Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രണയഗായകന്റെ അക്ഷരക്കൊയ്ത്ത് (സുധീര്‍ പണിക്കവീട്ടലിന്റെ അക്ഷരക്കൊയ്ത്ത് എന്ന കവിതാസമാഹാരം- ഒരു അവലോകനം: ഡോ.നന്ദകുമാര്‍ ചാണയില്‍)

Picture

കവി മനസ്സില്‍ പലപ്പോഴും മിന്നിമറഞ്ഞ് പോയ വികാരങ്ങലുടെ ലളിതമായ കാവ്യാവിഷ്ക്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യത്യസ്തമായ കവിതകള്‍. ആര്‍ക്കും വായിച്ചാല്‍ മനസ്സിലാകും വിധം രചന നിര്‍വ്വഹിച്ചിട്ടുള്ള ഇതിലെ കവിതകള്‍ ആധുനികതയോട് അകലച്ചുകൊണ്ട് കല്പനയുടെ പടവുകളിലൂടെ അനുരാഗലോലരായ് കയറിപോകുന്നു. സത്യവും സൗന്ദര്യവും ഉള്‍ക്കൊള്ളുന്ന ഈ കവിതയിലൂടെ സഹൃദയരായ വായനക്കാരെ ഒന്ന് സഞ്ചരിച്ചു നോക്കുക.

ആധുനിക കവിതകള്‍ വായിക്കുമ്പോള്‍, അവ രചിക്കുന്ന കവികള്‍ക്കുപോലും പിടികിട്ടാത്ത ദുരൂഹതയിലാണോ ഇന്നത്തെ കവിതാലോകം മാറിക്കൊണ്ടിരിക്കുന്നത് എന്ന് നമ്മള്‍ ഒറ്റനോട്ടത്തില്‍ തെറ്റിദ്ധരിച്ചേക്കാം. മുന്‍കാലങ്ങളിലെ കവിതകള്‍ വായിക്കുന്നത് വായനക്കാരന്റെ മസ്തിഷ്കത്തിനു അദ്ധ്വാനം തരുന്നില്ലെന്ന് മാത്രമല്ല, അവ വായിച്ച് ഹൃദിസ്ഥമാക്കാന്‍ എളുപ്പവുമായിരുന്നു. അത്തരം കവിതകളുടെ വരികള്‍ അനുവാചകമനസ്സുകള്‍ ഉരുവിട്ടുകൊണ്ടിരുന്നു. കാലങ്ങളെ അതിജീവിച്ച് അവ നിലകൊള്ളുന്നു. ഒന്നിനും സമയമില്ല എന്നു മുറവിളികൂട്ടുന്ന ഇന്നത്തെ തിടുക്കക്കാര്‍ക്ക് രചനകള്‍ പുനര്‍വായനയ്ക്ക് വിധേയമാക്കാനും ദുരൂഹതകളുടെ ഇഴകള്‍ വേര്‍പെടുത്താനും മറ്റും സമയമെവിടെ? വായനക്കാരുടെ എണ്ണം കുറഞ്ഞുപോകുന്നത് ആധുനികതയുടെ പൊയ്മുഖം അവരെ വിഷമിപ്പിക്കുന്നത്‌കൊണ്ടുകൂടിയാകാം. ഈ പശ്ചാത്തലത്തിലാണ് നേരെ ചൊവ്വേ മനസ്സിലാക്കാവുന്ന വിധത്തിലുള്ള ആഖ്യാനരീതി പുലര്‍ത്തുന്ന സരളലളിതമായ കവിതകളുടെ പ്രസക്തി.
