Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഞങ്ങളെ കോമാളികള്‍ എന്ന് വിളിക്കരുത് പ്ലീസ്? (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)

Picture

കേരളത്തിലെ രാഷ്ട്രീയ സിനിമാ പ്രതിഭകള്‍ക്ക് അമേരിക്കയിലേക്ക് സ്വാഗതം! പക്ഷെ, ഞങ്ങളെ 'കോമാളികള്‍ ' എന്ന് വിളിക്കരുത് പ്ലീസ്?

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ പ്രതിഭകളും, ഒരു കാലഘട്ടത്തിന്റെ സ്വപ്ന നായികയായിരുന്ന പഴയകാല ഹീറോയിന്‍ ശ്രീമതി ഷീലയുള്‍പ്പടെയുള്ള സിനിമാക്കാരുടെ സംഘവും ഇപ്പോള്‍ അമേരിക്കയിലുണ്ടല്ലോ?അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫൊക്കാനയുടെ ഫിലാഡെല്‍ഫിയാ സമ്മേളനത്തിന്റെ ഭാരവാഹികളാണ് ഇവരെ ഇവിടെയെത്തിക്കുന്നതില്‍ ഒരു മുഖ്യ പങ്കു വഹിച്ചത് എന്നതിനാല്‍ ആദ്യമായി അവര്‍ക്ക് ഒരു ബിഗ് സല്യൂട് അര്‍പ്പിക്കുന്നു?

മകരക്കുളിരും, മാന്പൂ മണവും നിറഞ്ഞു നിന്ന മലയാളത്തിന്റെ അമ്മച്ചൂടില്‍ നിന്ന്, ഗൃഹാതുരത്വത്തിന്റെ വളപ്പൊട്ടുകളും പേറി ,പസഫിക് അറ്റലാന്റിക് സമുദ്ര സംഗമ തീരങ്ങളിലെ ഈ ചരിത്ര മണ്ണില്‍ എത്തിപ്പെട്ട് ജീവിതായോധനത്തിന്റെ നിലയില്ലാക്കയങ്ങളില്‍ മുങ്ങിത്താഴുന്ന ഞങ്ങള്‍ക്ക് നിങ്ങളുടെ സന്ദര്‍ശനം ഉളവാക്കുന്ന ആനന്ദവും,ആത്മ വിശ്വാസവും എത്ര വിലപ്പെട്ടതാകുന്നുവെന്ന് അതനുഭവിക്കുന്ന ഞങ്ങള്‍ക്ക് മാത്രമേ മനസിലാവുകയുള്ളു. എന്നിട്ടും നാട്ടില്‍ വിമാനമിറങ്ങി പുറത്തു വന്നാലുടന്‍ " അമേരിക്കന്‍ മലയാളികള്‍ കോമാളികളാണ് " എന്നൊരു പ്രസ്താവന നടത്തി കൂടെ ഒരു വളിച്ച ചിരിയും ചിരിച്ചാല്‍ അത് ശരിക്കും ഞങ്ങളുടെ ആസനത്തില്‍ ആപ്പ് അടിക്കുന്ന പരിപാടിയാണ് എന്ന് നിങ്ങള്‍ മനസിലാക്കണം.

ഇങ്ങു പടിഞ്ഞാറിവിടെയീ ഭൂമി ത
ന്നിങ്ങേപ്പുറത്തിന്റെ , യീ തീര ഭൂമിയില്‍,
വിശ്വ സംസ്കാരകൊടിക്കൂറകള്‍ പേറി
യശ്വരഥങ്ങ , ളുരുണ്ടൊരീ വീഥിയില്‍,
പോരാ , സമൃദ്ധിയും, ശാസ്ത്രവും കൈകോര്‍ത്തു
കാലപ്രവാഹം നിയന്ത്രിച്ച വേദിയില്‍,
ചന്ദ്രനുദിക്കുന്ന ദിക്കില്‍ നിന്നെത്രയോ
തങ്ക സ്വപ്നങ്ങളുമായി വന്നെത്തി നാം !

