Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാഹിത്യകാരന്മാര്‍ക്ക് മാനുഷിക പക്ഷമാണുള്ളത്: ഡോ. ശശിധരന്‍   - (പി ഡി ജോര്‍ജ് നടവയല്‍)

Picture

ഫിലഡല്‍ഫിയ: ലോകത്തിന് ഏറ്റവും അറിവു പകരുന്നത് സാഹിത്യമാണെന്നും, സാഹിത്യകാരന്മാര്‍ക്ക് മാനുഷിക പക്ഷമാണുള്ളതെന്നും, ദിശാബോധം നല്‍കുന്ന കൃതികള്‍ക്ക് മരണമില്ലെന്നും ഡോ. ശശിധരന്‍. ഫിലഡല്‍ഫിയയിലെ വാലീ ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററിലെ 'സൗഹൃദനഗറില്‍' ചേര്‍ന്ന ഫൊക്കാനാ 18ാം അന്താരാഷ്ട്ര സാഹിത്യ സമ്മേളനത്തില്‍ ''സാഹിത്യവും സാമൂഹ്യ പരിവര്‍ത്തനവും'' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു പ്രൊഫ. ഡോ. ശശിധരന്‍. ഇന്ത്യയിലെ അതിപ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ (ജെ എന്‍ യൂ) നിന്നും ഡോക്ടറേറ്റ് നേടിയ ശേഷം, കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജിലെ പ്രഫസ്സറായും പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാട്‌മെന്റ് മേധാവിയായും സേവനം പൂര്‍ത്തിയാക്കി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി ഗവേഷണവിഭാഗം മൂല്യനിര്‍ണ്ണയാംഗമായി തുടരുന്ന വിദ്യാഭ്യാസ്സ വിചക്ഷണനാണ് പ്രൊഫ. ഡോ. ശശിധരന്‍.

എപ്പോഴും തുറന്നു വയ്‌ക്കേണ്ട സാഹിത്യ അക്കാദമികളുടെ വാതിലുകള്‍ അടച്ചിട്ട് സാഹിത്യകാരന്മാരെ ഇടതു പക്ഷ സാഹിത്യകാരന്മാരെന്നും വലതുപക്ഷ സാഹിത്യകാരന്മാരെന്നും ഗവണ്മെന്റുകള്‍ തരം തിരിച്ച് അവാര്‍ഡുകള്‍ കൊടുത്ത് ആദരിക്കുന്ന ഈ കാലത്ത്, സാഹിത്യകാരന്മാര്‍ക്ക് ഒരു പക്ഷമാണുള്ളതെന്നു മറക്കരുത്; അത് മാനുഷിക പക്ഷമാണ്.

''ജന്മ മരണാദിഷു ദു:ഖമേവ'' നമ്മുടെ ജന്മവും ദു:ഖമാണ്, മരണവും ദു:ഖമാണ്. അതുകൊണ്ട് നമ്മള്‍ ഈ ജീവിതമാകുന്ന സംസാര ദു:ഖ സാഗരത്തിലൂടെ നീന്തുമ്പോള്‍ ഉണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ അനുകൂല സാഹചര്യങ്ങളാക്കി മാറ്റാനുള്ള മിന്നാമിനുങ്ങിന്റെ പ്രകാശസേചനം നമ്മുടെ സാഹിത്യ സൃഷ്ടികളില്‍ ഉണ്ടാകേണ്ടതുണ്ട്. സാഹിത്യം എന്ന ക്ഷീരത്തില്‍ ചേര്‍ക്കുന്ന കല്ക്കണ്ടമാണ് സാമൂഹിക പ്രതിബദ്ധത എന്ന് ഡോ. ശശിധരന്‍ വ്യകതമാക്കി.

ലോകത്തിന് ഏറ്റവും അറിവു പകരുന്ന മീമാംസയാണ് സാഹിത്യ മീമാംസ. മനുഷ്യ ജീവിതത്തിലെ സകല വൈജ്ഞാനിക മണ്ഡലങ്ങളെയും സംബന്ധിക്കുന്ന സമഗ്രമായ അറിവ്, സംഗീതമെന്നോ, ധര്‍മാശാസ്ത്രമെന്നോ, അര്‍ത്ഥശാസ്ത്രമെന്നോ, ഭരതനാട്യമെന്നോ, മോഹിനിയാട്ടമെന്നോ, കാമശാസ്ത്രമെന്നോ ഒന്നും തരം തിരിയ്ക്കാതെ, പലപ്രകാരത്തിലുമുള്ള സംജ്ഞാനം പകരുന്നത് സാഹിത്യമാണ്.