ഏകദേശം രണ്ടരപതിറ്റാണ്ടുകളായി അമേരിക്കന്‍ മലയാളികളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സര്‍ഗ്ഗപ്രതിഭയാണ് ശ്രീ. സുധീര്‍ പണിക്കവീട്ടില്‍. പ്രവാസ മലയാള സാഹിത്യനിരൂപണമേഖലയിലെ ആദിമഗ്രന്ഥമെന്നു വിശേഷിപ്പിക്കാവുന്ന ‘പയേറിയയിലെ പനിനീര്‍പ്പൂക്കള്‍’ ഇദ്ദേഹം 2012-ല്‍ പ്രസിദ്ധീകരിച്ചു. മുമ്പ് പ്രസിദ്ധീകരിച്ച തന്റെ 76 കവിതകള്‍ സമാഹരിച്ച് ‘അക്ഷരക്കൊയ്ത്ത്’ എന്ന സമാഹാരം 2017-ല്‍ പ്രസിദ്ധപ്പെടുത്തി. പുസ്തകപ്രകാശനരംഗത്ത് ചിലര്‍ മൂന്നും മുപ്പതും തവണ ഒരേ പുസ്തകം പലയിടങ്ങളിലായി പ്രകാശനകര്‍മ്മം നടത്തുമ്പോള്‍ ഈ എഴുത്തുകാരന്‍ തന്റെ അഭ്യുതയകാംക്ഷികള്‍ക്ക് നേരിട്ടും തപാല്‍മുഖേനയും വിതരണം ചെയ്ത് പുസ്തകപ്രകാശനരംഗത്തും പുതുമ സൃഷ്ടിച്ചിരിക്കുന്നു. എന്നാല്‍ സഹൃദയനും വളരെയധികം സുഹൃദ് വലയവുമുള്ള സുധീര്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന കാര്യത്തില്‍ വിമുഖനാണെന്നുള്ളത് ഒരു വിരോധാഭാസം തന്നെ.
അക്ഷരക്കൊയ്ത്ത് പുറത്തിറങ്ങിയതും ശ്രീ. ജോണ്‍ വേറ്റം, ശ്രീ. ജി. പുത്തന്‍കുരിശ്ശ്, ശ്രീമതി. ജ്യോതിലക്ഷ്മി നമ്പ്യാര്‍, ഡോ. പി. സി. നായര്‍ എന്നീ പ്രശസ്ത എഴുത്തുകാര്‍ ഇ-മലയാളിയില്‍ നല്ല നല്ല പുസ്തകാസ്വാദന നിരൂപണങ്ങളിലൂടെ അഭൂതപൂര്‍വ്വമായ വരവേല്പാണ് നല്‍കിയത്.
അക്ഷരക്കൊയ്ത്ത് എന്ന ശീര്‍ഷകത്തില്‍ നിന്നൂഹിക്കാം, കവിയുടെ സാഹിത്യോപാസനയുടെ വ്യുല്‍പ്പത്തി. പ്രൈതൃക പ്രേരിതമാവാം ഈ സാഹിത്യാഭിരുചി. ‘മുത്തശ്ശി നല്‍കിയ സ്‌നേഹവാത്സല്യങ്ങളില്‍ അച്ഛന്റെ ശബ്ദത്തില്‍ കേട്ട കവിതയില്‍’, കവിതയെ കണ്ടു എന്ന സമര്‍പ്പണം തന്നെ മുന്‍ പ്രസ്താവനയെ സാധൂകരിക്കുന്നു. സാഹിതീതല്ലജത്തിന്റെ ബീജാവാപം പൈതൃകമോ നൈസര്‍ഗ്ഗികമോ ആകട്ടെ, അത് നട്ടുവളര്‍ത്തി നല്ല പ്രയത്‌നം ചെയ്താലേ, നൂറുമേനി വിളയിച്ച് കൊയ്‌തെടുക്കുവാന്‍ സാദ്ധ്യമാവൂ. ഈ കവി-കര്‍ഷകനും ചെയ്തിരിക്കുന്നത്, സാഹിത്യലോകത്ത് ഒരു കൊയ്ത്ത് തന്നെ എന്നതിനാല്‍ ശീര്‍ഷകം അനുയോജ്യമായിരിക്കുന്നു. കാവ്യരചന എല്ലാവര്‍ക്കും വഴങ്ങുന്ന ഒന്നല്ല. കവിതയെഴുത്തിനു ‘നാ ന’ യുടെ (നാന എന്ന മാസികയല്ല) വരദാനം വേണ്ടുവോളം വേണം. ‘നാ ന’യ്ക്ക് ആലോചന, ഭാവന, ഉപാസന, രചന എന്നീ നാലു പ്രതിഭാസങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്.
