Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭൂമിയിലെ മാലാഖ (കഥ: സിബി നെടുംചിറ)

Picture

ആ മുഖത്തേക്ക് നോക്കവേ   മനസ്സ് വല്ലാതെ വിങ്ങിപ്പൊട്ടി  കണ്ണുകളില്‍നിന്നു ദുഖം പെരുമഴയായി പെയ്തിറങ്ങി...

ഇന്നത്തെ ഡേ ഓഫ് ക്യാന്‍സല്‍ ചെയ്തു ഡ്യൂട്ടിക്ക് പുറപ്പെട്ടപ്പോള്‍  ഒരിക്കലുമോര്‍ത്തിരുന്നില്ല ഇങ്ങനെയൊരു സംഭവത്തിനു സാക്ഷ്യം വഹിക്കേണ്ടിവരുമെന്നു

മനസ്സില്‍. ഓര്‍മ്മകളുടെ വേലിയേറ്റം..
..
.മൂന്നുദിവസത്തെ പന്ത്രണ്ടു മണിക്കുര്‍ ഷിഫ്റ്റ്‌ കഴിഞ്ഞപ്പോഴേക്കും വല്ലാതെ  ക്ഷീണിച്ചവശയായിരുന്നു...

‘ഹാവൂ നാളെ ഒരു ഡേ ഓഫുള്ളതാ’
,
എന്നത്തെയുംപോലെ അതിരാവിലെ എഴുന്നേല്‍ക്കണ്ടല്ലോ…!

അത്രയും ആശ്വാസം.
..
ശരിക്കുമൊന്നുറങ്ങണം ശരീരമാസകലം വല്ലാത്ത വേദന ബെഡ്ഡില്‍ കിടന്നതേ ഓര്‍മ്മയുള്ളൂ...

മൊബൈലിലെ റിംഗ് സോംഗ് കേട്ടാണ് കണ്ണു തുറന്നത്
താന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍നിന്നാണ്

വെപ്രാളപ്പെട്ടു ഫോണെടുത്ത് ചെവിയോടടുപ്പിച്ചു

‘മേ ഐ സ്പീക്ക് വിത്ത്‌ ഏലിസബത്ത്, പ്ലീസ്’

‘യെസ് മാം ദിസ്‌ ഈസ് മി’

സോറി ഫോര്‍ ദി ഡിസ്റ്റര്‍ബെന്‍സ്

കുഡ് യു കം ടു വര്‍ക്ക്‌ ടുഡേ...?

  ഇന്നത്തെ ഡേ ഓഫ് മറ്റൊരു ദിവസത്തേക്ക് അട്ജ്ജസ്റ്റു ചെയ്യാം....

   മറുതലയ്ക്കല്‍ സൂപ്പര്‍വൈസറുടെ വാക്കുകള്‍
....
.ഓവര്‍ടൈം ആയതുകൊണ്ട് കിട്ടുന്ന  ശമ്പളത്തിന്‍റെ വലിപ്പം കൂടും... അതുകൊണ്ട് നിരസിക്കുവാന്‍ തോന്നിയില്ല

അതുപ്രകാരം
  ജോലിക്കെത്തിയതായിരുന്നു ആ മെഡിക്കല്‍ വാര്‍ഡില്‍...

കൃത്യം ഷിഫ്റ്റ് റിപ്പോര്‍ട്ട് എടുക്കേണ്ട താമസം അപ്പോഴേക്കും   സൂപ്പര്‍വൈസര്‍ ഹെതറിന്‍റെ വിളിവന്നു...

' ഏന്തിനാണാവോ.....?'

' ഇന്നലെ വന്ന അഡ്മിഷനില്‍   വല്ല തെറ്റുകുറ്റങ്ങളും കണ്ടുപിടിച്ചുകാണുമോ....?'

