ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിലെ സൗമ്യ(38)യുടേത് എന്നു കരുതുന്ന മൃതദേഹം കണ്ടെത്തി. ഭര്‍ത്താവ് സന്ദീപ് തോട്ടപ്പിള്ളി (42), മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒന്‍പത്) എന്നിവര്‍ക്കായി തെരച്ചില്‍ തുടരുന്നു.
സാന്റാ ക്ലരിറ്റയില്‍ താമസിച്ചിരുന്ന കുടുംബത്തെ ഏപ്രില്‍ അഞ്ചിനാണു കാണാതായത്. വിനോദയാത്രയിലായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ഏപ്രില്‍ ആറിന് ഈല്‍ നദിയിലെ കുത്തൊഴുക്കിലേക്കു നിപതിച്ചുവെന്നാണ് കരുതുന്നത്. ഒരാഴ്ചയായി തെരച്ചില്‍ നടത്തിവരുകയായിരുന്നു.
പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ മൃതദേഹമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഇത് ആരുടേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു. തെരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും വ്യക്തമാക്കി.
കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ഏതാനും ഭാഗങ്ങള്‍ നേരത്തേ കണ്ടെത്താനായിരുന്നു.
സന്ദീപും കുടുംബവും വിനോദയാത്രയുടെ ഭാഗമായി സാന്‍ ഹൊസെയിലെ സുഹൃത്തിന്റെ വീട്ടിലേക്കു പോകുംവഴിയാണ് അപകടം ഉണ്ടായതെന്നു കരുതുന്നു.
സന്ദീപിന്റെ കുടുംബം പറവൂരില്‍നിന്ന് ഗുജറാത്തിലേക്കു മാറിയതാണ്. സൗമ്യ കൊച്ചി കാക്കനാട് സ്വദേശിനിയാണ്.
Comments