കൈരളിയുടെ താളുകളില്‍ വന്ന ‘പ്രിയമുള്ളവള്‍’ എന്ന കവിതയിലെ ‘നിന്‍തളിര്‍ചുണ്ടില്‍ നിന്നും ആദ്യമായ് സ്‌നേഹത്തിന്റെ ഗംഗയാറൊഴുകുമോ എന്നിലെ ദാഹം തീര്‍ക്കാന്‍’, ‘ദിവ്യമാം പ്രേമത്തിന്റെ താമരത്തണ്ടും കൊത്തി നീ പറന്നെത്തീടുകെന്‍ രാജഹംസമേ വേഗം’, എന്ന വരികള്‍ വായിച്ച്, ഈ ലേഖകന്‍ സുധീറിനെ പ്രവാസികളുടെ പ്രണയഗായകനെന്ന് വിശേഷിപ്പിച്ചത് ഓര്‍ത്തുപോകുന്നു. ആ വിശേഷണമാണു ഈ ലേഖനത്തിനു തലക്കെട്ടായി നല്‍കിയിരിക്കുന്നത്.
ആപ്പിള്‍ വീഴുന്നത് എല്ലാവരും കണ്ടിട്ടുണ്ടെങ്കിലും, സര്‍ ഐസക് ന്യൂട്ടണ്‍ അത് കണ്ടപ്പോള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ തത്ത്വം കണ്ടുപിടിച്ചു. വസന്താഗമത്തില്‍ കിളികളുടെ പാട്ടും, കിളികള്‍ ജാലകവാതില്‍ക്കല്‍ പ്രത്യക്ഷപ്പെടുന്നതും, ഒരു സാധാരണ സംഭവം മാത്രം. എന്നാല്‍ ജനലില്‍ ഒരു പൂങ്കുയില്‍ വന്നിരുന്നപ്പോള്‍, സുധീറിന്റെ കവിമനസ്സ് ചിറക് വിരിക്കാന്‍ തുടങ്ങിയ. ഏതോ കോകിലകന്യകയില്‍ മോഹിതനായി, രാവും പകലും രാഗമാലിക പാടി നടക്കുന്ന ഒരു കാമുകനായി, കുയിലിനെ കവി കാണുന്നു. പഞ്ചമഗീതങ്ങള്‍ പാടിയിട്ടും, ഒരു കുയിലിണപോലും ഗൈനിക്കാതെ, ഭഗ്നോത്സാഹിതനായ പവം പക്ഷി കവിയോട് ഒരു പ്രണയലേഖനം എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെടുന്നതായി കവി കരുതുന്നു. മല്ലീശ്വരന്റെ ആവനാഴികള്‍ തന്റെ കൈവശമുണ്ടെന്നും കവി വിശ്വസിക്കുന്നു. പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്നത് പ്രണയമെന്ന വികാരം കൊണ്ടാണെന്നു ചിന്തിക്കുകയാണോ കവി?