സാധാരണ അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണു സ്വന്തം ക്യാബിനിലേക്ക്  വിളിപ്പിക്കാറു  മനസ്സില്‍ വല്ലാത്തൊരു ഭയം പൊട്ടിമുളച്ചു

   ചങ്കിടിപ്പോടെ സൂപ്പര്‍വൈസറുടെ മുറിയിലേക്ക് നടന്നു..

‘.മേ ഐ കമിംങ്ങ് മാഡം.......?’

'‘യെസ് കമ്മിന്‍ '

  കംപ്യുട്ടറില്‍ ഏതോ രോഗിയുടെ ഫയല്‍
പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്ന അവര്‍ ഒരുനിമിഷം അതില്‍നിന്നു കണ്ണു പറിച്ചശേഷം തന്നെ നോക്കി...

‘ഹൌ ആര്‍യു  ഏലിസബത്ത്’

‘ഫൈന്‍ മാഡം’

‘താങ്ക്സ് ഫോര്‍ കമിംഗ് ടൂ വര്‍ക്ക്‌’

‘ഹാവൂ ആശ്വാസമായി’

തെറ്റുകുറ്റങ്ങള്‍ കണ്ടതുകൊണ്ടല്ല ഓഫീസിലേക്ക് വിളിപ്പിച്ചത്

പിന്നെന്തിനാണാവോ....?

മാഡം എന്നെ വിളിപ്പിച്ചത്...?

സോറി ഏലിസബെത്ത്

ഇന്നു ഓങ്കോളജി വാര്‍ഡില്‍ സ്റ്റാഫിന് വളരെ ഷോര്‍ട്ടേജാണു ഇന്നലെ രാത്രിയുണ്ടായ ഐസ് വീഴ്ച...

പ്രധാന റോഡുകളെല്ലാം ക്ലോസ് ചെയ്തിരിക്കുന്നു....
  ഡ്യുട്ടിക്കിട്ടിരുന്ന പല നേഴ്സുമാര്‍ക്കും എത്തിച്ചേരുവാന്‍ കഴിഞ്ഞിട്ടില്ല ....

   എല്ലാ വാര്‍ഡുകളിലും അവശ്യത്തിനു സ്റ്റാഫില്ലാത്ത അവസ്ഥയാണ്   പ്രത്യേകിച്ച് ക്യാന്‍സര്‍ വാര്‍ഡില്‍ ഇന്ന് തന്‍റെ  ഡ്യൂട്ടി അവിടെയാണ്

ക്യാന്‍സര്‍ വാര്‍ഡില്‍ ജോലിചെയ്തുള്ള പരിചയം തനിക്കില്ല എങ്കിലും സൂപ്പര്‍വൈസറുടെ ഈ പുതിയ ഡ്യൂട്ടി അഡ്ജസ്റ്റുമെന്‍റില്‍ സഹകരിച്ചേ പറ്റൂ....
ഓങ്കോളജി വാര്‍ഡില്‍ തനിക്ക് ലഭിച്ചത് ആറു പേഷ്യന്‍റിനെയായിരുന്നു  തീര്‍ത്തും പരിചയമില്ലാത്ത വാര്‍ഡും, രോഗികളും..
.
ഡ്യുട്ടി തുടങ്ങുന്നതിനു മുന്നേ  രോഗികളെയൊക്കെയൊന്നു പരിചയപ്പെടണം അതിന്‍റെ ഭാഗമായി ഓരോ റൂമിലും കയറിയിറങ്ങി, ഇന്നത്തെ അവരുടെ ചാര്‍ജ്ജ് നേഴ്സെന്ന നിലയില്‍ പേര് പറഞ്ഞു പരിചയപ്പെടുത്തി മരണം കാത്തുകിടക്കുന്നവരായിരുന്നു അവരില്‍ പലരും...വൈദ്യശാസ്ത്രത്തിനു ഇനി ഒന്നും ചെയ്യുവാനില്ലാത്ത അവസ്ഥ..

