെ സുവര്‍ണ്ണ കാലമെന്നു കണക്കാക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ മടങ്ങി വരവിനെ ആഘോഷമായി തലമുറകളായി കേരളജനത കൊണ്ടാടുന്നത്.

'വാമന' എന്ന വാക്ക് കേരളസംസ്ക്കാരവുമായി ഒത്തുപോവുന്നതും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതുമാണ്. വാമന എന്ന പദത്തില്‍ കാലവും ധ്വാനിക്കുന്നു. നന്മയും തിന്മയും കാലത്തില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു ഓരോ വ്യക്തിയിലും വാമനന്‍ ചുറ്റപ്പെട്ടിട്ടുണ്ട്. അതായത് 'വാ' എന്നാല്‍ കൊണ്ട് വരുക, മനം എന്നാല്‍ അനുഭവ ജ്ഞാനം അല്ലെകില്‍ സ്വാനുഭവം എന്നുമാകാം. ജ്ഞാനം നമ്മില്‍ ആവഹിക്കട്ടെയെന്ന അര്‍ത്ഥധ്വാനി ഈ വാക്കില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു. ശ്രീമദ് ഭാഗവതത്തില്‍ മഹാബലിയെ ശിക്ഷിച്ചുവെന്ന് പറഞ്ഞിട്ടില്ല. പാതാളത്തില്‍ അയച്ചെന്നും സൂചിപ്പിച്ചിട്ടില്ല. വാമനനെയും മഹാബലിയെയും ഒന്നുപോലെ ആദരിക്കുന്ന ഒരു മഹോത്സവമായി ഓണത്തെ കരുതണമെന്നുള്ള അഭിപ്രായങ്ങളും നവീകരണ ഹിന്ദുക്കളില്‍ ശക്തമാകുന്നുണ്ട്. ഓണ സദ്യയും ഓണക്കളികളും സാമൂഹികമായി നാം ഒന്നാണെന്നുള്ള ബോധം ജനിപ്പിക്കുന്നു. പൂക്കള്‍ കൊണ്ടുള്ള നിരകള്‍ നിരവധി മനസുകളെ സൂചിപ്പിക്കുന്നു. അതെല്ലാം ഒരേ ദൈവത്തിന്റെ പ്രതിഫലനങ്ങളാണ്. സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ അതില്‍ ഒരു മനോഹാരിതയുണ്ട്. അങ്ങനെ ഓണം എന്നുള്ളത് വൈവിധ്യങ്ങളില്‍ 'ഏകതാ' മനോഭാവം സൃഷ്ടിക്കുന്നു.

കൊച്ചിയിലുള്ള തൃക്കാക്കര അമ്പലം വാമനന്റെ പേരില്‍ പ്രതിഷ്ഠിച്ചിട്ടുള്ളതാണ്. കൊടി മരം ഉയര്‍ത്തലോടെ അവിടെ ആഘോഷങ്ങള്‍ ആരംഭിക്കുന്നു. കൂടെ കൂത്താട്ടങ്ങളും പ്രാചീന രീതികളിലുള്ള ഡാന്‍സുകളും ഉണ്ടായിരിക്കും. വാമനനെ ഡ്രസ്സുകള്‍ അണിയിച്ചുകൊണ്ടു എഴുന്നള്ളിക്കുന്ന ചടങ്ങുകളുമുണ്ട്. 'പുലിക്കളി' ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന പ്രസിദ്ധമായ ഒരു ഓണക്കളിയാണ്.