ഈ കവിതാസമാഹാരത്തില്‍, മുക്കാലേ മുണ്ടാണി കവിതകളും പ്രണയനിര്‍ഭരങ്ങളാണ്. പ്രണയം മനുഷ്യജീവിതത്തില്‍ എപ്പോഴും പ്രകടമാകുന്ന ഒരു വികാരം തന്നെ. കഠിനമായ പ്രണയം മൂലം ജീവന്‍ നഷ്ടപ്പെട്ടവരുണ്ട്; കൊലക്കയറില്‍ നിന്നും ജീവന്‍ തിരിച്ചുപിടിച്ചവരുണ്ട്. സിംഹാസനങ്ങള്‍ നേടിയവും, നഷ്ടപ്പെടുത്തിയവരും, നഷ്ട്‌പെട്ടവരുമുണ്ട്. പ്രണയത്തെപ്പറ്റി കവി പാടുന്നത് അതുകൊണ്ടായിരിക്കാം. അമേരിക്കന്‍ മലയാളസാഹിത്യത്തില്‍, പ്രണയത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ എഴുതിയ കവിയെന്നു സുധീറിനെ വിശേഷിപ്പിക്കാം. മലയാള ചലചിത്രഗാനങ്ങളില്‍ അതീവതല്പരനായ ഇദ്ദേഹത്തിന്റെ കാവ്യസമാഹാരത്തില്‍ ഗാനശകലങ്ങളുടെ പ്രസരം കാണുന്നതില്‍ അതിശയിക്കാനില്ലല്ലോ.
ആമുഖത്തില്‍ കവി തന്നെ പറയുന്നുണ്ട് ‘കവിത എനിക്കെന്നും കാമിനിയാണ്. എനിക്കപ്രാപ്യമായ തലത്തില്‍ എന്നെ മോഹിപ്പിച്ചുകൊണ്ട് ഇടക്കെല്ലാം പ്രത്യക്ഷപ്പെടുന്ന ഒരു സൗന്ദര്യദേവത’ എന്നൊക്കെ. സാധാരണ ജീവിതത്തില്‍, വാമഭാഗത്തേയും, പ്രണയിനിയേയും ഒരേപോലെ സംപ്രീതരാക്കി മുന്നോട്ട് പോവുക ദുഷ്ക്കരമായതിനാലാണല്ലോ, പലര്‍ക്കും ഒരാളെ ത്യജിച്ച്, മറ്റേയാള്‍ക്ക് അടിയറ പറയേണ്ടിവരുന്നത്. പക്ഷേ, ഈ പ്രണശില്‍പ്പിക്ക് രണ്ടുദേവതകളേയും പിണക്കാതെ, ഇണക്കാനുള്ള കഴിവുള്ളതായി കാണുന്നു. അക്ഷരക്കൊയ്ത്തിലെ കവിതകളിലൂടെയുള്ള പ്രയാണം ഒന്നു വ്യക്തമാക്കുന്നുണ്ട്; ഈ പുഞ്ചപ്പാടത്തിന്റെ വിളവുകള്‍ നിത്യകാമുകനായ ഈ കര്‍ഷകന്റെ അനുരാഗവായപ്പുകളാകുന്ന ജൈവവളക്കൂറില്‍ നിന്നും പുഷ്ടിപ്രാപിച്ച്, ഉരുത്തിരിഞ്ഞുണ്ടായ നെന്മണികള്‍ കൊയ്ത്തിനൊപ്പം ഗീതകങ്ങളായി രൂപാന്തരം പ്രാപിച്ചുപോയോ എന്നു അനുവാചകര്‍ക്ക് സന്ദേഹമുണ്ടാകാം. ഇതും നമുക്ക് ഒരു മരീചികാനുഭൂതി നല്‍കുന്നു. ഉപാസന എന്ന കവിതയിലെ, ‘നിലം പൂട്ടുന്ന കര്‍ഷകന്‍ പാടുന്ന പാട്ടിലും കൗമാരമോഹ തുടുപ്പിന്‍ തരിപ്പിലും കണ്ടു ഞാന്‍ വിതയെ ഭാവാക്ഷരങ്ങളെന്‍ തൂലിക തുമ്പിലുതിര്‍ത്തുന്ന ദേവിയെ’ എന്നീ പരാമര്‍ശങ്ങള്‍, കവിയുടെ കാവ്യദേവതയോടുള്ള ഉപാസനയും ആരാധനയും വ്യക്തമാക്കുന്നുണ്ട്. അതുപോലെ ‘കവിയുടെ ഘാതകരില്‍’ പാടുന്നു, ‘കാവ്യാനുരാഗവിവശനായ് കൈരളീദേവിക്കനുദിനം പൂജ ചെയ്തീടിലും ആരുമറിയാതൊരജ്ഞാത കോണിലൊതുങ്ങികഴിയാന്‍ കൊതിച്ചവനീ കവി’.