കഠിനാദ്ധ്വാനത്തിലൂടെ മലയാളി ഇവിടെ ജീവിതം കെട്ടിയുയര്‍ത്തുക തന്നെ ചെയ്തു. ഞങ്ങളുടെ രണ്ടാം തലമുറയെക്കുറിച് നാട്ടില്‍ നിലനില്‍ക്കുന്ന ആരോപണം ശരിയല്ല. പടിഞ്ഞാറന്‍ പരാക്രമങ്ങളുടെ മായിക മന്ത്രങ്ങളില്‍ കുറേപ്പേര്‍ അകപ്പെട്ടു പോയിട്ടുണ്ടാവാം. പക്ഷെ, ബഹുഭൂരിപക്ഷം വരുന്ന യുവ തലമുറ ഉയര്‍ന്ന വിദ്യാഭ്യാസം നേടി, ഉയര്‍ന്ന ഉദ്യോഗങ്ങള്‍ നേടി, ഉയര്‍ന്ന മൂല്യാവബോധത്തോടെ ഇവിടെ ജീവിക്കുന്നു. നാട്ടിലായിരുന്നെങ്കില്‍ തറവാട് വിറ്റ് കോഴ കൊടുത്താല്‍പ്പോലും ഈ വിദ്യാഭാസം ഇവര്‍ക്ക് ലഭിക്കുമായിരുന്നില്ല. മുതലാളിത്വ സാമ്രാജ്യത്വം എന്ന ചീത്തപ്പേര് പേറുന്‌പോള്‍ പോലും ഇവിടെ ഇത്തരം നല്ല കാര്യങ്ങളും ഉണ്ടെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം.ടെക്‌സ്‌റ്റൈല്‍ ഷോറൂമുകളുടെ ഉദ്ഘാടനത്തിനെത്തുന്ന സെക്‌സ് ബോംബുകളെ ഒന്ന് ദര്‍ശിക്കാന്‍ വേണ്ടി വീടും കുടുംബവും ഇട്ടെറിഞ്ഞു തടിച്ചു കൂടി ഒരു വലിയ പ്രദേശത്താകെ ട്രാഫിക് ജാം സൃഷ്ടിച്ചെടുത്ത കേരളത്തിലെ ന്യൂജെന്‍ പിള്ളാരെക്കാള്‍ ഇവരെത്ര ഭേദം?

' ദൈവത്തിന്റെ സ്വന്തം നാട് ' എന്നൊരു ചീത്തപ്പേര് നമ്മുടെ നാടിനുണ്ടായിരുന്നത് നിങ്ങളെല്ലാവരും കൂടി ആഞ്ഞു പരിശ്രമിച് 'ചെകുത്താന്റെ സ്വന്തം നാട് ' എന്ന ശ്യാമ സുന്ദര നാമമാക്കി മാറ്റിയെടുത്തുവല്ലോ? അതില്‍ സിനിമാക്കാരായ നിങ്ങള്‍ വഹിച്ച മഹത്തായ പങ്കിനെ ഇവിടെ വിസ്മരിക്കുന്നില്ല. ക്രാന്ത ദര്‍ശികളായ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ അഭ്രകാവ്യങ്ങള്‍ അറുപതുകളിലും, എഴുപതുകളിലും, എണ്‍പതുകളിലും മലയാള സിനിമയെ ഇന്ത്യന്‍ സിനിമയില്‍ അടയാളപ്പെടുത്തിയപ്പോള്‍, അതിനു ശേഷമുള്ള കുറെ ദശകങ്ങളിലെ നിങ്ങളുടെ സംഭാവന എന്താണ്? നാടകത്തിന്റെയും, കഥാപ്രസംഗത്തിന്റെയും കബന്ധങ്ങളില്‍ ചവിട്ടി അലറി വിളിച്ച നിങ്ങളുടെ മിമിക്രി ഇളിപ്പ്പ് സിനിമാ രംഗം കീഴടക്കുകയായിരുന്നില്ലേ? അതില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെട്ട സാംസ്കാരിക റവന്യൂ ആയ ഇളിപ്പ് സംവേദിച് ജീവിതത്തിന്റെ സീരിയസ്‌നെസ് കൈമോശം വന്ന ഒരു ജനതക്ക് സംഭവിച്ച സാംസ്കാരിക ദുരന്തങ്ങളായിരുന്നല്ലോ, സര്‍ക്കാര്‍ നിയമങ്ങളെപ്പോലും വെല്ലുവിളിച്ചു വളര്‍ന്നു വന്ന മത സാമുദായിക തെമ്മാടിത്തരങ്ങളും, മൂന്നു വയസുകാരി മുതല്‍ മൂത്ത മുത്തശ്ശിക്ക് വരെ വീട്ടില്‍ കിടന്നുറങ്ങാന്‍ വയ്യാതെ വന്ന സാമൂഹ ദുരവസ്ഥയും ?