മനുഷ്യജീവിതം ഏതു നിമിഷവും ഉണങ്ങിപ്പോകാവുന്ന ഒരു പുല്‍ക്കൊടിക്ക് തുല്യം....
ആ തിരിച്ചറിവുകളായിരുന്നു ക്യാന്‍സര്‍ വാര്‍ഡിലെ ഓരോ കാഴ്ചകളും....

അവിടുത്തെ തന്‍റെ അവസാനത്തെ ഊഴമായിരുന്നു റൂം നമ്പര്‍ ഫൈവിലെ ബോണ്‍ ക്യാന്‍സര്‍ രോഗിയായ  മരിയ കാസ്ട്രോ..

  പലപ്രാവശ്യം മരണത്തിന്‍റെ വക്കോളമെത്തിയിട്ടും തിരിച്ചുവന്നവള്‍

ശരീരമാസകാലം ഒടിഞ്ഞുനുറുങ്ങുന്ന വേദനക്കിടയിലും പ്രതീക്ഷയോടെ  തന്‍റെ പ്രിയപ്പെട്ട ആരെയോ കാത്തിരിക്കുകയായിരുന്നു അവര്‍...

തിമിരം ബാധിച്ച ആ കണ്ണുകള്‍ക്ക് ഒരു നിഴല്‍മാത്രമായിരുന്നു ഞാന്‍

‘മിസിസ് കാസ്ട്രോ’

‘ഞാന്‍ എലിസബത്ത്’

‘ഇന്നത്തെ നിങ്ങളുടെ.....’

ബാക്കി പറയുവാന്‍ അവര്‍ അനുവദിച്ചില്ല
ആ പേര് കേട്ടതും കൊടിയ വേദനയെ അവഗണിച്ചുകൊണ്ട്  ബെഡ്ഡില്‍നിന്നു പിടഞ്ഞെഴുന്നേല്‍ക്കുവാന്‍ ശ്രമിച്ചതും  ഒരേസമയത്തായിരുന്നു

ആ കണ്ണുകള്‍ തിളങ്ങി...

എന്‍റെ മോള്‍ വന്നു......എന്‍റെ മോള്‍ വന്നു

‘.മോളേ ലിസാ’

അവരുടെ ചുണ്ടുകള്‍ വിതുമ്പി

‘അവസാനം എന്‍റെ പൊന്നുമോള്‍  വന്നൂ അല്ലേ....?

‘ഇത്രയും കാലം നീ എവിടെയായിരുന്നു മോളേ....?’

നീണ്ട ഇരുപതു വര്‍ഷത്തെ എന്‍റെ കാത്തിരിപ്പ്..
..
‘ഓ ജീസസ് യു ആര്‍ വെരി കൈന്‍ഡ്‌’

‘അവസാനം എന്‍റെ ലിസമോളെ എനിക്ക് തിരിച്ചു നല്‍കി’

‘യു ആര്‍  ഗ്രേറ്റ്’

‘ഈ ഇരുപതു വര്‍ഷക്കാലം....

.അവര്‍ വല്ലാതെ കിതച്ചു

എനിക്കറിയാമായിരുന്നു എന്‍റെ പൊന്നുമോള്‍ എവിടെയോ ജീവിച്ചിരിക്കുന്നുണ്ടെന്നു....

എന്നെങ്കിലും ഈ അമ്മയെ തേടിയെത്തുമെന്നും...
.
‘മോളേ ലിസാ ഇങ്ങടുത്തുവാ’

മരിയ കാസ്ട്രോ  അവളുടെ രണ്ടു കൈകളും ചേര്‍ത്തുപിടിച്ചുകൊണ്ട്  ബെഡ്ഡിനരുകിലേക്ക് വലിച്ചടുപ്പിച്ചു  തിമിരം ബാധിച്ച ആ കണ്ണുകളില്‍നിന്നു കണ്ണുനീര്‍ത്തുള്ളികള്‍ തന്‍റെ കൈത്തണ്ടയിലേക്ക് ഇറ്റിറ്റുവീണു

ഒന്നും മനസ്സിലാകാതെ താന്‍ പകച്ചിരുന്നു

‘ഒരുപക്ഷേ എന്തെങ്കിലും മാനസികവിഭ്രാന്തി സംഭവിച്ചതായിരിക്കുമോ....?’

