Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാള ഭാഷയുടെ മാധുര്യം വെളിപ്പെടുത്തി: കെ.പി രാമനുണ്ണി   - സുരേന്ദ്രന്‍ നായര്‍

Picture

ഡിട്രോയിറ്റ്: ഉത്തരാധുനികതയും പിന്നിട്ട് ആഗോളീകരണ സാഹിത്യപ്രവണതകളുടെ അടരുകള്‍ തേടുന്ന മലയാള നോവല്‍ സാഹിത്യത്തെയും മലയാള ഭാഷയുടെ മാസ്മരികമായ സംവേദനക്ഷമതയെയും സുവ്യക്തമാക്കി മിഷിഗണ്‍ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക(മിലന്‍) ഡിട്രോയിറ്റില്‍ സംഘടിപ്പിച്ച സാഹിത്യ സായാഹ്നം പ്രസിദ്ധ കഥാകാരന്‍ കെ പി രാമനുണ്ണി തുടക്കം കുറിച്ചു.

മാനവസംസ്കാരത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയത് ഭാഷകളായിരുന്നുവെന്നും മര്‍ത്യഭാഷയുടെ വ്യത്യസ്തതലങ്ങള്‍ നല്‍കിയ ആത്മീയവും സാഹിത്യപരവുമായ ഉണര്‍വാണ് ലോകത്തെയിന്നും സര്‍ഗാത്മകമാക്കി നിലനിര്‍ത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും തികഞ്ഞ മാതൃകകളായിരുന്ന യേശുദേവനും ശ്രീകൃഷ്ണനും നബിയുമെല്ലാം അനുയായികള്‍ കെട്ടിപ്പൊക്കുന്ന സംഘടിത മതപ്രസ്ഥാനങ്ങളില്‍ ബന്ധനസ്ഥരാക്കപ്പെടുകയും അവരെ വിദ്വേഷത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും പ്രതീകങ്ങളാക്കാന്‍ ശ്രമിക്കുകയുമാണ് ഇന്നത്തെ വിശ്വാസികള്‍ ചെയ്യുന്നതെന്നും രാമനുണ്ണി ദീര്‍ഘമായ സംവാദത്തില്‍ പ്രതികരിച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആത്മാവ് രൂപപ്പെടുത്തിയതില്‍ ഗാന്ധിജിയും ടാഗോറും നിര്‍വഹിച്ച സ്തുത്യര്‍ഹമായ പങ്ക്, മലയാളസാഹിത്യത്തില്‍ പെണ്ണെഴുത്തും ദളിതശബ്ദങ്ങളും ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍, കഥാരചനയില്‍ കടന്നുവരുന്ന ആത്മകഥാംശങ്ങള്‍ എന്നീ വിഷയങ്ങളിലൂടെ കടന്നുപോയ ചര്‍ച്ചയില്‍ അമേരിക്കന്‍ എഴുത്തുകാരനും മിലന്‍ സെക്രട്ടറിയുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളം,തോമസ് കര്‍ത്തനാള്‍ ബിന്ദു പണിക്കര്‍, വിനോദ് കോണ്ടൂര്‍, ശാലിനി ജയപ്രകാശ്, ശബരി നായര്‍, ജോസ് ലൂക്കോസ്,മനോജ് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മിലന്‍ പ്രസിഡന്റ് മാത്യൂ ചെരുവിലിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച സാഹിത്യ സദസ്സില്‍ സുരേന്ദ്രന്‍ നായര്‍ ആമുഖ പ്രസംഗം നടത്തി.

സാഹിത്യരംഗത്തെ സംഭാവനകള്‍ പുരസ്കരിച്ചു മിലന്റെ പ്രത്യക ഫലകവും ഉപഹാരവും പ്രസിഡന്റ് രാമനുണ്ണിക്ക് നല്‍കി ആദരിച്ചു.

ദീര്‍ഘകാലം ഭാഷ അധ്യാപികയായി കേരളത്തില്‍ പ്രവര്‍ത്തിച്ച മാര്ഗരറ്റ് ജോസഫ് തന്റെ സാമഗീതമെന്ന കവിതാസമാഹാരത്തെ പരിചയപ്പെടുത്തി നടത്തിയ ഹൃസ്വപ്രഭാഷണത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്: സുരേന്ദ്രന്‍ നായര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code