സിനിമാക്കാരെ, നിങ്ങള്‍ ഇടക്കിടെ അമേരിക്കയിലേക്ക് വന്ന് നിങ്ങളുടെ ഇളിപ്പന്‍ പരിപാടികള്‍ കൊണ്ട് ഞങ്ങളെയും ഇളിപ്പന്‍മാരാക്കി മാറ്റരുതേ എന്നൊരപേക്ഷയുണ്ട്. ജീവിതത്തെ സീരിയസ്സായി കണ്ടുകൊണ്ട് മാന്യമായി ജോലി ചെയ്തു ജീവിക്കുന്ന ഞങ്ങള്‍ക്ക് വീട്ടിലും, പുറത്തും അത്യാവശ്യം റെസ്‌പെക്ട് ഒക്കെ കിട്ടുന്നുണ്ട്. നിങ്ങളുടെ ഇളിപ്പു കണ്ട് ഞങ്ങളുടെ കുട്ടികളും ഞങ്ങളുടെ മുന്നില്‍ ഇളിക്കാന്‍ തുടങ്ങിയാല്‍, നിങ്ങളുടെ കുലുക്ക് കണ്ട് ഞങ്ങളുടെ കുട്ടികളും ഞങ്ങളുടെ മുന്നില്‍ കുലുക്കാന്‍ തുടങ്ങിയാല്‍ മനസമാധാനത്തോടെ ജീവിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളുടെ കാര്യം കട്ടപ്പൊഹ. ആയതുകൊണ്ട് എന്തെങ്കിലും ചില്ലറ തടയുമെങ്കില്‍ അതും പോക്കറ്റിലാക്കി മടങ്ങിപ്പോ മക്കളെ! നാട്ടില്‍ ചെന്നിട്ടായാലും സൂകര പ്രസവ പ്രമാണത്തില്‍ ഇങ്ങനെ സിനിമക്കുഞ്ഞുങ്ങളെ പെറ്റുകൂട്ടാതെ ആനപ്രസവം പോലെ ഒന്നോ, രണ്ടോ ഒക്കെ മതി. അതിന് നല്ല കരുത്തും, അഴകും ഒക്കെ ഉണ്ടായിരിക്കുവാന്‍ ശ്രദ്ധിക്കുകയും വേണം. കഞ്ഞികുടി മുട്ടും എന്നാണ് പരാതിയെങ്കില്‍, കഞ്ഞികുടി മാത്രമല്ലല്ലോ കലാകാരന്റെ ലക്ഷ്യം എന്നും, കാലം നിന്നില്‍ നിക്ഷേപിച്ച നിയോഗം മൂലമാണല്ലോ നീയിത് ചെയ്യുന്നത് എന്നും കരുതി ആശ്വസിച്ചു കൊണ്ട് കുറ്റബോധമില്ലാതെ മരിക്കാന്‍ കഴിയുന്നതും ഒരു വലിയ കാര്യമാണല്ലോ ?