ഒരുവനു ദൃഢമായ മനസ്സുണ്ടെങ്കില്‍ അവന്റെ മനസ് സദാ ചലിക്കുന്നത് ദൈവത്തിങ്കലേക്കെങ്കില്‍ സമയമാകുമ്പോള്‍ ഓരോരുത്തരും ആദരണീയരാകും. നാം തന്നെ ദൈവത്തോളം ഉയരും. അതുകൊണ്ടു നമ്മുടെ മനസ്സ് മഹാബലിയെപ്പോലെ ദൈവികമായി ചലിക്കട്ടെയെന്നും ഹൈന്ദവ ഗുരുക്കളുടെ പ്രസംഗങ്ങളില്‍ കേള്‍ക്കാം. സ്വാര്‍ത്ഥതയും അഹങ്കാരവും നമ്മില്‍ കുടികൊള്ളുന്നുണ്ടെങ്കില്‍ അങ്ങനെയുള്ള മനസ് അപമാനിതരാകും. സമൂഹം തിരസ്ക്കരിക്കും. നേരെ മറിച്ച് ചുറ്റുമുള്ളവരും നമ്മുടെ മനസിനെ ബഹുമാനിക്കണമെങ്കില്‍ മഹാബലിയെപ്പോലെ ലളിതവും മനോഹരവുമായ ജീവിതം പടുത്തുയര്‍ത്തേണ്ടതായുമുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ട സുവര്‍ണ്ണ കാലത്തെ രാജാവിനെ സ്വീകരിക്കാനായി ജനങ്ങള്‍ വീടുകള്‍ തോറും പൂക്കളം ഉണ്ടാക്കുന്നു. ഓണസദ്യകള്‍ നടത്തുന്നു. പാരമ്പര്യമായുള്ള ഡാന്‍സ്, കൂത്തുകളികള്‍, നാടന്‍ പാട്ടുകള്‍ മുതലായവകള്‍ ആഘോഷങ്ങളുടെ ഭാഗമാണ്. പലതരം കായിക വിനോദങ്ങള്‍ സംഘടിപ്പിച്ച് ഓണക്കളി ഗംഭീരമാക്കുന്നു. ഇന്നും പ്രജകള്‍ ഐശ്വര്യത്തിലും സന്തോഷത്തിലും ജീവിക്കുന്നുവെന്ന് മഹാബലിയെ അറിയിക്കുന്നതിനുവേണ്ടിയാണ് ഈ ആഘോഷങ്ങളെല്ലാം സംഘടിപ്പിക്കുന്നത്. ഓണസദ്യയാണ് ഇതില്‍ ജനങ്ങളെ കൂടുതലായും ആകര്‍ഷിക്കുന്നത്. സദ്യയില്‍ ചോറ്, സാമ്പാര്‍, അവിയല്‍, രസം, പായസം മുതലായവകള്‍ തിരുവോണം നാളില്‍ വിളമ്പുന്നു.

'അത്തം' നാളോടെയാണ് ഓണം ആരംഭിക്കുന്നത്. പിന്നീട് പത്തു ദിവസങ്ങള്‍ ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം പവിത്രങ്ങളായ ദിനങ്ങളാണ്. രാവിലെ കുളിച്ച് അമ്പലത്തില്‍ പോവുന്നു. മഹാബലി പാതാളത്തിലേക്ക് പോവുന്ന ഒരുക്കങ്ങളുടെ ആരംഭമായിട്ടാണ് അത്തം നാളുകള്‍ ആഘോഷിക്കുന്നത്. കേരളം മുഴുവന്‍ ഈ ദിവസത്തെ അത്തച്ചമയമെന്നു പറയും. കൊച്ചിക്കടുത്തുള്ള തൃപ്പുണിത്തറയില്‍ നിന്ന് ഒരു ആഘോഷയാത്ര അന്നേ ദിവസമുണ്ടാകും. മഹാബലി ഈ ലോകത്തില്‍ നിന്ന് അപ്രത്യക്ഷ്യമായത് ഈ ദിവസമാണെന്ന് കണക്കാക്കുന്നു. അത്തം നാളുകള്‍ മുതലാണ് പൂക്കള്‍ കൊണ്ടുള്ള കളങ്ങള്‍ ഉണ്ടാക്കാനാരംഭിക്കുന്നത്. പിന്നീട് പൂക്കളം ഓരോ ദിവസവും വലുതാകാന്‍ തുടങ്ങും. മഞ്ഞ പൂക്കളാണ് ഈ ദിവസത്തില്‍ ഉപയോഗിക്കാറുള്ളത്. പൂക്കളുകൊണ്ടുള്ള ഡിസൈന്‍ വളരെ ലളിതമായി നിര്‍മ്മിക്കുന്നു. രണ്ടാം ദിവസം 'ചിത്തിര' നാളിലാണ് വീട് ശുചിയാക്കുന്ന കര്‍മ്മങ്ങള്‍ ചെയ്യുന്നത്. പൂക്കളത്തില്‍ ഒരു രണ്ടാം നിര പൂക്കള്‍ കൂടി അന്നേ ദിവസം നിരത്തും. മൂന്നാം ദിവസം 'ചോതി' ദിനമായി കണക്കാക്കുന്നു. ചോതിയില്‍ പൂക്കളത്തിനെ പല നിലകളാക്കി മനോഹരമാക്കുന്നു. പല തരം പൂക്കളും കളത്തില്‍ നിരത്തുന്നു. കുടുംബം മൊത്തം സ്വര്‍ണ്ണാഭരണങ്ങളും പുതുവസ്ത്രങ്ങളും മേടിക്കാനായി ഷോപ്പിങ്ങും തുടങ്ങുന്നു. നാലാം ദിവസം 'വിശാഖം' നാളാണ്. ഇത് ഓണം നാളില്‍ ഏറ്റവും പരിപാവനമായ ഒരു ദിനമായും കരുതുന്നു. ഓണം സദ്യയുടെ തുടക്കവും കുറിക്കുന്നു. ഓരോ അംഗവും വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സഹകരിക്കുകയും ചെയ്യും. ഓരോ കുടുംബത്തിലും വ്യത്യസ്ത വിഭവങ്ങളാണ് വിളമ്പുന്നതെങ്കിലും 24 തരം ഡിഷുകള്‍വരെ കുടുംബങ്ങള്‍ തയ്യാറാക്കാറുണ്ട്. കൃഷി വിഭവങ്ങളുടെ മാര്‍ക്കറ്റ് തുറക്കുന്നത് ഈ ദിവസമാണ്. മാര്‍ക്കറ്റില്‍ അന്ന് ഏറ്റവും തിരക്ക് കൂടിയ ദിവസവും ആയിരിക്കും.

