Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്‍ഫാം ദേശീയ നേതൃസമ്മേളനവും കര്‍ഷകറാലിയും ഏപ്രില്‍ 27ന് കാഞ്ഞിരപ്പള്ളിയില്‍

Picture

കോട്ടയം: ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് (ഇന്‍ഫാം) ദേശീയ നേതൃസമ്മേളനവും കര്‍ഷകറാലിയും കാഞ്ഞിരപ്പള്ളിയില്‍ ഏപ്രില്‍ 27ന് നടക്കും. ഇന്‍ഫാമിന്റെ 17-ാം ദേശീയ നേതൃസമ്മേളനത്തിനാണ് കാഞ്ഞിരപ്പള്ളി ആതിഥേയത്വം വഹിക്കുന്നത്. ദേശീയ സമ്മേളനത്തിനും കര്‍ഷകറാലിക്കും മുന്നൊരുക്കമായി സംസ്ഥാനത്തുടനീളം 100 കേന്ദ്രങ്ങളില്‍ നടന്ന കര്‍ഷകവിളംബരസമ്മേളനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുപ്രകാരമുള്ള ന്യായവിലകര്‍ഷകന് ലഭ്യമാക്കുക, വിള ഇന്‍ഷ്വറന്‍സിനോടൊപ്പം കര്‍ഷക ഇന്‍ഷ്വറന്‍സും ഏര്‍പ്പെടുത്തുക, റബര്‍, കുരുമുളക്, ഏലമുള്‍പ്പെടെ കാര്‍ഷികമേഖലയുടെ നടുവൊടിക്കുന്ന രാജ്യന്തര കരാറുകള്‍ തിരുത്തുക, കൃഷിഭൂമിയുടെ താരിഫ് വില കാര്‍ഷികവരുമാനത്തിനനുസൃതമായി പുനര്‍നിര്‍ണ്ണയിക്കുക, പരിസ്ഥിതിമൗലികവാദികള്‍ കൈക്കലാക്കുന്ന കാര്‍ബണ്‍ഫണ്ട് വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്ന കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, കൃഷിഭൂമിയുടെ നികുതിയെടുക്കല്‍ നിഷേധിക്കുന്ന നടപടിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുക, സമയബന്ധിതമായി നെല്ലുസംഭരിച്ച് സംഭരണവില കൃത്യമായി നല്‍കുക, കേരള കാര്‍ഷിക വികസനനയത്തില്‍ പ്രഖ്യാപിച്ച പതിനായിരം രൂപ കര്‍ഷകപെന്‍ഷന്‍ കാലതാമസം കൂടാതെ വിതരണം ചെയ്യുക, കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരമുണ്ടാകുക, പശ്ചിമഘട്ടപരിസ്ഥിതിലോല പ്രശ്‌നമുള്‍പ്പെടെ വിവിധ ഭൂപ്രശ്‌നങ്ങള്‍ക്ക് അടിയന്തരനിയമനിര്‍മ്മാണവും നടപടികളുമുണ്ടാകുക തുടങ്ങി വിവിധ കാര്‍ഷിക വിഷയങ്ങളില്‍ ശക്തമായ കര്‍ഷക നീക്കങ്ങള്‍ക്ക് ദേശീയസമ്മേളനം തുടക്കം കുറിക്കും. ബദല്‍ കാര്‍ഷിക വികസനനയവും കര്‍ഷക അവകാശരേഖയും സമ്മേളനത്തില്‍ പ്രഖ്യാപിക്കും.

ഇന്‍ഫാം സ്ഥാപകചെയര്‍മാന്‍ ഫാ.മാത്യു വടക്കേമുറിയുടെ കുവപ്പള്ളിയിലുള്ള കബറിടത്തിലെ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്കുശേഷം ദീപശിഖാപ്രയാണം ഏപ്രില്‍ 27 വെള്ളിയാഴ്ച 1.45 മണിക്ക് ആരംഭിക്കും. ദീപശിഖാപ്രയാണം 26-ാം മൈലില്‍ എത്തുമ്പോള്‍ അക്കരപ്പള്ളി ഗ്രൗണ്ടില്‍ നിന്നും കര്‍ഷകറാലിക്ക് തുടക്കമാകും. പേട്ടക്കവലയില്‍ ദീപശിഖാ ഘോഷയാത്രയ്ക്കു പിന്നിലായി കര്‍ഷകറാലി അണിചേരും. റോഡിന്റെ വലതുവശം ചേര്‍ന്ന് റാലി നീങ്ങും. മഹാജൂബിലി ഹാളില്‍ (ഫാ.മാത്യു വടക്കേമുറി നഗര്‍) റാലി എത്തിച്ചേരുമ്പോള്‍ സമ്മേളനം ആരംഭിക്കും. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ദേശീയനേതൃസമ്മേളനം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണവും ഇന്‍ഫാം കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണവും നടത്തും. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി,സി.സെബാസ്റ്റന്‍ കര്‍ഷക അവകാശരേഖയും ബദല്‍ കാര്‍ഷികനയവും പ്രഖ്യാപിക്കും. ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ദേശീയ വൈസ് ചെയര്‍മാന്‍ കെ.മൈതീന്‍ ഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്, സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി, കണ്‍വീനര്‍ ജോസ് എടപ്പാട്ട്, രൂപതാ പ്രസിഡന്റ് അഡ്വ.എബ്രഹാം മാത്യു എന്നിവര്‍ സംസാരിക്കും. സമ്മേളനത്തില്‍വച്ച് ഇന്‍ഫാം ആഗ്രോ ഇന്നൊവേഷന്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ഷകര്‍ സംഘടിച്ചു നീങ്ങുന്നതിന്റെ തുടക്കമാണ് ഇന്‍ഫാം കര്‍ഷകറാലി. വിവിധ കാര്‍ഷികമേഖലയില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകര്‍ റാലിയില്‍ പങ്കുചേരും.

പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍:
ഫാ. ജോസ് മോനിപ്പള്ളി
സംസ്ഥാന ഡയറക്ടര്‍, ഇന്‍ഫാം
ഫാ.മാത്യു പനച്ചിക്കല്‍
സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍
ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
ദേശീയ സെക്രട്ടറി ജനറല്‍, ഇന്‍ഫാം
ജോസ് എടപ്പാട്ട്
സംസ്ഥാന കണ്‍വീനര്‍, ഇന്‍ഫാം
അഡ്വ.എബ്രാഹം മാത്യു
രൂപതാ പ്രസിഡന്റ്, ഇന്‍ഫാം.

ഇന്‍ഫാം ദീപശിഖാപ്രയാണം കൂവപ്പള്ളിയില്‍ നിന്നും

കൂവപ്പള്ളി സെന്റ് ജോസഫ് ചര്‍ച്ചില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇന്‍ഫാം സ്ഥാപക ചെയര്‍മാന്‍ ഫാ.മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കല്‍ ഏപ്രില്‍ 27ന് ഉച്ചകഴിഞ്ഞ് 1.45 ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ നടത്തുന്ന പ്രാര്‍ത്ഥനാശുശ്രൂഷയ്ക്കുശേഷം ദീപശിഖാപ്രയാണത്തിന് തുടക്കമാകും. ഇന്‍ഫാം ദേശീയ സമ്മേളനത്തിന്റെയും കര്‍ഷകറാലിയുടെയും ജനറല്‍ കണ്‍വീനര്‍ ഫാ.മാത്യു പനച്ചിക്കല്‍ പുഷ്പചക്രം അര്‍പ്പിക്കും. ഫാ.മാത്യു വടക്കേമുറി സ്മാരക ക്ഷീരകര്‍ഷക അവാര്‍ഡുജേതാവായ ജോണി കാരയ്ക്കാട്ട,് ചെല്ലാര്‍കോവിലാണ് പ്രത്യേകം അലങ്കരിച്ച രഥത്തില്‍ ദീപശിഖ കൈകളിലേന്തുന്നത്. നൂറുകണക്കിന് ബൈക്കുകളില്‍ റാലിയായി ഇന്‍ഫാം സന്നദ്ധസേനയുടെ പിന്നിലായി ദീപശിഖ സമ്മേളനനഗറിലേയ്ക്ക് നീങ്ങും. 2.30ന് പേട്ടക്കവലയില്‍വെച്ച് ദീപശിഖാപ്രയാണത്തിന് പുറകിലായി റാലി സന്ധിക്കും. സമ്മേളന നഗറില്‍ ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി ദീപശിഖ ഏറ്റുവാങ്ങും.

ഇന്‍ഫാം കര്‍ഷകറാലി അക്കരപ്പള്ളി ഗ്രൗണ്ടില്‍ നിന്നും തുടക്കം

കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി മൈതാനത്തുനിന്ന് ഏപ്രില്‍ 27 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ആയിരക്കണക്കിന് കര്‍ഷകപ്രതിനിധികള്‍ എത്തിച്ചേരും. 2.15ന് ആരംഭിക്കുന്ന കര്‍ഷകറാലി ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. റാലിയുടെ മുന്നില്‍ നാലുനിരകളിലായി ഇന്‍ഫാം ദേശീയ, സംസ്ഥാന, രൂപതാ നേതാക്കള്‍ അണിനിരക്കും. കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ വിളിച്ചറിയിക്കുന്നതായിരിക്കും കര്‍ഷകറാലി.

കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍വെച്ച് കൂവപ്പള്ളിയില്‍ നിന്നും എത്തിച്ചേരുന്ന ദീപശിഖാപ്രയാണത്തിന് പിന്നിലായി റാലി സംഗമിക്കും. കാഞ്ഞിരപ്പള്ളി ടൗണ്‍, കുരിശുകവല, സഹകരണബാങ്ക് ജംഗ്ഷന്‍, ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്കൂള്‍ വഴി ഫാ.മാത്യു വടക്കേമുറി നഗറില്‍ (മഹാജൂബിലിഹാള്‍) റാലി എത്തിച്ചേരുമ്പോള്‍ ദേശീയസമ്മേളനം ആരംഭിക്കും.