കക്ഷി ഭേദമന്യേയുള്ള സര്‍വ രാഷ്ട്രീയക്കാരുമായുള്ളോരേ, നിങ്ങളുടെ സത്യ സന്ധമായ ലക്ഷ്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പല ക്രിയാത്മക പരിപാടികളും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സമൂഹത്തിനു ഗുണം ചെയ്യുന്നവയാണ് എന്ന് സമ്മതിക്കണം. നിപ്പയെ പ്രതിരോധിച്ചു എന്ന നിങ്ങളുടെ അവകാശ വാദം ഏതോ തല്പര കക്ഷികളായ ഗവേഷകരുടെ ഉണ്ടയില്ലാ വെടികളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് എന്നതല്ലേ സത്യം? നിപ്പയുടെ മാത്രമല്ലാ, ഏതു രോഗാവസ്ഥയിലും കാണപ്പെടുന്ന അണുക്കള്‍ രോഗത്തിനും മുന്‍പേയുണ്ട്. നിങ്ങളുടെ ശരീരത്തിലും, ജീവിത പരിസരങ്ങളിലുമായി അവ നിങ്ങള്‍ക്കും, അവയ്ക്കും ജീവിക്കുന്നതിനുള്ള സാഹചര്യങ്ങളൊരുക്കൊണ്ടു നില നില്‍ക്കുകയാണ്. നിങ്ങളുടെ ശരീരം വിഷലിപ്തമാവുകയും, ( ടോക്‌സിനേഷന്‍ ) നിങ്ങളുടെയും, അവയുടെയും നിലനില്‍പ്പ് അപകടത്തിലാവുകയും ചെയ്യുന്‌പോള്‍, സ്വന്തം നില നില്‍പ്പിനായി പടച്ചട്ടയണിഞ്ഞ പട്ടാളക്കാരെപ്പോലെ അവര്‍ ശക്തരാവുന്നു. അപ്പോളാണ് ഗവേഷകര്‍ അവയെ രോഗാണുക്കള്‍ എന്ന് വിളിക്കുന്നത്.

തിന്നും, കുടിച്ചും, അടിച്ചും, പൊളിച്ചും നിങ്ങളുടെ ശരീരം വിഷങ്ങള്‍ ഏറ്റു വാങ്ങുന്നു. പ്രതിരോധ ശേഷി നശിക്കുന്നു. വിഷ വിസര്‍ജ്ജനത്തിനായി ശരീരം 'രോഗം' എന്ന ഔട്ട് ലെറ്റ് തുറക്കുന്നു. ആശുപത്രികള്‍ രോഗാണുക്കളെ കണ്ടെത്തുന്നു. അവയുടെ ഉറവിടം തേടി ഗവേഷകര്‍ കോടികള്‍ കൊയ്തു മുന്നേറുന്നു. നാട്ടിലുള്ള വവ്വാലുകളെയും, എലികളെയും, പക്ഷികളെയും, പന്നികളെയും, മറ്റും, മറ്റും കൊന്നൊടുക്കുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധികാരികള്‍ വീന്പിളക്കുന്നു : " ഞങ്ങള്‍ രോഗത്തെ പിടിച്ചു കെട്ടി " എന്ന്.

