Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യയിലെ ജനാധിപത്യ തകര്‍ച്ച ഫോമ പൊളിറ്റിക്കല്‍ ഫോറത്തില്‍ ചര്‍ച്ചയായി

Picture

ചിക്കാഗോ: ഫോമയുടെ പൊളിറ്റിക്കല്‍ ഫോറം സെമിനാറില്‍ വിഷയം അവതരിപ്പിച്ച ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഏബ്രഹാം ഇന്ത്യയില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം എന്നാല്‍ ഭൂരിപക്ഷാധിപത്യം എന്നാണ് പലരും കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതോടെ കോടതിക്കും പാര്‍ലമെന്റിനും മീഡിയയ്ക്കും പ്രധാന്യം ഇല്ലതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന സ്ഥിതിയുമുണ്ട്.

ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ക്കനുസരിച്ചാണ് ഇപ്പോള്‍ ഭരണം നടക്കുന്നത്. മോഡിയുടെ കീഴില്‍ പാര്‍ലമെന്റിന്റെ അധികാര പരിധി കുറഞ്ഞു. തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയെ ഒഴിവാക്കാന്‍ വെറും ബില്ലുകള്‍ പോളും സാമ്പത്തിക ബില്ലുകളായി അവതരിപ്പിക്കുന്നു. പാര്‍ലമെന്ററി കമ്മിറ്റികള്‍ നോക്കുകുത്തികളാകുന്നു.

സി.ബി.ഐ, എന്‍ഫോഴ്‌സ് ഡയറക്ടേറ്റ് തുടങ്ങിയവ എതിരാളികളെ നിലയ്ക്ക് നിര്‍ത്താനുള്ള ഉപകരണമായി മാറി. എതിരഭിപ്രായം പറഞ്ഞാല്‍ ഒന്നുകില്‍ ആര്‍.എസ്.എസ്. ബി.ജെ.പി അംഗങ്ങള്‍ ശാരീരികമായി ആക്രമിക്കും. അല്ലെങ്കില്‍ സി.ബി.ഐ കേസോ എന്‍ഫോഴ്‌സ്‌മെന്റ് വക സാമ്പത്തിക കേസോ ഉണ്ടാകും. പേടിച്ച് പലരും മിണ്ടാതാകും.

കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നും സുതാര്യ ഭരണത്തിന്റെ ശക്തിയുമായ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്തു. ജനം ചോദിച്ചാല്‍ വിവരമൊന്നും കിട്ടില്ല. മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നതില്‍ മോഡി സര്‍ക്കാര്‍ വന്‍ വിജയം നേടി. സ്വതന്ത്രചിന്ത അമര്‍ച്ച ചെയ്യുന്നു. അക്കാഡമിക് തലത്തില്‍പ്പോലും ഭിന്നാഭിപ്രായം തടയുന്നു. നോണ്‍ ഗവണ്‍മെന്റല്‍ സംഘടനകളെ ഫലത്തില്‍ ഇല്ലാതാക്കുകയും, മതസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയും നിലനില്‍ക്കുന്നു. അതിനൊക്കെ തൊടു ന്യായങ്ങള്‍ സര്‍ക്കാരും ബി.ജെ.പി അനുകൂലികളൂം പറയുകയും ചെയ്യും

ഇതിനൊക്കെ പുറമെയാണ് സാദാചാര പോലീസും, ഭക്ഷണ കാര്യങ്ങളിലുള്ള നിയന്ത്രണവും. മോഡി അധികാരത്തില്‍ വന്നശേഷം ബീഫിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതും കൊല്ലുന്നതും കുറ്റകരമല്ലാത്ത സ്ഥിതി വന്നിരിക്കുന്നു.

ദളിതര്‍ക്കെതിരായ അതിക്രമങ്ങളും കൂടി. അതുപോലെ കെട്ടുകഥകള്‍ ശാസ്ത്രമാണെന്ന രീതിയില്‍ അവതരിപ്പിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ മതത്തിന്റെ ഭാഗമാക്കുന്നു. ഇത്തരമൊരു അവസ്ഥ ജനാധിപത്യത്തെ തകര്‍ക്കുകയും ഇന്ത്യയെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകുകയും ചെയ്യുമെന്നുേേ ജാര്‍ജ് ഏബ്രഹാം ചൂണ്ടിക്കാട്ടി.