‘നനിന്മിഴിയിതളിലെ മദജലകണങ്ങളില്‍ എന്നഭിലാഷങ്ങള്‍ അലിയുമെങ്കില്‍, അപ്‌സരസ്സേ, നിന്റെ താരുണ്യതനുവിന്മേല്‍ അനുരാഗകവിത ഞാന്‍ കുറിക്കുമല്ലോ, കുപ്പിവളകള്‍ നാണം കുണുങ്ങി ചിരിക്കുന്ന കുളിരുള്ള രാവുകള്‍ പിണങ്ങുമെങ്കില്‍ പൊന്നാടയണിഞ്ഞു നീ പുളകങ്ങള്‍ വിതറുന്ന പൂമെത്ത നിവര്‍ത്തി നാമുറങ്ങുമല്ലോ’ (അഭിലാഷങ്ങള്‍) എന്നീ വരികള്‍ വായിക്കുമ്പോള്‍ അനുരാഗക്കളരിയില്‍ പയറ്റിത്തെളിഞ്ഞ ഒരു പ്രണയഗായകന്റെ ഭാവനാവിലാസം ചിറകുവിടര്‍ത്തി വായനക്കാരേയും തന്നോടൊപ്പം ആകാശഗംഗയില്‍ വിഹരിക്കാന്‍ കൂടെ കൂട്ടുന്നു. അതെ, മലരമ്പിന്‍ മുനകൊണ്ട് മുറിയുന്ന നോവിന്റെ സുഖമോര്‍ത്തു ഞാനാകെ തരിച്ചിരിക്കും, മന്ത്രകോടിയണിയിച്ച നിമിഷങ്ങള്‍ എന്റെ മുന്നില്‍ നിറഞ്ഞ്‌നില്‍ക്കേ കതിരിട്ട സ്വപ്നങ്ങള്‍ വിടരുന്ന വിരിമാറില്‍ തലചായ്ച്ച് ഒന്നുറങ്ങാന്‍ ഞാന്‍ കൊതിച്ചിരിക്കും’. എന്നീ വര്‍ണ്ണനകള്‍ ലാളിത്യഭംഗി കൊണ്ടും, കലവറയില്ലാത്ത സുതാര്യത കൊണ്ടും, മധുവിധു ആഘോഷിക്കാന്‍ ഭാഗ്യദേവത കടാക്ഷിച്ചിട്ടുള്ള എല്ലാ പ്രണയജോഡികളേയും സ്മൃതിമണ്ഡലത്തിലെങ്കിലും ഒരു പുനരാവര്‍ത്തന സുഖാനുഭൂതിയിലേക്ക് ആനയിക്കാന്‍ പര്യാപ്തങ്ങളാണ്. മുഗ്ധമായ ഭാവനാവിലാസത്തില്‍ വായനക്കാരേയും ആറാടിക്കുന്ന കാവ്യസൗഭഗം ഒന്നു വേറെ തന്നെ.