. ‘റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ അങ്ങനെയൊന്നും പറഞ്ഞിരുന്നില്ലല്ലോ...!!’

സാധാരണ മരണമടുക്കുമ്പോള്‍ മായക്കാഴ്ചകള്‍ കാണുമെന്നു കേട്ടിട്ടുണ്ട്

‘ഇനി അങ്ങനെ വല്ലതും...?’

അതിനുത്തരമെന്നോണം
വളരെ ആയാസപ്പെട്ട് ബെഡ്ഡിനടിയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുന്ന ഒരു പത്രപ്പരസ്യം അവര്‍ വലിച്ചെടുത്തു

ഇരുപതു വര്‍ഷം പഴക്കമുള്ള ആ പത്രപരസ്യത്തില്‍ കണ്ട സ്വര്‍ണ്ണ ത്തലമുടിയും, നീലക്കണ്ണുകളുമുള്ള സുന്ദരിയായ പെണ്‍കുട്ടിയില്‍ മിഴികള്‍ പതിഞ്ഞു

എലിസബത്ത് കാസ്ട്രോ

പതിനെട്ട് വയസ്സ്

2..1..97 മുതല്‍ കാണാതായിരിക്കുന്നു

പറ മോളെ

  അന്ന് അമ്മയോടു യാത്രപറഞ്ഞു സ്കൂളിലേക്ക് പോയ എന്‍റെ പോന്നുമോള്‍ക്ക് എന്താണ് സംഭവിച്ചത്.....?

  നിനക്ക്  ഇഷ്ടപ്പെട്ട ഇറ്റാലിയന്‍ പാസ്റ്റയുണ്ടാക്കി ഞാന്‍ കാത്തിരുന്നൂ
...
  സ്കൂള്‍ കഴിഞ്ഞു വീട്ടിലെത്തിയാലുടന്‍ സ്കൂള്‍ ബാഗ് എങ്ങോട്ടെങ്കിലും വലിച്ചെറിയുക നിന്‍റെ ശീലമായിരുന്നു..
.
. എന്നിട്ടു
അമ്മേ എനിക്ക് വിശക്കുന്നു...
എന്നു പറഞ്ഞുകൊണ്ട് ആദ്യം ഓടിയെത്തുക അടുക്കളയിലേക്കാകും...

നിനക്കുവേണ്ടി ഉണ്ടാക്കിയ പാസ്റ്റ തണുത്തുമരവിച്ചു....
എന്നിട്ടും എന്‍റെ മോള്‍ ...

പിന്നെ സ്കൂളിലേക്ക് ഒരോട്ടമായിരുന്നു...
..
.ഇതിനോടകം സ്കൂള്‍ പ്രിന്‍സിപ്പലിന്‍റെ ചെവിയിലും വാര്‍ത്തയെത്തിയിരുന്നു പലരും എന്നെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.. നിന്നെ അന്വേഷിച്ചു സിറ്റി പോലീസ് പട്ടണം മുഴുവന്‍ അരിച്ചുപെറുക്കി സംശയമുള്ള പലരെയും ചോദ്യംചെയ്തു തുടര്‍ച്ചയായുള്ള പത്രപരസ്യങ്ങളില്‍ നിന്‍റെ മുഖം മിന്നിമറഞ്ഞു

എന്നിട്ടും എന്‍റെ ലിസമോളെ...
.
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു,
അവള്‍ ഇനി തിരിച്ചുവരില്ലന്നു ആരൊക്കെയോ അടക്കംപറഞ്ഞപ്പോഴും ഈ അമ്മ മാത്രം കാത്തിരുന്നു...