എന്നാല്‍ സത്യം എന്താണ്? അണുക്കള്‍ അവിടെത്തന്നെയുണ്ട്. നിങ്ങളുടെ ഇമ്മ്യൂണല്‍ പവര്‍ സജീവമാണെങ്കില്‍ അവര്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ മാത്രമായിരിക്കും. തെറ്റായ ആഹാര ജീവിത രീതികളിലൂടെ നിങ്ങളുടെ ' ഇമ്മ്യൂ ' നിങ്ങള്‍ തന്നെ കളഞ്ഞു കുളിക്കരുത്. കേരളത്തിലെ ഗവണ്മെന്റും വകുപ്പ് മന്ത്രി ശ്രീ സുനില്‍കുമാറും നടത്തിക്കൊണ്ടിരിക്കുന്ന ജൈവ കൃഷി മുന്നേറ്റങ്ങള്‍ നാളെ ആരോഗ്യ സംരക്ഷണ രംഗത്ത് ഗുണ പരമായ മാറ്റങ്ങള്‍ക്ക് കാരണമായി തീരുക തന്നെ ചെയ്യും.

ഒന്ന് കൂടി അറിഞ്ഞിരിക്കുക. അമേരിക്കയിലെ ഡോക്ടര്‍മാര്‍ കൊച്ചു കുട്ടികള്‍ക്ക് പോലും വൈറസ് രോഗങ്ങള്‍ക്ക് മരുന്ന് കൊടുക്കാറില്ല. ലക്ഷണങ്ങള്‍ക്കുള്ള ചെറിയ ചികിത്സകളുമായി വിശ്രമിക്കാന്‍ പറയും. എന്നാല്‍ ബാക്ടീരിയ എന്ന് കേട്ടാല്‍ ഏതു കൊച്ചു കുട്ടിക്കും അപ്പോള്‍ത്തന്നെ ആന്റിബയോട്ടിക്ക് കുറിക്കും. ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ഇവിടുത്തെ ഡോക്ടര്‍മാരോട് ചോദിച് ഇക്കാര്യം ഒന്ന് ഉറപ്പു വരുത്തുന്നത് നന്നായിരിക്കും.? എന്ത് കൊണ്ടെന്നാല്‍ നമ്മുടെ നിപ്പായും ഒരു വൈറസ്സ് രോഗം ആയിരുന്നു എന്നാണല്ലോ ഗവേഷകരുടെ ' ശാസ്ത്രീയ ' നിഗമനം?

നമ്മുടെ ശ്യാമ സുന്ദര കേരളം ഇന്നൊരു മാലിന്യ കൂന്പാരമായി മാറിക്കൊണ്ടിരിക്കുന്ന ദയനീയ കാഴ്ച നമ്മള്‍ തന്നെ കാണുന്നതാണല്ലോ? രോഗപ്പടര്‍ച്ചക്ക് ഇതും ഒരൊന്നാന്തരം കാരണമാണ്. മാറി മാറി വന്ന സര്‍ക്കാരുകള്‍ എത്ര ശ്രമിച്ചിട്ടും, കോടികള്‍ വാരി എറിഞ്ഞിട്ടും ഇന്നും പ്രശ്‌നം ഗുരുതരം തന്നെ. രാഷ്ട്രീയ പ്രസ്ഥാങ്ങളുടെ യുവ തുര്‍ക്കികള്‍ അഴുക്കു ചാലുകളെ നോക്കി ഉശിരോടെ മുദ്രാവാക്യം വിളിക്കുന്ന കാഴ്ച ഇന്ന് ടി. വി. വാര്‍ത്തകളില്‍ സാധാരണമാണ്. ഇതുകൊണ്ടു തന്നെ ഇവര്‍ വെറും കുരക്കുന്ന പട്ടികള്‍ മാത്രമാണെന്നും, ഒരിക്കലും കടിക്കുകയില്ലന്നും ഉള്ള ഒരു ധാരണ പൊതു ജനങ്ങള്‍ക്കിടയില്‍ വേര് പിടിച്ചു കഴിഞ്ഞിരിക്കുന്നു. ഇത് മാറണം. തങ്ങളും കടിക്കുന്ന പട്ടികളാണെന്ന് ഇവര്‍ തന്നെ തെളിയിക്കണം.