‘പാലൊളി തൂകും ചിരിയുമായി കുഞ്ഞിളം ചുണ്ടിലൊളിച്ചിറങ്ങും’ (ഒരു നെഞ്ചു വേദനയുടെ കഥ) ‘സങ്കല്പലോകത്തില്‍ സഞ്ചരിച്ചീടവേ’ (കവിയുടെ ഘാതകര്‍) എന്നീ വരികള്‍ നമ്മുടെ പ്രിയപ്പെട്ട കവി വള്ളത്തോളിന്റെ കവിതകളിലെ ശബ്ദസൗകുമാര്യത്തെ ഒരു ചെറിയതോതിലെങ്കിലും ഓര്‍മ്മിപ്പിക്കുന്നു. (വയാഗ്രയും, നീലിയും നളിനനും, കവിയുടെ ഘാതകര്‍, ഒരു നെഞ്ചുവേദനയുടെ കഥ) ‘ഞാന്‍ പാലാക്കാരന്‍’ എന്ന കവിതയില്‍ ‘പാലുപോലുള്ളവര്‍ പാലാക്കാര്‍ ഇത്തിരിവെള്ളം ചേര്‍ത്താലും നിറം തീരെ മങ്ങാത്തോര്‍’ ഈ വരികളിലെ ദ്വയോക്തികളും നര്‍മ്മവും വായനക്കാരെ രസിപ്പിക്കുന്നതിനോടൊപ്പം ചിരിപ്പിക്കാനും വഴിയൊരുക്കുന്നു.
അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായി പിറന്ന യേശുദേവന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി പൊതുജനം ദുര്‍വ്യയം ചെയ്യുന്ന ദുരവസ്ഥയെ, ‘ആട്ടവും പാട്ടുമീ ആര്‍ഭാടവും കൊള്ളാം, നിര്‍മ്മലമാക്കിയോ നിങ്ങളെ മനസ്സിനെ? അന്നമില്ലാതെ വലയും ദരിദ്രന്മാര്‍ക്കഷ്ടിക്ക് വല്ലതും നിങ്ങള്‍ കൊടുത്തുവൊ? സ്‌നേഹമാണീശ്വരന്‍ എന്നറിഞ്ഞോ? നിങ്ങള്‍ ചിത്തത്തില്‍ വാഴുമാ ദേവനെ കണ്ടുവോ?’ എന്നീ അര്‍ത്ഥപൂര്‍ണമായ ചോദ്യശരങ്ങളിലൂടെ ആര്‍ദ്രചിത്തനായ കവി തന്റെ അനുകമ്പയും ദയയും തുറന്നുകാട്ടുന്നു. ഒപ്പംതന്നെ, ‘എന്റെ നാമത്തില്‍ കൊളുത്തും വിളക്കുകള്‍, തോരണം ചാര്‍ത്തുന്ന വീഥികള്‍, മേളങ്ങള്‍ നിഷ്ഫലമാണെന്നറിയുക നിങ്ങളില്‍ നിങ്ങളെ തന്നെ അറിയാതിരിക്കുകില്‍ എന്നു കവി പാടുമ്പോള്‍, നിഷേധാത്മകതയെ ഉണ്മയാക്കി മാറ്റുന്ന സൂചന, തന്നെ താന്‍ അറിയുവിന്‍, അല്ലെങ്കില്‍ അത് നീയാണെന്ന, (തത്വമസി) എന്ന വലിയ ദാര്‍ശനിക സന്ദേശം കവി വായനക്കാര്‍ക്ക് നല്‍കുന്നു.