അങ്ങു വിദൂരതയിലെവിടെയോ ഇരുന്നുകൊണ്ട് എന്‍റെ പൊന്നുമോള്‍ അമ്മയെ വിളിച്ചു കരയുന്നതു പലരാത്രികളിലും ഞാന്‍ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു..
ഇക്കാലമത്രയും  സഞ്ചരിച്ച  വഴികളിലും, കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും നിന്നെ തേടുകയായിരുന്നു

ഈ പത്രപരസ്യത്തില്‍ നോക്കി  കരയാത്ത ദിവസങ്ങളില്ല....

അവസാനം ജീസസ് എന്‍റെ പ്രാര്‍ത്ഥന കേട്ടു..

ഇരുപതു വര്‍ഷം ചങ്കില്‍ കൊണ്ടുനടന്ന സങ്കടങ്ങള്‍ കണ്ണീര്‍ മഴയായി പെയ്തിറങ്ങി പിന്നെ തന്‍റെ കൈകളില്‍ തെരുതെരെ ചുമ്പിച്ചു

‘.അമ്മേ’

അറിയാതെ നെഞ്ചിനകത്തുനിന്നും ആ വിളിയുയര്‍ന്നു

കാണാതായ സ്വന്തം മകളെ തിരിച്ചുകിട്ടിയെന്നു വിശ്വസിക്കുന്ന ആ അമ്മയുടെ മുഖത്തുനോക്കി ഞാന്‍ നിങ്ങളുടെ നേഴ്സാണന്നു പറയുവാന്‍ കഴിഞ്ഞില്ല പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ സ്വന്തം അമ്മയെ അവരില്‍ കണ്ടു...

ആ അമ്മയുടെ രണ്ടു. കൈകളും സ്വന്തം മാറോടു ചേര്‍ത്തുപിടിച്ചു

പിന്നെ സാവധാനം അവരെ ബെഡ്ഡില്‍ ചാരിയിരുത്തി അതിനുശേഷം ടേബിളില്‍ വെച്ചിരുന്നു അപ്പിള്‍ ജ്യുസെടുത്തു  ചുണ്ടോടടുപ്പിച്ചു പിന്നെ ആ നെറ്റിയില്‍ ചുംബിച്ചു അപ്പോഴും തന്‍റെ കൈകളില്‍ അവര്‍ ബലമായി പിടിച്ചിരുന്നു...

പക്ഷേ തനിക്ക് പോയേ പറ്റുകയുള്ളൂ....
രോഗികള്‍ക്ക് മെഡിസിന്‍ കൊടുക്കേണ്ട സമയമായിരിക്കുന്നു...

‘പുറത്ത് കാറില്‍ അമ്മയ്ക്കായി ഒരു സമ്മാനം വെച്ചിട്ടുണ്ട്’

അതെടുത്തുകൊണ്ട് ഞാനിപ്പോള്‍ വരാം അങ്ങനെയൊരു കള്ളം പറഞ്ഞപ്പോള്‍ മനസ്സ് വല്ലാതെ ചുട്ടുപൊള്ളി എങ്കിലും പോയേ പറ്റൂ……
അവരുടെ കൈകള്‍ക്കുള്ളില്‍നിന്നും സാവധാനം തന്‍റെ കൈകള്‍     സ്വതന്ത്രമാക്കിയശേഷം റൂമിനു വെളിയിലേക്കു നടന്നു

ഓരോ പേഷ്യന്‍റിന്‍റെയും മുറിയില്‍ പോയി ചാര്‍ട്ടുനോക്കി മെഡിസിന്‍ കൊടുക്കുമ്പോഴും മരിയ കാസ്ട്രോയുടെ മുഖം മാത്രമാണ് മനസ്സില്‍ നിറഞ്ഞുനിന്നത്....