അഞ്ചാം ദിവസമായ 'അനിഴം' നാളിലാണ് സാധാരണ വള്ളം കളി ഉത്സവം ആഘോഷിക്കുന്നത്. ആറാം ദിവസമായ 'ത്രിക്കട്ടയില്‍' പൂക്കളങ്ങളും വിസ്തൃതമാക്കുന്നു. അഞ്ചാറു വിവിധ തരം പൂക്കളുകൂടി അതിനൊപ്പം ചേര്‍ക്കുന്നു. കുടുംബങ്ങള്‍ വന്നു ചേരുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നു. ഏഴാം ദിവസം 'മൂലം' നാളില്‍ ഓരോ കുടുംബങ്ങളിലുമുള്ള ബന്ധുമിത്രാദികള്‍ പരസ്പ്പരം സൗഹാര്‍ദ സന്ദര്‍ശനങ്ങള്‍ നടത്തുന്നു. പാരമ്പര്യമായ സദ്യയും വിളമ്പുന്നു. അമ്പലങ്ങളും ഈ ദിവസത്തില്‍ സദ്യകള്‍ വിളമ്പാറുണ്ട്. പുലിക്കളി, ഡാന്‍സ്, ചെണ്ടകൊട്ട്, കൂത്താട്ടങ്ങള്‍ എന്നിവകള്‍ ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്. കൈകൊട്ടിക്കളിയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടാടുന്നു. ഊഞ്ഞാല്‍ കെട്ടുന്നതും ആഘോഷത്തിന്റെ ഭാഗമായിരിക്കും. മഹാബലിയെ സ്വീകരിക്കാന്‍ വാതില്‍ക്കല്‍ പുഷ്പ്പങ്ങള്‍ വിതറും.

എട്ടാം ദിവസം 'പൂരാടം' നാളില്‍ മഹാബലിയുടെയും വാമനനന്റെയും പ്രതിമകള്‍ കൈകളിലേന്തി വീടിനു ചുറ്റും പ്രദക്ഷിണം നടത്തുന്നു. അതിനുശേഷം പ്രതിമകള്‍ പൂക്കളത്തിന്റെ നടുഭാഗത്ത് പ്രതിഷ്ഠിക്കുന്നു. അന്നേ ദിവസം മുതലാണ് മഹാബലി ഓരോരുത്തരുടെയും വീടുകള്‍ സന്ദര്‍ശിക്കാറുള്ളത്. പൂക്കളങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബങ്ങളെ 'ഓണത്തപ്പന്‍' എന്നു വിളിക്കപ്പെടുന്നു. പൂക്കളം വിസ്തൃതമാകുകയും നാനാതരം പൂക്കള്‍ കൊണ്ട് കളം അലംകൃതമാക്കുകയും ചെയ്യുന്നു. ഒമ്പതാം ദിവസം ഓണത്തിന്റെ 'ഉത്രാടം' നാളാണ്. തിരുവോണത്തിന്റെ സായം ദിനമായി ആ ദിവസത്തെ കണക്കാക്കുന്നു. പച്ചക്കറികള്‍ വാങ്ങുവാന്‍ ഏറ്റവും അനുയോജ്യമായ ദിനവുമാണ്. തിരുവോണത്തിനാവശ്യമുള്ള പഴ വര്‍ഗ്ഗങ്ങളും ഉത്രാട ദിവസം വാങ്ങിക്കുന്നു. അതിനടുത്ത ദിവസം നാലു ദിവസത്തോളം മഹാബലി രാജാവ് രാജ്യം മുഴുവന്‍ കറങ്ങുമെന്ന് പാരമ്പര്യം പറയുന്നു. പ്രജകളെ ആ ദിവസങ്ങളില്‍ അനുഗ്രഹിക്കുമെന്നുള്ള വിശ്വാസവും നിലനില്‍ക്കുന്നു.

