Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശ്വാസി സമൂഹത്തിനായി നൂതന കര്‍മ്മപദ്ധതികളുമായി കാനഡ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ്

Picture

മിസ്സിസാഗ: രണ്ടര വര്‍ഷം പിന്നിടുന്ന കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് ജനോന്മുഖമായ കര്‍മ്മപദ്ധതികളുമായി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ഒരുക്കങ്ങളിലേക്ക്. മാര്‍ ജോസ് കല്ലുവേലില്‍ പിതാവിന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 19-നു നടന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ഇതുവരെയുള്ള നേട്ടങ്ങള്‍ വിലയിരുത്തിയതിനൊപ്പം ദൈവജനത്തിന്റെ പങ്കാളിത്തത്തോടെ, ഇടവകകളുടേയും അതുവഴി രൂപതയേയും ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്തു. വിശ്വാസി സമൂഹത്തില്‍ നിന്നും കുടുംബ കൂട്ടായ്മകളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ പാരീഷ് കൗണ്‍സിലില്‍ അവതരിപ്പിച്ചതിനുശേഷം ഈ യോഗത്തില്‍ ചര്‍ച്ചയ്ക്കായി സമര്‍പ്പിച്ചു. കുടുംബം- ഇടവക- എക്‌സാര്‍ക്കേറ്റ് (രൂപത) എന്ന ത്രിമാന തലങ്ങളെ ഒരുപോലെ ശക്തിപ്പെടുത്തുന്ന കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യാനും തീരുമാനമായി. പ്രസ്തുത യോഗത്തില്‍ പത്ത് ഇടവകകളില്‍ നിന്നും 36 പ്രതിനിധികള്‍ പങ്കെടുത്തു. ബാക്കിയുള്ള ഇടവകകളിലെ പ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു.

അപ്പസ്‌തോലന്മാരേയും പ്രവാചകരേയും പോലെ തന്നെ വിശ്വാസ പാരമ്പര്യം പുതുതലമുറയിലേക്ക് കൈമാറുന്നതിനൊപ്പം, ലോകമെങ്ങും യേശുവിനെ സാക്ഷ്യപ്പെടുത്താന്‍ വിളിക്കപ്പെട്ടവരാണ് സീറോ മലബാര്‍ സഭാംഗങ്ങള്‍ എന്നു മാര്‍ ജോസ് കല്ലുവേലില്‍ ചൂണ്ടിക്കാട്ടി. സഭയും ക്രിസ്തുവും രണ്ടല്ല, സഭ ക്രിസ്തുവിന്റെ ശരീരമാണ്. സഭാംഗങ്ങള്‍ ഈ ശരീരത്തിലെ അവയവങ്ങള്‍ ആണ്. സഭയാകുന്ന ശരീരത്തിന്റെ ശിരസാണ് യേശുക്രിസ്തു. അതിലെ അവയവങ്ങളാണ് ദൈവജനമെന്നിരിക്കെ, ഈ ഭൗതീകശരീരം വളര്‍ത്തി, പുഷ്ടിപ്പെടുത്തുകയെന്നത് കൂട്ടുത്തരവാദിത്വമാണ്. സഭയുടെ ആത്യന്തിക ലക്ഷ്യം തന്നെ ദൈവജനത്തിന്റെ ആത്മരക്ഷയും ദൈവ മഹത്വുമാണ്. എക്‌സാര്‍ക്കേറ്റിന്റെ ആപ്തവാക്യം "ദൈവമഹത്വത്തില്‍ നിന്ന്' എന്നതാണ്. എക്‌സാര്‍ക്കേറ്റിന്റെ രൂപീകരണവും ഇപ്പോഴത്തെ നേട്ടങ്ങളുമെല്ലാം ദൈവീക പദ്ധതിയാണ്. ദര്‍ശനങ്ങളില്‍ ഊന്നി, ഉള്‍ക്കാഴ്ചകളിലൂടെ കാലഘട്ടത്തിന്റെ സൂചനകള്‍ വിവേചിച്ചറിഞ്ഞ് ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ മാര്‍ കല്ലുവേലില്‍ ആഹ്വാനം ചെയ്തു.

അഞ്ചുവര്‍ഷം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പാസ്റ്ററല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്തത്. നാല് വ്യത്യസ്ത ഗ്രൂപ്പുകളിലായി നടത്തപ്പെട്ട ചര്‍ച്ചകളില്‍ എക്‌സാര്‍ക്കേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കി കുടുംബങ്ങളുമായി നേരിട്ടുള്ള ബന്ധം ശക്തിപ്പെടുത്തുവാനുള്ള നിര്‍ദേശങ്ങള്‍ക്കൊപ്പം വിശ്വാസി സമൂഹത്തിന് ഭാവിയില്‍ ഉപകാരപ്രദമാകുന്ന വിവിധ കര്‍മ്മപദ്ധതികളും ഉയര്‍ന്നുവന്നു. ഇവയുടെ പ്രായോഗികവശങ്ങള്‍ ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിവിധ സമിതികളെ ചുമതലപ്പെടുത്തി. ഇപ്പോള്‍ 12 ഇടവകകളും, 32 മിഷന്‍ സെന്റററുകളുമുള്ള എക്‌സാര്‍ക്കേറ്റ് പിതാവിനൊപ്പം 24 വൈദീകരും, 12 സന്യസ്തരും, 16,000-ഓളം ദൈവജനവും ചേര്‍ന്നു കൂട്ടായ്മയില്‍ അജപാലന രംഗത്ത് മുന്നേറുന്നു.