  മെഡ് പാസ് കഴിഞ്ഞു അമ്മയുടെ അടുക്കലേക്കു  പോകണം കുറേ നേരം ആ ബെഡ്ഡിനരികില്‍ ഇരിക്കണം ഇന്നൊരു ദിവസത്തേക്ക് മാത്രമാണ് തനിക്കിവിടെ പോസ്റ്റിംഗ്‌ നാളെ തന്നെ കാണാതാകുമ്പോള്‍ അവരുടെ പ്രതികരണം എന്തായിരിക്കും   ?

‘ ഒരു പക്ഷേ  ഞാന്‍ അവരുടെ മകളല്ലെന്നു അറിയുമ്പോള്‍ ആ മനസ്സിന് താങ്ങാനാകുമോ....?

ഇല്ല ഈ അഭിനയം തുടരാനാകില്ല

സത്യം തുറന്നു പറയണം
അവസാനത്തെ രോഗിക്കും മരുന്നു കൊടുത്തശേഷം പുറത്തേക്കിറങ്ങിയപ്പോഴാണ് ക്യാന്‍സര്‍ വാര്‍ഡിലെ അന്നത്തെ സൂപ്പര്‍വൈസറായ ആന്‍മേരി തിരക്കിട്ടു ഡ്യുട്ടി ഡോക്ടറോടൊപ്പം മരിയ കാസ്ട്രോയുടെ റൂമിലേക്ക് പോകുന്നത് കണ്ടതു എന്തോ ഒരു അപകടസൂചന മനസ്സില്‍ നിറഞ്ഞു...

‘ ഒരുപക്ഷേ തന്‍റെ അമ്മയ്ക്ക് എന്തെങ്കിലും..?

.പിന്നെ ഒരോട്ടമായിരുന്നു റൂം നമ്പര്‍ ഫൈവിലേക്ക്
.
അവിടെ ഡോകടര്‍ തിരക്കിട്ട് മരിയ കാസ്ടോയുടെ നാഡിയിടിപ്പു പരിശോധിക്കുകയായിരുന്നു

അവരുടെ നെഞ്ചിന്‍കൂട് വല്ലാതെ ഉയര്‍ന്നുതാണു ശ്വാസോച്ഛ്വാസത്തിന്‍റെ ഗതി വളരെ വേഗത്തിലായി മുഖം കടലാസ്സുപോലെ വെളറിവെളുത്തു ആ അവസ്ഥയിലും അവരുടെ ചുണ്ടുകള്‍ മന്ത്രിച്ചു

.മോളെ ലിസാ നീ എവിടെയാ’

‘ അമ്മേ’

അവര്‍ തന്‍റെ കൈകളില്‍ ഇറുകെ പിടിച്ചു

‘എന്‍റെ മോള്‍ വന്നു’

‘ജീസസ് യു ആര്‍ ഗ്രേറ്റ്’,

‘എന്‍റെ പൊന്നുമോള്‍ വന്നു’

ആ ശബ്ദം നേര്‍ത്തുനേര്‍ത്തുവന്നു

അവരുടെ മിഴിഞ്ഞ കണ്ണുകള്‍ തന്നെ ഉറ്റുനോക്കുന്നതായി അവര്‍ക്കു തോന്നി പിന്നെ ആ ശിരസ്സ് ഒരു വശത്തേക്ക് ചെരിഞ്ഞു....
.അമ്മേ...
.അവളില്‍നിന്ന് ഒരു ആര്‍ത്തനാദമുയര്‍ന്നു

എന്നാല്‍ ശബ്ദം പുറത്തേക്ക് വന്നില്ല....

ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു

ചാര്‍ട്ടില്‍ ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റുവാനുള്ള ഓര്ഡര്‍  എഴുതിയ ശേഷം  മുറിവിട്ടിറങ്ങി
ഏതാനും മണിക്കൂറുകള്‍ ഒരമ്മയുടെ സ്നേഹം പകര്‍ന്നുതന്ന ആ ശരീരം  മിനിട്ടുകള്‍ക്കുള്ളില്‍ മോര്‍ച്ചറി ഏറ്റുവാങ്ങും

മറ്റൊരു മകളുടെ പകരക്കാരിയാകുവാന്‍ ഈശ്വരന്‍ നിശ്ചയിക്കപ്പെട്ട നിമിഷങ്ങള്‍..
.
ഹൃദയം പൊട്ടിപോകുന്ന അവസ്ഥ.
..
  പുറത്തു ഒരു നനുത്ത സ്പര്‍ശനം

അവള്‍ പുറകിലേക്ക് തിരിഞ്ഞുനോക്കി

സൂപ്പര്‍വൈസര്‍ ആന്‍ മേരി...
കൂടെ കറുത്ത കോട്ടുധാരികളായ മോര്‍ച്ചറിക്കാരും...

തന്‍റെ അമ്മ യാത്രയാവുകയാണ്

‘വാട്ട് ഹാപ്പന്‍ഡ്‌ യൂ എലിസബത്ത്.....?’

‘നത്തിംഗ് മാഡം’

അങ്ങനെ പറയാനല്ലേ തനിക്കാവൂ..
അവരെ സംബന്ധിച്ചിടത്തോളം  ഏതുനിമിഷവും മരിക്കാവുന്ന ഒരു രോഗിമാത്രമായിരുന്നു . മരിയ കാസ്ട്രോ

എന്നാല്‍ തനിക്കോ.....?

‘ആര്‍ യു ഓക്കേ ഡിയര്‍....?

‘യെസ് മാഡം’

എങ്കില്‍ വേഗം
എട്ടാം നമ്പര്‍ റൂമിലേക്കു ചെല്ലൂ...
അവിടുത്തെ പെഷ്യന്‍റെ നല്ല പെയില്‍ പറയുന്നുണ്ട്
ഒപ്പം  ശ്വാസതടസ്സവും,,,,

ഇവിടുത്തെ കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം സൂപ്പര്‍വൈസറുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങി
അല്ലങ്കിലും തന്‍റെ ഇവിടുത്തെ റോള്‍ തീര്‍ന്നിരിക്കുന്നു

കണ്ണുകളില്‍ ഉറഞ്ഞുകൂടിയ കണ്ണുനീര്‍ ആരും കാണാതെ തുടച്ചുകൊണ്ട് പുറത്തേക്കു നടന്നു

ഇല്ല താന്‍ തളരാന്‍ പാടില്ല

‘ദുഖം മനസ്സില്‍ ഒതുക്കുവാന്‍ നിയോഗിക്കപ്പെട്ട ഭൂമിയിലെ മാലാഖയാണു ഞാന്‍...’

   എത്രയോ മരണങ്ങള്‍ക്ക്  ഈ കണ്ണുകള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു..

.തന്‍റെ കരയുന്ന മുഖമല്ല, അവര്‍ക്ക് കാണേണ്ടത്...
മറിച്ച് കരുണ നിറഞ്ഞ പുഞ്ചിരിക്കുന്ന മുഖമാണ്,,,,
അപ്പോള്‍ തളര്‍ന്ന മനസ്സിന് ശക്തി പകരുവാനെന്നവണ്ണം അങ്ങകലെ...
ഒരു പതിനെട്ടുകാരിയുടെ  കൈയും പിടിച്ചുകൊണ്ട് നടന്നുനീങ്ങുന്ന പാവം ഒരമ്മയുടെ  ആത്മാവ് അവളെ നോക്കി പുഞ്ചിരി തൂവുന്നതായി  തോന്നി....

പിന്നെ ഉറച്ച കാല്‍വെപ്പുകളോടെ  നടന്നു  എട്ടാം നമ്പര്‍ മുറിയിലേക്ക്
മറ്റൊരു രോഗിയുടെ വേദന സ്വന്തം നെഞ്ചിലേക്ക് ഏറ്റുവാങ്ങുവാന്‍...

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code