ഭാഷാസ്‌നേഹം, ദേശസ്‌നേഹം, ആഘോഷങ്ങള്‍, ആദര്‍ശവനിത, സാഹിത്യപ്രതിഭ, സാംസ്ക്കാരികസംഘടനകള്‍, സ്ത്രീ, പ്രണയം, പ്രകൃതി എന്നിങ്ങനെ നിരവധി പ്രമേയങ്ങള്‍, കൊയ്തുകൂട്ടി ഉണക്കിസംഭരിച്ചുവച്ചിരിക്കുന്ന ഈ കവിതാപത്തായത്തിലുണ്ട്. പല കവിതകളിലും തുളുമ്പിനില്‍ക്കുന്ന സുധീറിന്റെ ശൃംഗാരഭാവനകളിലൂടെ കടന്നുപോകുമ്പോള്‍ ഈ ലേഖകനു ഓര്‍മ്മവരുന്നത് അനശ്വരനായ വൈലോപ്പിള്ളിയുടെ ‘വസന്തം’ എന്ന കവിതയിലെ, ‘പൂന്തേന്‍ കുടിപ്പാന്‍ പുറപ്പെട്ട തോരാതെ നീന്തുന്ന ശൃംഗാരസാഗരത്തില്‍!’ എന്ന വണ്ടുകളുടെ ആത്മഗതമാണ്. ‘കൊതിയോടെ കാത്തിരിപ്പൂ’ എന്ന കവിതയിലെ ‘മറക്കാനാവില്ലെന്നെ മരണം ഗ്രസിച്ചാലും ദേവ ദേവ നീയെന്റെ പ്രാണനില്‍ തിളങ്ങുന്നോന്‍’ എന്ന വരികള്‍ വൈലോപ്പിള്ളിയുടെ ‘കന്നിക്കൊയ്ത്തിലെ’, ‘ഹാ വിജിഗീഷുമൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍’ എന്ന ശാശ്വത സത്യത്തെ ഓര്‍മ്മിപ്പിക്കുന്നു.
‘ഒരു നെഞ്ചുവേദനയുടെ കഥയില്‍ വൈദ്യന്മാര്‍ തീര്‍ക്കുന്ന വ്യാധിയല്ലാതസുഖങ്ങളില്ലെനിക്കന്നുമിന്നും എന്ന പ്രസ്താവനയിലൂടെ കീശയില്‍ നോട്ടമിടുന്ന ആധുനിക ഭിഷഗ്വരന്മാര്‍ രോഗമില്ലാത്തവനെ രോഗമുള്ളവനാക്കി അനാവശ്യകീറിമുറിക്കല്‍ നടത്തുന്ന ദുര്‍മ്മോഹികളുടെ വാര്‍ത്തകള്‍ നമുക്ക് ചുറ്റും നടമാടുന്നത് ഓര്‍മ്മയിലെത്തുന്നു. പിന്നെ, അച്ഛന്റെ ചിത്രത്തില്‍ തൊട്ടുനോക്കി ചിത്രമാണെങ്കിലും അവിടെയപ്പോള്‍ ആത്മബന്ധത്തിന്റെ ചരടഴിഞ്ഞു’. ഇവിടെ നാം ആത്മബന്ധത്തിന്റെ ബന്ധനത്തിന്റെ കുരുക്കഴിക്കുന്ന, ഹൃദയസ്പൃക്കായ വിവരണം ഒരു ചിത്രകാരന്റെ വിരുതോടെ, കവി നമുക്ക് കാണിച്ച് തരുന്നുണ്ട്. കവിയും കലാകാരനും ഒന്നിക്കുന്ന വിചിത്രസംഗമമെന്നല്ലാതെന്തു പറയാന്‍! തുടര്‍ന്നു ‘വൈദ്യശാസ്ത്രത്തിനു ആത്മബന്ധം അളക്കാന്‍ അളവുകോലൊന്നുമില്ല. രക്തബന്ധത്തിനദൃശ്യശക്തി ഔഷധങ്ങള്‍ക്കൊട്ടുമില്ലതാനും’ എന്ന നഗ്നസത്യം വിളിച്ചുപറയുമ്പോള്‍ ഹാസ്യോക്തികളിലൂടെ അപ്രിയസത്യങ്ങള്‍ പറയാനുള്ള ചങ്കൂറ്റം ഈ കവി കാണിക്കുന്നു.