ഈ വിലയിരുത്തലുകള്‍ പൂര്‍ണ്ണമായും ശരിയാണെന്നു പറഞ്ഞ മോന്‍സ് ജോസഫ് എം.എല്‍.എ നിയമവാഴ്ചയുടെ തകര്‍ച്ചയില്‍ ദുഖം പ്രകടിപ്പിച്ചു. നിയമം നടപ്പിലാക്കാനും ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാനുമാണ് ഗവണ്‍മെന്റ് ഉണ്ടായിരിക്കുന്നതു തന്നെ. പക്ഷെ നിയമ വാഴ്ച നടപ്പാവുന്നില്ല. ആര്‍ക്കും ആരെയും ആക്രമിക്കാവുന്ന സ്ഥിതിയാനിപ്പോള്‍. എന്തെങ്കിലും ഒരു കാരണം പറഞ്ഞാല്‍ മതി.

സാമ്പത്തികമായി നാം മുന്നേറുന്നു. ഫെഡറലിസം ആണ് നമ്മുടെ ശക്തി. പക്ഷെ ഗവണറുടേ ഓഫീസില്‍ പോയി ഡല്‍ഹി മുഖ്യമന്ത്രി വരെ സമരം ചെയ്യേണ്ട സ്ഥിതിയാണിപ്പോള്‍.

തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യുന്നവര്‍ക്കു മാത്രം നീതി നല്‍കിയാല്‍ മതിയോ? എല്ലാ പൗരന്മാര്‍ക്കും നീതി ലഭ്യമാക്കേണ്ടതല്ലേ? മോന്‍സ് ചോദിച്ചു.

ഭരണാധികാരിയുടെ കഴിവിനെ പ്രശംസിച്ച് മാത്രം മുന്നേറാന്‍ പറ്റില്ലെന്നു കോന്നിയില്‍ നേരത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. സനല്‍കുമാര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തികരംഗത്ത് 80 ശതമാനത്തിന്റെ വിലാപം ആരും കേള്‍ക്കുന്നില്ല. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. വര്‍ഗീയമായി സമൂഹം വിഭജിക്കപ്പെടുന്നു. ഇതെല്ലാം ന്യായീകരിക്കുന്ന ഭരണാധികാരികള്‍ ഉണ്ടായാല്‍ എന്തുചെയ്യും.? യു.പിയില്‍ ഒരു പുരുഷനും സ്ത്രീയും സംസാരിച്ചാല്‍ റോമിയോ സേന ഇടപെടുമെന്ന സ്ഥിതി എത്ര പരിതാപകരമാണ്.

മനുഷ്യനെ മറന്ന് പശുവിന് ആംബുലന്‍സ് സൗകര്യമേര്‍പ്പെടുത്തുന്ന സ്ഥിതിയാണിപ്പോള്‍. കടംകഥകള്‍ സത്യമാണെന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്.

ഈ വസ്തുതകള്‍ ശരിവയ്ക്കുന്ന രീതിയിലായിരുന്നു രാജു ഏബ്രഹാം എം.എല്‍.എ, ശിവന്‍ മുഹമ്മ എന്നിവരുടെ പ്രസംഗങ്ങളും.

എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ അധിക്ഷേപിക്കുന്നുവെന്നു പറഞ്ഞ് സദസില്‍ നിന്നൊരാള്‍ ചൂടായി വേദിക്കരികിലെത്തുകയും ചെയ്തു. ഇതൊക്കെ വ്യക്തികളുടെ അഭിപ്രായമാണെന്നും ഫോമയ്ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പൊളിറ്റിക്കല്‍ ഫോറം നേതാവ് തോമസ് ടി. ഉമ്മന്‍ വിശദീകരിക്കുകയും ചെയ്തു.

നേരത്തെ ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികാര്യങ്ങളെപറ്റിയുള്ള ചര്‍ച്ചാ സമ്മേളനത്തില്‍ പൊളിറ്റിക്കല്‍ ഫോറം നാഷണല്‍ ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്‍ മോഡറേറ്റര്‍ ആയിരുന്നു.
ഓവര്‍സീസ് സിറ്റിസിന്‍സ് ഓഫ് ഇന്ത്യ (ഓ സി ഐ) കാര്‍ഡ്, പാസ്‌പോര്‍ട്ട് റിന്യൂവല്‍, അറ്റെസ്സ്‌റ്റേഷന്‍, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു അദ്ധേഹം വിശദീകരിച്ചു.

എമര്‍ജന്‍സി വിസ സൗകര്യങ്ങള്‍ കോണ്‍സുലേറ്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിവിധ ചോദ്യങ്ങള്‍ക്കുത്തരമായി ഭട്ടി പറഞ്ഞു. പൊളിറ്റിക്കല്‍ ഫോറത്തിന്റെ കണ്‍വെന്‍ഷന്‍ ചെയറായ റോയ് മുളങ്കുന്നം സ്വാഗതവും സജി കരിമ്പന്നൂര്‍ കൃതജ്ഞതയും പറഞ്ഞു.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code