Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പശ്ചിമഘട്ട പരിസ്ഥിതിലോലം-അന്തിമവിജ്ഞാപനം അട്ടിമറിക്കുന്നതിന്റെ പിന്നില്‍ വനംവകുപ്പ്: ഇന്‍ഫാം

Picture

കൊച്ചി: ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശം സംബന്ധിച്ചുള്ള മൂന്നാം കരടുവിജ്ഞാപനത്തിന്റെ കാലാവധി ഓഗസ്റ്റ് 25ന് അവസാനിക്കാനിരിക്കെ അന്തിവവിജ്ഞാപനം അട്ടിമറിക്കാന്‍ സംസ്ഥാന വനംവകുപ്പ് ഗൂഡാലോചന നടത്തുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2014 മാര്‍ച്ച് 10നും, 2015 സെപ്തംബര്‍ 4നും, 2017 ഫെബ്രുവരി 27നുമായി ഇതിനോടകം മൂന്ന് കരടുവിജ്ഞാപനങ്ങളിറക്കി. മൂന്നാം കരടുവിജ്ഞാപനത്തിന്റെ കാലാവധിയാണ് 2018 ഓഗസ്റ്റ് 25ന് അവസാനിക്കുന്നത്. ഈ നാലുവര്‍ഷക്കാലത്തിനുള്ളില്‍ ഇഎസ്എ പ്രദേശത്തിന്റെ മാപ്പ് കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിക്കുന്നതില്‍ സംസ്ഥാന വനംവകുപ്പ് പരാജയപ്പെട്ടു. നല്‍കിയ മറ്റു രേഖകളാകട്ടെ വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. 2017 മെയ് 3ന് മുഖ്യമന്ത്രി കേന്ദ്ര വനം മന്ത്രിക്കു സമര്‍പ്പിച്ച കത്തിലും പിശകുകളുണ്ടായിരുന്നു. 119 വില്ലേജുകളിലെ 9107.6 ചതുരശ്രകിലോമീറ്റര്‍ വനഭൂമി മാത്രമേ ഇഎസ്എയില്‍ പെടുത്താവൂ എന്ന് സൂചിപ്പിച്ചിരിക്കുന്നത് തെറ്റാണ്. സംസ്ഥാന വനംവകുപ്പ് 2009ല്‍ പുറത്തുവിട്ട കണക്കുപ്രകാരം സംസ്ഥാനത്തെ ആകെ റിസര്‍വ് വനത്തിന്റെ വിസ്തീര്‍ണ്ണമാണ് 9107.20 ചതുരശ്രകിലോമീറ്റര്‍. നിര്‍ദിഷ്ട പരിസ്ഥിതിലോലപ്രദേശങ്ങളില്‍ റിസര്‍വ് വനത്തിന്റെ വിസ്തീര്‍ണ്ണം ഇതിലും വളരെ കുറവാണ്. കാര്‍ഡമം ഹില്‍ റിസര്‍വ് 9107 ചതുരശ്രകിലോമീറ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്‍ഫാം ഇക്കാലമത്രയും പറഞ്ഞത് ശരിയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

2018 ഏപ്രില്‍ മാസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാനത്തെ പരിസ്ഥിതിലോലപ്രദേശം 8683.69 ചതുരശ്രപ്രദേശമായി നിര്‍ദ്ദേശിച്ചു. കാര്‍ഡമം ഹില്‍ റിസര്‍വ് (സിഎച്ച്ആര്‍)വനഭൂമിയാണെന്ന വനംവകുപ്പിന്റെ അവകാശവാദം ഒഴിവാക്കിയുള്ള മുഖ്യമന്ത്രിയുടെ നടപടി സ്വാഗതാര്‍ഹമാണ്. ഇങ്ങനെ സിഎച്ച്ആര്‍ പ്രദേശങ്ങള്‍ ഒഴിവാക്കിയതുമൂലമാണ് നിര്‍ദ്ദിഷ്ട ഇഎസ്എ 8683 ചതുരശ്രകിലോമീറ്ററായി കുറഞ്ഞിരിക്കുന്നത്.

തമിഴ്‌നാട്, കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളും സമാനരീതിയില്‍ റിസര്‍വ് വനം മാത്രം ഇഎസ്എയില്‍ ഉള്‍പ്പെടുത്താവൂ എന്നുള്ള റിപ്പോര്‍ട്ടാണ് കേന്ദ്രത്തിനു നല്‍കിയിരിക്കുന്നത്. കേരളം നല്‍കിയ പുതിയ റിപ്പോര്‍ട്ടു പരിഗണിച്ച് പുതിയ ഇഎസ്എ സ്ഥലങ്ങളുടെ ജിപിഎസ് ഭുപടം തയ്യാറാക്കി നല്‍കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ പരിശോധനയില്‍ കേരളം നല്‍കിയ ഭൂപടത്തില്‍ വിസ്തൃതി സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കുവാനും ഇഎസ്എ അതിര്‍ത്തികള്‍ സൂചിപ്പിച്ചുള്ള പുതിയ മാപ്പ് സമര്‍പ്പിക്കുവാനും സംസ്ഥാന സര്‍ക്കാരിനാവാത്തത് വനംവകുപ്പിന്റെ കൃത്യവിലോപമാണ്.

പരിസ്ഥിതിലോലം കണക്കാക്കുന്ന അടിസ്ഥാന മാനദണ്ഡം വില്ലേജുകളാണെന്ന് കേന്ദ്രസര്‍ക്കാര്‍ അടിവരയിട്ടു പറയുമ്പോള്‍ ഈ മാനദണ്ഡത്തില്‍ പൊളിച്ചെഴുത്തു നടത്താതെ സംസ്ഥാന സര്‍ക്കാരിന്റെ പുത്തന്‍നിര്‍ദ്ദേശങ്ങള്‍ ഫലവത്താവില്ല. പശ്ചിമഘട്ടത്തെ പരിസ്ഥിതിലോലമാക്കിയവരും, ക്വാറി ഖനന മാഫിയകളെ സംരക്ഷിക്കുവാന്‍ അച്ചാരംവാങ്ങി കോടതിവ്യവഹാരങ്ങളിലേര്‍പ്പെടുന്നവരും പരിസ്ഥിതിലോലത്തിന്റെ പേരില്‍ മലയോരജനതയെ വീണ്ടും വിഢികളാക്കുവാന്‍ അനുവദിക്കില്ല. 2013 നവംബര്‍ 13ലെ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് നിലനിര്‍ത്തി ജനദ്രോഹനടപടികള്‍ തുടരാനാണ് വനംവകുപ്പിന്റെ നീക്കമെങ്കില്‍ വീണ്ടും വന്‍ ജനകീയപ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code