ഓരോ രാഷ്ട്രങ്ങ ള്‍ക്കും ഓരോരോ സംസ്‌കാരമുണ്ട്. എല്ലാ രാജ്യങ്ങളുടെയും സംസ്‌കാരം നല്ലതു തന്നെ. ചില രാജ്യങ്ങള്‍ കച്ചവടത്തിന് പ്രാധാന്യം കൊടുക്കുന്നു, ചില രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളെ പിടിച്ചെടുക്കുന്നു. ഈ രാജ്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ അണിമയും മഹിമയും ഉള്ള രാജ്യമാണ് നമ്മുടെ ഭാരതം. അറിവില്‍ അഭിരമിക്കുന്ന, ആനന്ദിക്കുന്ന സംസ്‌കാരം. പഴയകാല രാജാക്കന്മാര്‍ കനക കിരീടം ചൂടി അല്പവസ്ത്ര ധാരികളായ ഋഷിമാരുടെ കുടിലില്‍ പോയി തല കുനിച്ചു നിന്ന് അറിവാര്‍ജ്ജിക്കുന്ന കാഴ്ച്ച പ്രായേണ ഭാരത സംസ്‌കാരത്തിന് അവകാശപ്പെട്ടതാണ്.

കാല്പനികതയിലും, ഭാവുകത്വത്തിലും, അതിഭാവുകത്വത്തിലും കാച്ചിക്കുറുക്കിയ സാഹിത്യ സൃഷ്ടികള്‍ ഒട്ടനവധിയുണ്ടെങ്കിലും, പ്രായേണ സാമൂഹിക പരിവര്‍ത്തന ദിശാബോധം നല്കുന്ന സാഹിത്യ സൃഷ്ടികളാണ് കാലത്തെ അതിജീവിച്ച് അതി സുന്ദരമായ സാഹിത്യ സൃഷ്ടികളുടെ അനശ്വര പട്ടികയില്‍ സ്ഥാനം പിടിക്കുന്നതെന്ന് മലയാള സാഹിത്യം വായിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഓ. ചന്തുമേനോന്‍, ശ്രീനാരായണ ഗുരു, കുമാരനാശാന്‍, കെ. ദാമോദരന്‍, ഇടശ്ശേരി, ഗോവിന്ദന്‍ നായര്‍, തോപ്പില്‍ ഭാസ്സി, പി.ജെ. ആന്റണി, വി ടി ഭട്ടതിരിപ്പാട്, എം ആര്‍ ബി, എം ടി ഭട്ടതിരിപ്പാട്, ലളിതാംബികാ അന്തര്‍ജനം, വൈലോപ്പിള്ളി ശ്രീധരമേനോന്‍, തകഴി ശിവശങ്കരപ്പിള്ള എന്നിവരുടെ സാഹിത്യസൃഷ്ടികള്‍ വര്‍ത്തമാനകാല സാഹിത്യ സംവാദങ്ങളിലും ചര്‍ച്ചാവിഷയമാകാന്‍ കാരണം ഇവരുടെ സാഹിത്യ സൃഷ്ടികളെല്ലാം തന്നെ സാമൂഹിക മാറ്റത്തിന് തിരികൊളുത്തിയതാണ്.

നമ്മുടെ ഭാരതത്തിന്റെ പേര് മറ്റു ഭൂഖണ്ഡങ്ങളില്‍ പ്രചരിപ്പിച്ചത് ചന്ദ്ര ഗുപ്തനോ, ഹര്‍ഷ വര്‍ദ്ധനോ, രാഷ്ടീയക്കാരോ ഒന്നുമല്ല; നമ്മുടെ ആദ്യ കവികളായ, ആദ്യ സാഹിത്യകാരന്മാരായ വാല്മീകിയും, വ്യാസനും, കാളിദാസനും, മഹിമഭട്ടനും, ക്ഷേമേന്ദ്രനും, വിശ്വനാഥനും, ആനന്ദ വര്‍ദ്ധനനുമൊക്കെയാണ്.

പ്രശസ്ത നോവലിസ്റ്റ് കെ പി രാമനുണ്ണി അദ്ധ്യക്ഷനായിരുന്നു. അബ്ദുള്‍ പുന്നയൂര്‍ക്കുളം, പി ഡി ജോര്‍ജ് നടവയല്‍, ബെന്നി കുര്യന്‍, സാംസി കൊടുമണ്‍, അശോകന്‍ വേങ്ങശ്ശേരി, നീനാപനയ്ക്കല്‍, ജോര്‍ജ് ഓലിക്കല്‍, ജോണ്‍ ഇളമത, മനോഹര്‍ തോമസ്, ജോസ് ചെരിപുറം, സന്തോഷ് പാലാ, അനിതാ മുരളീ നായര്‍, ഷീലാ മുരിയ്ക്കന്‍, എബ്രാഹം പോത്തന്‍ എന്നീ സാഹിത്യ പ്രവര്‍ത്തകര്‍ ഫൊക്കാനാ സാഹിത്യ സമ്മേളനം ക്രമീകരിച്ചു. ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവരൂം സന്നിഹിതരായിരുന്നു.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code