Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഈ തുരുത്തില്‍ ഇത്തിരി നേരം (കവിത: ജയന്‍ വര്‍ഗീസ്)

Picture

കാലമേ, പ്രവാഹത്തിന്‍
താളമേ, യുഗത്തിന്റെ
ഭാവമേ, വരുന്നു ഞാന്‍
നിന്നിലേക്കലിയുവാന്‍ !

തകരാന്‍ തുടങ്ങുമീ
ചില്ലുകൂട്ടില്‍ നിന്നെന്‍
ഹൃദയക്കിളിയുടെ
രോദനം ശ്രവിച്ചുവോ ?

ഉടയാന്‍, പൊട്ടിപ്പൊട്ടി
ത്തകരാന്‍, ഇനിയുമൊ
ട്ടകലം മാത്രം ! എന്റെ
ജീവിതം ത്രസിക്കുന്നു !

ഇന്നലെ വിരിച്ചിട്ട
വഴിത്താരയില്‍, എന്റെ
സ്പന്ദനം! മനസ്സിന്റെ
മന്ത്രണം മുഴങ്ങുന്നു......;

ഇല്ല! ഞാന്‍ ജീവിച്ചില്ലാ,
വെറുതേയൊരു ശ്രമം,
അല്ലയോ തുടിക്കുന്ന
ജീവിതം വിതുന്പുന്നു !

ഇങ്ങിതാ പ്രപഞ്ചത്തില്‍,
ക്ഷീര വീഥിയില്‍, സൗര
യൂഥത്തി, ലീഭൂമിയില്‍,
ഇന്ത്യയില്‍, കേരളത്തില്‍,

എന്റെ ഗ്രാമത്തില്‍, ഒരു
സുന്ദര പുളകമായ് ,
വന്നു ഞാന്‍, കാലത്തിന്റെ
കൈവിരല്‍ തുന്പില്‍ തൂങ്ങി....!

ഒന്നുമേയറിഞ്ഞില്ലാ,
ഞാനെന്റെ മൃദുമേനി
യുമ്മ വച്ചുണര്‍ത്തിയ
പുലരി ത്തുടുപ്പിനെ ;

തഴുകി യുണര്‍ത്തിയ
കുളിര്‍ തെന്നലെ, തുള്ളി
ത്തുളുന്പും മനസ്സിന്റെ
യിത്തിരി മോഹങ്ങളേ ?

എത്രയോ കുസുമങ്ങള്‍
വിരിഞ്ഞെന്നാരാമത്തില്‍,
മൊത്തുവാ, നതില്‍ നിന്നു
മിത്തിരി നുകരുവാന്‍,

ഹൃത്തടം തുടിച്ചിരു
ന്നോട്ടുനാ, ളെന്നാല്‍പ്പോലു
മൊത്തില്ല! സമൂഹത്തിന്‍
ഖഡ്ഗമെന്‍ മുന്നില്‍ നിന്നു ?

അതിരും, വേലിക്കെട്ടും,
മതിലും, മനസ്സിനെ
ത്തടിയില്‍പ്പൂട്ടി, കാലില്‍
ചങ്ങല കിലുങ്ങുന്നു ?

ഇന്നു ഞാനറിയുന്നെന്‍
താടിയില്‍ വെള്ളിക്കന്പി
തിളങ്ങി, തിളങ്ങിയ
കണ്ണുകള്‍ വക്രിക്കുന്നു...!

ജരകളൊരായിരം
വരകള്‍ തീര്‍ത്തേന്‍ മേനി
ക്കിനിയും മേലാ, ശക്തി
ചോരുന്നു, കിതയ്ക്കുന്നു !

വടിയില്‍ തൂങ്ങിത്തൂങ്ങി
നടപ്പൂ, കാലത്തിന്റെ
പടിയില്‍ തളര്‍ന്നേറ്റ
മിരിപ്പൂ, മരിക്കുവാന്‍ ?

ഇല്ല ! എന്‍ മനസ്സിന്റെ
വിളക്കില്‍ തെളിയുന്നൂ,
ഫുല്ലമാം പ്രകാശത്തിന്‍
വിടരും തിരിനാളം !

ഇല്ല ! ഞാന്‍ മരിക്കുന്നി
ല്ലിനിയും പ്രപഞ്ചത്തിന്‍
ചില്ലയില്‍ ഒരു മൊട്ടായ്
ഇനിയും വിടരുവാന്‍....;

ഒന്നു മാറുന്നു രൂപ
ഭാവങ്ങള്‍ ഉരിയുന്നോ
രുറയായ് മാത്രം, വീണ്ടു
മൊന്നില്‍ നിന്നാരംഭിക്കാന്‍ ...,

ഇനിയും വിടരുന്ന
പുലരിത്തുടുപ്പിലെ
പ്പുളകപ്പൂവായ് എന്റെ
ചേതന വിടര്‍ന്നെങ്കില്‍ ?

കിനിയും നിലാവിന്റെ
നിഴലില്‍ ഇണയുടെ
മടിയില്‍ പ്രേമത്തിന്റെ
മര്‍മ്മരം രചിച്ചെങ്കില്‍ !

പക്ഷികള്‍ക്കാകാശത്തിന്‍
സ്വാതന്ത്ര്യ മതന്നെന്റെ
ഇച്ഛയില്‍ തളിര്‍ക്കുന്ന
സത്യമായ് വളരുന്നെങ്കില്‍ !

ഇനിയും കരയില്ല !
മരണമവള്‍ തന്റെ
കുളിരില്‍ ചേര്‍ക്കാന്‍, മാറി
ലമര്‍ത്താന്‍ വിളിക്കുന്നു !

കാലമേ, പ്രവാഹത്തിന്‍
താളമേ, യുഗത്തിന്റെ
ഭാവമേ, വരുന്നു ഞാന്‍
നിന്നിലേ ക്കലിയുവാന്‍ !!



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code