അപ്പസ്‌തോലന്മാര്‍ ലോകമെങ്ങും സുവിശേഷം പ്രസംഗിച്ചതിന്റെ ജീവിക്കുന്ന തെളിവുകളാണ് സജീവമായി നില്‍ക്കുന്ന സഭകളെന്ന് ഷിക്കാഗോ രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍ മുഖ്യ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. തോമാശ്ശീഹായില്‍ നിന്നു കേരള മക്കള്‍ നേടിയ പൈതൃകം മനസ്സിലാക്കാത്തിടത്തോളം കാലം സംശയകരമായ ചോദ്യങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരും. ദൈവ വചനവും സഭാ പ്രബോധനങ്ങളും അടിസ്ഥാനമാക്കി ഇവയ്ക്ക് മറുപടി നല്‍കാന്‍ എല്ലാവര്‍ക്കുമാകണം. നമ്മുടെ സഭയ്ക്ക് തനതായ അദ്ധ്യാത്മികതയും, ദൈവശാസ്ത്രവും നിയമസംഹിതയും ആരാധാനാക്രമവും പാരമ്പര്യവുമുണ്ട്. ഇവ പ്രോത്സാഹിപ്പിക്കാന്‍ ദൈവജനത്തിന് കടമയുണ്ട്. ഒരുപക്ഷെ നാളിതുവരെ പലവിധ ചോദ്യങ്ങളുമായി മുന്നേറിയവര്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്ന നിലയില്‍ ദൈവജനത്തിന്റെ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്നവരായി മാറണമെന്ന് ഫാ. മാളിയേക്കല്‍ ഉത്‌ബോധിപ്പിച്ചു. പുതുതലമുറയെ ധര്‍മ്മച്യുതിയില്‍ നിന്നും സംരക്ഷിക്കാന്‍ അവരെ ദൈവീക വഴികളില്‍ വളര്‍ത്തണം. ചുറ്റുമുള്ളവരിലും അത് പകരണം. ഇടവകകളും രൂപതകളും ഉപവിയുടെ കേന്ദ്രങ്ങളാകണം. അമേരിക്കയില്‍ സീറോ മലബാര്‍ കൂട്ടായ്മകള്‍ മെക്‌സിക്കന്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ഇത്തരം പ്രവര്‍ത്തികള്‍ നടപ്പിലാക്കിവരുന്നു. കാനഡയിലും ഇത്തരം സംരംഭങ്ങള്‍ ആസൂത്രണം ചെയ്ത് അപ്പസ്‌തോലിക ദൗത്യം ഏറ്റെടുക്കണമെന്നും ഫാ. മാളിയേക്കല്‍ പറഞ്ഞു.

മോണ്‍. സെബാസ്റ്റ്യന്‍ അരീക്കാട്ട് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. റ്റോബി പുളിക്കാശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിനാന്‍സ് ഓഫീസര്‍ ഫാ. ജേക്കബ് എടക്കളത്തൂര്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോര്‍ജ് വടക്കന്‍, ജോളി ജോസഫ്, ജിജോ ആലപ്പാട്ട്, വിന്നി മറ്റം, നിഷാ മേച്ചേരി, സാബു മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മാര്‍ട്ടിന്‍ രാജ് മാനാടന്‍ യോഗത്തിന് കൃതജ്ഞത പറഞ്ഞു. ദിവസം മുഴുവന്‍ നീണ്ടുനിന്ന പ്രസ്തുത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ക്രിയാത്മക ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ പ്രായോഗിക തീരുമാനങ്ങളായ
-കാലോചിതമായ യുവജനപ്രേക്ഷിതത്വം
-മതാദ്ധ്യാപക പരിശീലനം
-സമയോചിതമായ ആശയവിനിമയത്തില്‍ ഊന്നിയ കുടുംബം- ഇടവക- രൂപത തീരുമാനങ്ങളെ ശക്തിപ്പെടുത്തല്‍
- മരണാനന്തര ശുശ്രൂഷകള്‍ക്ക് സഹായകമായ സെമിത്തേരി സംവിധാനങ്ങള്‍

തുടങ്ങിയ സമയബന്ധിതമായി നടപ്പാക്കുവാനുള്ള പ്രതിജ്ഞാബദ്ധതയോടെ ഫലപ്രദമായി പര്യവസാനിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code