അതിനുള്ള ഒന്നാന്തരം വേദികളാണ് നമ്മുടെ മാലിന്യ പൂരിത ജീവിത വേദികള്‍. ഓരോ ഗ്രാമങ്ങളിലെയും, നഗരങ്ങളിലെയും വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ സംഘടിക്കണം. തങ്ങളുടെ വാര്‍ഡില്‍ അഴുക്ക് നിറഞ്ഞു കിടക്കുന്ന ഇടങ്ങള്‍ ഏതൊക്കെയാണെന്ന് ആദ്യം കണ്ടെത്തണം. എന്നിട്ട് മുന്‍ഗണമാ ക്രമത്തില്‍ എല്ലാ ശനിയാഴ്ചയും നടപ്പിലാക്കുന്നതും, ഒരിക്കലും അവസാനിപ്പിക്കാത്തതുമായ ഒരു ' ബ്യൂട്ടിഫികേഷന്‍ ആക്ഷന്‍ സ്ട്രഗിള്‍ ' എന്ന് വിളിക്കാവുന്ന ഒരു കര്‍മ്മ പരിപാടി. നാറ്റം കാണും. ആ പടപടപ്പന്‍ ഖാദറും, ചോര, ചാര, കാക്കി ഉടുപ്പുകളുമൊക്കെ ഊരി കരയില്‍ വച്ചിട്ടാവണം അഴുക്കു ചാലിലെ അങ്കം. ഡിസ്‌പോസിബിള്‍ വേഷങ്ങളും, ഗ്ലൗസുകളും, മാസ്ക്കുകളും ഒക്കെ ആവശ്യാനുസരണം ഉപയോഗിക്കാം. നേതാവ് നിര്‍ദ്ദേശങ്ങളുമായി കരയില്‍ അല്ല നില്‍ക്കേണ്ടത്. സഹകാരികളോടൊപ്പം ഫീല്‍ഡില്‍ മുന്നില്‍ ഉണ്ടാവണം.

ഇപ്പോള്‍ പോലീസിന്റെ ജലപീരങ്കി ഏറ്റു വാങ്ങുന്ന ചങ്കിന്റെ ഉറപ്പും, ഊര്‍ജ്ജവും ഈ മേഖലയിലേക്ക് തിരിച്ചു വിടണം. ചളിക്കുളങ്ങള്‍ ശുദ്ധ ജല സ്രോതസ്സുകളാവും...അഴുക്കു ചാലുകള്‍ നീര്‍ത്തോടുകളാവും...പുഴകള്‍ പുളകത്തിന്റെ ചിലങ്കകള്‍ കിലുക്കി നൃത്തം വച്ചൊഴുകും. ( ക്ഷമിക്കണം, പുഴ സംരക്ഷണത്തിനായി കരയിലിരുന്ന് കവിത പാടുന്ന കവയത്രികളെയും, വരാല്‍ മൈക്കിലൂടെ അലറിക്കൊണ്ടു പുഴയെ സംരക്ഷിക്കുന്ന താടി സാഹിത്യകാരന്മാരെയും കൂടെക്കൂട്ടാം, അവര്‍ക്ക് സമ്മതമാണെങ്കില്‍ ?

എന്നിട്ട് തെരഞ്ഞെടുപ്പ് വരുന്‌പോള്‍ ധൈര്യമായി വോട്ടു ചോദിക്കണം. നിങ്ങള്‍ ജയിക്കും. നിങ്ങളുടെ പാര്‍ട്ടി ജയിക്കും. ഒരു പക്ഷെ, നിങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലാ എന്ന് വരാം. അത് നിങ്ങളുടെ കുറ്റമല്ലാ. അധികാരവും, അംഗീകാരവും ലഭിച്ചില്ലെങ്കിലും നിങ്ങളുടെ കാലത്ത് നിങ്ങള്ക്ക് ലഭിച്ച ഒരിടത്ത് നിങ്ങളാലാവും വിധം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിച്ചു എന്ന ചാരിതാര്‍ഥ്യത്തോടെ, ആത്മ സംതൃപ്തിയോടെ മടങ്ങാമല്ലോ?

ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നമ്മുടെ രാഷ്ട്രീയക്കരും, അവരുടെ യൂത്തന്‍ പിള്ളാരും മത്സര ബുദ്ധിയോടെ ഇത് നടപ്പിലാക്കുകയായിരുന്നെങ്കില്‍ ' ശ്യാമ സുന്ദര കേര കിടാര ഭൂമി ' യായ നമ്മുടെ നാട് ' ദൈവത്തിന്റെ സ്വന്തം നാടായി ' വീണ്ടും അറിയപ്പെടുമായിരുന്നു. ആയതിനുള്ള മാനസിക ഊര്‍ജ്ജം ഒരു ജനത നേടിയെടുക്കേണ്ടത് ക്രാന്ത ദര്‍ശിയായ കലാകാരന്റെ ആശയങ്ങളില്‍ നിന്നാണെന്നും, ഏതൊരു ജനതയുടെയും ജീവിത പരിസ്സരങ്ങളില്‍ പ്രവാചകന്റെ സ്ഥാനത്താണ് മുഴുവന്‍ കലാപ്രവര്‍ത്തകരും ഇഴ ചേരുന്നതെന്നും ബഹുമാന്യനായ ശ്രീ നൈനാന്‍ മാത്തുള്ള എഴുതുന്‌പോള്‍, പ്രതീക്ഷകളോടെ ഞങ്ങള്‍ സിനിമക്കാരായ നിങ്ങളെ നോക്കുകയാണ് ; മനുഷ്യ മുന്നേറ്റങ്ങളെ ഇന്നിനെക്കാള്‍ മെച്ചപ്പെട്ട ഒരു നാളെയിലേക്ക് നയിക്കാനുതകുന്ന കരുത്തുറ്റ ചലച്ചത്ര കാവ്യങ്ങള്‍ക്കായി. അതിനുള്ളിലെ കനപ്പെട്ട ആശയ വിസ്‌പോടനങ്ങള്‍ക്കായി.

കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചില്ലാതായ പോലെ, ഇളിപ്പിച് ഇളിപ്പിച് സിനിമ ഇല്ലാതാക്കിയ നിങ്ങള്‍ സ്വന്തം ശൈലി മാറ്റി തിരിച്ചു വരികയോ, അതിന് കഴിയുന്നില്ലെങ്കില്‍, പ്രായമൊക്കെ ഒരുപാടായില്ലേ, പേരക്കുട്ടികളെ നോക്കി വീട്ടിലിരിക്കുകയോ ആവും കൂടുതല്‍ ഭംഗി.? "അമേരിക്കന്‍ മലയാളികള്‍ കോമാളികളാണ് " എന്ന നിങ്ങളുടെ വിലയിരുത്തല്‍ ഒരിക്കല്‍ക്കൂടി കേള്‍ക്കുവാനുള്ള മനക്കരുത്തും, തൊലിക്കട്ടിയും ഇപ്പോള്‍ ഞങ്ങക്കുണ്ട്. അഭിവാദനങ്ങള്‍ !!

* അമേരിക്കന്‍ മലയാളികള്‍ കോമാളികളാണ് എന്ന സിനിമാക്കാരന്‍ ശ്രീ ശ്രീനിവാസന്റെ പ്രസ്താവന ഓര്‍മ്മിക്കുക.Comments


ladies skirt
by alexnader mathews, California on 2018-07-10 18:41:17 pm
A good Aritcle should be like a woman's skirt; long enough to cover the subject and short enough to create interest.


ladies short skirt
by alexnader mathews, California on 2018-07-10 18:39:08 pm
always make sure to write the article like the beautiful ladies short skirt. It should not be too short or too long.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code