Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മന്ത്രി മെഴ്‌സിക്കുട്ടിയമ്മയ്ക്ക് എന്‍.ബി.എ. ആസ്ഥാനത്ത് ഊഷ്മള സ്വീകരണം നല്‍കി   - ജയപ്രകാശ് നായര്‍

Picture

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ ന്യൂയോര്‍ക്കിലെത്തിയ കേരള ഫിഷറീസ് ആന്റ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് മന്ത്രി ശ്രീമതി മെഴ്‌സിക്കുട്ടിയമ്മയ്ക്കും സംഘത്തിനും ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ (എന്‍ബിഎ) ഊഷ്മള സ്വീകരണം നല്‍കി.

കേരളത്തില്‍ ലോ കോസ്റ്റ് ഹൗസിംഗ് പ്രൊജക്റ്റുമായി ബന്ധപ്പെട്ടാണ് മന്ത്രിയും സംഘവും ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് എത്തിയത്. ഭര്‍ത്താവ് തുളസീധരക്കുറുപ്പ് (മുന്‍ ചെയര്‍മാന്‍ CPAC), കൊല്ലം ജില്ലാ കളക്ടര്‍ ഡോ. കാര്‍ത്തികേയന്‍ ഐ.എ.എസ്. എന്നിവര്‍ ഏപ്രില്‍ 10 ചൊവ്വാഴ്ച്ച വൈകിട്ട് 7 മണിക്ക് നായര്‍ ബനവലന്റ് അസോസിയേഷന്റെ ആസ്ഥാനം സന്ദര്‍ശിച്ചു. അസ്സോസിയേഷന്‍ പ്രസിഡന്റ് കരുണാകരന്‍ പിള്ളയുടെ നേതൃത്വത്തില്‍ മന്ത്രിക്കും സംഘത്തിനും ഹാര്‍ദ്ദമായ സ്വീകരണം നല്‍കി ആദരിച്ചു.

എന്‍.ബി.എ. യൂത്ത് കോഓര്‍ഡിനേറ്റര്‍ പ്രദീപ് പിള്ള മന്ത്രിയെയും സംഘത്തിനെയും സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡന്റ് കരുണാകരന്‍ പിള്ള സ്വാഗതം ആശംസിക്കുകയും മന്ത്രിയുടെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഓഖി ദുരന്ത സമയത്ത് അവസരോചിതമായ നടപടികളിലൂടെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുവാന്‍ ഒരു പരിധിവരെ കഴിഞ്ഞു എന്നും പറഞ്ഞു.

ഇദംപ്രഥമമായി അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിയും സംഘവും തിരക്കിട്ട ഔദ്യോഗിക പരിപാടികള്‍ക്കിടയിലും എന്‍.ബി.എ.യുടെ ആസ്ഥാനം സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയതിലുള്ള സന്തോഷം എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍പെഴ്‌സണ്‍ ശ്രീമതി വനജ നായര്‍ തന്റെ ആശംസാ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.

എന്‍.ബി.എ.യുടെ മുന്‍ സെക്രട്ടറി പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. നിഷാ പിള്ള മുഖ്യ പ്രഭാഷണം നടത്തി. വളരെ ചെറുപ്പത്തില്‍ തന്നെ പൊതുരംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച് കുടുംബ ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് വിജയകരമായി നടത്തുകയും ഭരണ രംഗത്ത് പ്രതിസന്ധികളെ തരണം ചെയ്ത് മികവോടെ മുന്നേറാന്‍ സാധിക്കുന്ന മേഴ്‌സിക്കുട്ടിയമ്മക്ക് അനുമോദനങ്ങള്‍ അര്‍പ്പിച്ചു. ഇനിയും നേട്ടങ്ങള്‍ കൊയ്ത് ഉയരങ്ങളിലെത്തട്ടേ എന്നും, സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യം ഐ.എഫ്.എസ്. നേടിയെങ്കിലും അത് നിരസിച്ച് വീണ്ടും പരീക്ഷ എഴുതി ഐ.എ.എസ്. നേടിയ ഡോ. എസ്. കാര്‍ത്തികേയനെപ്പോലെയുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന പിന്തുണയും ഭര്‍ത്താവ് തുളസീധരക്കുറുപ്പിന്‍റെ പ്രോത്സാഹനവും സഹകരണവുമെല്ലാം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ഇടയാക്കട്ടേ എന്നും ആശംസിച്ചു.

എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് തന്‍റെ ആശംസാ പ്രസംഗത്തില്‍ പുതിയ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതും ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും വിശദീകരിച്ചു. നോക്കുകൂലി നിര്‍ത്തലാക്കിയതില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. എന്‍.എസ്.എസ്. എന്നും സമദൂരം ആണെന്നും ആര് നല്ലത് ചെയ്താലും അതിനെ പിന്തുണക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എച്ച്.എന്‍.എ. ട്രഷറര്‍ വിനോദ് കെയാര്‍കെ ആശംസാ പ്രസംഗം നടത്തുകയും, ഒരു നല്ല ഭരണം പ്രതീക്ഷിക്കുന്നുവെന്നും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയുമുണ്ടായി.

നന്ദി പ്രകാശനം നടത്തിയ എന്‍.ബി.എ. വൈസ് പ്രസിഡന്റ് ജനാര്‍ദ്ദനന്‍ തോപ്പില്‍, എന്‍.ബി.എ. ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. നാട്ടില്‍ നടത്താന്‍ പോകുന്ന കലാവേദിയുടെ സമ്മേളനത്തിലേക്ക് മന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.

ഇവിടെ വരുവാനും നാട്ടിലെ ആചാരങ്ങളും മാമൂലുകളും പിന്തുടരുന്ന നായര്‍ പ്രസ്ഥാനത്തിന്‍റെ ഭാരവാഹികളുമായി സംവദിക്കാന്‍ സാധിച്ചതിലുള്ള ചാരിതാര്‍ത്ഥ്യം മന്ത്രി തന്റെ മറുപടി പ്രസംഗത്തില്‍ പങ്കുവെച്ചു. ഭരണരംഗത്ത് ഒരു വേര്‍തിരിവും ആരോടും കാണിക്കാതെ എല്ലാവരോടും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരാണ് തങ്ങളുടെതെന്നും, ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കല്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണെന്നും, ആരാധനാ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രവാസികള്‍ക്ക് നാട്ടില്‍ വന്ന് താമസിക്കുവാനുള്ള ആഗ്രഹം മനസ്സിലാക്കുന്നുവെന്നും, സമാധാനാന്തരീക്ഷം ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് ഫ്‌ലോറിഡയില്‍ റിട്ടയര്‍മെന്‍റ് ഹോം ഉണ്ടാക്കുന്നതുപോലെ നമ്മുടെ നാട്ടിലും ഉണ്ടാക്കുവാനുള്ള ശ്രമം ആരംഭിക്കണമെന്നും കൊല്ലം ജില്ലാ കളക്റ്റര്‍ ഡോ. കാര്‍ത്തികേയന്‍ ഐ.എ.എസ്. അഭിപ്രായപ്പെട്ടു.

ഭര്‍ത്താവ് തുളസീധരക്കുറുപ്പ് മന്ത്രിയെ അനുഗമിച്ചത് പെട്ടെന്ന് മന്ത്രിക്കുണ്ടായ ചില ദേഹാസ്വാസ്ഥ്യം കൊണ്ടാണെന്നും എന്നാല്‍ വരാതിരുന്നെങ്കില്‍ അതൊരു വലിയ നഷ്ടമാകുമായിരുന്നുവെന്നും, പ്രവാസികളുടെ സ്‌നേഹവും സന്തോഷവും അനുഭവിക്കാന്‍ സാധിച്ചത് വേറിട്ടൊരു അനുഭവമായി എന്നും അദ്ദേഹം തന്റെ മറുപടി പ്രസംഗത്തില്‍ അനുസ്മരിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

Picture2

Picture3

Picture

Picture

Picture

Picture

PictureComments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code