Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനു പ്രൗഢോജ്വല തുടക്കം   - രാജന്‍ വാഴപ്പള്ളില്‍

Picture

കലഹാരി (പെന്‍സില്‍വേനിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന 2018 ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനു ഉത്സവതിമിര്‍പ്പോടെ തിരശീല ഉയര്‍ന്നു. പെന്‍സില്‍വേനിയ കലഹാരി റിസോര്‍ട്ട് സെന്ററില്‍ ജൂലൈ 18 മുതല്‍ 21 വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് തുടക്കം കുറിച്ചത്. ബുധനാഴ്ച വൈകിട്ട് 6.30ന് ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിശ്വാസികള്‍ പങ്കെടുത്ത വര്‍ണ്ണാഭമാര്‍ന്ന ഘോഷയാത്ര കോണ്‍ഫറന്‍സിനു നിറച്ചാര്‍ത്തു സമ്മാനിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് തിരുമേനിയുടെ ആത്മീയ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ 53 ഇടവകകളില്‍ നിന്നായി 1040 അംഗങ്ങള്‍ പങ്കെടുത്ത ഘോഷയാത്ര നയനാന്ദകരമായി. ഏറ്റവും മുന്നില്‍ ഫാമിലി കോണ്‍ഫറന്‍സ് ബാനര്‍. തുടര്‍ന്ന് അമേരിക്കയുടെയും ഇന്ത്യയുടെയും കാതോലിക്കേറ്റിന്റെയും പതാക വഹിച്ചു കൊണ്ട് സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ റാസ ഗീതങ്ങള്‍ ആലപിച്ചു കൊണ്ടാണു മുന്നോട്ടു നീങ്ങിയത്. ഫിലഡല്‍ഫിയ ഏരിയയില്‍ നിന്നുള്ള ശിങ്കാരിമേളം നയിച്ചിരുന്നത് ഇടവകയില്‍ നിന്നുള്ള സ്ത്രീജനങ്ങളായിരുന്നു.

ഓരോ മേഖലകളും നയിച്ചിരുന്നത് ഏരിയ കോര്‍ഡിനേറ്റര്‍മാരായിരുന്നു. അവരെ തുടര്‍ന്നു ഓരോ മേഖലകളില്‍ നിന്നുമുള്ള ഇടവക ജനങ്ങള്‍ രണ്ടു വരിയായി അണിനിരന്നാണ് മുന്നോട്ടു നീങ്ങിയത്. തുടര്‍ന്നായിരുന്നു ക്വീന്‍സില്‍ നിന്നുള്ള ശിങ്കാരിമേളം. ഘോഷയാത്രയുടെ കോര്‍ഡിനേറ്റര്‍മാരായ രാജന്‍ പടിയറയും ജോണ്‍ വറുഗീസും നടത്തിയ ക്രമീകരണങ്ങള്‍ വിലമതിക്കാനാവാത്തതായിരുന്നുവെന്നു കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ വറുഗീസ് എം. ഡാനിയല്‍ അറിയിച്ചു. ഘോഷയാത്രയില്‍ പങ്കെടുത്ത് കോണ്‍ഫറന്‍സ് വന്‍ വിജയവുമാക്കി തീര്‍ത്ത എല്ലാ വിശ്വാസികളോടുമുള്ള നന്ദി ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അറിയിച്ചു.

ശേഷം ചേര്‍ന്ന ഉദ്ഘാടനസമ്മേളനത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് കോണ്‍ഫറന്‍സ് നടപടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കഷ്ടതകളെ പൂര്‍ണ്ണ മനസ്സോടെ നേരിടുന്നതാണ് അല്ലാതെ അവയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതല്ല ക്രിസ്തീയ സാക്ഷാത്ക്കാരത്തിനുള്ള മാര്‍ഗ്ഗരേഖയെന്നും അതിനുള്ള സഹനശക്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും അതിലൂടെ സിദ്ധതയും പ്രത്യാശയും വളരട്ടെയെന്നും തന്റെ അധ്യക്ഷപ്രസംഗത്തില്‍ മാര്‍ നിക്കോളോവോസ് ആശംസിച്ചു. തുടര്‍ന്നു നിലവിളക്കു തെളിച്ചു കൊണ്ട് കോണ്‍ഫറന്‍സ് പരിപാടികള്‍ക്കു തുടക്കമായി.