‘സ്വപ്നസുന്ദരി’യിലെ, രണ്ടു വരികളെക്കുറിച്ച് പ്രതിപാദിക്കാതിരുന്നാല്‍ ഈ അപൂര്‍ണ്ണാസ്വാദനത്തിന്റെ അപൂര്‍ണതയ്ക്കായിരിക്കും മികവെന്നതിനാല്‍ പറയാതിരിക്കാന്‍ വയ്യ. ‘മനസ്സറിയാതെ നാം ചോദിച്ച ചോദ്യങ്ങള്‍, മൗനങ്ങള്‍ നല്‍കിയ മറുപടികള്‍’ എന്നു കവി ഉരിയാടുമ്പോള്‍, വിരുദ്ധോക്തികളിലൂടെ കവി പറയാതെ പറയുന്ന വാചാലതയുടെ ചിത്രം അവര്‍ണ്ണനീയം തന്നെ.
പ്രവാസികളുടെ ഈ പ്രണയഗായകനെ, മുഖ്യധാരയിലെ ഏതു കവിയുമായി താരതമ്യതുലനം ചെയ്യാമെന്ന വിലയിരുത്തല്‍, മാന്യവായനക്കാരുടെ ഊഹാപോഹങ്ങള്‍ക്ക് വിട്ടുകൊടുക്കാനാണ് ഈ ലേഖകനു ഹിതം. പുസ്തകത്തിന്റെ പിന്‍ചട്ടയില്‍ ഒരു സൂചനാവരിയുണ്ട്. ‘ആര്‍ക്കും വായിച്ചാല്‍ മനസ്സിലാകുംവിധം രചന നിര്‍വ്വഹിച്ചിട്ടുള്ള ഇതിലെ കവിതകള്‍ ആധുനികതകയോട് അകലം പാലിച്ചുകൊണ്ട് കല്‍പ്പനയുടെ പടവുകളിലൂടെ അനുരാഗലോലരായ് കയറിപ്പോകുന്നു’ എന്ന്. ശരിയാണ്. കവേ, ഈ ലേഖകന്‍ ആരംഭത്തില്‍ സൂചിച്ചതുപോലെ, ദുരൂഹമായ ആധുനിക കവിതകള്‍ വായിച്ച് ആഗിരണം ചെയ്യുമ്പോഴുള്ള ആയാസം ഓര്‍ത്താല്‍, സുധീര്‍ കവിതകള്‍ വായിച്ചുരസിക്കാന്‍ വിഘാതങ്ങളേതും നല്‍കുന്നില്ല. അത്ര ഋജുവും സരളകോമളമായ ഭാഷയുമാണ് ‘അക്ഷരക്കൊയ്ത്തി’ന്റെ സവിശേഷത എന്നു പറയാതിരിക്കാന്‍ വയ്യ. വശ്യമായ ആഖ്യാനശൈലിയും, ചാരുതയാര്‍ന്ന എന്നാല്‍ ചടുലമായ ഭാഷാസ്വാധീനവും ഈ അനുഗ്രഹീത കവിയെ മലയാള വായനക്കാരുടെ ജനപ്രിയ എഴുത്തുകാരനാക്കിയത് വിദേശമലയാളികളുടെ പുണ്യമെന്നല്ലാതെന്തു പറയാന്‍? ഒരു സാഹിത്യകാരന്‍ അക്ഷരങ്ങളിലൂടെ അനുവാചകര്‍ക്ക് നല്‍കുന്ന അനുഭൂതിയെ വെല്ലാന്‍ ഈ ദുനിയാവില്‍ മറ്റെന്താണുള്ളത്? സര്‍ഗ്ഗപ്രതിഭാധനനായ സുധീറില്‍ നിന്നും അനര്‍ഗ്ഗളമായ കവിതാപ്രവാഹം ഉണ്ടായിക്കൊണ്ടേയിരിക്കാന്‍ വാഗ്‌ദേവത പ്രസാദിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ സര്‍വ്വ മംഗളാശംസകളും അദ്ദേഹത്തിനു നേരുന്നു.

*************



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code