'തിരുവോണ'മെന്നു പറയുന്നത് ഓണമാഘോഷത്തിന്റെ അവസാന ദിവസമാണ്. അന്നേ ദിവസം വീടുകള്‍ വൃത്തിയാക്കുന്നു. പ്രധാന കവാടത്തില്‍ അരിപ്പൊടി വിതറിയിടുന്നു. നേരം വെളുക്കുമ്പോഴേ എല്ലാവരും കുളിച്ചണിഞ്ഞൊരുങ്ങും. പാവങ്ങള്‍ക്ക് ധര്‍മ്മം കൊടുക്കും. കുടുംബത്തിലെ മൂത്ത കാരണവത്തി മറ്റുള്ള അംഗങ്ങള്‍ക്ക് പുത്തന്‍ വസ്ത്രങ്ങള്‍ സമ്മാനങ്ങളായി കൊടുക്കും. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും അലംകൃതമായ നിരവധി നിറമാര്‍ന്ന വൈദ്യുതി വിളക്കുകള്‍ തെളിക്കും. വെടിക്കെട്ടും ഉണ്ടാകും. വിഭവ സമൃദ്ധമായ ഓണം സദ്യ വിളമ്പുന്നതും അന്നാണ്. ഗ്രാമപ്രദേശങ്ങളില്‍ ഉച്ചകഴിയുമ്പോള്‍ പാരമ്പര്യമായുള്ള കളികളും ഡാന്‍സും പാട്ടുകളും കൂത്തും അരങ്ങേറും. ഓണത്തോടനുബന്ധിച്ചുള്ള കായിക കളികള്‍, മത്സരങ്ങള്‍ എന്നിവകള്‍ സംഘടിപ്പിക്കാറുണ്ട്. തിരുവാതിരക്കളി, കുമ്മാട്ടിക്കളി, പുലിക്കളി മുതലായവകള്‍ ഓണം നാളില്‍ അരങ്ങേറുന്നു. വിശുദ്ധമായ ഈ ദിവസത്തില്‍ സ്ത്രീ പുരുഷന്മാര്‍, കുട്ടികളടക്കം കുളിച്ചു ദേഹശുദ്ധി വരുത്തുന്നതോടെ ഓണം ആഘോഷത്തിന്റെ തുടക്കം കുറിക്കുന്നു. അതിനു ശേഷം പ്രാര്‍ത്ഥനകള്‍ ചൊല്ലും. പൂക്കളത്തില്‍ പോയി പുതിയ പുഷ്പങ്ങള്‍ അര്‍പ്പിക്കും. പുതിയ വേഷങ്ങള്‍ അണിയുന്നു. സസ്യാഹാര സദ്യക്കായി കുടുംബങ്ങള്‍ മൊത്തമായി സമ്മേളിക്കുകയും ചെയ്യുന്നു.

ചതിയുടെയും വഞ്ചനയുടെയും അനീതിയുടെയും പ്രതീകമാണ് വാമനന്‍ എന്ന് മലയാളികള്‍ കരുതുന്നു. ഉത്തരേന്ത്യന്‍ സംസ്ക്കാരം ബ്രാഹ്മണനായ വാമനനെ പുകഴ്ത്തുകയും ചെയ്യുന്നു. 'മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാം ഒന്നുപോലെ' എന്നുള്ളത്' മലയാളത്തിലെ പ്രസിദ്ധമായ ഒരു നാടോടി പാട്ടാണ്. സോഷ്യലിസ്റ്റ് കമ്മ്യുണിസ്റ്റ് വ്യവസ്ഥിതി മഹാബലിയുടെ രാജ്യത്ത് നടപ്പിലുണ്ടായിരുന്നു. പ്രജകള്‍ പരസ്പ്പരം സ്‌നേഹിച്ചും സഹായിച്ചും അതിസന്തോഷത്തോടെ ജീവിച്ചിരുന്നു. സര്‍വ്വവിധ പീഡനങ്ങളില്‍നിന്നും അവര്‍ സ്വതന്ത്രരായിരുന്നു. മാനസിക സമ്മര്‍ദ്ദമോ രോഗമോ പ്രജകളില്‍ ഉണ്ടായിരുന്നില്ല. ശിശു മരണം കേട്ടുകേള്‍വി പോലുമുണ്ടായിരുന്നില്ല. ആരും കള്ളം പറഞ്ഞിരുന്നില്ല. കളവും മോഷണവും കൊലയും രാജ്യത്തുണ്ടായിരുന്നില്ല. അയല്‍ക്കാരനെ വഞ്ചിക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നില്ല. ജാതി വര്‍ണ്ണ വ്യത്യാസങ്ങളില്ലാഞ്ഞ ഒരു സമൂഹമായിരുന്നു അന്നുണ്ടായിരുന്നത്. ഓണത്തിന്റെ മഹത്തായ ഈ സന്ദേശത്തില്‍ക്കൂടി രാജ്യങ്ങളും സര്‍ക്കാരുകളും മാവേലിയുടെ ഭരണകാലങ്ങളെപ്പറ്റി പഠിച്ചു വിലയിരുത്തേണ്ടതായുമുണ്ട്.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code