ഇന്‍ഫാം ദേശീയ സമ്മേളനവും കര്‍ഷകറാലിയും-ഗതാഗത നിയന്ത്രണങ്ങള്‍

യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകാത്ത രീതിയിലാണ് ഏപ്രില്‍ 27ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 4 വരെയുള്ള സമയങ്ങളില്‍ കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. കിഴക്കുനിന്നും എത്തുന്ന വാഹനങ്ങള്‍ പേട്ടക്കവലയില്‍നിന്ന് കുരിശുകവലയിലേയ്ക്ക് ആനത്താനം റോഡിലൂടെ തിരിഞ്ഞുപോകേണ്ടതാണ്. മുണ്ടക്കയം ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ പ്രധാന റോഡിലൂടെ സാധാരണ നിലയില്‍ യാത്രചെയ്യാം. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ റോഡിന്റെ പകുതിഭാഗം മാത്രമേ റാലിക്കായി ഒന്നരമണിക്കൂര്‍ സമയം ഉപയോഗിക്കുകയുള്ളൂ. കാഞ്ഞിരപ്പള്ളി ഗവണ്‍മെന്റ് ആശുപത്രിപ്പടിക്കല്‍ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് മണ്ണാറക്കയം-പട്ടിമറ്റം റോഡിലൂടെ 26-ാം മൈല്‍ വഴി മുണ്ടക്കയം ഭാഗത്തേയ്ക്കും തിരിച്ച് കോട്ടയം റൂട്ടിലേയ്ക്കും സ്വകാര്യവാഹനങ്ങള്‍ക്ക് പോകാവുന്നതാണ്. ഈരാറ്റുപേട്ട ഭാഗത്തേയ്ക്കുള്ള സ്വകാര്യവാഹനങ്ങള്‍ക്ക് പൊടിമറ്റത്തുനിന്നും വലത്തേയ്ക്കു തിരിഞ്ഞ് ആനക്കല്ലിലൂടെ പ്രധാനറോഡിലെത്താം.
റാലിയില്‍ പങ്കെടുക്കുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗ് ക്രമീകരണം

മുന്‍കൂട്ടി അറിയിച്ചിരിക്കുന്നതിന്‍ പ്രകാരം കാഞ്ഞിരപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ റാലിയില്‍ പങ്കെടുക്കുന്ന കര്‍ഷകരെ ഇറക്കിയശേഷം ബസുകള്‍ എ.കെ.ജെ.എം.സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യേണ്ടതാണ്. മുണ്ടക്കയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പേട്ടക്കവലയ്ക്കു മുമ്പായി ഇടതുവശത്തേയ്ക്കു തിരിഞ്ഞ് ആനത്താനം റോഡിലെ ഗ്രൗണ്ടില്‍ റാലിയില്‍ പങ്കെടുക്കുന്ന കര്‍ഷകരെ ഇറക്കേണ്ടതാണ്. തുടര്‍ന്ന് വാഹനം കുരിശുപള്ളി ജംഗ്ഷന്‍ വഴി എ.കെ.ജെ.എം. സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം. പാല, തൊടുപുഴ, മൂവാറ്റുപുഴ ഉള്‍പ്പെടെ വടക്കന്‍ മേഖലയില്‍ നിന്നുള്ള ബസുകള്‍ക്ക് തമ്പലക്കാട് റോഡിലൂടെ എത്തിച്ചേരാം. ഇവര്‍ റാലിയില്‍ പങ്കെടുക്കുവാന്‍ കത്തീദ്രല്‍ പള്ളിക്കുസമീപത്തുകൂടി അക്കരപ്പള്ളി മൈതാനത്തേയ്ക്ക് നടന്നുനീങ്ങണം. ഈരാറ്റുപേട്ട ഭാഗത്തുനിന്ന് റാലിയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ അക്കരപ്പള്ളി ജംഗ്ഷന് 200 മീറ്റര്‍ പുറകിലായി കര്‍ഷകരെ ഇറക്കണം. റാലി ആരംഭിക്കുന്ന മൈതാനത്ത് വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതല്ല. കാര്‍, ജീപ്പ് ഉള്‍പ്പെടെ ചെറുവാഹനങ്ങള്‍ക്ക് കത്തീദ്രല്‍ പള്ളിഗ്രൗണ്ട്, സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ട്, തമ്പലക്കാട് റോഡിന്റെ ഇടതുവശം എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് ക്രമീകരിച്ചിട്ടുണ്ട്. റാലി കടന്നുപോകുന്ന വഴികളില്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. പോലീസ് സേനയും 150 വോളണ്ടിയര്‍ ടീമും 50 അംഗങ്ങളടങ്ങുന്ന ഇന്‍ഫാം ഹരിതസേനയും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ റാലിയില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ടതാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code