മുഖ്യാതിഥി റവ.ഡോ.ജേക്കബ് കുര്യന്‍ ചിന്താവിഷയത്തെ സ്പര്‍ശിച്ചു കൊണ്ടു സംസാരിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ ഉദ്ധരിച്ചു കൊണ്ട് മുന്നിലിരിക്കുന്നതു അമേരിക്കയില്‍ വസിക്കുന്ന മലയാളികളാണെന്ന ബോധ്യം തനിക്കു ഉണ്ടെന്ന് അച്ചന്‍ ഭംഗ്യാന്തരേണ സൂചിപ്പിക്കുകയും ചെയ്തു. കോണ്‍ഫറന്‍സിന്റെ ചിന്താവിഷയമായ കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന വിഷയത്തെ പരിചയപ്പെടുത്തിയാണ് കോണ്‍ഫറന്‍സില്‍ മുതിര്‍ന്നവര്‍ക്കായി റവ. ഡോ. ജേക്കബ് കുര്യന്‍ സംസാരിച്ചത്. യുവജനങ്ങള്‍ക്കായി മുഖ്യപ്രഭാഷണം നടത്തുന്ന ഫാ. ജേക്ക് കുര്യന്‍ കോണ്‍ഫറന്‍സ് ചിന്താവിഷയം പരിചയപ്പെടുത്തി ചെയ്ത പ്രഭാഷണത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അമേരിക്കയിലുണ്ടായിട്ടുള്ള വളര്‍ച്ചയെ സ്വാനുഭവത്തെ ഉദ്ധരിച്ചു സാക്ഷ്യപ്പെടുത്തി.

ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന തനിക്കും മറ്റ് അനവധി ചെറുപ്പക്കാര്‍ക്കൊപ്പം പൗരോഹിത്യം സ്വീകരിക്കുന്നതിന് കിട്ടിയ പ്രചോദനം സഭയുടെ ആത്മീയ വളര്‍ച്ചയായി കാണേണ്ടിയിരിക്കുന്നു എന്നു പ്രസ്താവിച്ചു. സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ ജോര്‍ജ് പി. തോമസ് കോണ്‍ഫറന്‍സില്‍ പാലിക്കേണ്ട നിയമാവലിയുടെ പ്രസക്തഭാഗങ്ങള്‍ പ്രതിപാദിച്ചു. എബി കുര്യാക്കോസ് റാഫിളിനെപ്പറ്റിയും, നിതിന്‍ എബ്രഹാം മൊബൈല്‍ ആപ്പിനെപ്പറ്റിയും, ആശാ ജോര്‍ജ് വ്യാഴാഴ്ച നടക്കുന്ന ടാലന്റ് നൈറ്റിനെപ്പറ്റിയും സംസാരിച്ചു. അമേരിക്കന്‍ ദേശീയഗാനം റിന്‍സു ജോര്‍ജ് ആലപിച്ചു. ഗായകസംഘം കാതോലിക്ക മംഗളഗാനം പാടി.

സെമിനാരിയന്‍ അമല്‍ പുന്നൂസ്, ട്രഷറര്‍ മാത്യു വറുഗീസ്, ഫിനാന്‍സ് ചെയര്‍ എബി കുര്യാക്കോസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു, ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസ്, കോണ്‍ഫറന്‍സ് പ്രാസംഗികന്‍ ഫാ. വിജയ് തോമസ്, സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങളായ റോയി എണ്ണച്ചേരില്‍, ജോ എബ്രഹാം, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. തോമസ് മാത്യു,ഡോ. ഫിലിപ്പ് ജോര്‍ജ്, സജി. എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി എന്നിവരും വേദിയില്‍ ഉപവിഷ്ടരായിരുന്നു. ശാസ്ത്രീയ സംഗീത മധുരിമയില്‍ െ്രെകസ്തവദര്‍ശനം ഉയര്‍ത്തിപ്പിടിച്ച ജോജോ വയലിലിന്റെ സുഗന്ധ സംഗീതം ഫാമിലി കോണ്‍ഫറന്‍സിന്റെ ആദ്യ ദിവസത്തെ ഭക്തിസാന്ദ്രമാക്കി. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നിറഞ്ഞ സദസ്സിനെ കൈയിലെടുത്തു കൊണ്ടാണ് ജോജോ വയലില്‍ കച്ചേരി അവതരിപ്പിച്ചത്. ശാസ്ത്രീയ ഗാനങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ടു പാടിയ െ്രെകസ്തവ കീര്‍ത്തനങ്ങള്‍ നിറഞ്ഞ കൈയടികളോടെയാണ് സംഗീതപ്രേമികള്‍ എതിരേറ്റത്. കച്ചേരിക്ക് അകമ്പടിയേകിയത് സുഭാഷ്കുമാര്‍ (മൃദംഗം), റോണി (തബല), ജോര്‍ജ് (വയലിന്‍), വിജു (കീബോര്‍ഡ്) എന്നിവരാണ്. ശബ്ദ നിയന്ത്രണം നാദം സൗണ്ട്‌സ്. തോമസ് വറുഗീസ് (സജി) എംസിയായിരുന്നു. കോണ്‍ഫറന്‍സിന്റെ ചരിത്രത്താളുകളില്‍ സ്ഥാനം ഉറപ്പിച്ചാണ് ജോജോ കച്ചേരി അവസാനിപ്പിച്ചത്.

കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ.ഡോ. വറുഗീസ് എം. ഡാനിയല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ മാത്യു വറുഗീസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ യോഗനടപടികള്‍ നിയന്ത്രിച്ചു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code